
കൊയിലാണ്ടിയിലെ വീട്ടിലിരുന്ന് അതുലിനോട് മുത്തശ്ശന്‍ ചോദിച്ചു.അനക്ക് എന്താ ബലുതാവുമ്പോ ആവേണ്ടേ....? അന്ന് അതുലിന് പറയാന്‍ ഒറ്റ ഉത്തരമേ ഉണ്ടായിരുന്നുള്ളു 'പോലീസ്'. പോലീസുകാരനായ മുത്തശ്ശനെ കണ്ട് വളര്‍ന്ന ആ കൊച്ചുമിടുക്കന്‍ അത്രത്തോളം ആ ജോലിയെ മുറുകെപ്പിടിച്ചു. ഊണിലും ഉറക്കത്തിലും ആ ജോലി സ്വപ്‌നം കണ്ട അവന്‍ വര്‍ഷങ്ങള്‍ക്കിപ്പുറം കേരള പി.എസ്.സിയുടെ എസ്.ഐ. ലിസ്റ്റില്‍ ഒന്നാം റാങ്കോടെ ജയിച്ചിരിക്കുകയാണ്. ഇത് അതുല്‍ രാജിന്റെ കഥയാണ്. സ്വപ്‌നത്തോടൊപ്പം കഠിനാധ്വാനത്തെയും ഒപ്പം കൂട്ടി വിജയം നേടിയ ഇരുപത്തഞ്ചുകാരന്റെ വിജയകഥ.
പോലീസെന്ന സ്വപ്‌നം
അമ്മയുടെ അച്ഛന്‍ പോലീസുകാരനായിരുന്നു ചെറുപ്പം മുതല്‍ അദ്ദേഹത്തെ കണ്ട് വളര്‍ന്നത് കൊണ്ടു തന്നെ പോലീസാവാനായിരുന്നു ആഗ്രഹം. പിന്നീട് സ്‌കൂളിലേക്ക് എത്തിയപ്പോഴും ആഗ്രഹത്തെ കൈവെടിഞ്ഞില്ല. അത്യാവശ്യം ഉയരവും വണ്ണവും ഉണ്ടായിരുന്നതിനാല്‍ കൂട്ടുകാരും അധ്യാപകരും ഉറച്ച് പറഞ്ഞു നീ ഒരു പോലീസാവുമെന്ന്. പോലീസാവാന്‍ വേണ്ടി മാത്രം ആഗ്രഹിച്ചാണ് ഡിഗ്രിക്ക് പോലും ചേര്‍ന്നത്. പോലീസിന് വേണ്ട ശരീരക്ഷമത വര്‍ദ്ധിപ്പിക്കാന്‍ വെയ്റ്റ് ലിഫ്റ്റിങ് പരിശീലനവും ആരംഭിച്ചു
ആദ്യം കിട്ടിയ എല്‍ജിഎസ്
ഡിഗ്രി അവസാന വര്‍ഷം പഠിക്കുമ്പോഴായിരുന്നു എല്‍.ജി.എസ്. വിഞ്ജാപനം വരുന്നത്. അപേക്ഷിച്ചു. അക്കാലം മുതല്‍ തന്നെ പി.എസ്.സി. പരീക്ഷകളെ വളരെ ഗൗരവമായി കണ്ടിരുന്നു. അതിനാല്‍ വിവിധ പരീക്ഷകള്‍ക്ക് അപേക്ഷിക്കുന്നുണ്ടായിരുന്നു. ഡിഗ്രി കഴിഞ്ഞപ്പോള്‍ കൊയിലാണ്ടിയില്‍ വീടിനടുത്തുള്ള സ്വകാര്യ പി.എസ്.സി. കോച്ചിങ് സെന്ററില്‍ പഠനത്തിനായി ചേര്‍ന്നു. ഈ പരീക്ഷകളെ കുറിച്ച് യാതൊന്നും അറിയാതിരുന്ന എനിക്ക് കൃത്യമായ മാര്‍ഗനിര്‍ദ്ദേശം ലഭിച്ചത് കോച്ചിങ് സെന്ററില്‍ നിന്നായിരുന്നു.
കോവിഡിന്റെ വരവ്
ആ സമയത്താണ് കോവിഡ് എത്തുന്നത്. ഇതോടെ കോച്ചിങ് സെന്റര്‍ അടച്ചുപൂട്ടി. വെയ്റ്റ് ലിഫ്റ്റിങ് പരിശീലനം പാതിവഴിയിലായി. വീട്ടില്‍ എന്ത് ചെയ്യുമെന്ന അവസ്ഥയില്‍ അന്തിച്ച് നില്‍ക്കുമ്പോഴായിരുന്നു കോച്ചിങ് സെന്ററിലെ ഒരു സുഹൃത്ത് കമ്പയിന്‍ സ്റ്റഡി നടക്കുന്നുണ്ട് പോരുന്നോ എന്ന് ചോദിച്ചത്. ആ ചോദ്യം ജീവിതത്തെ ആകെ മാറ്റിമറിച്ചു. അന്ന് ആരംഭിച്ച ഞങ്ങളുടെ കമ്പയിന്‍ സ്റ്റഡി എന്റെ വിജയത്തെ ത്വരിതപ്പെടുത്തിയെന്ന് വേണം പറയാന്‍. രാവിലെ നേരത്തെ എഴുന്നേറ്റ് ഞാന്‍ ഇവരില്‍ ഒരാളുടെ വീട്ടിലേക്ക് പോവും. അവിടെ ഞങ്ങള്‍ നാല് സുഹൃത്തുകള്‍ ഒരുമിച്ച് ചേര്‍ന്ന് പഠനം ആരംഭിക്കും
കമ്പയിന്‍ സ്റ്റഡി
വളരെ ഗൗരവത്തോടെയായിരുന്നു പഠനത്തെ കണ്ടിരുന്നത്. ദിവസവും കുറഞ്ഞത് 30 പേജെങ്കിലും വായിച്ച് പഠിച്ചിരിക്കും. അതില്‍ യാതൊരു വിട്ടുവീഴ്ച്ചയും വരുത്തിയിരുന്നില്ല. ചിലര്‍ക്ക് അത്ര വശമില്ലാത്ത വിഷയങ്ങള്‍ മറ്റുള്ളവര്‍ പറഞ്ഞു കൊടുക്കും. അങ്ങനെ പരസ്പര സഹകരണത്തോടെയുള്ള പഠനമായിരുന്നു. ഞങ്ങള്‍ക്കിടയില്‍ ഇതിലൂടെ ശക്തമായൊരു സൗഹൃദവും ഉടലെടുത്തു. ഇടയ്‌ക്കൊരു ചായ കുടിക്കാന്‍ എഴുന്നേൽക്കുന്നതല്ലാതെ പഠനത്തില്‍ വീഴ്ച്ച വരുത്തിയിരുന്നില്ല. ആരെങ്കിലും ഒന്ന് മാനസികമായി താഴ്ന്നാലും ഞങ്ങളുണ്ട് കൂടെ എന്ന് പറഞ്ഞ് പിടിച്ചുനിര്‍ത്തുന്ന കൂട്ടുകാരായിരുന്നു അവര്‍
റാങ്കുകളുടെ തുടക്കം
അങ്ങനെ അന്ന് എഴുതിയ എല്‍.ജി.എസ്. ആറാം റാങ്കും സി.പി.ഒയില്‍ ഒന്നാം റാങ്കും ലഭിച്ചു. അത് വല്ലാത്തൊരു ഞെട്ടലായിരുന്നു. ആറുമാസം കൊണ്ടുള്ള പഠനത്തില്‍ തന്നെ വിജയം നേടാനാവുമെന്ന് ഒരിക്കലും കരുതിയില്ല. ആദ്യം കിട്ടിയ എല്‍.ജി.എസിന് ജോയിന്‍ ചെയ്തു. പിന്നീട് എസ്.ഐ. നോട്ടിഫിക്കേഷന്‍ വന്നപ്പോള്‍ സി.പി.ഒയ്ക്ക് നോട്ട് ജോയിനിങ് ലെറ്റര്‍ കൊടുത്ത് പോവാതെ ഇരുന്നു. കാരണം സി.പി.ഒ. ജോലിയോടൊപ്പം എസ്.ഐ. പരീക്ഷയ്ക്കായുള്ള പഠനം സുഖരകരമായി നടക്കില്ലെന്ന് തോന്നിയിരുന്നു.
പഠനത്തോടൊപ്പമുള്ള ജോലി
കോഴിക്കോട് ഫാറൂഖിലെ ട്രഷറിയിലായിരുന്നു അന്ന് ജോലിയുണ്ടായിരുന്നത്. ജോലി കഴിഞ്ഞ് കൃത്യം 5 മണിക്ക് അവിടെനിന്ന് ഇറങ്ങി ട്രെയിന്‍ പിടിച്ച് കൊയിലാണ്ടിയിലെ എന്റെ ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് എത്തും. സമയമൊന്നും പാഴാക്കാതെ അവിടെ കൂട്ടുകാരുമൊത്തുള്ള പഠനം ആരംഭിക്കും. 10 മണിവരെ ഇവിടെയിരുന്ന് പഠിക്കുകമായിരുന്നു. ചില ദിവസങ്ങളില്‍ 11 മണി വരെ ഇത് നീണ്ടു പോവും.
മൂന്ന് മാസത്തെ ലീവ്
സത്യം ഈ കാലഘട്ടം അല്‍പ്പം ബുദ്ധിമുട്ടായിരുന്നു യാത്രക്ഷീണം വല്ലാതെ അലട്ടിയിരുന്നു. പിന്നീട് കൊയിലാണ്ടിയിലേക്ക് ട്രാന്‍സ്ഫര്‍ കിട്ടിയതോടെ ആ പ്രശനവും മാറി.പ്രിലിംസ് കഴിഞ്ഞ് മെയിന്‍ പരീക്ഷയ്ക്ക് മൂന്ന് മാസം മുന്‍പ് ഞാന്‍ ലീവെടുത്തു അതാടെ മുഴുവന്‍ സമയവും ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠനത്തിലായിരുന്നു. പ്രിലിമിനറി പരീക്ഷ കഴിഞ്ഞപ്പോള്‍ തന്നെ ഞാന്‍ മെയിന്‍സിനായി പഠനം ആരംഭിച്ചിരുന്നു. കൃത്യമായ സിലബസ് നോക്കി കൊണ്ടായിരുന്നു പഠനം. സിആര്‍പിസി, ഭരണഘടന, സൈക്കോളജി തുടങ്ങി വിഷയങ്ങളെല്ലാം അതിന്റെ ആധികാരിക ബുക്കുകള്‍ വെച്ചായിരുന്നു പഠനം. ഒരൊറ്റ് ഗൈഡ് പൂര്‍ണ്ണമായി പഠിക്കുകയും വിഷയങ്ങള്‍ അതാത് പുസ്തകങ്ങള്‍ വെച്ച് തന്നെ ആധികാരികമായി പഠിക്കുകയുമായിരുന്നു രീതി.കൂട്ടുകാരോടൊപ്പമുള്ള പഠനമായത് കൊണ്ട് എനിക്ക് പഠന ഭാരം തോന്നിയിരുന്നില്ല
ഫിസിക്കല്‍ പരിശീലനം
മെയിന്‍ പരീക്ഷ കഴിഞ്ഞപ്പോള്‍ തന്നെ എനിക്ക് ഏകദേശം ഉറപ്പായി. പരീക്ഷയുടെ പിറ്റേന്ന് മുതല്‍ ഫിസിക്കലിനായി അടുത്തുള്ള ഗ്രൗണ്ടില്‍ പ്രാക്ടീസിന് പോവുമായിരുന്നു. ഫിസിക്കലും പാസായതോടെ അഭിമുഖം എങ്ങനെ നേരിടുമെന്ന് ടെന്‍ഷനായി. എന്നാല്‍ കോഴിക്കോട് നഗരത്തിലെ സ്വകാര്യ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അഭിമുഖത്തിനായുള്ള കോച്ചിങ് നല്‍കുന്നുണ്ടെന്ന് അറിയുകയും അവിടെ പോയി മോക്ക് ഇന്റര്‍വ്യു എടുക്കുകയും ചെയ്തു. ഇതിന് ശേഷം വളരെ ആത്മവിശ്വാസത്തോടെയാണ് ഇന്റര്‍വ്യുവിന് പങ്കെടുത്തത്.
പ്രതീക്ഷിക്കാത്ത ഒന്നാം റാങ്ക്
പത്തിനുള്ളില്‍ റാങ്ക് പ്രതീക്ഷിച്ചെങ്കിലും ഒരിക്കലും ഒന്നാം റാങ്ക് പ്രതീക്ഷിച്ചിരുന്നില്ല. കമ്പെയിന്‍ സറ്റഡിക്ക് കൂടെയുണ്ടായിരുന്ന എല്ലാവരും ലിസ്റ്റില്‍ മികച്ച റാങ്കോടെ ഉള്‍പ്പെട്ടുവെന്നതാണ് മറ്റൊരു വലിയ സന്തോഷം. സത്യത്തില്‍ ഈ വിജയം ഞങ്ങളുടെ ഒത്തൊരുമയുടെ കൂടെ വിജയമാണെന്ന് പറയേണ്ടി വരും
പഠന ടിപ്‌സ്
ബുദ്ധിമുട്ടുള്ള പാഠങ്ങള്‍ ആദ്യം പഠിക്കുകയും അങ്ങനെ പഠിച്ച് ക്ഷിണിക്കുമ്പോള്‍ എളുപ്പമുള്ള വിഷയങ്ങള്‍ പഠിക്കുകയുമായിരുന്നു എന്റെ രീതി. അതിനാല്‍ പഠനത്തില്‍ കൃത്യമായ ബാലന്‍സ് കൊണ്ടുവരാന്‍ എന്നെ കൊണ്ട് സാധിച്ചു. ബുദ്ധിമുട്ടുള്ള വിഷയങ്ങള്‍ മാറ്റിവെയ്ക്കുംതോറും അതിനോടുള്ള നെഗറ്റീവ് മനോഭാവം കൂടുകയും ചെയ്യും. മുന്‍വര്‍ഷ ചോദ്യപേപ്പറുകളെല്ലാം ശേഖരിച്ച് വര്‍ക്കൗട്ട് ചെയ്യുമായിരുന്നു. ഒരോ ആഴ്ച്ചയും മുടങ്ങാതെ റിവിഷനും ചെയ്യുമായിരുന്നു. പഠന കാലായളവിലൊന്നും ഒരു കല്യാണത്തിനോ സിനിമയക്കോ ഞാന്‍ പോയിരുന്നില്ല. ഇതാണ് എന്റെ ലക്ഷ്യം അതിന് മാത്രമാണ് മുന്‍ഗണന എന്നായിരുന്നു ചിന്ത.
എന്റെ വീട് എന്റെ റിലാക്‌സിങ് പോയിന്റ്
ഇന്‍സ്റ്റിറ്റ്യൂട്ടില്‍ മുഴുവന്‍ സമയം ഇരുന്ന് പഠിച്ച് വീട്ടിലേക്ക് ആയാസമില്ലാത്ത മനസുമായിട്ടാണ് കയറി വരുക. വീട്ടില്‍ എനിക്ക് ബുക്‌സുമില്ല ഒരു പഠനമുറിയും ഇല്ല. വീട്ടിലുള്ള സമയം അച്ഛനും അമ്മയോടും ഒപ്പം സന്തോഷ നിമിഷങ്ങള്‍ പങ്കുവെയ്ക്കാനാണ് ശ്രമിച്ചിരുന്നത്. എല്ലാത്തിനും ഒപ്പം നില്‍ക്കുന്ന മാതാപിതാക്കളാണ് എന്റ് ശക്തി. അവര്‍ എനിക്ക് തന്നെ വിശ്വാസം കാത്തു സൂക്ഷിക്കാന്‍ എനിക്കും സാധിച്ചു
Content Highlights: Kerala psc si first holder athul raj story
Published: 03 Jul 2024, 04:30 pm IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented