ഒരു തൊഴില്‍ ദാതാവിനെ സംബന്ധിച്ച് സ്ഥാപനത്തിലേക്ക് ഒരാളെ റിക്രൂട്ട് ചെയ്യുന്നതിന്റെ ആദ്യ ഘട്ടമാണ് സിവി ഷോര്‍ട്‌ലിസ്റ്റ് ചെയ്യുക എന്നത്. അതുകൊണ്ട് തന്നെ ജോലി ലഭിക്കണമെന്ന് ഗൗരവമായി ചിന്തിക്കുന്നവര്‍ സസൂക്ഷ്മം തയാറാക്കേണ്ട രേഖയാണ് സിവി അഥവാ കരിക്കുലം വിറ്റേ. ഇത്രയും പ്രധാനപ്പെട്ട ഒരു കാര്യമായിട്ട് പോലും ഒരു ജോലിക്കായി അപേക്ഷിക്കുമ്പോള്‍ എങ്ങനെ മികച്ച ഒരു സിവി തയ്യാറാക്കണമെന്നത് പലര്‍ക്കും അറിയില്ല എന്നതാണ് വാസ്തവം. മറ്റാരോ, മുന്‍പെങ്ങോ തയ്യാറാക്കിയ സിവി ഫോര്‍മാറ്റ് അതേപോലെ പകര്‍ത്തിയാണ് നമ്മളെല്ലാം പലപ്പോഴും സിവി തയ്യാറാക്കുന്നത്. ഇന്റര്‍വ്യൂ എന്ന കടമ്പയില്‍ ഈ നാടകം മനോഹരമായി പൊളിയും. സിവിയില്‍ പറഞ്ഞ കാര്യവും ജോലിക്കെത്തിയ വ്യക്തിയും തമ്മില്‍ പുലബന്ധം പോലും കാണില്ല. ഇനി കഷ്ടിച്ച് ഇന്റര്‍വ്യൂ പാസായെന്നിരിക്കട്ടെ. സി.വിയില്‍ പറഞ്ഞ കഴിവുകളുള്ള മാറ്റാരോ ചെയ്യേണ്ട ജോലിയാണ് അവര്‍ക്ക് ചെയ്യേണ്ടി വരിക!

To advertise here,

എവിടെ നിന്ന് തുടങ്ങണം?

ഒരു സി.വി (Curriculum Vitae)ഉണ്ടാക്കുക എന്നാല്‍ ഒരു ഫോര്‍മാറ്റ് പകര്‍ത്തി അവതരിപ്പിക്കുക എന്നതല്ല. ഒരാള്‍ക്ക് അവനവനെക്കുറിച്ചുള്ള ബോധ്യം (Self Awareness )ആണ് സി.വിയില്‍ പ്രതിഫലിക്കേണ്ടത്. അതില്‍തന്നെ തൊഴില്‍ദാതാവിന് വേണ്ട കാര്യങ്ങള്‍ക്കാണ് പ്രാധാന്യം കൊടുക്കേണ്ടത്. ഒരാളുടെ പ്രവൃത്തികള്‍, ചിന്തകള്‍, കഴിവുകള്‍, ഇ.ക്യു എല്ലാം മനസ്സിലാക്കി അവയുമായി എങ്ങനെ പൊരുത്തപ്പെടുന്നു അല്ലെങ്കില്‍ പൊരുത്തപ്പെടുന്നില്ല എന്നറിയലാണ് ഈ ബോധ്യം. നിങ്ങള്‍ക്ക് നിങ്ങളെക്കുറിച്ചുള്ള ബോധ്യമാണ് സി.വി എന്ന പേപ്പറില്‍ ഉണ്ടാവേണ്ടത്. ഈ ബോധ്യം മറ്റൊരാളുടെ മുന്നില്‍ ആത്മവിശ്വാസത്തോടെ അവതരിപ്പിക്കുക എന്ന പ്രക്രിയയാണ് ഇന്റര്‍വ്യൂവില്‍ നടക്കുന്നത്. സ്വന്തം കഴിവുകള്‍ കണ്ടെത്തുകയും, ആവശ്യമായ കഴിവുകള്‍ നേടിയെടുക്കുകയും, അവ പ്രതിഫലിപ്പിക്കുകയും ചെയ്യുന്ന രീതിയിലുള്ള ഒരു സിവി തന്നെ തയ്യാറാക്കാനും പഠിക്കേണ്ടതുണ്ട്.

സ്വന്തം കഴിവുകള്‍ കണ്ടെത്തുക അവ പകര്‍ത്തുക

തീര്‍ച്ചയായും എല്ലാവര്‍ക്കും ഒരുപാട് കഴിവുകളുണ്ടാകും. ഓരോരുത്തരെയും മറ്റുള്ളവരില്‍നിന്ന് വ്യത്യസ്തമാക്കുന്നതും ആ കഴിവുകളാണ്. ചെറിയ കാര്യങ്ങള്‍ ചെയ്താണ് പലപ്പോഴും നമ്മുടെ കഴിവുകള്‍ കണ്ടെത്തുന്നത്. ചെറുപ്പം തൊട്ടേ കിട്ടുന്ന അനുഭവങ്ങള്‍ അവരവരുടെ മേഖല കണ്ടെത്താന്‍ സഹായിക്കും. കളികള്‍, സ്‌കൂളുകളിലെ പാഠ്യ-പഠനാനുബന്ധ പ്രവര്‍ത്തനങ്ങള്‍, വായനകള്‍, പഠനത്തിന്റെ കൂടെ ചെയ്യുന്ന ജോലികള്‍, യാത്രകള്‍, ഇന്റേണ്‍ഷിപ് എന്നിവയെല്ലാം നിങ്ങള്‍ക്കുള്ളിലെ കഴിവുകളെ ഉണര്‍ത്തുന്നവയാണ്. എങ്കിലും കഴിവുകള്‍ സ്വയം കണ്ടെത്താനുള്ള പരിശ്രമം നമുക്കുള്ളിലും നടക്കേണ്ടതുണ്ട്. 

1. സ്വയം വിലയിരുത്തുക : ആത്മപരിശോധനയില്‍ ആരംഭിക്കുക. നിങ്ങളുടെ മുന്‍ അനുഭവങ്ങള്‍, എന്ത് കാര്യത്തില്‍ നിങ്ങള്‍ മികവ് പുലര്‍ത്തുന്നു, നിങ്ങള്‍ എന്തൊക്കെ കാര്യങ്ങള്‍ ചെയ്യാനാണ് ഇഷ്ടപ്പെടുന്നത് തുടങ്ങി വിദ്യാഭ്യാസം, ഹോബികള്‍, സര്‍ട്ടിഫിക്കേഷനുകള്‍ പരിശീലനം എന്നിവയില്‍ നിന്നെല്ലാം നേടിയ കഴിവുകള്‍ വിലയിരുത്താം, അവ പകര്‍ത്താം.

2.കഴിവുകള്‍ ലിസ്റ്റ് ചെയ്യുക : നിങ്ങളുടെ സാങ്കേതിക കഴിവുകള്‍; ഉദാഹരണത്തിന് പ്രോഗ്രാമിങ് ഭാഷകള്‍, സോഫ്റ്റ്വെയര്‍ പ്രാവീണ്യം തുടങ്ങിയ കാര്യങ്ങള്‍ ലിസ്റ്റ് ചെയ്യാം. അതുപോല സോഫ്റ്റ് സ്‌കില്ലുകളും ലിസ്റ്റ് ചെയ്യാം, ഉദാഹരണത്തിന് ആശയവിനിമയം നടത്താനുള്ള കഴിവ്, നേതൃത്വ ശേഷി, പ്രശ്നപരിഹാര കഴിവുകള്‍ തുടങ്ങിയവയുടെ ലിസ്റ്റ് ഉണ്ടാക്കുക.

3. കരിയര്‍ ലക്ഷ്യങ്ങള്‍ മനസ്സിലാക്കുക : നിങ്ങളുടെ കരിയര്‍ ലക്ഷ്യങ്ങളും നിങ്ങള്‍ ജോലി ചെയ്യാനാഗ്രഹിക്കുന്ന മേഖല, ജോലി വിവരണങ്ങളില്‍ ഉള്ള കാര്യങ്ങള്‍, നിങ്ങളുടെ റോള്‍ എന്നിവ മനസ്സിലാക്കുകയും ആ മേഖലകളില്‍ ഏത് കഴിവുകളാണ് നിങ്ങള്‍ക്കുള്ളത്, ഇനിയും നേടേണ്ടത് എന്നും മനസ്സിലാക്കുക, അതിനോട് ഏറ്റവും അനുയോജ്യമായ കഴിവുകള്‍ തിരിച്ചറിഞ്ഞ് അവലോകനം ചെയ്യുക.

4.അഭിപ്രായം തേടുക : നിങ്ങളുടെ മെന്റര്‍മാര്‍, കൂടെ ജോലി ചെയ്യുന്നവര്‍, സുഹൃത്തുക്കള്‍, പങ്കാളി, കുടുംബാംഗങ്ങള്‍ എന്നിവരില്‍ നിന്ന് അവരുടെ അഭിപ്രായം തേടുക. അവര്‍ക്ക് ചിലപ്പോള്‍ നിങ്ങളുടെ ശക്തികളും ദുര്‍ബലതകളും മനസ്സിലാക്കാനുള്ള വിലപ്പെട്ട ധാരണകള്‍ നല്‍കാനാവും. ഈ കാര്യങ്ങള്‍ മനസ്സിലാക്കി അവ പേപ്പറിലാക്കുക എന്നതാണ് സിവി യിലെ ആദ്യ കടമ്പ.

ഒരുപാട് അപേക്ഷകള്‍ വന്നാല്‍ എങ്ങനെയാണ് ഓരോ സ്ഥാപനവും അവര്‍ക്കാനുയോജ്യമായ ആളുകളെ തെരെഞ്ഞെടുക്കുന്നത്?

ഒരു ജോലിയിലേക്ക്ആയിരക്കണക്കിന് അപേക്ഷകള്‍ വരുന്ന സന്ദര്‍ഭങ്ങള്‍ ഉണ്ടാവും. ഒരു ജോബ് പോര്‍ട്ടലിലേക്ക് ലക്ഷക്കണക്കിന് അപേക്ഷകളാണ് ഒരുമിച്ച് വരുന്നത്. ഒരേ ജോലിയിലേക്ക് വരുന്ന വിവിധ അപേക്ഷകളില്‍ മിക്കവാറും എല്ലാവര്‍ക്കും ഒരേ കഴിവുകളും യോഗ്യതയുമായിരിക്കാം. ഇത്തരം സന്ദര്‍ഭങ്ങളില്‍ അടുത്ത ഘട്ടത്തിലേക്കുള്ള ഫില്‍ട്ടറിങ് മനുഷ്യര്‍ക്ക് നേരിട്ട് ചെയ്യാന്‍ ബുദ്ധിമുട്ടായിരിക്കും. അത്തരം സന്ദര്‍ഭങ്ങളില്‍ സി.വി പരിശോധിച്ച് അടുത്ത ഘട്ടത്തിലേക്ക് കടത്തിവിടുന്നത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജിന്‍സിന്റെ സഹായത്തോടെയായിരിക്കും. Applicant Tracking System അഥവാ ATS സംവിധാനങ്ങളാണ് ഈ സന്ദര്‍ഭങ്ങളില്‍ ഉപയോഗിക്കുന്നത്‌. ഇവിടെ എംപ്ലോയര്‍ക്ക് വേണ്ട കാര്യങ്ങള്‍ അടങ്ങുന്ന സി.വികള്‍ സോഫ്റ്റ്വെയറുകള്‍ ഉപയോഗിച്ചു വേഗത്തില്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യുന്നു.

സി.വി എങ്ങിനെ ATS ന് അനുസൃതമാക്കാം?

Applicant Tracking System ഉപയോഗിച്ച് ഷോര്‍ട്‌ലിസ്റ്റ് ചെയ്യുമ്പോള്‍ പലപ്പോഴും 70 മുതല്‍ 75 ശതമാനം വരെ സിവികള്‍ പുറന്തള്ളപ്പെട്ട് പോകാറുണ്ട്, എന്നാല്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യുന്ന ഇരുപത്തിയഞ്ചോ മുപ്പതോ ശതമാനത്തില്‍ നമ്മുടെ സിവി വരാന്‍ കുറച്ചു കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

1.സ്ഥാപനത്തെയും ജോലിയെയും മനസ്സിലാക്കുക:സി.വി ഫൈനല്‍ ആക്കുന്നതിന് മുന്‍പ് നിങ്ങള്‍ അപേക്ഷിക്കുന്ന കമ്പനിയെയും ജോലി സ്ഥാപനത്തെയും കുറിച്ച് പഠിക്കുക, ആ റോളിനനുസൃതമായാണ് നിങ്ങളുടെ സിവി തയ്യാറാക്കേണ്ടത്. അല്ലാതെ പല സ്ഥാപനങ്ങളിലേക്ക് ഒറ്റ സി.വിയല്ല വേണ്ടത്. ജോലി വിവരണവുമായി പൊരുത്തപ്പെടുന്ന കഴിവുകളും അനുഭവങ്ങളും ഹൈലൈറ്റ് ചെയ്യല്‍ ഇവിടെ പ്രധാനമാണ്.

2. ശരിയായ ഫോര്‍മാറ്റ് തിരഞ്ഞെടുക്കുക: പ്രൊഫഷണല്‍ ലുക്ക് നിലനിര്‍ത്തിക്കൊണ്ട് തന്നെ വൃത്തിയുള്ള, നല്ല ഫോര്‍മാറ്റ് തിരഞ്ഞെടുക്കുക. ATS ന് വേഗത്തില്‍ 'pick' ചെയ്യാവുന്ന Arial, Times New Roman, Garamond അല്ലെങ്കില്‍ Calibri പോലുള്ള ക്ലാസിക് ഫോണ്ടുകള്‍ ഉപയോഗിക്കുന്നതാണ് നല്ലത്. വിവിധ ഫോണ്ടുകള്‍ 'Mix' ചെയ്യാതിരിക്കുക. ഹെഡിങ്ങുകള്‍, ബുള്ളറ്റ് പോയിന്റുകള്‍, മാര്‍ജിനുകള്‍ എന്നിവയില്‍ സ്ഥിരത നിലനിര്‍ത്തുക.

3. കോണ്‍ടാക്ട് വിവരങ്ങള്‍: ഫോണ്‍ നമ്പര്‍, ഇമെയില്‍ വിലാസം, നിങ്ങളുടെ ലിങ്ക്ഡിന്‍ പ്രൊഫൈല്‍ എന്നിവ ഉള്‍പ്പെടുത്തുക, കോണ്‍ടാക്ട്‌ വിവരങ്ങള്‍ കൃത്യമാണെന്ന് പരിശോധിച്ചു ഉറപ്പ് വരുത്തുക.

4. ആകര്‍ഷകമായ കരിയര്‍ ഗോള്‍ എഴുതുക: സി.വി യുടെ ആദ്യ ഭാഗത്ത് തന്നെ നിങ്ങളുടെ കരിയര്‍ ഗോള്‍ എന്താണെന്നു വ്യക്തമാക്കിയിരിക്കണം. എന്തുകൊണ്ട് നിങ്ങള്‍ ഈ ജോലിക്കായി അപേക്ഷിക്കുന്നു എന്നതും സൂചിപ്പിക്കുക.

5. നേട്ടങ്ങള്‍ ഹൈലൈറ്റ് ചെയ്യുക: മുന്‍പുണ്ടായിരുന്ന ജോലിയിലെ ഉത്തരവാദിത്തങ്ങള്‍ ലിസ്റ്റുചെയ്യുന്നതിന് പകരം, നേട്ടങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക, സാധ്യമെങ്കില്‍ നിങ്ങളുടെ നേട്ടങ്ങള്‍ അളക്കാന്‍ നമ്പറുകള്‍, എണ്ണങ്ങള്‍, ശതമാനക്കണക്ക് എന്നിവ ഉപയോഗിക്കുക. ഉദാഹരണത്തിന്, 'വിറ്റുവരവ് 20% വര്‍ധിപ്പിച്ചു' അല്ലെങ്കില്‍ '10 ജീവനക്കാരുടെ ഒരു ടീമിനെ നിയന്ത്രിച്ചു' എന്ന രീതിയില്‍ നേട്ടങ്ങള്‍ എഴുതുക 

6. കഴിവുകള്‍: ജോലിക്കനുസൃതമായ നിങ്ങളുടെ പ്രധാന കഴിവുകളെ പ്രത്യേക സെക്ഷനില്‍ എഴുതുക ഇതില്‍ ജോലിയുമായി ബന്ധപ്പെട്ട ഹാര്‍ഡ് സ്‌കില്‍സും സോഫ്റ്റ് സ്‌കില്‍സും ഉണ്ടായിരിക്കുക.

7. വിദ്യാഭ്യാസവും സര്‍ട്ടിഫിക്കേഷനുകളും: ഡിഗ്രികള്‍, സ്ഥാപനങ്ങള്‍, ബിരുദ തീയതികള്‍ എന്നിവ ഉള്‍പ്പെടെ നിങ്ങളുടെ വിദ്യാഭ്യാസ പശ്ചാത്തലം ലിസ്റ്റ് ചെയ്യുക. ഓരോ ജോലിക്കും അനുസൃതമായ സര്‍ട്ടിഫിക്കേഷനുകള്‍, പരിശീലങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തുക. 

8. പ്രൊഫഷണല്‍ എക്‌സ്പീരിയന്‍സ്: ഏറ്റവും അടുത്ത കാലം മുതല്‍ പുറകിലേക്ക് എന്ന ക്രമത്തില്‍ നിങ്ങളുടെ പ്രൊഫഷണല്‍ എക്‌സ്പീരിയന്‍സ് ലിസ്റ്റ് ചെയ്യുക. ജോലിയുടെ പേര്, കമ്പനി, തീയതികള്‍, നിങ്ങളുടെ ഉത്തരവാദിത്തങ്ങളുടെയും നേട്ടങ്ങളുടെയും ഒരു ഹ്രസ്വ വിവരണം എന്നിവ ഉള്‍പ്പെടുത്തുക. ഈ വിഭാഗം നിങ്ങള്‍ അപേക്ഷിക്കുന്ന ജോലിക്ക് അനുയോജ്യമാണെന്ന് ഉറപ്പ് വരുത്തുക.

9. ATS-ന് അനുസൃതമായ കീ വേര്‍ഡുകള്‍ ഉണ്ടാവുക: അപേക്ഷാ ട്രാക്കിങ് സിസ്റ്റങ്ങള്‍ (ATS) പ്രധാനമായും Buz words, അല്ലെങ്കില്‍ കീ വേര്‍ഡ്‌സ് ഉപയോഗിച്ചാണ് സി.വികള്‍ സ്‌കാന്‍ ചെയ്യുക, നിങ്ങളുടെ സിവി ATS-ന് അനുസൃതമാക്കാന്‍, ജോലിയുടെ വിവരണത്തില്‍ നിന്നുള്ള വാക്കുകള്‍ ഉള്ളടക്കത്തില്‍ ഉള്‍പ്പെടുത്തുക. 'ജോബ് ഡിസ്‌ക്രിപ്ഷനില്‍' പറയുന്ന ഹാര്‍ഡ് സ്‌കില്‍, സോഫ്റ്റ് സ്‌കില്ലുകളും ഉണ്ടാവുമ്പോഴാണ് ATS മാച്ച് സ്‌കോര്‍ റെഡിയാവുന്നത്.

10. ശ്രദ്ധിക്കണം ഫയല്‍ ഫോര്‍മാറ്റ്: സി.വി ലളിതവും വൃത്തിയുള്ളതുമായ രീതിയില്‍ ഡിസൈന്‍ ചെയ്യുക എന്നത് പ്രധാനപ്പെട്ട കാര്യമാണ് അതിനൊപ്പം സി.വി അയക്കുമ്പോള്‍ സ്റ്റാന്‍ഡേര്‍ഡ് ഫയല്‍ ഫോര്‍മാറ്റുകളായ docx അല്ലെങ്കില്‍ pdf ഫയല്‍ ആയി അയക്കുക. സി.വി ഇമേജ് ഫയല്‍ ആക്കി അയക്കാതിരിക്കുക, ഒരുപാട് ചിത്രങ്ങളും ഗ്രാഫിക്‌സുകളും ഉപയോഗിക്കാതിരിക്കുക, ഹെഡര്‍, ഫൂട്ടര്‍ എന്നിവ ഒഴിവാക്കുക. 

11. തെറ്റുകളില്ലെന്ന് ഉറപ്പ് വരുത്തുക: സി.വി നന്നായി പ്രൂഫ് റീഡിങ് നടത്തി അതില്‍ തെറ്റ് സംഭവിച്ചിട്ടില്ലെന്ന് ഉറപ്പ് വരുത്തുക, തെറ്റുകള്‍ വരുത്തുന്നത് നിങ്ങളെക്കുറിച്ചുള്ള impresssion നഷ്ടപ്പെടാന്‍ കാരണമാവും. അതുകൊണ്ടുതന്നെ സ്‌പെല്ലിങ്, ഗ്രാമര്‍ ശൈലി, ചിഹ്നങ്ങള്‍ എന്നിവയില്‍ പിശകുകള്‍ പറ്റിയിട്ടില്ല എന്ന് ഉറപ്പ് വരുത്തുക.

12. സി.വി സംക്ഷിപ്തമായി സൂക്ഷിക്കുക: ഒരുപാട് വിവരങ്ങള്‍ നല്‍കാനുണ്ടെങ്കിലും സി.വി പരമാവധി സംക്ഷിപ്തമായിരിക്കാന്‍ ശ്രമിക്കുക. കുറഞ്ഞ അനുഭവമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് ഒരു പേജ് മുതല്‍ 2 പേജ് വരെയും ഒരുപാട് വിപുലമായ അനുഭവമുള്ളവര്‍ക്ക് രണ്ട്, മൂന്ന് പേജുകള്‍ വരെയും ആകാം.

13. ഓരോ ജോലിയുടെയും രീതി അനുസരിച്ചു സി.വി പുതുക്കുക: ഓരോ ജോലി അപേക്ഷയ്ക്കും നിര്‍ദ്ദിഷ്ട ജോലിയുടെ ആവശ്യകതകള്‍ അടിസ്ഥാനമാക്കി ഏറ്റവും പ്രസക്തമായ കഴിവുകള്‍, യോഗ്യത, അനുഭവങ്ങള്‍ എന്നിവ ഹൈലൈറ്റ് ചെയ്ത് പ്രത്യേകം സി.വി തയ്യാറാക്കുക

സിവിയും റസ്യൂമെയും തമ്മിലുള്ള വ്യത്യാസം

ജോലി അപേക്ഷകള്‍ക്കിടയില്‍, സി.വി (Curriculum Vitae) റസ്യൂമെ എന്നീ പദങ്ങള്‍ പലപ്പോഴും പരസ്പരം മാറി മാറി ഉപയോഗിക്കാറുണ്ട്, ഇത് പലപ്പോഴും ആശയക്കുഴപ്പമുണ്ടാക്കുന്നു. സി.വിയുടെയും റസ്യൂമെയുടെയും ഉദ്ദേശ്യം ഒന്നു തന്നെയാണെങ്കിലും അവയുടെ ദൈര്‍ഘ്യം, ആഴം, ഉള്ളടക്കം, ഉദ്ദേശ്യം, ഘടന, പ്രാദേശിക ഉപയോഗം എന്നിവയില്‍ ചെറിയ വ്യത്യാസങ്ങള്‍ ഉണ്ടെന്ന് മാത്രം 

കരിക്കുലം വിറ്റേ അഥവാ സി.വി 

സിവി സാധാരണയായി റസ്യൂമെയേക്കാള്‍ ദൈര്‍ഘ്യം കൂടിയതും എന്നാല്‍ സമഗ്രവുമാണ്. ഇതില്‍ കൂടുതല്‍ ശ്രദ്ധ വ്യക്തിയുടെ അക്കാദമിക് പശ്ചാത്തലം(Curriculum), ഗവേഷണം, പ്രസിദ്ധീകരണങ്ങള്‍, പേപ്പര്‍ പ്രേസേന്റെഷനുകള്‍ എന്നിവക്കാണ്. കൂടാതെ സമഗ്രമായ തൊഴില്‍ അനുഭവം, ജോലി പശ്ചാത്തലം എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ ഉള്‍ക്കൊള്ളുകയും ചെയ്യുന്നു.സിവികള്‍ക്ക് പലപ്പോഴും കര്‍ശനമായ ഫോര്‍മാറ്റ് സൂക്ഷിക്കേണ്ടതില്ലാത്തതിനാല്‍ അവ ഓരോ മേഖലയും വ്യക്തിഗത താല്‍പര്യങ്ങളും അനുസരിച്ച് ഘടനയില്‍ വ്യത്യാസം വരുത്തുന്നു. 'സി.വി'  എന്ന പദം യൂറോപ്പ്, ഏഷ്യ, ആഫ്രിക്ക, മിഡില്‍ ഈസ്റ്റിന്റെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളിലാണ് കൂടുതലായി ഉപയോഗിക്കുന്നത് 

റസ്യൂമെ

റസ്യൂമെ സാധാരണയായി ഒന്നോ രണ്ടോ പേജുകളില്‍ പരിമിതപ്പെടുത്തിയിരിക്കുന്നു. ഇത് ഒരു നിര്‍ദ്ദിഷ്ട ജോലി അല്ലെങ്കില്‍ ബിസിനസുമായി നേരിട്ട് ബന്ധപ്പെട്ട പ്രസക്തമായ ജോലി അനുഭവം, കഴിവുകള്‍, നേട്ടങ്ങള്‍, യോഗ്യതകള്‍ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.ഇത് നിങ്ങള്‍ അപേക്ഷിക്കുന്ന സ്ഥാനവുമായി ബന്ധപ്പെട്ട നേട്ടങ്ങള്‍, ഉത്തരവാദിത്തങ്ങള്‍, കഴിവുകള്‍ എന്നിവയെ ഹൈലൈറ്റ് ചെയ്താണ് ചെയ്യേണ്ടത്. ഇത് സംക്ഷിപ്തവും ജോലിയുടെ ആവശ്യകതകള്‍ക്കനുസൃതവുമായാണ് ചെയ്യുന്നത്.

റസ്യൂമെകള്‍ പലപ്പോഴും റിക്രൂട്ടര്‍മാര്‍ക്ക് ഷോര്‍ട്‌ലിസ്റ്റ് ചെയ്യാന്‍ എളുപ്പമുള്ള നിശ്ചിത ഫോര്‍മാറ്റില്‍ ആണ് ചെയ്യാറുള്ളത്, വടക്കേ അമേരിക്കയിലാണ് 'റസ്യൂമെ' എന്ന പദം പ്രധാനമായും ഉപയോഗിക്കുന്നത്. മറ്റ് പ്രദേശങ്ങളില്‍, 'സിവി'യും 'റസ്യൂമെ'യും പരസ്പരം മാറി മാറി ഉപയോഗിക്കാറുണ്ട്. ജോലി തേടുന്നവര്‍ക്ക് അവര്‍ ലക്ഷ്യം വയ്ക്കുന്ന ജോലിയും സ്ഥാപനവുമെല്ലാം അടിസ്ഥാനമാക്കി അനുയോജ്യമായ ഫോര്‍മാറ്റില്‍ ഇവ തയ്യാറാക്കാവുന്നതാണ്

എന്തൊക്കെ ടൂളുകളാണ് സിവി തയ്യാറാക്കാന്‍ ഉപയോഗിക്കുന്നത്? 

CV തയ്യാറാക്കാന്‍ ഒരുപാട് സോഫ്റ്റ്വെയറുകളും വെബ്‌സൈറ്റുകളും ആപ്പുകളും നിലവിലുണ്ട്. ചില ഉദാഹരണങ്ങള്‍

  1. മൈക്രോസോഫ്റ്റ് വേര്‍ഡ്: സിവി തയ്യാറാക്കാന്‍ പല രീതിയിലുള്ള ഫോര്‍മാറ്റുകളും വേര്‍ഡില്‍ ലഭ്യമാണ്.
  2. ഗൂഗിള്‍ ഡോക്‌സ്: വേര്‍ഡ് പോലെത്തന്നെ ഗൂഗിള്‍ ഡോക്‌സിലും സിവി തയ്യാറാക്കാന്‍ നിരവധി ടെമ്പ്‌ലീറ്റുകള്‍ ലഭ്യമാണ് 
  3. കാന്‍വ: കാന്‍വ ഒരു ഗ്രാഫിക് ഡിസൈന്‍ പ്ലാറ്റ്‌ഫോമാണ് അതില്‍ പെയ്ഡ് ആയും സൗജന്യമായുമെല്ലാം സിവി തയ്യാറാക്കാവുന്ന നമ്മുടെ ആവശ്യങ്ങള്‍ക്കനുസരിച്ചു മാറ്റം വരുത്താവുന്ന നിരവധി ടെമ്പ്‌ലേറ്റുകള്‍ ലഭ്യമാണ്.
  4. ലിങ്ക്ഡ് ഇന്‍: ലിങ്ക്ഡ് ഇന്‍ ഒരു പ്രൊഫഷണല്‍ നെറ്റ്വര്‍ക്കിങ് പ്ലാറ്റ്‌ഫോം ആണെങ്കില്‍ കൂടി നമ്മുടെ കഴിവുകള്‍, വിദ്യാഭ്യാസം, ജോലി എക്‌സ്പീരിയന്‍സ് ഇവയെല്ലാം നല്‍കിക്കഴിഞ്ഞാല്‍ നമ്മുടെ പ്രൊഫൈല്‍ resume ആക്കി കണ്‍വെര്‍ട്ട് ചെയ്യാനുള്ള സൗകര്യം ലിങ്ക്ഡ് ഇന്നില്‍ ഉണ്ട്.
  5. വെബ്‌സൈറ്റുകള്‍: ഒരുപാട് വെബ്‌സൈറ്റുകള്‍ വഴി സിവി തയ്യാറാക്കാവുന്നതാണ് Resume.io, Adobe Spark, ResumeGenius, MyPerfectResume എന്നിവയെല്ലാം ഇതിന് ഉദാഹരണങ്ങളാണ്.
  6. മൊബൈല്‍ ആപ്പുകള്‍:Resume Builder by Nobody, Resume Star, VisualCV, തുടങ്ങിയ ആപ്പുകള്‍ വഴി ഒരു സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച് തന്നെ സിവി തയ്യാറാക്കാം.

കവര്‍ ലെറ്റര്‍ മറക്കരുത് : ഓരോ റെസ്യൂമെയും മെയില്‍ ചെയ്യുമ്പോള്‍ ഒരു കവര്‍ ലെറ്റര്‍ കൂടെ ഉണ്ടായിരിക്കണം. ഒരു തൊഴില്‍ദാതാവ് ആദ്യം വായിക്കുന്നത് കവര്‍ ലെറ്ററാണ്. നിങ്ങളെക്കുറിച്ചുള്ള ആദ്യ പ്രതിച്ഛായ തൊഴിലുടമയില്‍ സൃഷ്ടിക്കുന്നത് അതാണ്. അതിനാല്‍ നിങ്ങളുടെ റെസ്യൂമെ നോക്കാന്‍ തൊഴിലുടമയെ പ്രേരിപ്പിക്കുന്ന രീതിയില്‍  കവര്‍ ലെറ്റര്‍ എഴുതേണ്ടതുണ്ട്.

ഓര്‍ക്കുക നിങ്ങളുടെ സിവി നിങ്ങളുടെ കരിയര്‍ വിജയത്തിലേക്കുള്ള വാതില്‍പ്പടിയാണ്. ഇത് സമയമെടുത്ത് ശ്രദ്ധയോടെ തയ്യാറാക്കുക, ഓരോ വാക്കിലും നിങ്ങളുടെ കഴിവുകളെ പ്രതിഫലിപ്പിക്കുക.ഓരോരുത്തര്‍ക്കും അവരവരുടെ കഴിവും അഭിരുചിയും താത്പര്യവുമനുസരിച്ച് കൂടുതല്‍ പഠിക്കാനും തൊഴില്‍ ചെയ്യാനുമെല്ലാം ഉചിതമായ ഒരു മേഖലയുണ്ടായിരിക്കും. അത് കണ്ടെത്തിക്കഴിഞ്ഞാല്‍ പിന്നെ പണമുണ്ടാക്കുന്നതിലുപരി ആസ്വദിച്ചു ജോലി ചെയ്യാനും ജീവിക്കാനും കഴിയുമെന്നത് തീര്‍ച്ചയാണ്. പഠനത്തിന് ശേഷം അവരവരുടേതായ വലിയ ലോകങ്ങള്‍ നിര്‍മിക്കാന്‍ ഓരോരുത്തര്‍ക്കുമാവട്ടെ.