പഠിക്കുമ്പോള്‍ അനന്തുവിന്റെ കണ്‍മുന്നില്‍ തെളിയുക ഓട്ടോ ഓടിച്ചു തളര്‍ന്നിരിക്കുന്ന അച്ഛനും അംഗനവാടിയിലെ പണി കഴിഞ്ഞ് ഓടിയെത്തുന്ന അമ്മയുമായിരുന്നു. അവര്‍ക്ക് വേണ്ടിയാണ് അനന്തു പിഎസ്‌സി പഠനം ആരംഭിച്ചത്. പരീക്ഷകൾ എഴുതിയത്. ഈ നിശ്ചയദാർഢ്യം ചാലിച്ചെഴുതിയാണ് ഇക്കണ്ട പി.എസ്.സി റാങ്കുകളൊക്കെ നേടിയത്. തൃശ്ശൂര്‍ സ്വദേശിയായ അനന്തു ഇരുപത്തിയഞ്ചാം വയസ്സിൽ വാരിക്കൂട്ടിയ ഈ റാങ്കുകള്‍ക്ക് അഭിമാനത്തിന്റെ തിളക്കം മാത്രമല്ല, കഠിനാധ്വാനത്തിന്റെയും കണ്ണീരിന്റെയും ഉപ്പുകൂടിയുണ്ട്. കാറ്ററിങ് ഉള്‍പ്പെടെയുള്ള കൂലിപ്പണികളെടുത്താണ് അനന്തു തന്റെ വിജയത്തിലേക്ക് നടന്നടുത്തത്. കഠിനവഴികൾ താണ്ടിയ വിജയകഥ മാതൃഭൂമി ഡോട്ട് കോമിനോട് പങ്കുവെയ്ക്കുകയാണ് അനന്തു.

To advertise here,

പിഎസ്‌സിയിലേക്ക്

സാങ്കേതിക മേഖലയിൽ ഏതെങ്കിലും പഠിച്ച് ഒരു ജോലി വാങ്ങുക എന്നതിനപ്പുറം ഒരു സര്‍ക്കാര്‍ ജോലി വാങ്ങുക എന്നത് എന്റെ സ്വപ്‌നങ്ങളിൽ ഉണ്ടായിരുന്നില്ല. ഒരു ടെക്‌നിക്കല്‍ ജോലി കിട്ടുക എന്ന ഉദ്ദേശ്യത്തോടെ മാത്രമായിരുന്നു പോളിടെക്‌നിക്കില്‍ പഠിച്ചത്. പഠനത്തോടൊപ്പം തന്നെ ഞാന്‍ കിട്ടുന്ന കൂലിപ്പണികള്‍ക്കെല്ലാം പോവുമായിരുന്നു. പോളി പഠനത്തിനുശേഷം കാര്യമായ ജോലിയൊന്നും കിട്ടാത്തത് കൊണ്ട് കാറ്ററിങ് പരിപാടികളൊക്കെ ചെറുതായി ആരംഭിച്ചിരുന്നു.

അക്കാലത്താണ് തണല്‍ എന്ന് സാമുഹിക കൂട്ടായ്മയിലെ സത്യേട്ടനെ പരിചയപ്പെടുന്നത്. സൗജന്യ പിഎസ്‌സി ക്ലാസുകള്‍ ഉള്‍പ്പെടെ നിരവധി പ്രവര്‍ത്തനങ്ങള്‍ ഈ കൂട്ടായ്മ ചെയ്യുന്നുണ്ട്. അദ്ദേഹം ഒരു സര്‍ക്കാര്‍ ജോലി വാങ്ങേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് എന്നെ ബോധ്യപ്പെടുത്തി. അങ്ങനെയാണ് പിഎസ്‌സി പഠനത്തിലേക്ക് തിരിയാമെന്ന തീരുമാനത്തിലേക്ക് ഞാന്‍ എത്തിയത്.

മുഴുവന്‍ സമയ പിഎസ്‌സി പഠനം എന്നെ സംബന്ധിച്ച് അസാധ്യമായിരുന്നു. അതിനാല്‍ തന്നെ തണലിന്റെ നൈറ്റ് ക്ലാസിലാണ് ഞാന്‍ ചേര്‍ന്നത്. പകല്‍ ജോലി രാത്രി പഠനം എന്ന രീതിയായിരുന്നു അവലംബിച്ചിരുന്നത്. അച്ഛന്‍ ഓട്ടോറിക്ഷ ഡ്രൈവറാണ് അമ്മ അംഗണവാടി ടീച്ചറും. വാടക വീട്ടിലാണ് താമസം. പണിക്ക് പോവാതെ മുഴുവന്‍ സമയവും പഠിക്കാന്‍ പോവാന്‍ അവര്‍ പറഞ്ഞിരുന്നു. എന്നാല്‍ എനിക്ക് അതിനോട് യോജിപ്പുണ്ടായിരുന്നില്ല. ഞാന്‍ പണിക്ക് പോയാല്‍ കുടുംബത്തിന് ഒരു സഹായമാവുമല്ലോ, എന്റെ കാര്യത്തിന് വീട്ടുകാരെ ബുദ്ധിമുട്ടിക്കണ്ടല്ലോ എന്നായിരുന്നു ചിന്ത. എന്റെ  പതിനഞ്ചാമത്തെ വയസ്സ് തൊട്ട് ഞാന്‍ കിട്ടിയ എല്ലാ പണികൾക്കും പോവുന്നുണ്ടായിരുന്നു. അതുകൊണ്ട് കിട്ടുന്ന അതെനിക്ക് ഒരു ഭാരമായിരുന്നില്ല.

പഠനം

ആറ് മണിക്ക് ശേഷമാണ് തണലിലെ ക്ലാസുകള്‍. പകല്‍ ജോലി സമയത്തെ ഇടവേളകളില്‍ പറ്റുന്ന പോലൊക്കെ പഠനം നോക്കുമായിരുന്നു. എന്റെ ഒപ്പം ജോലി ചെയ്തിരുന്ന കൂട്ടുകാരും പിഎസ്‌സിക്ക് പഠിക്കുന്നവരായിരുന്നു. പരസ്പരം ഉച്ചത്തില്‍ പറഞ്ഞും ചോദ്യങ്ങള്‍ ചോദിച്ചും ഞങ്ങളെല്ലാവരും പഠിച്ചു. ഒന്നിനും പറ്റിയില്ലെങ്കില്‍ പണിയെടുക്കുമ്പോള്‍ യൂട്യൂബ്, ടെലിഗ്രാം പോലുള്ള സാമുഹിക മാധ്യമങ്ങളില്‍ ലഭ്യമായിട്ടുള്ള വീഡിയോ, ഓഡിയോ ക്ലാസുകള്‍ ഓണാക്കി വെയ്ക്കും എന്നിട്ട് അത് കേട്ടുപഠിക്കും.

പരീക്ഷയുടെ ഡേറ്റ് പ്രസിദ്ധീകരിച്ചതോടെ പണികള്‍ കുറേ മാറ്റിവെച്ച് പഠനത്തിന് മാത്രമായി സമയം കണ്ടെത്തും.  സിലബസ്സ് അടിസ്ഥാനമാക്കിയുള്ള അതിതീവ്ര പഠനമെന്ന് വേണമെങ്കിൽ വിശേഷിപ്പിക്കാം. ഒരു ബുക്കിനെ മാത്രം ആശ്രയിക്കാതെ കൈയില്‍ കിട്ടുന്ന എല്ലാ സ്രോതസുകളും സിലബസ് അടിസ്ഥാനമാക്കി പഠിക്കാന്‍ തുടങ്ങി.

രാവിലെ നേരത്തെ എഴുന്നേറ്റ് പഠിക്കുന്ന സ്വഭാവക്കാരനാണ് ഞാൻ. പുലര്‍ച്ച പഠിക്കുമ്പോള്‍ വളരെ ഉണര്‍വ് തോന്നാറുണ്ട്. പണിയുള്ളത് കൊണ്ട് വൈകുന്നേരമാവുമ്പോഴേക്കും ശരീരം വേദനിച്ചു തുടങ്ങും. മാത്രമല്ല, ക്ഷീണം കാരണം പഠിക്കാനും ബുദ്ധിമുട്ടാണ്. അതുകൊണ്ട് പാതിരാ പഠനം എനിക്ക് പറ്റില്ല. ഒരു ദിവസത്തെ കൃത്യമായി തരംതിരിച്ച് പഠനത്തിനായി വിനിയോഗിച്ചു. കൃത്യമായി ഉറങ്ങാന്‍ ആദ്യം മുതലേ ശീലിച്ചിരുന്നു. അവസാനത്തേക്ക് മാറ്റിവെയ്ക്കാതെ കിട്ടുന്ന സമയത്തെല്ലാം പഠിച്ചു. ഇഷ്ടപ്പെട്ടു പഠിക്കുന്ന രീതിയാതുകൊണ്ട് എനിക്ക് മടുപ്പ് തോന്നിയിരുന്നില്ല.

പ്രളയവും കൊറോണയും

2018 ലാണ് പഠനം ആരംഭിച്ചതെങ്കിലും പ്രളയവും കൊറോണയും പോലുള്ള പ്രതിസന്ധികള്‍ കാരണം ആദ്യമായി പരീക്ഷയെഴുതുന്നത് 2021ലാണ്. പരീക്ഷാരീതി മാറിയതോടെ വല്ലാത്ത ഭയവുമുണ്ടായി. രണ്ടും കല്പിച്ച് പഠിക്കുക എന്നത് മാത്രമായിരുന്നു മുന്നിലുണ്ടായിരുന്നത്.

ആശിച്ച് എഴുതിയ പരീക്ഷ

എല്‍ഡി ക്ലാര്‍ക്ക് പരീക്ഷ ഉന്നം വെച്ചു കൊണ്ടായിരുന്നു ഞാന്‍ പിഎസ്‌സി പഠിക്കാന്‍ ഇറങ്ങിയത്. പക്ഷേ, ആദ്യം എഴുതിയ എല്‍ഡി ക്ലർക്ക് പരീക്ഷ എനിക്ക് നിരാശയാണ് സമ്മാനിച്ചത്. വല്ലാതെ വേദനിച്ചു പോയെങ്കിലും ഒന്നില്‍ പോയാല്‍ അടുത്തത് കിട്ടുമെന്ന ഉറപ്പില്‍ വീണ്ടും പരിശ്രമിക്കാന്‍ തുടങ്ങി.

കൈനിറയെ റാങ്കുകള്‍

നിലവിൽ ആറ് റാങ്ക് ലിസ്റ്റില്‍ പേര് വന്നിട്ടുണ്ട്. ബീറ്റ് ഫോറസ്റ്റ് റിസര്‍വ് വാച്ചര്‍ ലിസ്റ്റില്‍ എനിക്ക് മൂന്നാം റാങ്ക് ആയിരുന്നു. പിന്നെ കേരള സ്റ്റേറ്റ് അഗ്രോ മിഷനറി കോര്‍പ്പറേഷന്റെ വര്‍ക്ക് അസിസ്റ്റന്റ് തസ്തികയില്‍ അമ്പത്തിനാലാം റാങ്ക്. കേരള കമ്പനി ബോര്‍ഡ് എല്‍.ജി.എസില്‍ 879ാം റാങ്ക് നേടി ഞാന്‍ ഇപ്പോള്‍ വര്‍ക്ക് ചെയ്യുന്നത് കേരള സ്റ്റേറ്റ് ബീവറേജസ്കോ കോര്‍പ്പറേഷന്റെ അയ്യോള്‍ പഞ്ചിക്കൽ ഔട്ട്ലെറ്റിലാണ്.

കണക്കും ശാസ്ത്രവും പ്രിയം

കണക്കും ശാസ്ത്രവുമാണ് പ്രിയപ്പെട്ട വിഷയം. ആദ്യം ആ വിഷയങ്ങള്‍ എന്റെ സ്ട്രോങ് പോയിന്റാക്കി മാറ്റുകയാണ് ചെയ്തത്. ആ ഭാഗം ആദ്യം തന്നെ തീര്‍ത്ത് റിവിഷന്‍ മാത്രമാക്കി. ബാക്കി അറിയാത്ത വിഷയങ്ങള്‍ക്ക് അധികസമയം കൊടുത്തു. കമ്പൈയന്‍ സ്റ്റഡിയായതു കൊണ്ട് അറിയാത്ത വിഷയങ്ങള്‍ പറഞ്ഞുതരാന്‍ കൂട്ടുകാരുണ്ടായിരുന്നു. ചെറിയ  നോട്‌സുണ്ടാക്കി മുറിയില്‍ ഒട്ടിക്കും. വര്‍ഷം, ഗണിതസൂത്രങ്ങള്‍ എന്നിവ ചെറുതാക്കി ഒരു നോട്ട്പാഡില്‍ എഴുതി എപ്പോഴും കൊണ്ടുനടക്കുമായിരുന്നു. ഒഴിവുള്ള സമയങ്ങളില്‍ ഈ നോട്‌സ് എടുത്ത് വെറുതെ വായിക്കും.  

കാറ്ററിങ്ങ് ജോലി ചെയ്യുമ്പോള്‍ ആരെങ്കിലും ഒരു വര്‍ഷം പറയും. ആ വര്‍ഷങ്ങളിലെ പ്രത്യേക സംഭവങ്ങള്‍ എല്ലാം ഞങ്ങള്‍ ഒരോ ഉത്തരും പറയും. ആ സംഭവത്തെ കുറിച്ച് വിശദീകരിക്കും. കൊച്ചു വര്‍ത്തമാനം പറയുന്ന പോലെയായിരുന്നു ഇക്കാര്യങ്ങളെല്ലാം.

പത്രവായന പ്രധാനം

പിഎസ്‌സി പഠനത്തിന് ഒരുങ്ങുന്നവര്‍ നിര്‍ബന്ധമായും പത്രവായന നടത്തണം. ക്ലാസിന് താഴെയുള്ള ലൈബ്രറിയില്‍ ലഭിക്കുന്ന മൂന്ന് പത്രങ്ങള്‍ ദിവസേന വായിക്കുമായിരുന്നു. ഈ പത്രങ്ങള്‍ അരിച്ചുപെറുക്കി വായിച്ച് മാത്രമേ ക്ലാസില്‍ കയറാറുള്ളൂ. പത്രം വായിച്ച് കറണ്ട് അഫയേഴ്സ് ചോദ്യങ്ങള്‍ സ്വയം ഉണ്ടാക്കുമായിരുന്നു. നമ്മള്‍ സ്വയം ഇത്തരത്തില്‍ ഉണ്ടാക്കുമ്പോള്‍ മറന്നുപോവാനുള്ള സാധ്യത കുറവാണ്.

മുന്‍കാല ചോദ്യപേപ്പറുകള്‍

മുന്‍കാല ചോദ്യപേപ്പറുകള്‍ പരീക്ഷാഭയം മാറ്റാന്‍ വളരെയധികം സഹായിച്ചിട്ടുണ്ട്. ചോദ്യപേപ്പര്‍ വായിച്ചശേഷം സിലബസിലെ ആ ഭാഗങ്ങള്‍ വീണ്ടും വായിക്കുമായിരുന്നു. ഇതിലൂടെ ആഴത്തിലുള്ള പഠനം സാധ്യമായി. ഇതോടൊപ്പം സ്‌കൂള്‍ പാഠപുസ്തകങ്ങളിലെ ആശയങ്ങളും പ്രധാന പോയിന്റുകളും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള റാങ്ക് ഫയലും വാങ്ങി പഠിക്കാന്‍ തുടങ്ങി.

കളിയാക്കലുകള്‍ നിരവധി

ഒരുപാട് പേര് പരിഹസിക്കാനും പുച്ഛിക്കാനും ഉണ്ടായിട്ടുണ്ട. ഇത്ര വര്‍ഷമായിട്ട് പി.എസ്.സി പഠിച്ചിട്ട് കിട്ടിയില്ലെങ്കില്‍ വേറെ എന്തെങ്കിലും പണിക്ക് പൊയ്ക്കൂടെയെന്ന് ചോദിച്ച് വേദനിപ്പിച്ചവര്‍ ഏറെയാണ്. അന്നൊരു മറുപടി എനിക്കുണ്ടായിരുന്നില്ല. ജോലി കിട്ടിയിട്ട് മാത്രമേ ഇനി വിശ്രമമുള്ളൂ എന്ന് മനസില്‍ ഉരുവിട്ടുകൊണ്ടിരിക്കും. എന്റെ പരിശ്രമം ഫലം കാണുമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. എന്നെക്കാളേറെ ചോദ്യങ്ങള്‍ നേരിട്ടത് മാതാപിതാക്കളാണ്. അവര്‍ എനിക്ക് വേണ്ടി നിലകൊണ്ടതാണ് എന്റെ ശക്തി

അനന്തുവിനെ കുറിച്ച് അഭിമാനം മാത്രം

പഠനത്തിനുള്ള പൈസയൊക്കെ അവന്‍ തന്നെ കണ്ടെത്തുകയായിരുന്നു. എന്റെ മോന്‍ എല്ലാ ജോലിക്കും പോകും അങ്ങനെ ഒരു മകനെ കിട്ടിയതിനാണ് ഞാന്‍ ദൈവത്തിന് നന്ദി പറയുന്നത്. ഞങ്ങളോ കഷ്ടപ്പെട്ടു. എന്റെ മകനെങ്കിലും രക്ഷപ്പെടണേ എന്ന പ്രാര്‍ഥന മാത്രമായിരുന്നു മനസില്‍. അവസാനം അവന്‍ വിജയിച്ചു-അനന്തുവിനെ കുറിച്ച് അമ്മ നിറകണ്ണുകളോടെ പറഞ്ഞു.

ആറ് വര്‍ഷമായി വീട് പണിയാന്‍ ശ്രമിക്കുകയായിരുന്നു അനന്തു. കിട്ടിയ പണിയൊക്കെ ചെയ്തുണ്ടാക്കിയ വരുമാനം കൊണ്ട് വീട് പൊങ്ങിയെങ്കിലും പണി പാതിവഴിയിലായിരുന്നു. സര്‍ക്കാര്‍ ജോലി കിട്ടിയതോടെ വീടുപണി ദ്രുതഗതിയിലായി. തന്റെ സ്വപ്‌നങ്ങള്‍ ഓരോന്നായി നേടിയെടുത്തതിന്റെ ആവേശത്തിലാണ് അനന്തു. മകന്‍ നേട്ടത്തില്‍ അഭിമാനത്തോടെ അനന്തുവിന്റെ കുടുംബവും.