കംപ്യൂട്ടർ സയൻസ്, മെക്കാനിക്കൽ, സിവിൽ ഇതിൽ ഏതായാലും നാലു വർഷത്തെ എൻജിനിയറിങ് പഠനം ബിരുദംനേടാനുള്ള യാത്ര മാത്രമാകരുത്; ഒരു കരിയർ നിർമിക്കാനുള്ള പദ്ധതിയാകണം. എൻജിനിയറിങ്ങിന് ആദ്യ വർഷത്തെ വിദ്യാർഥികൾക്ക് മുന്നിലുള്ള നാലു വർഷം നിർണായകമാണ്. നാലാംവർഷം പ്ലേസ്‌മെന്റ് വരുമ്പോൾ നോക്കാം എന്ന സമീപനത്തിനുപകരം ഒന്നാം വർഷം മുതൽ പഠനവും കരിയർ പ്ലാനിങ്ങും ഒരുമിച്ച് കൊണ്ടുപോകണം.

To advertise here,

നിർമിതബുദ്ധി തൊഴിൽമേഖലയെ മാറ്റിക്കൊണ്ടിരിക്കുന്നു. അതോടൊപ്പം മെക്കാനിക്കൽ, സിവിൽ, ഇലക്‌ട്രിക്കൽ, ഇലക്‌ട്രോണിക്സ് തുടങ്ങിയ പരമ്പരാഗത എൻജിനിയറിങ് മേഖലകളിലും പുതിയ സാങ്കേതികവിദ്യകൾ വലിയ മാറ്റങ്ങൾ സൃഷ്ടിക്കുന്നു. അതിനാൽ എല്ലാവർക്കും ഒരേ കരിയർ റോഡ്മാപ്പ് ആവശ്യമില്ല. ഒരു പൊതുവായ തത്ത്വം എല്ലാവർക്കും ബാധകമാണ്: ശക്തമായ അടിസ്ഥാന വിവരങ്ങൾ + അതതു മേഖലയിലെ കഴിവുകൾ + സാങ്കേതികവിദ്യാ അവബോധം + ആശയവിനിമയം + പ്രായോഗിക അനുഭവം

ആദ്യം അടിത്തറ ശക്തമാക്കുക

ബ്രാഞ്ച് ഏതായാലും ഒന്നാംവർഷം അടിസ്ഥാന അറിവിന് പ്രാധാന്യം നൽകണം. പ്രോഗ്രാമിങ്, മാത്തമാറ്റിക്സ്, എൻജിനിയറിങ് അടിസ്ഥാന തത്ത്വങ്ങൾ, പ്രശ്നപരിഹാരം, ആശയവിനിമയം എന്നിവയിൽ ശ്രദ്ധിക്കണം. കംപ്യൂട്ടർ സയൻസ് വിദ്യാർഥി കോഡിങ്ങിൽ കൂടുതൽ ശ്രദ്ധിക്കുമ്പോൾ മെക്കാനിക്കൽ വിദ്യാർഥി എൻജിനിയറിങ് ഡ്രോയിങ്, മെക്കാനിക്സ്, മെറ്റീരിയൽസ്, മാനുഫാക്ച്ചറിങ് ഫണ്ടമെന്റൽസ് എന്നിവ ശക്തമാക്കും. സിവിലുകാർക്ക് എൻജിനിയറിങ് മെക്കാനിക്‌സ്, നിർമാണ സാമഗ്രികൾ, സർവേയിങ്, നിർമാണ അടിസ്ഥാനതത്ത്വങ്ങൾ എന്നിവ പ്രധാനമാണ്.

ഇലക്‌ട്രിക്കൽ വിദ്യാർഥി സർക്യൂട്ടുകൾ, വൈദ്യുത യന്ത്രങ്ങൾ, പവർ സിസ്റ്റങ്ങൾ എന്നിവയിൽ അടിസ്ഥാനമുറപ്പിക്കണം. ഇലക്‌ട്രോണിക്സ് വിദ്യാർഥികൾക്ക് സർക്യൂട്ട് സിദ്ധാന്തം, ഡിജിറ്റൽ ഇലക്‌ട്രോണിക്സ്, സിഗ്നലുകൾ, എംബഡഡ് സിസ്റ്റങ്ങൾ തുടങ്ങിയവയുടെ അടിസ്ഥാന ആശയങ്ങൾ പരിചയപ്പെടണം.

താത്പര്യങ്ങൾ തിരിച്ചറിയണം 

ഒന്നാം വർഷം സ്വന്തം താത്‌പര്യങ്ങൾ തിരിച്ചറിയാൻ ശ്രമിക്കണം. എന്റെ ബ്രാഞ്ച് എന്താണ്, എന്നതിനെക്കാൾ ബ്രാഞ്ചിൽ എനിക്ക് താത്‌പര്യമുള്ള മേഖല ഏതാണ് എന്നു കണ്ടെത്തണം. രണ്ടാംവർഷം ബ്രാഞ്ചിനുള്ളിൽ ദിശ കണ്ടെത്തുക. അതായത് സ്പെഷ്യലൈസേഷൻ തിരഞ്ഞെടുക്കുന്നത് നല്ലതാണ്.

കംപ്യൂട്ടർ സയൻസ്: എ.ഐ., ഐ.ടി., േഡറ്റ സ്ട്രക്ച്ചർ ആൻഡ് അൽഗൊരിതം, പ്രോഗ്രാമിങ്, േഡറ്റാബേസ്, ഓപ്പറേറ്റിങ് സിസ്റ്റംസ്, കംപ്യൂട്ടർ നെറ്റ്‌വർക്ക്സ്, സോഫ്റ്റ്‌വേർ ഡിവലപ്പ്മെന്റ് എന്നിവയിൽ ശക്തമായ അടിത്തറ ഉണ്ടാക്കുക. എ.ഐ./എം.എൽ. താത്‌പര്യമുള്ളവർ മാത്തമാറ്റിക്സിന് പ്രത്യേക പ്രാധാന്യം നൽകണം.

ലീനിയർ ആൾജിബ്ര, കാൽക്കുലസ്, പ്രോബബിലിറ്റി, സ്റ്റാറ്റിസ്റ്റിക്സ് എന്നിവ എം.എലിന്റെ അടിസ്ഥാനങ്ങളാണ്

മെക്കാനിക്കൽ എൻജി.: രൂപകല്പന, നിർമാണം, തെർമൽ എൻജിനിയറിങ്, റോബോട്ടിക്സ്, ഓട്ടോമേഷൻ, ഓട്ടോമോട്ടീവ് സാങ്കേതികവിദ്യ, CAD/CAM, കംപ്യൂട്ടേഷണൽ എൻജിനിയറിങ് തുടങ്ങിയ മേഖലകൾ പരിചയപ്പെടാം.

മെക്കാനിക്കൽ എൻജിനിയറിങ്ങിനെ സോഫ്റ്റ്‌വേറിൽ നിന്ന് വേർതിരിച്ച് കാണേണ്ടതില്ല. CAD, സിമുലേഷൻ, ഓട്ടോമേഷൻ, റോബോട്ടിക്സ്, ഡേറ്റാ അനലിറ്റിക്സ്, ഡിജിറ്റൽ മാനുഫാക്ചറിങ്, എ.ഐ. അസിസ്റ്റഡ് എൻജിനിയറിങ് തുടങ്ങിയ മേഖലകൾ പുതിയ സാധ്യതകൾ തുറക്കുന്നു

സിവിൽ: സ്ട്രക്ചറൽ എൻജി., ജിയോ ടെക്നിക്കൽ എൻജി., ഗതാഗതം, പരിസ്ഥിതി എൻജി., കൺസ്ട്രക്‌ഷൻ മാനേജ്മെന്റ്, നഗര അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയ മേഖലകൾ പരിചയപ്പെടാം.

BIM, GIS, സർവേയിങ് സാങ്കേതികവിദ്യകൾ, പ്രോജക്റ്റ് മാനേജ്‌മെന്റ് ടൂളുകൾ, കംപ്യൂട്ടേഷണൽ ഡിസൈൻ തുടങ്ങിയ ഡിജിറ്റൽ ടെക്നോളജികളിലും പരിചയം നേടാം

ഇലക്‌ട്രിക്കൽ: പവർ സിസ്റ്റങ്ങൾ, പുനരുപയോഗ ഊർജം, ഇലക്‌ട്രിക് വാഹനങ്ങൾ, പവർ ഇലക്‌േട്രാണിക്സ്, കൺട്രോൾ സിസ്റ്റങ്ങൾ, സ്മാർട്ട് ഗ്രിഡ് തുടങ്ങിയ മേഖലകൾ ശ്രദ്ധിക്കാം. സൗരോർജം, ബാറ്ററി സാങ്കേതികവിദ്യ, വൈദ്യുത ഗതാഗതം, ഊർജ മാനേജ്‌മെന്റ് എന്നിവ വളരുന്നതിനനുസരിച്ച് പുതിയ സാധ്യതകൾ ലഭിക്കും

ഇലക്‌ട്രോണിക്സ്/ഇ.സി.ഇ.: എംബഡഡ് സിസ്റ്റംസ്, വി.എൽ.എസ്.ഐ., സെമികണ്ടക്ടർ ടെക്നോളജി, ഐ.ഒ.ടി., കമ്യൂണിക്കേഷൻ സിസ്റ്റംസ്, റോബോട്ടിക്സ്, ഓട്ടോമേഷൻ തുടങ്ങിയവ പ്രധാന മേഖലകളാണ്.

സെമികണ്ടക്ടർ വ്യവസായത്തിന്റെ വളർച്ചയോടെ ചിപ്പ് ഡിസൈൻ, വെരിഫിക്കേഷൻ, എംബഡഡ് സിസ്റ്റങ്ങൾ, ഇലക്‌ട്രാണിക്സ് നിർമാണ തുടങ്ങിയ മേഖലകളിലും അവസരങ്ങൾ തേടാം

കെമിക്കൽ/ബയോടെക്നോളജി/മറ്റ് ശാഖകൾ: കെമിക്കൽ എൻജി. വിദ്യാർഥികൾക്ക് പ്രോസസ് എൻജി., ഊർജം, മെറ്റീരിയൽസ്, പരിസ്ഥിതി സാങ്കേതികവിദ്യ, ഫാർമസ്യൂട്ടിക്കൽസ് തുടങ്ങിയ മേഖലകളിലേക്ക് നീങ്ങാം

ബയോടെക്നോളജിക്കാർക്ക് മരുന്ന് നിർമാണം, ബയോഇൻഫോർമാറ്റിക്സ്, ആരോഗ്യ സംരക്ഷണ സാങ്കേതികവിദ്യ, ഭക്ഷ്യ സാങ്കേതികവിദ്യ, ഗവേഷണം തുടങ്ങിയ മേഖലകൾ പരിഗണിക്കാം.

ഇന്റേൺഷിപ്പ്

മൂന്നാം വർഷത്തിലെ പ്രധാന ലക്ഷ്യം. ഇതൊരു സർട്ടിഫിക്കറ്റ് നേടാനുള്ള അവസരമായിമാത്രം കാണരുത്. ഇൻഡസ്ട്രി എങ്ങനെ പ്രവർത്തിക്കുന്നു, എൻജിനിയറിങ് പ്രശ്നങ്ങൾ എങ്ങനെ പരിഹരിക്കുന്നു, ടീമായി എങ്ങനെ പ്രവർത്തിക്കുന്നു, പ്രഫഷണൽ കമ്യൂണിക്കേഷൻ എങ്ങനെ നടത്തുന്നു എന്നിവ മനസ്സിലാക്കാനുള്ള അവസരമാണിത്. കമ്പനി ഇന്റേൺഷിപ്പ് ലഭിച്ചില്ലെങ്കിൽ ഫാക്കൽറ്റി ലീഡ് റിസർച്ച് പ്രോജക്റ്റ്, ഇൻഡസ്ട്രി-സ്പോൺസേഡ് പ്രോജക്ട്‌, ലബോറട്ടറി പ്രോജക്ട്‌, ഓപ്പൺ-സോഴ്സ് കോൺട്രിബ്യൂഷൻ, സ്റ്റാർട്ടപ്പ് പ്രോജക്ട്‌ എന്നിവയും പരിഗണിക്കാം.

അവസാനമായി

നാലുവർഷം നിങ്ങൾ രൂപകല്പന ചെയ്യുക. എല്ലാ ടെക്നോളജികളും പഠിക്കുക എന്നതല്ല ലക്ഷ്യം. ഒരു മേഖലയിൽ ശക്തമായ അടിത്തറ, പ്രായോഗിക പരിചയം, ടെക്നോളജി മാറ്റങ്ങളെക്കുറിച്ചുള്ള അറിവ്, എ.ഐ.യെ ഉത്തരവാദിത്വത്തോടെ ഉപയോഗിക്കാനുള്ള കഴിവ്, മികച്ച ആശയവിനിമയശേഷി തുടർച്ചയായി പഠിക്കാനുള്ള മനോഭാവം -ഇവയാണ് ദീർഘകാല കരിയറിന്റെ യഥാർഥ ശക്തി.

ഏത് ബ്രാഞ്ച് ആയാലും അവസരങ്ങളുണ്ട്. പക്ഷേ, അവസരങ്ങൾ സ്വയം കരിയർ ആയി മാറില്ല. ഒന്നാം വർഷം മുതൽ ആസൂത്രണം ചെയ്യുക

  • നേരത്തെ തുടങ്ങുക
  • ആഴത്തിൽ പഠിക്കുക
  • യഥാർഥപ്രശ്നങ്ങൾ പരിഹരിക്കുക
  • സ്വന്തം കഴിവുകൾ തെളിയിക്കുക
  • മാറ്റങ്ങളോട് പൊരുത്തപ്പെടുക