തിരുവനന്തപുരം: പിഎസ്‌സി ചെയർമാനേയും അംഗങ്ങളേയും പിരിച്ചുവിടാൻ ഗവർണർ രാഷ്ട്രപതിക്ക് ശുപാർശ നൽകിയത് നടപടിക്രമങ്ങൾ പാലിക്കാതെയെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. സർക്കാരുമായി കൂടിയാലോചിച്ചാണ് ഗവർണർ പ്രവർത്തിക്കേണ്ടത്. ഗവർണർ നടപടിക്രമങ്ങൾ പാലിക്കാതെ ശുപാർശ നൽകി എന്നതിന്റെ പേരിൽ പിഎസ്‌സിയിലെ ക്രമക്കേടുകൾ മറയ്ക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിസഭാ യോഗത്തിന് ശേഷമുള്ള വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്.

To advertise here,

'പിഎസ്‌സി ചെയർമാനേയും അംഗങ്ങളേയും പുറത്താക്കാൻ ഗവർണർ രാഷ്ട്രപതിക്ക് ശുപാർശ നൽകിയത് നടപടിക്രമങ്ങൾ പാലിക്കാതെ. ഭരണഘടന അനുസരിച്ച് ഗവർണർ എല്ലാ കാര്യങ്ങളും സർക്കാരിനോട് ആലോചിച്ച് വേണം പ്രവർത്തിക്കാൻ. ഇത്തരമൊരു ശുപാർശ നൽകുമ്പോൾ ഗവർണർ സർക്കാരുമായി ആലോചിക്കണം. അതേസമയം ഗവർണർ ഇത്തരത്തിൽ ശുപാർശ നൽകി എന്നതിന്റെ പേരിൽ പിഎസ്‌സിയിലെ ക്രമക്കേടുകളെ മറയ്ക്കാൻ കഴിയില്ല. ഗവർണറുടെ നടപടി ചൂണ്ടിക്കാട്ടി പിഎസ്‌സി ചെയർമാനേയും അംഗങ്ങളേയും രക്ഷിക്കാനുള്ള ക്യാമ്പെയിനാണ് ഇപ്പോൾ പ്രതിപക്ഷം ചെയ്യുന്നത്.' -മുഖ്യമന്ത്രി പറഞ്ഞു.

'പിഎസ്‌സി ക്രമക്കേടിനെ കുറിച്ചുള്ള അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. സ്വന്തക്കാരേയും ബന്ധുക്കളേയും പാർട്ടിക്കാരേയും നിയമിച്ചുവെന്നാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്. ധാരാളം പരാതികൾ ഇപ്പോഴും കിട്ടിക്കൊണ്ടിരിക്കുകയാണ്. കിട്ടുന്ന പരാതികൾ അന്വേഷണസംഘത്തിന് കൈമാറും. എല്ലാ പരാതികളും അന്വേഷിക്കും. പിഎസ്‌സിയുടെ വിശ്വാസ്യത വീണ്ടെടുക്കും. കുറ്റക്കാരെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരും. അതിന് വിട്ടുവീഴ്ചയില്ലാത്ത, കാർക്കശ്യം നിറഞ്ഞ നിലപാടാണ് സർക്കാർ സ്വീകരിക്കുക.' -മുഖ്യമന്ത്രി വ്യക്തമാക്കി.