പ്ലസ്ടു വരെ മികച്ച അക്കാദമിക്ക് റെക്കോഡ് കൈമുതലാക്കിയ നവനീത് ഡിഗ്രി കാലഘട്ടത്തോടെ ചെറുതായൊന്ന് ഉഴപ്പിന്റെ ട്രാക്കിലേയ്ക്ക് വഴുതിവീണു. ഡിഗ്രി വിജയിച്ചെങ്കിലും മാര്‍ക്ക് നന്നെ കുറവായിരുന്നു. ബിരുദാനന്തര  ബിരുദത്തിന് എവിടെയും സീറ്റ് കിട്ടില്ലെന്ന് ഉറപ്പായതോടെ നവനീത് നിരാശയുടെ പടുകുഴിയിലായി. എന്നാല്‍, താന്‍ സ്വപ്‌നം കണ്ട പോലീസ് ജോലിയിൽ കയറാന്‍ ഇനിയും സാധ്യതകളുണ്ടെന്ന് മനസിലാക്കി നവനീത് പിഎസ്‌സി പരീക്ഷയ്ക്ക് പഠിക്കാൻ തുടങ്ങി. കുറച്ചു സുഹൃത്തുക്കള്‍ കൂടെ എത്തിയപ്പോള്‍ നവനീതിന്റെ പഠനം ഇരട്ടി കരുത്തോടെ മുന്നോട്ട് കുതിച്ചു. സിപിഒ ലിസ്റ്റില്‍ ഒന്നാം റാങ്ക്, എസ്‌ഐ ലിസ്റ്റില്‍ 17ാം റാങ്ക് തുടങ്ങി നിരവധി പിഎസ്‌സി റാങ്ക് ലിസ്റ്റുകളില്‍ മുന്‍പന്തിയിലാണ് ഈ ഇരുപത്തിയഞ്ചുകാരന്‍. നിലവില്‍ കണ്ണൂര്‍ സെൻട്രൽ ജയിലിൽ പ്രിസണ്‍ ഓഫീസറാണ് കോഴിക്കോട് സ്വദേശിയായ നവനീത്.

To advertise here,

ഉഴപ്പില്‍ നിന്നൊരു യൂടേണ്‍

പത്താം ക്ലാസിലും പ്ലസ്ടുവിലും നല്ല മാര്‍ക്കോടെയായിരുന്നു പാസായത്. പത്താം ക്ലാസില്‍ ഫുള്‍ എ പ്ലസ് ഉണ്ടായിരുന്നു. ഡിഗ്രിയായതോടെ പഠനത്തിന്റെ ഗൗരവം അല്‍പ്പം കുറഞ്ഞു. തട്ടിമുട്ടി പാസായപ്പോഴാണ് ഈ മാര്‍ക്ക് വെച്ച് ബിരുദാനന്തര ബിരുദത്തിന് എവിടെയും സീറ്റ് കിട്ടില്ലെന്ന് മനസിലായത്. ആദ്യമൊക്കെ വളരെയധികം സങ്കടം തോന്നി. ഇനിയെന്താണ് ചെയ്യുക എന്നൊരു വലിയ ചോദ്യം മുന്നില്‍ വന്നു. കുട്ടിക്കാലം മുതലേ യൂണിഫോം ഇട്ട ജോലി ചെയ്യാന്‍ ഒരുപാട്  ആഗ്രഹിച്ചിരുന്നു. ഇനി എന്തായാലും സമയം പാഴാക്കാതെ പിഎസ്‌സി പഠിക്കാന്‍ ഒരുങ്ങാമെന്ന് തീരുമാനിച്ചു. എന്റെ കൂടെ കോളേജില്‍ പഠിച്ച നാല് കൂട്ടുകാരും ഒരുമിച്ചു കൂടി. പിഎസ്‌സി പഠിച്ചാല്‍ നമുക്കൊക്കെ കിട്ടുമോ എന്നായിരുന്നു ആദ്യ ചിന്ത. രണ്ടും കല്‍പ്പിച്ച് ഇറങ്ങാം, ജോലി കിട്ടിയിട്ടേ പഠനം നിര്‍ത്തൂ എന്നൊരു ദൃഢപ്രതിജ്ഞയെടുത്തു പിന്നീട്.

ഒഴിഞ്ഞ വീട് പഠനമുറിയാക്കി

കൂട്ടുകാരില്‍ ഒരാളുടെ ഒഴിഞ്ഞ വീടാണ് പഠനത്തിനായി തിരഞ്ഞെടുത്തത്. എല്ലാം മറന്ന് പഠനത്തില്‍ മാത്രം ശ്രദ്ധ കൊടുത്ത് മുന്നോട്ട് പോവണം എന്നൊരു ഒറ്റ ഉദ്ദേശ്യത്തിലായിരുന്നു ആ തീരുമാനം. രാവിലെ പഠിക്കാന്‍ ആ വീട്ടിലേക്ക് ചെല്ലും. രാവിലെ പഠിക്കാനായി ഇരുന്നാല്‍ ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാന്‍ മാത്രമാണ് അവിടെ നിന്ന് എഴുന്നേറ്റിരുന്നത്. രാത്രി വൈകുവോളം പിന്നീട് പഠനം നീളും. ഉറങ്ങാന്‍ വേണ്ടി മാത്രമാണ് വീട്ടിലേക്ക് പോയിരുന്നത്. എങ്ങനെ പഠിക്കണം, എവിടെ നിന്ന് തുടങ്ങണം എന്നൊന്നും അറിയാതെയായിരുന്നു പഠനം. ഒരു റാങ്ക് ഫയലും പിന്നെ കണ്ടതും കേട്ടതും എല്ലാം പഠിച്ചു. ഒരു നിശ്ചിത ഭാഗം ഇന്ന് പഠിച്ച് തീര്‍ക്കുമെന്ന് ഉറപ്പിച്ചാല്‍ അത് തീര്‍ത്തിട്ട് മാത്രമേ അവിടെ നിന്ന് എഴുന്നേൽക്കാറുള്ളൂ.  പരിശ്രമിക്കാനുള്ള മനസ് മാത്രമായിരുന്നു കൈമുതൽ. അപ്പോള്‍ അതില്‍ വെള്ളം ചേര്‍ക്കാതെ ആത്മാര്‍ഥമായി പഠിക്കാനാണ് ശ്രമിച്ചത്‌. പ്രിലിംസ് പരീക്ഷ പാസായതോടെ ഞങ്ങളെല്ലാവരും സന്തോഷിച്ചു.

കോച്ചിങ് സെന്ററിലേക്ക്

ഒറ്റയ്ക്ക് മെയിന്‍സ് പരീക്ഷയ്ക്കുവേണ്ടി ഒരുങ്ങിയാല്‍ നടക്കില്ലെന്ന് ഏറെക്കുറേ ഉറപ്പായതിനാല്‍ ഞങ്ങള്‍  കോഴിക്കോട്  കൊയിലാണ്ടിയില്‍ തന്നെയുള്ള കോച്ചിങ് സെന്ററില്‍ പഠനം ആരംഭിച്ചു. എന്റെ കുറവുകൾ മനസിലാക്കി കൃത്യമായി വഴി കാട്ടിയിരുന്ന ഇടമായിരുന്നു സെന്റര്‍. രണ്ടും കല്പിച്ചുള്ള പഠനമായിരുന്നു അവിടെയും. ക്ലാസിലെ ടെസ്റ്റുകളിലെല്ലാം ഞാന്‍ മികച്ച വിജയം നേടി. എന്റെ ആത്മവിശ്വാസത്തെ അത് വാനോളം ഉയര്‍ത്തി. സിപിഒ പരീക്ഷയില്‍ ഇടം നേടുക എന്ന ഒറ്റ ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ മുന്നില്‍. പക്ഷേ, എന്താണ് പറ്റിയതെന്ന് അറിയില്ല. ആ പ്രകടനം എനിക്ക് സിപിഒ പരീക്ഷയ്ക്ക് പുറത്തെടുക്കാന്‍ പറ്റിയില്ല. റാങ്ക് വന്നപ്പോള്‍ പ്രതീക്ഷിച്ചതിനും പിന്നിലേക്ക് ഞാന്‍ തള്ളപ്പെട്ടു.

നിരാശയുടെ നാളുകള്‍

ആശിച്ച് കൊതിച്ച് ഒന്നിന് വേണ്ടി ശ്രമിക്കുക അത് അവസാന കൈവിട്ടുപോവുക... ഇങ്ങനെ നടക്കുമ്പോള്‍ മനുഷ്യന്  ഭീകരമായ നിരാശ വരും. അത്തരമൊരു നിരാശയിലായിരുന്നു ഞാന്‍. കൈയാലപ്പുറത്തിരിക്കുന്ന റാങ്ക് പോലെയായിരുന്നു എന്റേത്. 400 ല്‍ കിടക്കുന്ന റാങ്കുകാരന് ചിലപ്പോള്‍ കിട്ടാം, ചിലപ്പോള്‍ കിട്ടാതിരിക്കാം. ഏകദേശം കിട്ടില്ലെന്ന ഒരു ഘട്ടമെത്തിയപ്പോള്‍ എല്ലാം കൈയില്‍ നിന്ന് പോയി. ഞാന്‍ സിപിഒ ലിസ്റ്റില്‍ കയറി നാളെ പോലീസാവും എന്നൊരു മട്ടായിരുന്നു നാട് മൊത്തം. ആളുകളുടെ ചോദ്യങ്ങളും സഹിക്കാനാവാതെയായി. ആയിടയ്ക്കാണ് സിപിഒ ലിസ്റ്റിലുള്ളവര്‍ സമരത്തിന് പോവാനായി ഒരുങ്ങുന്നത്. സമരത്തിന് പോണോ വേണ്ടയോ എന്നാലോചിച്ചു നില്‍ക്കുമ്പോഴായിരുന്നു അടുത്ത പ്രിസണ്‍ ഓഫീസര്‍, സിപിഒ നോട്ടിഫിക്കേഷന്‍ വരുന്നത് എന്തായാലും ഒരിക്കൽക്കൂടി ശ്രമിക്കുമെന്ന് ഉറപ്പിച്ചു. അസിസ്റ്റന്റ്‌ പ്രിസണ്‍ ഓഫീസര്‍ പരീക്ഷയാണ് ആദ്യം വന്നത്. അതിനായി നന്നായി പഠിക്കാൻ തുടങ്ങി. ഞാന്‍ പ്രതീക്ഷിച്ച പോലെ തന്നെ പരീക്ഷ നന്നായി എഴുതാന്‍ സാധിച്ചു

എസ്‌.ഐ നോട്ടിഫിക്കേഷന്‍

പ്രിസണ്‍ ഓഫീസര്‍ പരീക്ഷ നന്നായി എഴുതിയ സന്തോഷത്തില്‍ ഇരിക്കുമ്പോഴാണ് എസ്‌ഐ നോട്ടിഫിക്കേഷന്‍ വരുന്നത്. എന്നെ പോലൊരു ഉഴപ്പന് എസ്‌ഐ പരീക്ഷയൊക്കെ എഴുതാന്‍ പറ്റുമോ? അതിനുള്ള ബുദ്ധി എനിക്കുണ്ടോ തുടങ്ങി നിരവധി സംശയങ്ങള്‍ എന്റെ മുന്നിലുണ്ടായിരുന്നു. എന്തോ എനിക്ക് ആ സമയത്ത് ഒരു വാശി വന്നു. ആ പരീക്ഷ എഴുതി വിജയിക്കണമെന്ന് അടങ്ങാത്തൊരു ആവേശം വന്നു. എന്റെ കൂടെ കോച്ചിങ് ക്ലാസിലുണ്ടായിരുന്ന മൂന്ന് പേരും ഒരുമിച്ച് എസ്‌ഐ പരീക്ഷയ്ക്കായി പഠിക്കാമെന്ന് ഉറപ്പിച്ചു. അങ്ങനെ പഠനം ആരംഭിച്ചു

പുതിയ സിലബസ്

ഞങ്ങള്‍ പരീക്ഷയ്ക്കായി ഒരുങ്ങുന്ന സമയത്താണ് ഈ പരീക്ഷയുടെ സിലബസ് മാറുന്നത്. ഇത് നല്ലൊരു അവസരമായിട്ടാണ് എനിക്ക് തോന്നിയത്. പുതിയ സിലബസ് നന്നായി മനസിലാക്കി പഠിച്ചാല്‍ ജയിക്കുമെന്ന പ്രതീക്ഷ എനിക്കുണ്ടായിരുന്നു. പ്രിലിംസ് പരീക്ഷ വളരെ നന്നായി എഴുതാന്‍ സാധിച്ചു. എനിക്ക് പ്രിലിംസ് കിട്ടുമെന്ന് ഏകദേശം ഉറപ്പുണ്ടായിരുന്നു. അത് കൊണ്ട് പരീക്ഷയെഴുതിയ ഉടനെ മെയിന്‍സ് പരീക്ഷയ്ക്കായി പഠിക്കാന്‍ തുടങ്ങി.

പുതുക്കിയ മെയിന്‍സ് സിലബസ് അനുസരിച്ച് 50 ശതമാനത്തോളം സ്‌പെഷ്യല്‍ ടോപിക്‌സ് ഉണ്ടായിരുന്നു. ലോയും  സൈക്കോളജിയും എനിക്ക് വളരെ ഇഷ്ടവുമായിരുന്നു. സബ് ഇന്‍സ്‌പെട്കര്‍ പഠനത്തിനിടയെയായിരുന്നു സിപിഒ പരീക്ഷ. എസ്‌ഐ പരീക്ഷയ്ക്കായി ആഴത്തില്‍ പഠിക്കുന്നത് കൊണ്ട് സിപിഒ പരീക്ഷ നന്നായി എഴുതാൻ സാധിച്ചു. ഈ കാലയളവില്‍ എന്റെ ഫോക്കസ് പൂര്‍ണമായും എസ്‌ഐ പരീക്ഷയിലേക്ക് മാറിയിരുന്നു. കഷ്ടപ്പെട്ട് പഠിച്ച് എസ്‌ഐ ലിസ്റ്റില്‍ കയറിപ്പറ്റുക എന്നതായി ചിന്ത. ശ്രമിക്കാം എന്നല്ല എനിക്ക് കിട്ടണം എന്നൊരു വാശി എന്നില്‍ ഉടലെടുത്തു.

കമ്പയിന്‍ഡ് സ്റ്റഡി

ഈ പഠനവഴിയില്‍ കമ്പയില്‍ഡ് സ്റ്റഡി വളരെയധികം സഹായിച്ചിരുന്നു. ആദ്യം ഞങ്ങള്‍ ഒറ്റയ്ക്കിരുന്ന് മോക്ക്‌ടെസ്റ്റ് എടുക്കും. ശേഷം ഒരോരുത്തര്‍ക്കും തെറ്റിയ ചോദ്യവും ഉത്തരവും ചര്‍ച്ചചെയ്യും. വളരെ സമയമെടുക്കുന്ന പ്രക്രിയയാണെങ്കിലും ഞങ്ങള്‍ക്ക് പഠിച്ചെടുക്കാന്‍ ഈ രീതി വളരെ ഉപകാരപ്പെട്ടു. ദിവസേന പരാമവധി അഞ്ച് ടെസ്റ്റുകള്‍ ഇത്തരത്തില്‍ ഞങ്ങള്‍ ചെയ്തിരുന്നു.സിലബസിലുള്ള ഒരോ ഭാഗവും പ്രാധാന്യമുള്ളതാണ്. ചിലര്‍ക്ക് ഇംഗ്ലീഷ് മോശമാണെങ്കില്‍ കൂട്ടത്തിലുള്ള മറ്റൊരാൾക്ക് അതായിരിക്കും ഏറ്റവും എളുപ്പം. അപ്പോള്‍ അയാൾ അത് അറിയാത്തവർക്ക് പറഞ്ഞു കൊടുക്കും. അങ്ങനെ സിലബസിലെ ഒരു ഭാഗവും വിടാതെ പഠിച്ചു. അതു കൊണ്ട് തന്നെയായിരിക്കും ഞങ്ങള്‍ എല്ലാവരും ലിസ്റ്റില്‍ ഇടം പിടിച്ചത്. ആ സമയത്ത് ഞാനെഴുതിയ യൂണിഫോം പോസ്റ്റുകളിലെല്ലാം മികച്ച റാങ്കുകള്‍ നേടാനായി സാധിക്കുകയും ചെയ്തു.

സബ് ഇന്‍സ്‌പെക്ടര്‍ റാങ്ക്

സബ് ഇന്‍സ്‌പെക്ടര്‍ റാങ്ക് ലിസ്റ്റില്‍ 100 ന് ഉള്ളില്‍ റാങ്ക് കിട്ടുമെന്ന് മാത്രമാണ് കരുതിയത്. റാങ്ക് വന്നപ്പോള്‍ 17ാം റാങ്കായിരുന്നു ലഭിച്ചത്. വളരെയേറെ സന്തോഷം തോന്നിയ നിമിഷമായിരുന്നു അത്. നമ്മള്‍ രാവും പകലും കഷ്ടപ്പെട്ടതിന് ഫലമുണ്ടാവുക എന്ന് പറയുന്നത് ചില്ലറ കാര്യമല്ലല്ലോ.

ഇതിനിടയില്‍ സിപിഒ ഒന്നാം റാങ്ക് ലഭിക്കുകയും ആ ജോലിയില്‍ പ്രവേശിക്കുകയും ചെയ്തിരുന്നു. അഭിമുഖത്തിനായി പഠിക്കാന്‍ പറ്റാത്തത് കൊണ്ട് ആ ജോലിയില്‍ നിന്നിറങ്ങി പ്രിസണ്‍ ഓഫീസറുടെ ജോലിയിൽ പ്രവേശിച്ചു. അഭിമുഖ ഘട്ടത്തില്‍ മുഴുവന്‍ മാര്‍ക്കും നേടാനായത് മറ്റൊരു അഭിമാനമാണ്. അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ ലിസ്റ്റില്‍ 94ാം റാങ്കായിരുന്നു ലഭിച്ചത്. ഇപ്പോള്‍ സബ് ഇന്‍സ്‌പെക്ടറുടെ അഡ്വൈസിനായി കാത്തിരിക്കുകയാണ്.

സംതൃപ്തിയുണ്ട്

സിപിഒ ലിസ്റ്റില്‍ താഴോട്ടു പോയി വീട്ടില്‍ വിഷമിച്ചിരുന്ന ഞാന്‍ എസ്‌ഐ കുപ്പായത്തില്‍ ഇതേ വീട്ടിലേക്ക് കയറിവരുന്നത് ഓര്‍ക്കുമ്പോള്‍ വല്ലാത്ത അഭിമാനമുണ്ട്. എന്റെ കുടുംബം എന്റെ മേലെ വെച്ച വിശ്വാസത്തിന് കോട്ടം തട്ടിച്ചില്ലെന്ന് ഏറ്റവും വലിയ വിജയമായി കാണുന്നു. അന്നത്തെ നിരാശ കൊണ്ടാണ് ഞാന്‍ എസ്‌ഐ ലിസ്റ്റില്‍ കയറിപ്പറ്റിയത്. അല്ലെങ്കില്‍ സിപിഒ ലിസ്റ്റില്‍ കയറിയതോടെ പിഎസ്‌സി പഠനം നിര്‍ത്തുമായിരുന്നു. ഇപ്പോള്‍ സംതൃപ്തിയുണ്ട്. നമ്മളെക്കുറിച്ച് സ്വയം ഒരു തിരിച്ചറിവും ഇല്ലാതിരുന്ന പോയിന്റില്‍ നിന്ന്, ശ്രമിച്ചാല്‍ കിട്ടും എന്നൊരു പോയിന്റ് ഉണ്ടല്ലോ അത് തരുന്ന ഊര്‍ജം വളരെ വലുതാണ്. ആ ഊര്‍ജം ജീവിതത്തെ കുറിച്ച് പുതിയൊരു വീക്ഷണം നല്‍കും.

ആകാംക്ഷയോടെ കാത്തിരിക്കുന്നു

സത്യത്തില്‍ എസ്‌ഐ പോസ്റ്റില്‍ കയറാനായി വളരെ ആകാംക്ഷയോടെയാണ് ഞാന്‍ കാത്തിരിക്കുന്നത്. ഇപ്പോള്‍ ചെയ്യുന്ന ജോലിയെക്കാളും ജനങ്ങള്‍ക്കിടയില്‍ നേരിട്ട് ഇടപഴകാന്‍ അവസരം കിട്ടുന്നത് വലിയ കാര്യമാണ്. നമ്മള്‍ ചെയ്യുന്ന ജോലി സാധാരണക്കാരോട് അടുത്ത് നില്‍ക്കുന്നതും അവര്‍ക്ക് ഉപകാരപ്പെടുന്നതും ആണെങ്കില്‍ അതില്‍പരം സന്തോഷം കിട്ടുന്ന കാര്യം വേറെയുണ്ടോ.

കുടുംബം

അച്ഛന്‍ ഷൈലേഷ് ഗ്യാസ് ഏജന്‍സി നടത്തുകയാണ്. അമ്മ നിഷ വീട്ടമ്മയാണ്. സഹോദരന്‍ നിവേദ് സ്വകാര്യ ഓട്ടോമൊബൈല്‍ എന്‍ജിനിയറിങ്ങ് രംഗത്ത് ജോലി ചെയ്യുകയാണ്. എല്ലാത്തിനും പിന്തുണ നല്‍കുന്ന അവരാണ് എന്റെ ശക്തി. പഠനം ആരംഭിച്ച് ഇതുവരെ അവര്‍ എന്നെ എന്തായി എന്ന് ചോദ്യം ചെയ്ത് ശല്യപ്പെടുത്തിയിട്ടില്ല. അതാണ് ഏറ്റവും വലിയ ആശ്വാസം. എന്റെ വിജയത്തില്‍ സന്തോഷിക്കുന്ന അവരെ കാണുമ്പോള്‍ എനിക്ക് സന്തോഷമുണ്ട്. പേരകുട്ടിക്കൊരു സര്‍ക്കാര്‍ ജോലി കിട്ടിയെന്ന് എന്റെ മുത്തച്ഛന്‍ എല്ലാവരോടും പറയുന്നത് കേള്‍ക്കുമ്പോള്‍ വല്ലാത്തൊരു ആശ്വാസമാണ്‌.