തിരുവനന്തപുരം: ചോദ്യംചെയ്യലിൽനിന്ന് ഒഴിഞ്ഞുമാറാൻ ശ്രമിച്ച പി.എസ്.സി. ചെയർമാനെ വീണ്ടും വിളിച്ചുവരുത്താൻ ക്രൈംബ്രാഞ്ച്. ചൊവ്വാഴ്ച നിർബന്ധമായും ഹാജരാകണമെന്നാവശ്യപ്പെട്ട് ചെയർമാൻ എം.ആർ. ബൈജുവിന് അന്വേഷണസംഘം നോട്ടീസ് നൽകി. കേസിൽ പ്രതിചേർക്കുന്നതിനും അറസ്റ്റിനും മുന്നോടിയായാണ് ഈ നീക്കമെന്നാണ് സൂചന.

To advertise here,

ആസൂത്രണ ബോർഡ് ചീഫ് പരീക്ഷാ ക്രമക്കേടിലാണ് വീണ്ടും ചോദ്യംചെയ്യുന്നത്. ഈ കേസിൽ നിർണായകമായ മൊഴികളും തെളിവുകളും ലഭിച്ചിട്ടുണ്ട്. പത്ത് ചോദ്യങ്ങളുടെ മൂല്യനിർണയം നടത്താതിരുന്നത് ആസൂത്രിതമാണെന്നാണ് വിവരം. രണ്ട് ഉദ്യോഗസ്ഥർ അറസ്റ്റിലായതോടെ അന്വേഷണം ചെയർമാനിലേക്കും നീങ്ങുകയാണ്.

കഴിഞ്ഞയാഴ്ച ചോദ്യംചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടപ്പോൾ ഹൈക്കോടതി കേസ് പരിഗണിക്കുന്ന കാര്യം ചൂണ്ടിക്കാട്ടി എം.ആർ. ബൈജു ഒഴിഞ്ഞുമാറി. അറസ്റ്റിലായ അഡീഷണൽ സെക്രട്ടറി ആർ. ഹരിക്കൊപ്പം ചെയർമാനെ ചോദ്യംചെയ്യാനായിരുന്നു അന്വേഷണസംഘത്തിന്റെ നീക്കം. ചെയർമാനുമായി ഏറെ അടുപ്പമുണ്ടായിരുന്ന ഉദ്യോഗസ്ഥനാണ് ആർ. ഹരി.

എഴുത്തുപരീക്ഷകളിലെ മാർക്ക് ചെയർമാനും അംഗങ്ങൾക്കും ചോർന്നുകിട്ടിയിട്ടുണ്ടെന്നതടക്കമുള്ള സുപ്രധാന വിവരങ്ങൾ അന്വേഷണസംഘത്തിന് ലഭിച്ചിരുന്നു. പല കാര്യങ്ങളിലും ചെയർമാൻ ഏകപക്ഷീയമായ തീരുമാനങ്ങൾ എടുക്കുന്നുണ്ടെന്നാണ് അന്വേഷണസംഘത്തിന് ലഭിച്ച മൊഴി.

ചോദ്യംചെയ്യലിന് ഹാജരാകാത്തതും അന്വേഷണം നീട്ടിക്കൊണ്ടുപോകാനുള്ള ശ്രമവും ചൂണ്ടിക്കാട്ടി ഹൈക്കോടതി പലതവണ പി.എസ്.സി.യെയും സർക്കാരിനെയും വിമർശിച്ചിരുന്നു. ഹൈക്കോടതിയുടെ ഇടപെടൽ ചൂണ്ടിക്കാട്ടിയാണ് ചെയർമാന് പുതിയ നോട്ടീസ് നൽകിയത്. ചൊവ്വാഴ്ച ഹാജരായില്ലെങ്കിൽ ഹൈക്കോടതിയെ അറിയിക്കാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം.

അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ പരീക്ഷാ ക്രമക്കേടും ബൈജുവിന്റെ കാലത്താണ് നടന്നത്. ഇതും ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തിലാണ്. ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ, ഖാദി ബോർഡ് വില്ലേജ് ഓയിൽ ഇൻസ്‌പെക്ടർ പരീക്ഷകളിൽ മുൻ ചെയർമാൻ എം.കെ. സക്കീറും ആരോപണവിധേയനാണ്. എന്നാൽ, അദ്ദേഹത്തെ ഇതുവരെ ചോദ്യംചെയ്യലിന് വിളിപ്പിച്ചിട്ടില്ല.