
എങ്ങനെയെങ്കിലും ഒരു ജോലി നേടണം അല്ലെങ്കില്‍ ഒരു സംരംഭം തുടങ്ങണം; എന്നിട്ട് വേണം ഒന്ന് സെറ്റിലാവാന്‍ ..! ഭൂരിപക്ഷം ആളുകളുടെയും സ്വപ്‌നങ്ങളിതൊക്കെയാണ്. എവിടെയെങ്കിലും കയറിപ്പറ്റി ചെറിയ ചെറിയ നേട്ടങ്ങളില്‍ സന്തോഷിച്ച് സ്വന്തം വളര്‍ച്ചയ്ക്കായി പ്രത്യേകിച്ചൊന്നും ചെയ്യാതെ കംഫര്‍ട്ട്‌സോണില്‍ ഒഴുക്കിനനുസരിച്ച് അങ്ങനെ നീങ്ങും. കാലം കടന്നുപോകുമ്പോഴാകും മുന്നോട്ട് പോകാനാവാത്ത വിധം വളര്‍ച്ച മുരടിച്ച വിവരം മനസ്സിലാവുക. എവിടെയാണോ ഇപ്പോഴുള്ളത് അവിടത്തന്നെ 'കംഫര്‍ട്ടബിള്‍' ആയി തുടരലാണ് 'സെറ്റില്‍' ആവുക എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. വാസ്തവത്തില്‍ സെറ്റില്‍ ആവുക എന്നാല്‍ വളര്‍ച്ചയ്ക്ക് ഫുള്‍സ്റ്റോപ്പിടലാണെന്ന് എത്ര പേര്‍ ചിന്തിക്കാറുണ്ട്?
കംഫര്‍ട്ട്‌സോണ്‍ പൊളിച്ചടുക്കാന്‍ ധൈര്യമുണ്ടോ?
സൗകര്യവലയം പൊളിക്കുക എന്നത് വലിയൊരു തുടക്കമാണ്. വീണ്ടും വീണ്ടും പുരോഗതിയിലേക്കുള്ള തുടക്കം. ഉദാഹരണമായി ബാങ്ക് ടെസ്റ്റ് എഴുതി ഒരാള്‍ക്ക് ബാങ്കില്‍ ജോലി കിട്ടിയെന്നു കരുതുക. ആ ജോലിയിലെ പുതിയ കാര്യങ്ങളൊക്കെ പഠിച്ചെടുക്കാന്‍ കുറച്ചു മാസങ്ങളെടുക്കും. പിന്നീട് കുറച്ചുകാലം കഴിയുമ്പോള്‍ ആ ജോലി വേഗത്തില്‍ ചെയ്യാവുന്ന അവസ്ഥയിലെത്തും. അവളെ\അയാളെ സംബന്ധിച്ച് ആ ജോലി 'കംഫര്‍ട്ടബിള്‍' ആയി. എന്നാല്‍, പുതിയ കാര്യങ്ങളൊന്നും പഠിക്കാതെ, പുതിയ വെല്ലുവിളികള്‍ ഒന്നും ഏറ്റെടുക്കാതെയിരുന്നാല്‍ എന്തു സംഭവിക്കും? തീര്‍ച്ചയായും പിന്നീട് കരിയറില്‍ വളരാനാവാത്ത വിധം മുരടിച്ചു പോകുകയും പുതിയ കാര്യങ്ങള്‍ പഠിച്ചെടുക്കാനാകാതെ വരികയും ചെയ്യും. ടെക്, അധ്യാപനം, എന്‍ജിനീയറിങ് തുടങ്ങി എല്ലാ മേഖലകളിലും ഇത് തന്നെയാണ് കാണാനാവുക. കംഫര്‍ട്ട്‌സോണ്‍ കടന്നുമുന്നേറുന്നവര്‍ക്ക് മാത്രമാണ് വളര്‍ച്ച
Also Read
പരിശീലനത്തിലൂടെ പുരോഗതി
പരിശീലനത്തിലൂടെ, പഠനത്തിലൂടെ പുരോഗതി കൈവരിക്കലാണ് മനുഷ്യനെ മറ്റു ജീവികളില്‍നിന്ന് വ്യത്യസ്തമാക്കുന്ന പ്രധാന ഘടകം. പുതിയ അനുഭവങ്ങള്‍ ഉണ്ടാകുന്നതിനനുസരിച്ച്, പുതിയ കാര്യങ്ങള്‍ പഠിക്കാന്‍ ശ്രമിക്കുന്നതിനനുസരിച്ച് നമ്മുടെ തലച്ചോറില്‍ പുതിയ ന്യൂറല്‍ കണക്ഷനുകളുണ്ടാവുകയും അവ ശക്തിപ്പെടുകയും ബൗദ്ധിക പുരോഗതി കൈവരികയും ചെയ്യുന്നു. അതുകൊണ്ടുതന്നെ ഒരു മനുഷ്യന് ജീവിതകാലം മുഴുവന്‍ പരിശീലനത്തിലൂടെയും സ്ഥിരോത്സാഹത്തിലൂടെയും അവന്റെ കഴിവുകളെ വികസിപ്പിക്കാനും വളരാനും കഴിയും.
മലയാളികളുടെ പ്രിയ നടന്‍ മമ്മൂട്ടി യുടെ വാക്കുകള്‍ ശ്രദ്ധിക്കൂ:
'എന്നെ സംബന്ധിച്ച് സിനിമ എന്നതൊരു സ്വപ്നമാണ്, ഇപ്പോഴും ഞാനാ സ്വപ്നലോകത്താണ്, അതൊരു യാഥാര്‍ത്ഥ്യമായി എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. കാരണം അത്രത്തോളം ഞാന്‍ താലോലിക്കുന്ന സ്വപ്നമാണത്. സിനിമയോട് അദമ്യമായ ഒരഭിനിവേശമാണെനിക്ക്. അഭിനയമെന്ന കലയോടുള്ള ആവേശമാണ് എന്നെ നടനാക്കിയത്. തേച്ച് തേച്ച് മിനുക്കിയെടുത്ത ഒരു പ്രകടനമായേ എന്റെ അഭിനയത്തെ ഞാന്‍ കാണുന്നുള്ളൂ. ഇത്ര തേച്ചുമിനുക്കാമെന്നുണ്ടെങ്കില്‍ ഇനിയും തേച്ചാല്‍ ഇനിയും മിനുങ്ങില്ലേ എന്നതാണ് എന്റെ അത്മധൈര്യം.'

വിജയത്തിന്റെ കൊടുമുടിയില്‍ നില്‍ക്കുമ്പോഴും ഒരു തുടക്കക്കാരനെപോലെ ഇന്നും പഠിച്ചുകൊണ്ടിരിക്കുന്ന നടന്‍. നിരന്തരം പ്രയത്‌നിച്ചും സ്വയം നവീകരിച്ചും അവനവന്റെ സാധ്യതകളെ പരമാവധി ഉപയോഗപ്പെടുത്തി മുന്നോട്ട് പോകാനുള്ള പ്രചോദനമാണ് മമ്മൂട്ടി എന്ന മനുഷ്യന്‍ തുറന്നുവെക്കുന്നത്. അതുകൊണ്ടുതന്നെയാവാം അദ്ദേഹം ഇപ്പോഴും ചുറുചുറുക്കോടെയിരിക്കുന്നത്.
പുതിയതായി ഒന്നും ചെയ്യേണ്ടതില്ല, എന്നെക്കൊണ്ട് ഇത്രയൊക്കെയേ പറ്റൂ എന്ന തോന്നലുണ്ടായാല്‍ വളര്‍ച്ച അവിടെ നില്‍ക്കും. 'ഞാന്‍ ഇപ്പോള്‍ സെറ്റില്‍ ആയി ' എന്ന് ഒരാള്‍ കരുതുമ്പോള്‍ ഇതുവരെ ക്രിയാത്മകമായി ചെയ്തിരുന്ന കാര്യങ്ങള്‍ നിര്‍ത്തിവെക്കാന്‍ കാരണമാവാം, പ്രത്യേകിച്ച് പുരോഗതിയെക്കുറിച്ച് ചിന്തിക്കുന്നത് നിര്‍ത്തുകയും ഇപ്പോള്‍ എവിടെയാണോ ഇനിയുള്ള കാലത്തും അങ്ങനെത്തന്നെ തുടരുകയും ചെയ്യുന്നു.
എങ്ങനെ സൗകര്യ വലയത്തില്‍നിന്ന് പുറത്ത് കടക്കാന്‍ കഴിയും?
ഒരാളുടെ വ്യക്തിത്വ വളര്‍ച്ചയിലേക്കുള്ള ആദ്യപടി അയാള്‍ സുഖമേഖലയിലാണോ എന്ന് തിരിച്ചറിയുക എന്നതാണ്. ജീവിതത്തില്‍ ഒരു വെല്ലുവിളിയും ഇല്ലാതിരിക്കുക, ഏകാന്തത അനുഭവപ്പെടുക, പുരോഗമിക്കുന്നില്ല എന്ന തോന്നല്‍,പുതിയ അനുഭവങ്ങളോ വെല്ലുവിളികളോ സ്ഥിരമായി ഒഴിവാക്കല്‍ എന്നിവയെല്ലാം ഒരാള്‍ സുഖമേഖലയില്‍ ഉറച്ചുനില്‍ക്കുകയാണെന്നതിന്റെ അടയാളമാണ്. യഥാര്‍ത്ഥത്തില്‍ കംഫോര്‍ട്ട് സോണ്‍ എന്നത് ഒരു മാനസികാവസ്ഥയാണ്, അവിടെ ഓരോ ദിവസവും ചെയ്യുന്ന കാര്യങ്ങളും സുപരിചിതമായും സുഖകരമായും തോന്നുന്നു എന്നാല്‍ അത് മുന്നോട്ടുള്ള വളര്‍ച്ചക്ക് തടസ്സമാകുന്നു
1. പുതിയ ലക്ഷ്യങ്ങള്‍ ഉണ്ടാക്കുക
ഓരോ സ്ഥാനങ്ങളിലെത്തുമ്പോഴും പുതിയ പുതിയ ലക്ഷ്യങ്ങള്‍ ഉണ്ടാക്കുകയും ആ ലക്ഷ്യം നേടുന്നതിന് വേണ്ടി പരിശ്രമിക്കുകയും അത് ആസ്വദിക്കുകയും ചെയ്യുമ്പോള്‍ മാത്രമാണ് നാം സ്വയം പുതുക്കുകയും പുരോഗതി കൈവരിക്കുകയും ചെയ്യുന്നത്. ഒരാള്‍ക്ക് ഇപ്പോള്‍ നില്‍ക്കുന്നിടത്തുനിന്നും ഇനിയും വളരാന്‍ കഴിയും എന്ന വിശ്വാസം തന്നെ അവരെ വളര്‍ത്താന്‍ സഹായിക്കും.
2. പഠനം എന്നത് ജീവിതത്തിന്റെ ഭാഗമാക്കുക
പുതിയ കാര്യങ്ങള്‍ പഠിക്കണമെങ്കില്‍ കംഫേര്‍ട് സോണിന് പുറത്തിറങ്ങണം.പുതിയ സാധ്യതകള്‍ അന്വേഷിക്കുക, പുതിയ കാര്യങ്ങള്‍ പഠിക്കുക, പുതിയ കഴിവുകള്‍ ആര്‍ജ്ജിക്കുക, ഓണ്‍ലൈന്‍, ഓഫ് ലൈന്‍ കോഴ്സുകള്‍ ചെയ്യുക, സര്‍ട്ടിഫിക്കേഷനുകള്‍ നേടുക, വായിക്കുക, പോഡ്കാസ്റ്റുകള്‍ കേള്‍ക്കുക, ഓഡിയോ പുസ്തകങ്ങള്‍ ശീലമാക്കുക, പരിശീലന പ്രോഗ്രാമുകളുടെ ഭാഗമാവുക, പുതിയ കണ്ടെന്റുകള്‍ ചെയ്യുക, പുതിയ തലമുറയെ മെന്ററിങ് ചെയ്യുക, അപരിചിതമായ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുക, പുതിയ ആളുകളെ കാണുക തുടങ്ങി നിങ്ങളെ സജീവമാക്കി നിര്‍ത്തുന്നതെന്താണെന്ന് മനസ്സിലാക്കി അവ ചെയ്യുക. അവ നിങ്ങളെ വളരാന്‍ സഹായിക്കുകയും ജീവിതത്തെ സമ്പന്നമാക്കുകയും ചെയ്യും.
3. പൊതുവേ ചെയ്യാന്‍ തയ്യാറാവാത്ത കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിക്കുക
സാധാരണയായി ചെയ്യുന്ന വളരെ കംഫര്‍ട്ടബിള്‍ ആയ കാര്യങ്ങളുടെ കൂടെ അത്ര തന്നെ കംഫര്‍ട്ടബിള്‍ അല്ലാത്ത ചില കാര്യങ്ങളും ചെയ്ത് ശീലിക്കുക. അതുപോല ഇപ്പോള്‍ ചെയ്യാന്‍ വിഷമമുള്ള, എന്നാല്‍ ചെയ്യണമെന്നാഗ്രഹിക്കുന്ന കാര്യങ്ങള്‍ ചെറിയ രീതിയില്‍ ചെയ്തു തുടങ്ങുക. ഉദാഹരണത്തിന് പുതിയ ആളുകളുമായി സംസാരിക്കാന്‍ പ്രയാസമാണെങ്കില്‍ ചെറിയ രീതിയില്‍ സംസാരിച്ചു തുടങ്ങുക, എഴുതാനുള്ള താത്പര്യമുണ്ട്, എഴുതിത്തുടങ്ങിയിട്ടില്ല എങ്കില്‍ ചെറിയ രീതിയില്‍ എഴുതിത്തുടങ്ങുക, സ്റ്റേജില്‍ കയറാന്‍ ബുദ്ധിമുട്ടാണെങ്കില്‍ പ്രയാസം സഹിച്ചും കിട്ടുന്ന അവസരങ്ങളില്‍ ചെറിയ രീതിയില്‍ അവസരങ്ങളുണ്ടാക്കുക, അവ ഉപയോഗപ്പെടുത്തുക. പ്രതിസന്ധികളേയും വെല്ലുവിളികളേയും നേരിടുന്നതിലൂടെ മുമ്പത്തേക്കാള്‍ ശക്തമായി മടങ്ങിവരാനുള്ള കഴിവ് കൂടിയാണ് വികസിപ്പിക്കപ്പെടുന്നത്. ചെയ്ത് ചെയ്താണ് ഓരോ വ്യക്തിയിലും ആത്മവിശ്വാസവും കഴിവും ഉണ്ടാവുന്നത്. ഓര്‍ക്കുക, പ്രയാസങ്ങള്‍ ഒഴിവാക്കുന്നവര്‍ക്കല്ല; അവയില്‍നിന്ന് പഠിക്കുന്നവര്‍ക്കാണ് കൂടുതല്‍ ഉന്നതങ്ങളിലെത്താനാവുക.
4. മാറ്റത്തെ സ്വീകരിക്കുക
മാറ്റം ജീവിതത്തിലെ അവിഭാജ്യഘടകമാണ്, അത് സ്വീകരിക്കാന്‍ പഠിക്കുക. അനിശ്ചിതത്വങ്ങള്‍ നേരിടാന്‍ തയ്യാറാവുക, ഒരു ജീവിതസമ്മര്‍ദ്ദവും വേണ്ട, ഒരു ടെന്‍ഷനും സഹിക്കാന്‍ വയ്യ എന്നൊക്കെയുള്ള ചിന്ത സൗകര്യവലയത്തില്‍നിന്നു പുറത്ത് കടക്കുന്നത് തടയും. പുതിയ അന്തരീക്ഷത്തിലും സാഹചര്യങ്ങളിലും പൊരുത്തപ്പെടുന്നതിലൂടെ, ഒരാള്‍ അതിജീവിക്കുക മാത്രമല്ല, വളരുകയും ചെയ്യുന്നു .
5. വെല്ലുവിളികള്‍ ഏറ്റെടുക്കുക
ഇതേ എനിക്ക് പറ്റൂ എന്ന് തോന്നുന്നുണ്ടെങ്കില്‍ അതിനെ കുറച്ചുകൂടെ പുഷ് ചെയ്ത് കുറച്ചു കാര്യങ്ങള്‍കൂടെ ചെയ്യാം. ഓരോ ദിവസത്തെ കാര്യത്തിലും അല്‍പം കൂടി 'പുഷ്' ചെയ്യുന്നത് വളര്‍ച്ചക്ക് സഹായിക്കും. സൗകര്യവലയത്തില്‍ തുടരുന്നത് സുരക്ഷിതത്വമാണെന്നഒരു തോന്നല്‍ താത്ക്കാലികമായി നല്‍കിയേക്കാമെങ്കിലും, അത് പലപ്പോഴും നമ്മുടെ വളര്‍ച്ചയുടെ സാധ്യതകള്‍ക്ക് തടസ്സമാകുന്നു.
6.നിങ്ങളുടെ പുരോഗതി നിരീക്ഷിക്കുക
അവസാനമായി, നിങ്ങളുടെ യാത്ര നിരീക്ഷിക്കുക. അനുഭവങ്ങള്‍ എഴുതി വെക്കുകയുംവലിയ യാത്രയിലെ ചെറിയ നേട്ടങ്ങള്‍ പോലും ആഘോഷിക്കുകയും ചെയ്യുന്നത് വളരെ പ്രചോദനാത്മകമായിരിക്കും. മുന്‍പുള്ളതില്‍നിന്ന് എത്രത്തോളം മുന്നേറിയിരിക്കുന്നു, എത്രത്തോളം വളര്‍ന്നിരിക്കുന്നു എന്നുകാണാന്‍ ഇത് സഹായിക്കും. സ്വയം പുതുക്കലിന്റെ യാത്ര തുടങ്ങിയാല്‍ ഇന്നുള്ള നാമായിരിക്കില്ല നാളെ. നിരന്തരം പുതുക്കിക്കൊണ്ട് അവനവന്റെ സാധ്യതകളെ പരമാവധി ഉപയോഗപ്പെടുത്തി ഓരോരുത്തര്‍ക്കും ഒരുപാട് മുന്നോട്ട് പോകാനാവട്ടെ. മറക്കരുത്, തേച്ചു മിനുക്കുന്നതിനനുസരിച്ചു തിളങ്ങുന്നവരാണ് നമ്മള്‍.
Photo Credit: freepik.com
Content Highlights: How to step out of your comfort zone-Tips by Khamarudheen KP
Published: 21 Oct 2023, 12:00 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented