സ്വന്തത്തെക്കുറിച്ച് പറയാന്‍ പലര്‍ക്കും മടിയാണ്,
എന്നെക്കുറിച്ച് എന്ത് പറയാനാണ്?
എന്നെക്കുറിച്ച് ഞാന്‍ പറയുന്നത് ശരിയാണോ? 
ഞാന്‍ തള്ളുകയാണെന്ന് കരുതില്ലേ?
അഹങ്കാരമായിപ്പോവില്ലേ?
ഒരു ബ്രാന്‍ഡ് ആകാന്‍ മാത്രം ഞാന്‍ വളര്‍ന്നോ? തുടങ്ങി ഒരുപാട് സംശയങ്ങളാണ്.

To advertise here,

ആന്‍ഡി മാറ്റുഷാക്കിന്റെ 'Working with the garage door up' എന്ന ഒരു ആശയമുണ്ട്. നിങ്ങള്‍ ഒരു ഗ്യാരെജിനകത്തിരുന്നാണ് ജോലി ചെയ്യുന്നതെങ്കില്‍ അതിന്റെ വാതിലുകള്‍ തുറന്ന് വെച്ച് ജോലി ചെയ്യുക...! നിങ്ങള്‍ ചെയ്യുന്ന ജോലി നാലു പേര്‍ കാണട്ടെ! എന്തെങ്കിലും വലിയ നേട്ടങ്ങളുണ്ടാക്കി വലിയ നിലയിലെത്തിയ ശേഷം മാത്രം നാലാളറിഞ്ഞാല്‍ പോരേ എന്ന സംശയമുണ്ടാകാം, എന്നാല്‍, സ്വയം പ്രമോഷന്‍ എന്നത് ജീവിതത്തിന്റെ ഏതു ഘട്ടത്തിലും ചെയ്യാവുന്നതാണ്. അതൊരിക്കലും ഒരു മോശം കാര്യവുമല്ലെന്നും മനസ്സിലാക്കിക്കൊള്ളുക. നിങ്ങള്‍ ഇപ്പോള്‍ എവിടെയാണോ എത്തി നില്‍ക്കുന്നത് അവിടെ എത്താന്‍ നിങ്ങള്‍ നടത്തിയ പരിശ്രമങ്ങളെ അംഗീകരിക്കുക, നിങ്ങളുടെ വിജയത്തിന്റെ ഓരോ ഘട്ടവും നിങ്ങള്‍ ആസ്വദിക്കുക, കൂടെ നിങ്ങളുടെ നേട്ടങ്ങളെക്കുറിച്ച് പുറംലോകത്തെ അറിയിക്കുക.

എങ്ങനെ തുടങ്ങാം?
സെല്‍ഫ്പ്രമോഷന്റെ ആദ്യപടി സ്വന്തം നേട്ടങ്ങളില്‍ അഭിമാനിക്കുക,കഴിവുകളില്‍ വിശ്വസിക്കുക എന്നതാണ്. ഞാന്‍ എന്നെക്കുറിച്ച് എന്ത് ചിന്തിക്കുന്നു, എന്നെക്കുറിച്ച് എനിക്കെന്ത് തോന്നുന്നു എന്നതാണ് എന്റെ മൂല്യം നിര്‍ണ്ണയിക്കുന്നത്. അത് നന്നായാല്‍ പുറത്തേക്കും അത് പ്രകടമാക്കാന്‍ കഴിയും. നിങ്ങള്‍ ഒരുപാട് കഴിവുള്ളവനായിരിക്കാം, അനുഭവ സമ്പത്തുള്ളവരായിരിക്കാം എന്നാല്‍ ഈ കാര്യങ്ങള്‍ പുറം ലോകമെങ്ങനെയറിയും? അവിടെയാണ് സെല്‍ഫ് ബ്രാന്‍ഡിങ്ങിന്റെ പ്രസക്തി.

എന്തിനാണ് പേഴ്സണല്‍ ബ്രാന്‍ഡിങ്?
ഒരു കമ്പനിയെ സംബന്ധിച്ചിടത്തോളം കച്ചവടം കൂട്ടാന്‍ അതിന്റെ ബ്രാന്‍ഡ് മൂല്യം വര്‍ധിപ്പിക്കല്‍ അത്യാവശ്യമാണ്. ഫോണ്‍, വസ്ത്രം, കണ്ണട, വാഹനം തുടങ്ങി എന്തു സാധനവുമായിക്കോട്ടെ അവ വാങ്ങിക്കുമ്പോള്‍ നമ്മള്‍ നല്ല ബ്രാന്‍ഡ് ആണോ എന്ന് നോക്കാറുണ്ട്, നിരന്തരമായി ചില പേരുകള്‍, ലോഗോ, കളര്‍, കാപ്ഷനുകള്‍ തുടങ്ങിയവ കാണുകയും കേള്‍ക്കുകയും ചെയ്യുമ്പോഴാണ് ആ ബ്രാന്‍ഡ് മനസ്സില്‍ തങ്ങിനില്‍ക്കുന്നത്, അതുപോലെത്തന്നെയാണ് വ്യക്തികളുടെ ബ്രാന്‍ഡിങ്ങും, നിങ്ങളുടെ സേവനം ആവശ്യം വരുമ്പോള്‍ ആളുകളുടെ മനസ്സില്‍ നിങ്ങള്‍ വരണമെങ്കില്‍ ബ്രാന്‍ഡ് വളര്‍ത്തിയെടുക്കല്‍ അത്യാവശ്യമാണ്.

ഇന്ന് ഗിഗ് ഇക്കണോമിയുടെ കാലമാണ് അവനവനുള്ള കഴിവുകള്‍ മാര്‍ക്കറ്റ് ചെയ്ത് പണം സാമ്പാദിക്കാന്‍ കഴിയുന്ന കാലം.ഒരാളുടെ കഴിവിനനുസരിച്ച് ഇഷ്ടമുള്ള ജോലി, ഇഷ്ടമുള്ള സ്ഥലത്ത്, ഇഷ്ടമുള്ള സമയത്ത് ചെയ്യാം എന്നതാണ് ഗിഗ് വര്‍ക്കര്‍ ആയാലുള്ള ഗുണം.ഇവിടെ ഒരു വ്യക്തിയാണ് അല്ലെങ്കില്‍ ആ വ്യക്തിയുടെ കഴിവുകളാണ് പ്രൊഡക്റ്റ്. എന്നാല്‍ അത് വില്‍ക്കണമെങ്കില്‍ നമ്മുടെ കഴിവ് എന്താണെന്നും, പ്രൊഡക്റ്റ് എന്താണെന്നും പുറംലോകം അറിയണം, അതിനെ പുറംലോകത്തെ  അറിയിക്കേണ്ടതുണ്ട് അതിന് സെല്‍ഫ് മാര്‍ക്കറ്റിങ് അത്യാവശ്യമാണ്.

ഇനി ജോലി ചെയ്യുന്ന മേഖലയിലാണെങ്കില്‍ ഒരു ജോലിയില്‍ കയറി ജീവിതകാലം മുഴുവന്‍ ആ ജോലി ചെയ്തു ചെറിയ ചെറിയ പ്രൊമോഷനുകളൊക്കെ കിട്ടി റിട്ടയര്‍ ആവുക എന്നതായിരുന്നു മുന്‍പൊക്കെ ആളുകളുടെ തൊഴില്‍ ലക്ഷ്യങ്ങള്‍. എന്നാല്‍, ഇന്ന് കരിയര്‍ സങ്കല്‍പ്പങ്ങള്‍ മാറി, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജിന്‍സിന്റെ കാലത്ത് ഇന്നുള്ള ജോലി നാളെയുണ്ടാവണമെന്നില്ല നിരന്തരം ജോലികള്‍ മാറേണ്ടി വരുന്നു സ്വയം പുതുക്കലിന് വിധേയരായി പുതിയ അവസരങ്ങള്‍ തേടിക്കൊണ്ടിരിക്കേണ്ടിയിരിക്കുന്നുഇവിടെ നില നില്‍ക്കാന്‍ വ്യക്തികള്‍ തന്നെ ഒരു ബ്രാന്‍ഡ് ആകേണ്ടിയിരിക്കുന്നു. 

ഏത് രീതിയിലാണ് സെല്‍ഫ് പ്രൊമോഷന്‍ സഹായകമാവുന്നത്?

നിങ്ങളെ നിങ്ങളാക്കുന്ന,നിങ്ങള്‍ക്ക് മാത്രമുള്ള നിങ്ങളുടെ കഴിവുകളും അനുഭവങ്ങളുടെയും ആകെ തുകയാണ് നിങ്ങളുടെ ബ്രാന്‍ഡ് എന്ന് പറയാം. നിരവധി ആളുകള്‍ക്കിടയില്‍ ഒരാള്‍ വേറിട്ട് നില്‍ക്കാന്‍ സെല്‍ഫ് ബ്രാന്‍ഡിങ് സഹായിക്കുന്നു. നിങ്ങള്‍ ആരാണെന്നും നിങ്ങളുടെ മൂല്യം എന്താണെന്നും പുറംലോകത്തെ അറിയിക്കുകയും, പുതിയ അവസരങ്ങളിലേക്ക് വഴി തുറക്കാനും സെല്‍ഫ് ബ്രാന്‍ഡിങ് കാരണമാവുന്നു.

എങ്ങനെ സെല്‍ഫ് ബ്രാന്‍ഡിങ് നടത്താം?

നമ്മുടെ പക്കല്‍ ആത്മവിശ്വാസത്തോടെ ചെയ്യാന്‍ കഴിയുന്ന ഒരു കഴിവ് (skill), അല്ലെങ്കില്‍ സേവനം ഉണ്ടെങ്കില്‍ അത് പുറംലോകത്തെ അറിയിക്കാനും അവ ആവശ്യമായ വ്യക്തികളും കമ്പനികളുമായി കണക്റ്റ് ചെയ്യാനും നിരവധി പ്ലാറ്റ്‌ഫോമുകളുണ്ട്. അവയെ ക്രിയാത്മകമായി ഉപയോഗിക്കുക എന്നതാണ് ചെയ്യേണ്ടത്. ഒരു കമ്പനിയുടെ ബ്രാന്‍ഡ് നെയിം എങ്ങനെയൊക്കെ ആളുകളിലേക്കെത്തിക്കാമോ അതുപോലെ പേഴ്സണൽ ബ്രാന്‍ഡും ആളുകളിലേക്കെത്തിക്കാം.

സെല്‍ഫ് പ്രൊമോഷന്‍ ചെയ്യുമ്പോള്‍ എന്തെല്ലാം ശ്രദ്ധിക്കണം?

1.നിങ്ങളുടെ പ്രേക്ഷകരെ അറിയുക: സ്വയം പ്രമോട്ട് ചെയ്യുമ്പോള്‍, നിങ്ങളുടെ പ്രേക്ഷകരെ അറിയേണ്ടത് അത്യാവശ്യമാണ്. അവരെ ഉദ്ദേശിച്ചുള്ള കണ്ടെന്റ് ആണ് നിങ്ങള്‍ തയ്യാറാക്കേണ്ടത്, അവരിലേക്കാണ് നിങ്ങളുടെ ആശയങ്ങള്‍ എത്തേണ്ടത്. ഉദാഹരണത്തിന്, നിങ്ങള്‍ സംരംഭകരിലേക്കാണ് എത്താന്‍ ശ്രമിക്കുന്നതെങ്കില്‍ ആ മേഖലയിലെ അറിവുകള്‍ക്ക് കൂടുതല്‍ പ്രാധാന്യം കൊടുക്കുക, ആ മേഖലയിലെ ആളുകള്‍ നിങ്ങളെക്കുറിച്ചു അറിയാന്‍ വേണ്ട കാര്യങ്ങള്‍ ചെയ്യുക.

2. വിശ്വാസ്യത ഉറപ്പ് വരുത്തുക: ബ്രാന്‍ഡ് മൂല്യം ഉയര്‍ത്തുന്നതിന് വിശ്വാസ്യത ഉറപ്പ് വരുത്തുകയും ചെയ്യേണ്ടതുണ്ട്. (പരസ്യം മാത്രം കൊടുത്ത് ഗുണമേന്മയില്ലാത്ത പ്രൊഡക്റ്റ് വില്‍ക്കുന്ന കമ്പനികള്‍ അധികകാലം നിലനില്‍ക്കണമെന്നില്ല). അതുകൊണ്ട് തന്നെ സ്വയം പ്രൊമോട്ട് ചെയ്യുമ്പോള്‍ ആധികാരികത പുലര്‍ത്തേണ്ടത് പ്രധാനമാണ്. നിങ്ങള്‍ക്ക് ഇല്ലാത്ത കഴിവുകള്‍ ഉണ്ടെന്ന് പറയരുത്.  പറയുന്നത് ചെയ്യുക. ചെയ്യുന്നത് പറയുക. നിങ്ങളുടെ പ്രേക്ഷകരുമായി വിശ്വാസ്യത വളര്‍ത്തിയെടുക്കുന്നതിന് ആധികാരികത പ്രധാനമാണ്

3. വിസിബിള്‍ ആവുക: സ്വയം പ്രമോഷന്റെ കാര്യത്തില്‍ ദൃശ്യപരത പ്രധാനമാണ്. നിങ്ങളെ തേടുന്ന ആളുകള്‍ക്ക് മുന്നില്‍ നിങ്ങള്‍ ഉണ്ടാവേണ്ടതുണ്ട്. നിങ്ങളുടെ നേട്ടങ്ങളും വൈദഗ്ധ്യവും ആളുകളെ അറിയിക്കുക. പരിശീലന പരിപാടികളിലും കോണ്‍ഫറന്‍സുകളിലും നിങ്ങളുടെ മേഖലയിലെ പ്രൊഫഷണലുകളുടെ നെറ്റ്​വർക്കിലും നിങ്ങളുടെ സാനിധ്യമുണ്ടാവണം അവിടെ നിന്നുള്ള അവസരങ്ങളും ഉപയോഗപ്പെടുത്തുക.

4. സോഷ്യല്‍ മീഡിയയില്‍ ഉണ്ടാവുക:സെല്‍ഫ് ബ്രാന്‍ഡിങ്ങിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ് സോഷ്യല്‍ മീഡിയയിലെ സാനിധ്യം. നിങ്ങളുടെ ബ്രാന്‍ഡ് വാങ്ങിക്കണമെങ്കില്‍ ആദ്യം ഒരുപക്ഷേ ഗൂഗിളിലോ ലിങ്ക്ഡ് ഇൻലോ സേര്‍ച്ച് ചെയ്യുകയാവും ഒരാള്‍ ആദ്യം ചെയ്യുന്നത്. നമ്മെ കുറിച്ച് സേര്‍ച്ച് ചെയ്യുമ്പോള്‍ എന്ത് ലഭിക്കുന്നു എന്നത് പ്രധാനമാണ്. എന്തു തരം ഡിജിറ്റല്‍ ഫൂട്ട് പ്രിന്റ്‌റുകളാണ് നമ്മള്‍ അവിടെ അവശേഷിപ്പിക്കുന്നത് എന്നറിയാനും നമ്മെ കുറിച്ച് സേര്‍ച്ച് ചെയ്യുമ്പോള്‍ വേഗത്തില്‍ മുകളില്‍ വരാനും സോഷ്യല്‍ മീഡിയയിലെ സജീവ സാനിധ്യം സഹായിക്കും. ലിങ്ക്ഡ് ഇന്‍ പോലുള്ള പ്രൊഫഷണല്‍ നെറ്റ്വര്‍ക്കിംഗ് സേവനങ്ങള്‍ ഇതിന് ഏറ്റവും നല്ല മാര്‍ഗ്ഗമാണ്. കൂടാതെ ഇന്‍സ്റ്റാഗ്രാം, ഫേസ് ബുക്ക്, പോലുള്ള പ്ലാറ്റ്‌ഫോമുകളും ഉപയോഗിക്കാം, അപ്വര്‍ക്ക് , ട്രൂലാന്‍സര്‍ പോലുള്ള ഒരുപാട് പ്ലാറ്റ്ഫോമുകളും നമ്മുടെ കഴിവും, സേവനവും, പുറംലോകത്തെ അറിയിക്കാനും കമ്പനികളുമായി കണക്ട് ചെയ്യാനും സഹായിക്കുന്നു.

5. കണ്ടന്റ് ഉണ്ടാക്കുക : നിങ്ങളുടെ കഴിവ്, ബിസിനസ്സ്, ബ്രാന്‍ഡ്, ഉല്‍പ്പന്നങ്ങള്‍ എന്നിവ കണ്ടെത്താന്‍ ആളുകളെ സഹായിക്കുന്ന ഏറ്റവും നല്ല ഒരു മാര്‍ഗമാണ് കണ്ടെന്റ് ക്രീയേഷന്‍. ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങിന്റെ അടിത്തറയാണ് കണ്ടെന്റ് ക്രീയേഷന്‍ എന്ന് പറയാം. നമുക്ക് കഴിവുള്ള മേഖലകളില്‍ കൂടുതല്‍ ഗവേഷണം നടത്തി നല്ല ആശയങ്ങള്‍ ഉണ്ടാക്കുക എന്നതാണ് ഇതിന്റെ ആദ്യ പടി. ആ ആശയങ്ങള്‍ കണ്ടെന്റ് ആയി രൂപപ്പെടുത്തുക. ആ കണ്ടെന്റ് അല്ലെങ്കില്‍ കഥകള്‍ വിവിധ മാര്‍ഗ്ഗങ്ങളിലൂടെ നമ്മള്‍ ലക്ഷ്യമിടുന്ന പ്രേക്ഷകരിലേക്ക് എത്തിക്കുക എന്നതാണ് ഇതിനുള്ള മാര്‍ഗ്ഗം. വീഡിയോകള്‍,എഴുത്തുകള്‍, സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍, റീല്‍സ്, പോഡ്കാസ്റ്റ്, ബ്ലോഗുകള്‍, വ്‌ലോഗുകള്‍ തുടങ്ങി വെബിനാറുകള്‍, വര്‍ക്ഷോപ്പുകള്‍ എന്നിവയെല്ലാം ഇതിനുപയോഗിക്കാം.

ഒരു കണ്ടെന്റ് സൃഷ്ടിക്കുമ്പോള്‍, പലപ്പോഴും നിങ്ങളുടെ പ്രേക്ഷകര്‍ക്ക് സൗജന്യവും ഉപയോഗപ്രദവുമായ വിവരങ്ങള്‍ നല്‍കുക കൂടിയാണ് ചെയ്യുന്നത്, സൗജന്യമാണെങ്കില്‍ കൂടി നിങ്ങള്‍ക്ക് ഒന്നും നഷ്ടപ്പെടുന്നില്ല, എന്നാല്‍ ഇത് ഭാവിയില്‍ നിങ്ങളിലേക്ക് വരാന്‍ സാധ്യതയുള്ള ഒരുപാട് പേരെ ആകര്‍ഷിക്കുന്നു. 

6. പോര്‍ട്ട്‌ഫോളിയോ വെബ്‌സൈറ്റ്: സോഷ്യല്‍ മീഡിയയിലെ പോസ്റ്റുകള്‍ നിരന്തരം മാറി വരുന്നതുകൊണ്ട് പലപ്പോഴും അത് വഴി നമ്മെക്കുറിച്ചു കൂടുതല്‍ അറിയാന്‍ കഴിയണമെന്നില്ല, അത്തരം സന്ദര്‍ഭങ്ങളില്‍ ഒരു പോര്‍ട്ട്‌ഫോളിയോ വെബ്‌സൈറ്റ് നിങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയാന്‍ ആളുകളെ സഹായിക്കും. നിങ്ങളാരാണ്? എന്തൊക്കെയാണ് നിങ്ങള്‍ ചെയ്യുന്നത്, എന്ത് രീതിയില്‍ നിങ്ങളെ കാണാനാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത്, അല്ലെങ്കില്‍ എന്ത് രീതിയിലാണ് അറിയപ്പെടാന്‍ ആഗ്രഹിക്കുന്നത്, ആ വിവരങ്ങളെല്ലാം ഉള്‍കൊള്ളുന്ന ഒരു വെബ്‌സൈറ്റ് വളരെ ഗുണം ചെയ്യും.

സെല്‍ഫ് ബ്രാന്‍ഡിങ്‌ കേവലം 'സ്വയം തള്ള്' ആവാതിരിക്കാന്‍ എന്തെല്ലാം ശ്രദ്ധിക്കണം?

സ്വയം പ്രൊമോഷന്‍ പലപ്പോഴും മറ്റുള്ളവര്‍ക്ക് അസുഖകരമായ ഒരു വിഷയമായി കാണപ്പെടുന്നു, അത്തരം പ്രയാസങ്ങള്‍ ഒഴിവാക്കാന്‍ താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്.

  1. നിങ്ങളെക്കുറിച്ച് പറയേണ്ടിടത്ത് മാത്രം പറയുക. സമയവും സാഹചര്യവും നോക്കി മാത്രം സെല്‍ഫ് പ്രൊമോഷന്‍ നടത്തുക.
  2. മറ്റുള്ളവരുടെ സ്‌പേസില്‍ കയറി നിങ്ങളെ പ്രൊമോട്ട് ചെയ്യാതിരിക്കുക.
  3. വ്യക്തി അല്ലാതെ കേവലം ബ്രാന്‍ഡ് മാത്രം ആവാതിരിക്കുക. നിങ്ങളുടെമൂല്യവും വ്യക്തിത്വവും വ്യക്തി ബന്ധങ്ങളും നില നിര്‍ത്തിക്കൊണ്ടുതന്നെ ബ്രാന്‍ഡ് മെച്ചപ്പെടുത്തുക.പേര്‍സണല്‍ ബ്രാണ്ടും പ്രൊഫഷണല്‍ ബ്രാണ്ടും തന്മില്‍ ഒരു ബന്ധവുമില്ലാതായി പോകാതിരിക്കാന്‍ ശ്രദ്ധിക്കുക.
  4. മറ്റുള്ളവരെ ബുദ്ധിമുട്ടിച്ചും ശല്ല്യപ്പെടുത്തിയും ബ്രാന്‍ഡ് വളര്‍ത്താതിരിക്കുക. മറ്റുള്ളവരുടെ സ്വസ്ഥതയെ പരിഗണിക്കാതെ വീണ്ടും വീണ്ടും മെസേജ് ചെയ്തും ഫോണ്‍ വിളിച്ചും ഓവര്‍സെല്ലിങ് ചെയ്യുന്നത് വിശ്വാസ്യത നഷ്ടപ്പെടുത്തുകയും ബ്രാന്‍ഡ് മൂല്യം നഷ്ടപ്പെടുത്തുകയും ചെയ്യും. 
  5. ഫോക്കസ് നഷ്ടമാകാതിരിക്കുക. ഒരുപാട് വിശാലമായ ലോകത്തേക്ക് വ്യക്തമായ ലക്ഷ്യമില്ലാതെ നടത്തുന്ന പരന്ന മാര്‍ക്കറ്റിംഗ് ഗുണം ചെയ്യണമെന്നില്ല, പ്രോഡക്റ്റ് വാങ്ങിക്കാന്‍ സാധ്യതയുള്ളവരെ ലക്ഷ്യമിട്ട് ബ്രാന്‍ഡ് പ്രൊമോഷന്‍ നടത്തുക. ബ്രാന്‍ഡ് പ്രൊമോഷന്‍ നടത്തുമ്പോള്‍ സൗഹൃദ വലയങ്ങളെ അമിതമായി ഫോക്കസ് ചെയ്യാതിരിക്കുക.
  6. മറ്റുള്ളവരെ താഴ്ത്തിക്കെട്ടി മാര്‍ക്കറ്റ് ചെയ്യാതിരിക്കുക. സെല്‍ഫ് പ്രൊമോഷനില്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം നിങ്ങള്‍ക്ക് വളരാന്‍ മറ്റൊരാളെ തളര്‍ത്തേണ്ടതില്ല എന്നതാണ്.

നിങ്ങള്‍ തന്നെയാണ് നിങ്ങളുടെ ബ്രാൻഡിന്റെ സി.ഇ.ഒ യും ബ്രാന്‍ഡ് അമ്പാസഡറുമെല്ലാം, അതുകൊണ്ട് നിങ്ങളെക്കുറിച്ച് നിങ്ങള്‍ തന്നെയാണ് പറഞ്ഞു തുടങ്ങേണ്ടത്. നിങ്ങള്‍ ഒരു ബ്രാന്‍ഡ് ആയി വളര്‍ന്നു കഴിഞ്ഞാല്‍ പിന്നെ മറ്റുള്ളവരും നിങ്ങളെക്കുറിച്ചു പറഞ്ഞു തുടങ്ങും. ജെഫ് ബസോസിന്റെ അഭിപ്രായത്തില്‍ നിങ്ങളില്ലാത്ത സമയത്ത് നിങ്ങളെക്കുറിച്ച് ആളുകള്‍ സംസാരിക്കുന്നതാണ് നിങ്ങളുടെ ബ്രാന്‍ഡ്. നിങ്ങളുടെ സാനിദ്ധ്യത്തിലും അല്ലാത്തപ്പോഴും ലോകം നിങ്ങളെക്കുറിച്ചു സംസാരിക്കുന്ന കഥകള്‍ ഉണ്ടാവട്ടെ.