സര്‍ക്കാര്‍ ജോലി നേടി സ്വന്തം കാലില്‍ നില്‍ക്കണമെന്നത് അനുപമയുടെ ഏറ്റവും വലിയ സ്വപ്നങ്ങളിലൊന്നായിരുന്നു. എന്നാല്‍ അത് എവിടെ തുടങ്ങണമെന്ന കാര്യത്തില്‍ യാതൊരു രൂപവുമില്ലായിരുന്നു. വിവാഹം കഴിഞ്ഞിരിക്കുമ്പോൾ ഭര്‍ത്താവിന്റെ അച്ഛന്‍ മാലാഖയുടെ രൂപം പ്രാപിച്ച് പറഞ്ഞു: അനുപമ സര്‍ക്കാര്‍ ജോലി നേടണം അതിനായി എന്തു സഹായവും ഈ കുടുംബത്തില്‍ നിന്നുണ്ടാവും. അതൊരു സാധാരണ ഡയലോഗായിരുന്നുവെന്നായിരുന്നു അനുപമ കരുതിയത്. എന്നാല്‍, അദ്ദേഹം സീരിയസായിരുന്നു. കല്യാണത്തിന്റെ വിരുന്നും തിരക്കും കഴിഞ്ഞതും അദ്ദേഹം സമീപത്തെ പിഎസ്‌സി കോച്ചിങ്‌ സെന്ററില്‍ പോയി അനുപമയ്ക്ക് അഡ്മിഷനെടുത്ത് കൊടുത്തു. അതോടെ അനുപമയുടെ ജീവിതത്തിലേക്ക് പ്രതീക്ഷയുടെ വെളിച്ചം വീശിത്തുടങ്ങി.

To advertise here,

അന്ന് തുടങ്ങിയ യജ്ഞം അനുപമയ്ക്ക് ഒട്ടേറെ റാങ്ക് ലിസ്റ്റില്‍ ഇടം നേടിക്കൊടുത്തു. യുണിവേഴ്സിറ്റി അസിസ്റ്റന്റ്, ലാബ് അസിസ്റ്റന്റ്, കമ്പനി ബോര്‍ഡ് അസിസ്റ്റന്റ് അവയില്‍ ചിലതാണ്. കോഴിക്കോട് എല്‍പിഎസടി പരീക്ഷയിലെ അഞ്ചാം റാങ്കും യുപിഎസ്ടി പരീക്ഷയിലെ 18ാം റാങ്കും അനുപമ നേടി. നിലവില്‍ കെഎസ്എഫ്ഇ കൊയിലാണ്ടി ശാഖയില്‍ ജൂനിയര്‍ അസിസ്റ്റന്റാണ് അനുപമ

അച്ഛന്റെ ആഗ്രഹം

ചെറുപ്പം മുതലേ രണ്ടു പെണ്‍കുട്ടികളും സര്‍ക്കാര്‍ ജോലി നേടണമെന്ന അച്ഛന്റെ ആഗ്രഹം കേട്ടാണ് ഞാന്‍ വളര്‍ന്നത്. പെണ്‍കുട്ടികള്‍ പഠിക്കണം. ആരുടെയും മുന്നില്‍ കൈനീട്ടാതെ തലയുയര്‍ത്തി ജീവിക്കണമെന്നായിരുന്നു പോളിസി. അച്ഛന്റെ നിലപാടുകളൊന്നും അതേ അര്‍ത്ഥത്തില്‍ മനസിലായിലെങ്കിലും ഈയൊരു വാചകം എന്നും ഹൃദയത്തിലുണ്ടായിരുന്നു. പക്ഷേ, എങ്ങനെ എപ്പോള്‍ എന്നതിനെ കുറിച്ച് വലിയ ഐഡിയ ഉണ്ടായിരുന്നില്ല. ബിഎസ്‌സി കെമിസ്ട്രിക്ക് ശേഷം ടിടിസിക്ക് ചേരുകയും അതിന് ശേഷം പോണ്ടിച്ചേരി സര്‍വകലാശാലയില്‍ എംഎസ്‌സി കെമിസ്ട്രിക്കും ചേര്‍ന്നു. മികച്ച മാര്‍ക്കോടെ ബിരുദാനന്തരബിരുദം പൂര്‍ത്തിയാക്കുകയും ചെയ്തു. ഇക്കാലത്തെല്ലാം സര്‍ക്കാര്‍ ജോലി മനസിലുണ്ടായിരുന്നു.പി.ജിക്ക് ശേഷം പിഎസ്‌സി പഠനത്തിന് ശ്രദ്ധ നല്‍കാമെന്ന് കരുതിയെങ്കിലും പഠനം കഴിഞ്ഞ് ഉടന്‍ തന്നെ വിവാഹം ശരിയാവുകയും വീട്ടമ്മയുടെ  റോളിലേക്ക് കയറേണ്ടിയും വന്നു.

ഭര്‍ത്താവിന്റെ അച്ഛന്‍ നല്‍കിയ പ്രചോദനം

കല്യാണത്തിന്റെ സമയത്ത് തന്നെ ഭര്‍ത്താവിന്റെ അച്ഛന്‍ സര്‍ക്കാര്‍ ജോലിക്കായി ശ്രമിക്കണമെന്ന് പറഞ്ഞിരുന്നു. എന്നാല്‍, അതെല്ലാം ഞാന്‍ കാര്യമാക്കിയിരുന്നില്ല. സാധാരണ എല്ലാവരും പറയുന്ന പാഴ്​വാക്കാണെന്നാണ് കരുതിയത്. കല്യാണം കഴിഞ്ഞപ്പോഴാണ് ആള്‍ സീരിയസ്സാണെന്ന് മനസിലായത്. അച്ഛന്‍ അടുത്തുള്ള പിഎസ്‌സി സെന്ററില്‍ എന്നെ ചേര്‍ക്കുകയും നല്ലവണ്ണം പഠിക്കണമെന്ന് പറഞ്ഞ് അനുഗ്രഹിക്കുകയും ചെയ്തു. അതായിരുന്നു ജീവിതത്തിലെ വഴിത്തിരിവ്. സത്യത്തില്‍ അദ്ദേഹമാണ് പിഎസ്‌സി പഠനത്തില്‍ എനിക്ക് ഊര്‍ജം. വെറുതെ ക്ലാസില്‍ ചേര്‍ത്ത് അദ്ദേഹം മാറിനിന്നില്ല. പകരം നിരന്തരം പഠനത്തിനായി അദ്ദേഹം എന്നെ പ്രചോദിപ്പിച്ചു. പഠിക്കാതെ ടിവി കാണുകയോ അല്ലെങ്കില്‍ മറ്റ് പണികളില്‍ ഏര്‍പ്പെടുകയോ ചെയ്താല്‍ എന്താണ് പഠിക്കാത്തതെന്ന് കര്‍ശനമായി ചോദിക്കുമായിരുന്നു. ഓരോ പരീക്ഷയ്ക്ക് ശേഷവും അദ്ദേഹം എന്നോടൊപ്പെം തന്നെ ഫലത്തിനായി കാത്തിരുന്നു. റാങ്കിൽ പിന്നാക്കം പോയാല്‍, സാരമില്ല വീണ്ടും ശ്രമിക്കാമെന്ന് പറയുമായിരുന്നു. ഞാന്‍ ജോലി നേടിയതില്‍ അദ്ദേഹം അതീവ സന്തുഷ്ടനാണ്. അദ്ദേഹം എന്നില്‍ വെച്ച പ്രതീക്ഷ പൂര്‍ത്തിയാക്കാന്‍ പറ്റിയതില്‍ ഞാന്‍ അഭിമാനിക്കുന്നു

2017 മുതല്‍ ആരംഭിച്ച പഠനം

2017 മുതല്‍ പരിശീലനം തുടങ്ങിയെങ്കിലും തുടക്കകാലത്ത് വലിയ ഗൗരവമുണ്ടായിരുന്നില്ലെന്ന് വേണം പറയാന്‍. വലിയ തയ്യാറെടുപ്പുകളിലാതെ പഠിച്ചിട്ടും ലാബ് അസിസ്റ്റന്റ്, കമ്പനി ബോര്‍ഡ് അസിസ്റ്റന്റ് പരീക്ഷകളില്‍ മികച്ച മാര്‍ക്ക് നേടാന്‍ കഴിഞ്ഞതോടെ ആത്മവിശ്വാസം ഇരട്ടിയായി. ഒന്ന് ശ്രമിച്ചാല്‍ എനിക്ക് എന്തായാലും കിട്ടുമെന്ന ഉറപ്പ് തോന്നി. കോച്ചിങ് സെന്ററില്‍ നിന്നും മികച്ച അഭിപ്രായം പറഞ്ഞു. ഇത് ശ്രമിച്ചാല്‍ കെെയിലൊതുങ്ങുന്നതാണെന്ന വിശ്വാസം സ്വയം തോന്നിത്തുടങ്ങി.

ആദ്യത്തെ കുഞ്ഞ്

ഇതിനിടിയില്‍ ആദ്യത്തെ കുഞ്ഞ് ജനിച്ചു. അതോടെ എന്റെ സ്വപ്ങ്ങള്‍ക്കെല്ലാം ഫുള്‍സ്റ്റോപ്പിട്ടെന്ന് ഉറപ്പിച്ചു. കുഞ്ഞുണ്ടായതില്‍ അതീവ സന്തുഷ്ടയായെങ്കിലും കൈയില്‍ നിന്ന് എന്റെ സ്വപ്‌നങ്ങള്‍ പറന്നുപോയ പോലെ തോന്നി. ഇനി വീട്ടില്‍ തന്നെ ഒതുങ്ങിക്കൂടേണ്ടി വരുമെന്നും ഞാന്‍
വിശ്വസിച്ചു. പതിയെ ആ ജീവിതത്തോട് ഇണങ്ങാനായി തുടങ്ങി. പി.എസ്.സിയെല്ലാം മറന്നു. കുഞ്ഞിന് എട്ടുമാസമായപ്പോള്‍ ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ വീണ്ടും പഠനമാരംഭിക്കാന്‍ പറഞ്ഞു. ക്ലാസിന് പോവണമെന്നും കുഞ്ഞിനെ നോക്കാന്‍ ഞങ്ങളുണ്ട്, നീ പേടിക്കേണ്ടെന്നും അവര്‍ പറഞ്ഞു. അങ്ങനെ ഭര്‍ത്താവിന്റെ വീട്ടുകാര്‍ പറഞ്ഞ ധൈര്യത്തില്‍ ഞാന്‍ വീണ്ടും ക്ലാസിന് പോയിത്തുടങ്ങി. കുഞ്ഞിനെ വീട്ടിലാക്കി പഠിക്കാന്‍ പോവുന്ന സമയം ആദ്യമെല്ലാം വളരെയധികം വേദനിച്ചു. എന്നാല്‍, നീ പേടിക്കേണ്ട ലക്ഷ്യം മാത്രം ശ്രദ്ധിച്ചാല്‍ മതിയെന്ന് പറഞ്ഞ് ശക്തിയേകിയത് ഭര്‍ത്താവിന്റെ വീട്ടുകാരാണ്‌.

ആദ്യമെഴുതിയ പരീക്ഷയിലെല്ലാം ഞാന്‍ വളരെ പിന്നോട്ട് പോയിരുന്നു. പഠിച്ചെതെല്ലാം മറന്ന് ആകെ ശുന്യമായ അവസ്ഥയായിരുന്നു അത്. എങ്ങനെ മുന്നോട്ട് പോവുമെന്ന് സംശയിച്ചു. ചുറ്റുമുള്ളവരെല്ലാം മുന്നേറുമ്പോള്‍ ഞാന്‍ ഇരുട്ടത്ത് തപ്പുന്നത് പോലെയുള്ള അവസ്ഥയിലായിരുന്നു. പതിയെ ഞാന്‍ പഴയ ട്രാക്കിലായി. കോച്ചിങ് ക്ലാസിലെ പഠനാന്തരീക്ഷം നമ്മളെ ട്രാക്കിലാക്കാന്‍ വളരെയേറെ സഹായിക്കും.

കമ്പനി/കോര്‍പ്പറേഷന്‍ ബോര്‍ഡ് അസിസ്റ്റന്റ്

2018ല്‍ എഴുതിയ കമ്പനി/കോര്‍പ്പറേഷന്‍ ബോര്‍ഡ് അസിസ്റ്റന്റ്  പരീക്ഷയുടെ റാങ്ക് പ്രകാരം ജോലി ലഭിക്കുമെന്ന് ഏകദേശം ഉറപ്പായി. എന്നാല്‍ മറ്റ് പല പ്രശ്‌നങ്ങള്‍ കാരണം അപ്പോയ്ന്‍മെന്റ് നടപടികള്‍ നീണ്ടുപോയി. അതോടെ ഈ ലിസ്റ്റ് വിളിക്കുമോയെന്ന കാര്യത്തില്‍ ആകെ ഭയമായി. അക്കാലത്താണ് എല്‍പിഎസ്ടി/യുപിഎസ്ടി പരീക്ഷകള്‍ വരുന്നത്. മറ്റൊന്നും നോക്കാതെ അതിനായുള്ള പഠനം ആരംഭിച്ചു. പഠനം തകൃതിയായി നടക്കുമ്പോഴാണ് കോവിഡ് കാരണം സെന്ററുകള്‍ അടയ്ക്കുന്നത്.  പൂര്‍ണമായും കോച്ചിങ്ങ് സെന്റിനെ ആശ്രയിച്ച് പഠിച്ചിരുന്ന എനിക്ക് അത് വല്ലാത്തൊരു അടിയായി പോയി.അതോടൊപ്പം രണ്ടാമത്തെ കുഞ്ഞിനെ ഗര്‍ഭം ധരിച്ചു.

ഇനിയൊരു തിരിച്ചുപോക്കില്ല

വീണ്ടും പഠനത്തിന് മങ്ങലേറ്റാല്‍ പഴയതിനേക്കാള്‍ മോശം റാങ്കിലേക്ക് ഞാന്‍ കടക്കുമെന്നും എനിക്ക് ഉറപ്പായിരുന്നു. അതിനാല്‍ ഓണ്‍ലൈന്‍ പഠനത്തിലേക്ക് തിരിഞ്ഞു. ജോലി നേടണമെന്ന് ചിന്ത മാത്രമായി മനസില്‍. ഇപ്പോഴത്തെ തടസങ്ങളെല്ലാം മറന്ന് പഠിക്കാന്‍ തുടങ്ങി. രണ്ടാമത്തെ ഗര്‍ഭകാലത്ത് പലതരം ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്നു. ഇതിനാല്‍ തന്നെ വിശ്രമവും ആവശ്യമായിരുന്നു. എല്ലാത്തതിനും ഒപ്പം നില്‍ക്കാന്‍ ഭര്‍ത്താവും കുടുംബവും ഉണ്ടായിരുന്നു. ജോലി ചെയ്യുമ്പോള്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ കേള്‍ക്കുമായിരുന്നു. ചിന്തയിലത്രയും  പി.എസ്.സി ക്ലാസുകളായിരുന്നു. മറ്റൊന്നിലേക്കും ചിന്ത തിരിയാതെ ഒരൊറ്റ ലക്ഷ്യം മുന്നില്‍ കണ്ടുള്ള ജീവിതമായിരുന്നു.

അവസാനം റിസള്‍ട്ട് വന്നപ്പോള്‍ എന്റെ കഷ്ടപാടിനെല്ലാം ഫലം കണ്ടു. അതോടൊപ്പം തന്നെ പണ്ട് മുടങ്ങി കിടന്ന കമ്പനി ബോര്‍ഡിന്റെ അപ്പോയിന്‍മെന്റും നടന്നു. സൗകര്യമുള്ള ജോലി കമ്പനി ബോര്‍ഡ് ആയതിനാല്‍ അത് തിരഞ്ഞെടുത്തു. നിലവില്‍ പേരാമ്പ്ര കെഎസ്എഫ്‌യില്‍ അസിസ്റ്റന്റായി ജോലി ചെയ്യുകയാണ്‌.

റിവിഷന്‍ തന്നെ ശരണം

മറവി നല്ലപോലെയുള്ള വ്യക്തിയാണ് ഞാന്‍. അത് മറികടക്കാന്‍ എന്നെ സഹായിച്ചത് റിവിഷനാണ്. ഒരോ ടോപ്പിക്ക് തീര്‍ത്ത ശേഷവും റിവിഷന്‍ നടത്തി. ആഴ്ച്ചയിലൊരിക്കല്‍ വീണ്ടും ഒന്ന് വായിച്ചു നോക്കുമായിരുന്നു. ഒറ്റവായനയ്‌ക്കൊന്നും ഓര്‍മ നില്‍ക്കാത്തതിനാല്‍ വീണ്ടും വീണ്ടും വായിച്ച് പഠിക്കലായിരുന്നു ശരണം. പിഎസ്‌സിയുടെ രണ്ട് പാറ്റേണുകളും ഞാന്‍ എഴുതിയിട്ടുണ്ട്. പഴയ പാറ്റേണില്‍ നിന്ന് വളരെ വ്യത്യസ്തമായിട്ടാണ് പുതിയ പാറ്റേണ്‍. വിപുലമായ പഠനരീതിയാണ് പുതിയ പാറ്റേണിന് വേണ്ടത്. വിഷയത്തെ കുറിച്ച് ആഴത്തിലുള്ള അറിവ് അത്യാവശ്യമാണ്. അല്ലാതെ പഠിച്ചാല്‍ വിജയിക്കാനാവില്ല. പുതിയ പാറ്റേണിലേക്ക് മാറിയപ്പോള്‍ എന്റെ പഠനരീതിയെ അടിമുടി മാറ്റിയെടുത്തു. ആഴത്തിലുള്ള പഠനമായിരുന്നു നടത്തിയത് എന്നാല്‍ സിലബസ്സില്‍ നിന്ന് മാറിപ്പോവാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു

പാഠപുസ്തകങ്ങള്‍

അഞ്ചാം ക്ലാസ് മുതലുള്ള പാഠപുസ്തങ്ങളെല്ലാം ഞാന്‍ ഓടിനടന്ന് ശേഖരിച്ചിരുന്നു. സയന്‍സ്, സോഷ്യല്‍ സയന്‍സ്, കണക്ക് എന്നീ ടെക്‌സ്റ്റ് പുസ്തകങ്ങളെല്ലാം കാണാപ്പാഠമാക്കിയിരുന്നു.എംഎസ്‌സി കെമിസ്ട്രിയായത് കൊണ്ട് സയന്‍സും കണക്കും എനിക്ക് പഠിച്ചെടുക്കാന്‍ എളുപ്പമായിരുന്നു. എന്നാല്‍, മറ്റ് വിഷയങ്ങള്‍ എനിക്ക് വളരെ ബുദ്ധിമുട്ടായിരുന്നു. ജോഗ്രഫി പോലുള്ള സാമുഹിക വിഷയങ്ങള്‍ പത്താം ക്ലാസിന് ശേഷം ഞാന്‍ നോക്കിയിട്ട് തന്നെയുണ്ടായിരുന്നില്ല. ഈ പാഠപുസ്തകളാണ് ആ സമയത്ത് എന്നെ സഹായിച്ചത്. പാഠപുസ്തകങ്ങളില്‍ വായിച്ച് പഠിച്ചത് കൊണ്ട് നിരവധി ചോദ്യങ്ങള്‍ക്ക് ഉത്തരമേകാന്‍ എനിക്ക് സാധിച്ചു.

കോച്ചിങ് സെന്ററുകളില്‍ നിന്നുള്ള നോട്‌സും ഉപകാരപ്പെട്ടു. ചരിത്രവും ഭരണഘടനയും കഥ പോലെ രസകരമായി മനസിലാക്കിത്തരുന്ന അധ്യാപകര്‍ കോച്ചിങ് സെന്ററിലുണ്ടായിരുന്നു. അത് കൊണ്ട് തന്നെ ആശയങ്ങള്‍ വളരെ പെട്ടെന്ന് മനസിലാക്കിയെടുക്കാൻ സാധിച്ചു. എനിക്ക് ചോദ്യവും ഉത്തരവും മാത്രം പഠിക്കുന്നതിനോട് യോജിപ്പുണ്ടായിരുന്നില്ല. അത് എനിക്ക് ഓര്‍മയിലും നില്‍ക്കില്ല. അതിനാല്‍ വിഷയം മുഴുവനായി വായിച്ച് സ്വയം ചോദ്യം ഉണ്ടാക്കി പഠിക്കുകയായിരുന്നു പ്രധാന രീതി. മുന്‍ചോദ്യപേപ്പറുകള്‍ പരമാവധിയെടുത്ത് പഠിച്ചു.

ടൈംടേബിള്‍

ടൈംടേബിള്‍ വെച്ചുകൊണ്ടുള്ള പഠനത്തിന് വളരെ താത്പര്യമുണ്ടെങ്കിലും എന്റെ അവസ്ഥയ്ക്ക് അത് സാധ്യമായിരുന്നില്ല. പരമാവധി കോച്ചിങ് സെന്റര്‍ പഠനമായിരുന്നു എന്നെ സഹായിച്ചിരുന്നത്. അന്നന്ന് സെന്ററില്‍ പഠിപ്പിച്ചത് അവിടെ നിന്ന് തന്നെ പഠിക്കും. ഞാന്‍ സ്വയം നോക്കുന്നതും കോച്ചിങ് സെന്ററില്‍ നിന്ന് നോക്കി തീര്‍ത്തിട്ടാണ് വരുന്നത്. രണ്ട് ചെറിയ മക്കളുണ്ടായിരുന്നത് കൊണ്ട് തന്നെ കൃത്യമായി ടൈംടേബിള്‍ വെച്ചിട്ടുള്ള പഠനം അസാധ്യമായിരുന്നു. മക്കള്‍ ഉറങ്ങുന്ന സമയത്ത് പരമാവധി പഠിക്കുകയായിരുന്നു. ഭര്‍ത്താവും വീട്ടുകാരും കുഞ്ഞുങ്ങളെ നോക്കി എന്റെ പഠനത്തിനായി സഹായിച്ചിരുന്നു.

അഭിമാനം

എന്റെ അച്ഛന്റെ ഏറ്റവും വലിയ ആഗ്രഹം രണ്ട് പെണ്‍മക്കള്‍ക്കും സര്‍ക്കാര്‍ ജോലി നേടണം എന്നായിരുന്നു. ചേച്ചിക്കും ഇപ്പോള്‍ സര്‍ക്കാര്‍ ജോലി ലഭിച്ചു. അച്ഛന്റെ ആഗ്രഹം പൂര്‍ത്തീകരിച്ചതില്‍ അഭിമാനമുണ്ട്. എല്ലാറ്റിനും തുണയായി നിന്ന് ഭര്‍ത്താവിന്റെ വീട്ടുകാരോടും അതിയായ സ്‌നേഹവും.