
21-ാം നൂറ്റാണ്ടിലെ നിരക്ഷരര്‍ എഴുതാനും വായിക്കാനും കഴിയാത്തവരായിരിക്കില്ല, മറിച്ച് പഠിക്കാനും പഠിച്ചതില്‍ മാറ്റം കൊണ്ടുവരാനും ആവശ്യത്തിനനുസരിച്ചു പുതിയ കാര്യങ്ങള്‍ മനസ്സിലാക്കാനും കഴിയാത്തവരായിരിക്കും.
-ആല്‍വിന്‍ ടോഫ്‌ലെര്‍
പുതിയ കാലം നമുക്ക് മുന്നില്‍ തുറന്നിടുന്നത് അവസരങ്ങളുടെ ഒരു വലിയ ലോകം തന്നെയാണ്. എന്നാല്‍, അതിവേഗം മാറുന്ന പുതിയ ലോകത്തെ വെല്ലുവിളികള്‍ ഏറ്റെടുക്കാനും പ്രൊഫഷണല്‍ വിജയത്തിനും സാധാരണ കോഴ്സുകള്‍ക്കും സര്‍ട്ടിഫിക്കറ്റുകള്‍ക്കുമപ്പുറം നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ട ചില കഴിവുകളുണ്ട് . 21-ാം നൂറ്റാണ്ടിലെ കഴിവുകള്‍ (21st Century Skills) എന്ന് അതിനെ വിശേഷിപ്പിക്കുന്നു. പുതിയ ലോകത്ത് ജീവിക്കാനും പഠിക്കാനും പ്രവര്‍ത്തിക്കാനും ആവശ്യമായ കഴിവുകളുടെ ഒരു കൂട്ടമാണിത്. കേവലം ഡിഗ്രി ഉണ്ടായത് കൊണ്ട് മാത്രം അവസരങ്ങള്‍ നമ്മെ തേടി വരണമെന്നില്ലെന്ന് സാരം.
ഓരോ രാജ്യത്തെയും ഭരണകൂടങ്ങള്‍ , യൂണിവേഴ്‌സിറ്റികള്‍, ദേശീയ വിദ്യാഭ്യാസ അസോസിയേഷനുകള്‍ തുടങ്ങി വേള്‍ഡ് ഇക്കണോമിക് ഫോറം(WEF), പാര്‍ട്ണര്‍ഷിപ് ഫോര്‍ ട്വന്റിഫസ്റ്റ് സെഞ്ച്വറി സ്‌കില്‍സ് (P21) പോലുള്ള സംഘടനകളും ഈ വിഷയത്തില്‍ ആഴത്തില്‍ പഠിക്കുകയും വരുംകാലങ്ങളില്‍ യുവജനങ്ങള്‍ക്ക് ഉണ്ടായിരിക്കേണ്ട കഴിവുകളെ സംബന്ധിച്ച് നിരവധി പഠന റിപ്പോര്‍ട്ടുകള്‍ പുറത്തു വിട്ടിട്ടുമുണ്ട്.
അതില്‍ ഏറ്റവും പ്രധാനമായി പറയുന്നത് മൂന്നു തരത്തിലുള്ള കഴിവുകളാണ്.
1. നിരന്തരം പഠിക്കാനും നവീകരിക്കാനുമുള്ള കഴിവ്
മുന്‍പ് പഠിച്ചുവെച്ച കാര്യങ്ങള്‍ കൊണ്ടുമാത്രം ഒരാള്‍ക്കും ഇനിയുള്ള കാലം വിജയകരമായി അതിജീവിക്കാനാവില്ല. അവിടെയാണ് സ്വയം പഠിക്കുന്നതിന്റെയും നിരന്തരം നവീകരിക്കുന്നതിന്റെയും പ്രസക്തി. അതിനാല്‍ പഠിച്ച ഒരാളെയല്ല, പഠിക്കാന്‍ പഠിച്ച ആളുകളെയാണ് ഇനിയുള്ള കാലത്തേക്ക് വേണ്ടത്. സ്വന്തമായി പഠിക്കാന്‍ പഠിക്കുക എന്നത് ഈ നൂറ്റാണ്ടില്‍ ജീവിക്കാന്‍ വേണ്ട ഏറ്റവും വിശേഷപ്പെട്ട ഒരു കഴിവാണ്. സ്വയം പഠിക്കുന്ന രീതിയാണിത് (Self Directed Learning). നിരന്തരം കഴിവുകള്‍ മെച്ചപ്പെടുത്താനും സ്വയം പുതുക്കലിനും ഇത് സഹായിക്കും. പരമ്പരാഗതമായ അക്കാദമിക വിദ്യാഭ്യാസ രീതിയില്‍നിന്നു മാറി ഒരാള്‍ എന്ത് പഠിക്കണം, എങ്ങനെ പഠിക്കണം, പഠിച്ച കാര്യങ്ങളെ എങ്ങനെ ഉപയോഗപ്പെടുത്തണം എന്നിവയെല്ലാം സ്വന്തം ഉത്തരവാദിത്തത്തിലായിരിക്കും ചെയ്യുന്നത് എന്ന് മാത്രം.
Also Read
2. സാങ്കേതിക സാക്ഷരത
ഇപ്പോള്‍ പഠിക്കുന്ന സാങ്കേതിക കാര്യങ്ങള്‍ പഠിച്ചു തീരും മുമ്പേ ഔട്ട്‌ഡേറ്റഡ് ആകുന്ന കാലത്താണ് ഇന്ന് നമ്മള്‍ ജീവിക്കുന്നത്. ഏതു മേഖലയിലും ടെക്‌നോളജിയുടെ സാന്നിധ്യം വളരെ പ്രധാനപ്പെട്ടതാണ്. ഡിജിറ്റല്‍ സാക്ഷരത നല്ല രീതിയില്‍ ഉണ്ടാവുകയും ഈ വിഷയത്തിലെ മാറ്റങ്ങളില്‍ അപ്‌ഡേറ്റഡ് ആയിരിക്കുകയും സാങ്കേതികവിദ്യകള്‍ ഏറ്റവും നന്നായി ഉപയോഗിക്കാനുമുള്ള കഴിവും അതിവേഗം മുന്നോട്ടോടുന്ന ലോകത്തിന്റെ കൂടെ വളരാന്‍ സഹായിക്കും.
3. തൊഴില്‍-ജീവിത ശേഷികള്‍
ആന്‍ഡ്രിയാസ് ഷ്‌ലെയ്ച്ചറിന്റെ (Andreas Schleicher) അഭിപ്രായത്തില്‍ 'കഴിവുകളാണ് പുതിയ നൂറ്റാണ്ടിന്റെ കറന്‍സി!' വിദ്യാഭ്യാസത്തിലും കഴിവുകളിലും നിക്ഷേപിക്കുന്ന രാജ്യങ്ങള്‍ കൂടുതല്‍ വേഗത്തില്‍ വളരുകയും പുതുമ കൊണ്ടു വരികയും അത് ശക്തമായ സമ്പദ് വ്യവസ്ഥ ഉണ്ടാക്കാന്‍ കാരണമാവുകയും ചെയ്യുന്നുണ്ട്'.
ഏത് ജോലിയിലാണെങ്കിലും ഓരോരുത്തര്‍ക്കും നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ട ചില കഴിവുകള്‍ മനസ്സിലാക്കാം
- വിമര്‍ശനാത്മക ചിന്തയും പ്രശ്‌നപരിഹാര കഴിവും: ഓരോ വിവരങ്ങളും വിശകലനം ചെയ്യാനും വിലയിരുത്താനും സങ്കീര്‍ണ്ണമായ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുമുള്ള കഴിവ്.
- സര്‍ഗ്ഗാത്മകതയും നവീകരണവും: പുതിയ ആശയങ്ങള്‍ ഉരുത്തിരിയുകയും അവ വികസിപ്പിച്ചെടുക്കുകയും നടപ്പിലാക്കുകയും ചെയ്യാനുള്ള കഴിവ്.
- ആശയവിനിമയവും സഹകരണവും: ഫലപ്രദമായ ആശയവിനിമയം നടത്തുക എന്നാല്‍ സംസാരിക്കുകയും എഴുതുകയും മാത്രമല്ല; സജീവമായി കേള്‍ക്കാനും ആശയങ്ങള്‍ വ്യക്തമായി മറ്റുള്ളവരെ ബോധ്യപ്പെടുത്തുന്ന രീതിയില്‍ അവതരിപ്പിക്കുവാനുള്ള കഴിവും ഉള്‍ക്കൊള്ളുന്നു.
- സാമൂഹ്യ-സാംസ്‌കാരിക സാക്ഷരത: കൂടുതല്‍ ആഗോളവത്കരിക്കപ്പെട്ട ലോകത്ത്, ടീമുകളില്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുകയും വൈവിധ്യമാര്‍ന്ന കാഴ്ചപ്പാടുകള്‍ മനസ്സിലാക്കുകയും ചെയ്യുന്നത് അത്യന്താപേക്ഷിതമാണ്. വിവിധ സംസ്‌കാരങ്ങളെയും സമൂഹങ്ങളെയും മനുഷ്യനെയും മനസ്സിലാക്കാനും അവരുമായി ആരോഗ്യകരമായി ഇടപഴകാനുമുള്ളകഴിവ് വളരെ പ്രധാനമാണ്.
ലൈഫ് ആന്‍ഡ് കരിയര്‍ സ്‌കില്‍സ്
ലക്ഷ്യങ്ങള്‍ നിശ്ചയിക്കാനും തീരുമാനങ്ങള്‍ എടുക്കാനും സമയത്തെ ക്രിയാത്മകമായി മാനേജ് ചെയ്യാനും സംഘടിക്കാനുമുള്ള കഴിവ്. ഉദാഹരണത്തിന് ഒരാള്‍ ഒരു സ്ഥാപനത്തിലെ സോഫ്റ്റ്‌വെയർ എഞ്ചിനീയര്‍ ആണെങ്കില്‍ അദ്ദേഹത്തിന്റെ ജോലിക്ക് സ്വാഭാവികമായും വേണ്ട സാങ്കേതിക അറിവുകള്‍ക്കപ്പുറം ആ ജോലിയില്‍ തുടരാന്‍ വിമര്‍ശനാത്മക ചിന്ത, പ്രശ്‌നപരിഹാര ശേഷി, ആശയവിനിമയം നടത്താനുള്ള കഴിവ് , മറ്റുള്ളവരുമൊത്ത് സഹകരിച്ചു പ്രവര്‍ത്തിക്കാനുള്ള കഴിവ്, പുതിയ കാര്യങ്ങള്‍ പഠിക്കാനും മാറുന്ന സാഹചര്യങ്ങളില്‍ പൊരുത്തപ്പെടാനുള്ള കഴിവ് എന്നിവ കൂടെ ഉണ്ടാകുമ്പോഴാണ് വിജയകരമായി മുന്നോട്ട് പോകാനാവുന്നത്.
ഓട്ടോമേഷന്റെയും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജിന്‍സിന്റെയും കാലത്ത് പുതിയ ഒരുപാട് ജോലികള്‍ എമെര്‍ജ് ചെയ്തു വരുമെങ്കിലും അത് ഇതുവരെയുള്ള തൊഴിലാവസരങ്ങളെ വെച്ച് കുറവായിരിക്കും. ഒക്‌സ്‌ഫോഡ് മാര്‍ട്ടിന്‍ സ്‌കൂള്‍ (The Oxford Martin School at the University of Oxford), 'തൊഴിലിന്റെ ഭാവി' എന്ന പേരില്‍ 2013-ല്‍ ഒരു പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരുന്നു, അതില്‍ ലോകത്തെ വിവിധ തൊഴിലുകളെ 800-ല്‍പരം വിഭാഗങ്ങളായി തരം തിരിച്ചു, അതില്‍ എത്ര തരം ജോലികള്‍ പുതിയ കാലഘട്ടത്തില്‍ നിലനില്‍ക്കും എന്ന് പറയുകയുണ്ടായി, അതില്‍ പ്രധാനമായും പറയുന്നത് 2030 ആകുന്നത്തോടെ 47 ശതമാനത്തോളം തൊഴില്‍ വിഭാഗങ്ങളും ഇല്ലാതെയാകും എന്നാണ്. എന്നാല്‍, ഇപ്പോഴത്തെ വേഗതയനുസരിച്ചു പോകുകയാണെങ്കില്‍ അത് 70% വരെ വിവിധ ജോലികള്‍ തന്നെ ഇല്ലാതാവും എന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്, ബാക്കിയുള്ള തൊഴിലാവസരങ്ങള്‍ക്ക് പകപ്പെടാന്‍ മുകളില്‍ പറഞ്ഞ കഴിവുകള്‍ കൂടിയേ തീരൂ.
21-ാം നൂറ്റാണ്ടിലെ കഴിവുകള്‍ എങ്ങനെ നേടാം?
പ്രോജക്റ്റ്-ബേസ്ഡ് ലേണിംഗ് (PBL) ഉള്‍പ്പെടുത്തുക: മാറുന്ന കാലത്തിനനുസരിച്ചു നമ്മുടെ വിദ്യാഭ്യാസ രീതികളും മാറേണ്ടതുണ്ട് 21-ാം നൂറ്റാണ്ടിലെ കഴിവുകള്‍ വിദ്യാഭ്യാസ കാലം മുതല്‍ തന്നെ വളര്‍ത്തിയെടുക്കുന്നതിനുള്ള ഫലപ്രദമായ ഒരു രീതിയാണ് പ്രോജക്റ്റ്-ബേസ്ഡ് ലേണിംഗ് (PBL) പോലുള്ള സംവിധാനങ്ങള്‍. കേവലം വായിച്ചു പഠിക്കുന്നതിന്റെ അപ്പുറത്തേക്ക് സ്വന്തമായി പ്രവര്‍ത്തിക്കാനും ചിന്തിക്കാനും അറിവുകള്‍ നിര്‍മ്മിക്കാനും അവ പ്രാവര്‍ത്തികമാക്കാനുമുള്ള അവസരങ്ങള്‍ വിദ്യാഭ്യാസകാലം തൊട്ടേ ഉണ്ടാവേണ്ടതുണ്ട്. ഈ രീതിയില്‍, വിദ്യാര്‍ത്ഥികള്‍ക്ക് യഥാര്‍ത്ഥ ലോകത്തിന്റെ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്ന പദ്ധതികളില്‍ പ്രവര്‍ത്തിക്കാനും പഠിച്ചു പ്രശ്‌നങ്ങള്‍ പരിഹരിക്കാനും അതിന്റെ വിവിധ സാധ്യതകള്‍ കണ്ടെത്താനും വിമര്‍ശനാത്മക ചിന്തയും സര്‍ഗ്ഗാത്മകതയും പ്രയോഗിക്കാനും അവസരമുണ്ടാവുന്നു.
ഡിജിറ്റല്‍ സാക്ഷരത വര്‍ധിപ്പിക്കുക: സാങ്കേതിക വിദ്യയുടെ ഏറ്റവും പുതിയ ട്രെൻഡുകള്‍ അറിയാനും അവ പഠിക്കാനും ഉപയോഗപ്പെടുത്താനും ശ്രമിക്കുക എന്നതാണ് ഇതിന് വേണ്ടി ചെയ്യാനാവുന്നത്.
വിമര്‍ശനാത്മക ചിന്ത പ്രോത്സാഹിപ്പിക്കുക: ഓരോ വിഷയവും ആഴത്തില്‍ മനസ്സിലാക്കുക,അവ വിശകലനം ചെയ്യുക, ആവശ്യമുള്ള ചര്‍ച്ചകള്‍ നടത്തുക, നല്ല ചോദ്യങ്ങള്‍ ചോദിക്കാനും നിലപാടുകള്‍ പറയാനും പ്രശ്‌നങ്ങള്‍ പരിഹരിക്കാനും പ്രോത്സാഹിപ്പിക്കുക എന്നതൊക്കെയാണ് ഇതിന് വേണ്ടി ചെയ്യാനാവുക
സര്‍ഗ്ഗാത്മകത വളര്‍ത്തിയെടുക്കുക: എഴുത്ത്, കല, സംഗീതം, പരസ്പരം ചിന്തകള്‍ പങ്കുവെക്കുന്ന ഒത്തുചേരലുകള്‍ തുടങ്ങിയ സര്‍ഗ്ഗാത്മക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുക.ആശയവിനിമയ കഴിവുകള്‍ പ്രോത്സാഹിപ്പിക്കുക:വിവിധ രൂപത്തിലുള്ള കണ്ടെന്റ് ക്രിയേഷന്‍ , ആളുകളുമായി നേരിട്ട് സംവദിക്കുന്നത്, ആളുകളെ കേള്‍ക്കുക എന്നിവയിലൂടെ ഫലപ്രദമായ ആശയവിനിമയം പരിശീലിക്കുക. ഈ കഴിവുകള്‍ കൂടുതല്‍ ക്രിയാത്മകമാക്കാന്‍ ഇത്തരം വിഷയത്തില്‍ താല്പര്യമുള്ളവരുടെ കൂട്ടായ്മയുടെ ഭാഗമാവാം.
സാംസ്‌കാരിക അവബോധം സ്വീകരിക്കുക: യാത്രകള്‍, സാംസ്‌കാരിക കൈമാറ്റ പരിപാടികള്‍ എന്നിവയിലൂടെ വിവിധ സംസ്‌കാരങ്ങളെക്കുറിച്ചും ഭാഷകളെക്കുറിച്ചും വീക്ഷണങ്ങളെക്കുറിച്ചും പഠിക്കുക.
ജീവിതകാലം മുഴുവന്‍ പഠനം: നിങ്ങളുടെ സ്വന്തം കഴിവുകളും മെച്ചപ്പെടുത്തേണ്ട മേഖലകളും വിലയിരുത്തുക. കഴിവുകള്‍ മെച്ചപ്പെടുത്തുന്നതിനു പുതിയ ലക്ഷ്യങ്ങള്‍ ഉണ്ടാകുകയും പുതിയ കാര്യങ്ങള്‍ പഠിക്കാന്‍ ശ്രമിക്കുകയും നിങ്ങളുടെ കംഫേര്‍ട്ട് സോണിന് പുറത്തുള്ള കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിക്കുകയുമാവാം.
ഔപചാരിക വിദ്യാഭ്യാസത്തോടെ പഠനം അവസാനിക്കുന്നില്ല എന്ന് തിരിച്ചറിയുക: കോഴ്‌സേര, എടെക്‌സ്, ഡോമെസ്റ്റിക്ക, ലിങ്ക്ഡ് ഇന്‍ ലേണിംഗ് ഗൂഗിള്‍ കോഴ്‌സസ് തുടങ്ങിയ വിവിധ ഓണ്‍ലൈന്‍ ഓഫ്‌ലൈന്‍ സാധ്യതകളെ ഉപയോഗപ്പെടുത്തി പുതിയ കോഴ്‌സുകള്‍ പഠിക്കുകയും സെര്‍ട്ടിഫിക്കേഷനുകള്‍ നേടുകയും ചെയ്യാം.ഇഷ്ടമുള്ള മേഖലകളിലെ പോഡ്കാസ്റ്റുകള്‍ കേള്‍ക്കുകയും വെബിനാറുകള്‍, വിഡിയോകള്‍ എന്നിവയെല്ലാം പുതിയ കഴിവുകളും അറിവും നേടുന്നതിന് ഉപയോഗിക്കുക.
ക്ലബ്ബുകളിലും സംഘടനകളിലും ചേരാം: നിങ്ങളുടെ താത്പര്യങ്ങളുമായി പൊരുത്തപ്പെടുകയും 21-ാം നൂറ്റാണ്ടിലെ കഴിവുകള്‍ പരിശീലിക്കാനും വികസിപ്പിക്കാനും നിങ്ങളെ അനുവദിക്കുന്ന ക്ലബ്ബുകളിലും പാഠ്യേതര പ്രവര്‍ത്തനങ്ങളിലും പ്രൊഫഷണല്‍ പ്ലാറ്റഫോംമുളലിലും അംഗമാവുക.
മാര്‍ഗനിര്‍ദേശവും നെറ്റ്‌വർക്കിങ്ങും: നിങ്ങള്‍ വളരാനാഗ്രഹിക്കുന്ന മേഖലകളില്‍ വിജയിച്ചവരുമായി നേരിട്ടോ ലങ്കേട് ഇന്‍ പോലുള്ള പ്രൊഫഷണല്‍ പ്ലാറ്റുഫോമുകള്‍ വഴി ബന്ധമുണ്ടാകുകയും അവരുടെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും മെന്ററിങ്ങും സ്വീകരിക്കുക.
ഇന്റേണ്‍ഷിപ്പുകളിലും ജോലികളിലും കഴിവുകള്‍ പ്രയോഗിക്കുക:സാധാരണയില്‍ പുസ്തകങ്ങളില്‍നിന്നു പഠിക്കുന്നതിനപ്പുറം ഒരുപാട് വസ്തുതകള്‍ മനസ്സിലാക്കാന്‍ പഠനത്തിന്റെ കൂടെയുള്ള ഇന്റേണ്‍ഷിപ്പുകളും പാര്‍ട്ട് ടൈം ജോലികളും സന്നദ്ധ സേവനങ്ങളുമെല്ലാം സഹായിക്കും. 21-ാം നൂറ്റാണ്ടിലെ കഴിവുകള്‍ യഥാര്‍ത്ഥ ലോകസാഹചര്യങ്ങളില്‍ പരിശീലിക്കാനും പ്രയോഗിക്കാനും ഇന്റേണ്‍ഷിപ്പുകള്‍ക്കും പാര്‍ട്ട്-ടൈം ജോലികള്‍ക്കും വോളന്റിയര്‍ സ്ഥാനങ്ങള്‍ക്കും സമയം കണ്ടെത്തുക.
21-ാം നൂറ്റാണ്ടിലെ കഴിവുകള്‍ നേടുന്നത് ഒരു തുടര്‍ച്ചയായ പ്രക്രിയയാണ്, അതിന് സമര്‍പ്പണവും പരിശീലനവും മാറുന്ന സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനുള്ള ഇച്ഛയും ആവശ്യമാണ്. കഴിവുകള്‍ വികസിപ്പിക്കുന്നതിനും തുടര്‍ച്ചയായ പഠനത്തിനുമുള്ള അവസരങ്ങള്‍ സജീവമായി പിന്തുടരുന്നതിലൂടെ, വിദ്യാര്‍ത്ഥികള്‍ക്കും ഉദ്യോഗാര്‍ഥികള്‍ക്കും വേഗത്തില്‍ മാറിക്കൊണ്ടിരിക്കുന്ന ഒരു ലോകത്ത് വിജയത്തിനായി സ്വയം ഒരുക്കം നടത്താന്‍ കഴിയും. ഈ കഴിവുകള്‍ നേടുന്നതജോടെ ഇനി ലോകത്ത് എന്തൊക്കെ മാറ്റങ്ങള്‍ വരുന്നുണ്ടെങ്കിലും അവര്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ ഒരിക്കലും ഒഴിവാക്കാന്‍ പറ്റാത്ത സാനിധ്യമായി (linchpin) മാറാന്‍ കഴിയും.
Content Highlights: 21st Century Skills by Khamarudheen KP career tips
Published: 04 Oct 2023, 03:00 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented