
ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാലഘട്ടങ്ങളിലൊന്നാണ് വിദ്യാഭ്യാസം പൂർത്തിയാക്കി ആദ്യ ജോലിയിൽ പ്രവേശിക്കുന്ന സമയം.പഠനവും, പരീക്ഷയും കൂട്ടുകാരുമെല്ലാം നിറഞ്ഞ വിദ്യാർത്ഥി ജീവിതത്തിൽ നിന്ന് മാറി ഉത്തരവാദിത്തങ്ങളും, ലക്ഷ്യങ്ങളും നിറഞ്ഞ പ്രൊഫഷണൽ ലോകത്തേക്ക് മാറുന്ന കാലഘട്ടമാണിത്, ഏറ്റവും വെല്ലുവിളി നിറഞ്ഞ കാലഘട്ടമാണെങ്കിലും ശരിയായ തയ്യാറെടുപ്പും, മനോഭാവവുമുണ്ടെങ്കിൽ ഈ സമയത്തെ വിജയകരമായി നേരിടാനാവും.
പലരും വിദ്യാഭ്യാസ കാലഘട്ടം വിജയകരമായി പൂർത്തിയാക്കി, പഠിച്ച കോഴ്സിനും, സ്വന്തം കഴിവുകൾക്കും, താല്പര്യങ്ങൾക്കും അനുസരിച്ച മികച്ച ജോലിയിൽ കയറിപ്പറ്റുമ്പോൾ മറ്റു ചിലർക്ക് അവർക്ക് കിട്ടിയ ജോലിക്കൊണ്ട് തൃപ്തിപ്പെടേണ്ടി വരുന്നു. ഒരാളുടെ കരിയർ പാതയുടെ ദിശ നിശ്ചയിക്കുകയും, ഭാവി അവസരങ്ങൾ, കഴിവുകൾ വളർത്തൽ , പുരോഗതിയുണ്ടാവൽ, വരുമാന സാധ്യത, ജോലി സംതൃപ്തി എന്നിവയെല്ലാം തീരുമാനിക്കുന്നത് ആദ്യ ജോലിയായിരിക്കാം.
ബേണിംഗ് ഗ്ലാസ് ഇൻസ്റ്റിറ്റ്യൂട്ടും, സ്ട്രാഡ് എജ്യുക്കേഷൻ ഫൗണ്ടേഷനും (Burning Glass Institute & Strada Education Foundation) 2024 ഇൽ നടത്തിയ പഠനം വെളിപ്പെടുത്തുന്നത്, കോളേജ് ബിരുദധാരികളിൽ ഏകദേശം പകുതിയും അവരുടെ ബിരുദം പോലും ആവശ്യമില്ലാത്ത മേഖലയിലാണ് ജോലികളിൽ കയറിപ്പറ്റുന്നത് എന്നാണ്, ഈ പഠനത്തിലെ കണ്ടെത്തലുകൾ ഭൂരിഭാഗം വിദ്യാസമ്പന്നരുടെയും തൊഴിൽ ജീവിതത്തിന്റെ നേർ ചിത്രമാണ് നൽകുന്നത്.
കോഴ്സ് അവസാനിക്കുന്നതിന് മുൻപേ തുടങ്ങാം
ആഗ്രഹിച്ച ജോലി ലഭിക്കാനും അതിൽ തിളങ്ങാനും പഠന കാലഘട്ടത്തിൽ തന്നെ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായുണ്ട്.
1.ജോലി തേടൽ ഒരു ജോലിയാക്കുക
ഒരു പുതിയ ജോലി തിരയുക എന്നത് ഒരു ജോലി ചെയ്യുന്നത് പോലത്തന്നെ ഗൗരവത്തിൽ ചെയ്യേണ്ട കാര്യമാണ്, നാം അയക്കുന്ന ഓരോ അപേക്ഷകയും സ്വീകരിക്കുന്നതിനേക്കാൾ പുറംതള്ളാനുള്ള സാധ്യതയാണ് കൂടുതൽ. അത് കൊണ്ടുതന്നെ ജോലിക്ക് അപേക്ഷിക്കുന്നതിന് മുൻപ് ഈ റിജക്ഷനുകൾ കൂടെ നേരിടാൻ മാനസികമായി തയ്യാറെടുക്കേണ്ടതുണ്ട്.
ഒരു റെസ്യൂമെ തയ്യാറാക്കി വിദഗ്ധരിൽ നിന്ന് ഫീഡ്‌ബാക്ക് എടുക്കുന്നതിൽ നിന്ന് ഈ പ്രക്രിയ ആരംഭിക്കാം. നിങ്ങളെ സഹായിക്കാൻ കഴിയുന്ന നാലോ അഞ്ചോ ആളുകളുടെ മുന്നിൽ നിങ്ങളുടെ റെസ്യൂമെ അവതരിപ്പിക്കുകയും , അത് എങ്ങനെ കൂടുതൽ മികച്ചതാക്കാമെന്ന് മനസ്സിലാക്കുകയും ചെയ്യുക.അവസരങ്ങൾ കണ്ടെത്തുകയും നിരന്തരം അപേക്ഷകൾ അയക്കുകയും ചെയ്യുക എന്നത് തന്നെയാണ് ഈ കാലഘട്ടത്തിൽ ചെയ്യേണ്ടത്. ഒരു നിശ്ചിത എണ്ണം ജോലികൾക്ക് ഓരോ ആഴ്ചയും ഞാൻ അപേക്ഷിക്കും എന്ന് തീരുമാനിക്കുക, അത് അഞ്ചോ, പത്തോ അതിൽ കൂടുതലോ ആകാം.
ജോലികൾക്ക് അപേക്ഷിക്കുന്നത് ഒരു സാധ്യതാ ഗെയിമാണ്. സാധാരണ ഒരു ജോലി അപേക്ഷയിൽ, അഭിമുഖത്തിന് യോഗ്യത നേടാനുള്ള ഹിറ്റ് നിരക്ക് ഒരുപക്ഷേ 10% ശതമാനത്തിൽ താഴെയായിരിക്കും. പലപ്പോഴും ജോലി അവസരങ്ങൾ ഇല്ലാത്തതുകൊണ്ടാവില്ല, യഥാർത്ത ജോലി അവസരങ്ങളിലേക്ക് എത്തിപ്പെടാനാവാത്തത് കൂടെയാവാം ഇതിന് കാരണം.
ജോലി അപേക്ഷകൾ സ്വീകരിച്ചു അഭിമുഖങ്ങൾ ലഭിക്കാൻ തുടങ്ങുമ്പോൾ അത്രമാത്രം പ്രധാനപ്പെട്ട ജോലിയല്ലെങ്കിൽ പോലും അഭിമുഖങ്ങളിൽ പങ്കെടുക്കുക, അത് തുടരുക. അഭിമുഖങ്ങൾ ചെയ്ത് ശീലിക്കുന്നത് പലപ്പോഴും സ്വയം വിലയിരുത്തലിനും പുരോഗതി കണ്ടെത്താനും സഹായിക്കും.അതോട് കൂടെ അവതരണം നന്നാക്കുക, വരാൻ സാധ്യതയുള്ള ചോദ്യങ്ങളനുസരിച്ച് പറയാവുന്ന കാര്യങ്ങൾ അവതരിപ്പിക്കാൻ തയ്യാറാവുക ,ഇന്റർവ്യൂ വിന് മുൻപ് തന്നെ കമ്പനിയെക്കുറിച്ച് നന്നായി പഠിക്കുക എന്നിവയെല്ലാ ഈ സമയത്ത് ചെയ്യേണ്ടതാണ്.
2.നെറ്റ്‌വർക്കിംഗ്
വിദ്യാർത്ഥി കാലഘട്ടം മുതൽ തന്നെ ജോലി ചെയ്യാൻ താല്പര്യമുള്ള മേഖലയിലെ വ്യക്തികളുമായി ബന്ധങ്ങൾ വളർത്തുകയും, സ്ഥാപനങ്ങളെക്കുറിച്ച് മനസ്സിലാക്കുകയും ബന്ധമുണ്ടാക്കുകയും ചെയ്യേണ്ടതുണ്ട്, അത് നേരിട്ടോ, 'ലിങ്ക്ഡ്ഇൻ' പോലുള്ള പ്രൊഫഷണൽ പ്ലാറ്റ്ഫോമുകൾ വഴിയോ വെബ്സൈറ്റുകൾ വഴിയോ ചെയ്യാം.
ഏറ്റവും മികച്ച ചില ജോലി അവസരങ്ങൾ പലപ്പോഴും ജോലി പരസ്യങ്ങളിൽ വരാറില്ല എന്നതാണ് സത്യം, അവ സ്വതന്ത്രമായി റിക്രൂട്ട് ചെയ്യപ്പെടുകയോ, ആ സ്ഥാപനത്തിൽ ജോലി ചെയ്യുന്നവരുടെ റെഫറെൻസുകൾ വഴിയോ, കമ്പനികളുടെ തന്നെ വെബ്സൈറ്റ്, 'ലിങ്ക്ഡ്ഇൻ' വഴിയോ ഒക്കെ ആയിരിക്കാം
അതുകൊണ്ട് നിങ്ങൾക്ക് താൽപ്പര്യമുള്ള കമ്പനിയുമായി നേരിട്ട് ബന്ധമുണ്ടാവുകയും, ജോബ് പോർട്ടലുകളിലും, പ്രൊഫഷണൽ പ്ലാറ്റ്ഫോമുകളിലും സജീവമായിരിക്കുകയും ചെയ്യുക.
3. ആദ്യ ജോലി ആജീവനാന്ത ജോലിയാവണമെന്നില്ല
പലപ്പോഴും ആദ്യ ജോലി എന്നത് എങ്ങനെയെങ്കിലും ഒരു ജോലിയിൽ കയറിപ്പറ്റാൻ വേണ്ടി എത്തിപ്പെട്ട ഇടമായിരിക്കാം, ആദ്യമായി എത്തിപ്പെടുന്ന ജോലികളിൽ തന്നെ ജീവിതകാലം മുഴുവൻ നിലനിൽക്കണമെന്നില്ല, പ്രത്യേകിച്ച് അനുദിനം മാറിക്കൊണ്ടിരിക്കുന്ന ഈ തൊഴിൽ സാഹചര്യത്തിൽ ഒരുപാട് കാലം ഒരു ജോലിയിൽ തുടരാൻ കഴിയണമെന്നുമില്ല, ഒരുപാട് ആഗ്രഹിച്ച് ലഭിച്ച ഒരു ജോലിയാണെങ്കിൽ പോലും കുറച്ചു കാലം ജോലി ചെയ്തു നോക്കുമ്പോഴായിരിക്കാം അത് യഥാർത്ഥത്തിൽ തനിക്ക് പറ്റിയ ജോലിയല്ല എന്ന് മനസ്സിലാകുന്നത്.പലരും അവരുടെ ആദ്യ ജോലിയിൽ ഒരു വർഷമോ രണ്ടുവർഷമോ ആയിരിക്കും തുടരുന്നത്.
ഞാൻ ശരിയായ തിരഞ്ഞെടുപ്പ് തന്നെയാണോ നടത്തിയത്? ഞാൻ എന്നേക്കും ഈ വഴിയിൽ തുടരേണ്ടതുണ്ടോ?ഈ സ്ഥാനത്തോ ഈ മേഖലയിലോ എനിക്ക് വളരാനും കഴിവുകൾ ആർജ്ജിക്കാനും കഴിയുമോ? എന്നൊക്കെ ഈ സമയത്ത് പരിശോധിക്കാവുന്നതാണ്. എത്തിപ്പെട്ടത് ഒട്ടും ചേരാത്ത ഒരു ജോലിയിലാണെങ്കിൽ തന്റെ കഴിവും താല്പര്യവും ഒത്തു ചേരുന്ന മേഖല തേടിപ്പിടിക്കുകയും കരിയർ 'ജംഗിൾജിം' പോലെയുള്ള പരീക്ഷണങ്ങളിലൂടെ യഥാർത്ഥ മേഖല കണ്ടെത്തുകയും ചെയ്യാം.
4. പഠനകാലത്തെ ഇന്റേൺഷിപ്പുകൾ.
ഒരു ജോലി കുറച്ചുകാലം ചെയ്ത് കഴിയുമ്പോഴായിരിക്കും അത് തനിക്ക് പറ്റിയ മേഖലയാണോ അല്ലയോ എന്ന് തിരിച്ചറിയുന്നത്, പഠന കാലത്തെ പാർട്ട് ടൈം ജോലികൾ, ഇന്റേൺഷിപ്പുകൾ എന്നിവ വഴി പ്രായോഗിക പരിചയം നേടുന്നത് ആ മേഖലയെ കൂടുതൽ അടുത്തറിയാനും, അത് സ്വന്തം കഴിവും താല്പര്യവും ഒത്തൊരുമിക്കുന്ന മേഖലയാണെങ്കിൽ തന്റെ പ്രധാന ജോലിയായി ആ മേഖല ഏറ്റെടുക്കാനും കഴിയും.കൂടാതെ ആ മേഖലയിലെ കഴിവുകൾ വികസിപ്പിക്കാനും, ഒരു പ്രൊഫഷണൽ നെറ്റ്‌വർക്ക് കെട്ടിപ്പടുക്കാനുമുള്ള സാധ്യത കൂടെ ഇവയുണ്ടാക്കുന്നു.
പുതിയ ജോലിയിലെ ആദ്യ പടികൾ
കോളേജ് കാലഘട്ടത്തിന് ശേഷം ജോലിയിൽ കയറുന്ന ആദ്യ ദിവസങ്ങളെ ജോലിയിലെ ഒരു ഹണി മൂൺ സമയം എന്ന് വിശേഷിപ്പിക്കാം.
കാര്യമായ വിലയിരുത്തലുകൾ ഇല്ലാതെ തെറ്റുകൾ വരുത്താനും കാര്യങ്ങൾ ചോദിച്ചറിയാനും പഠിക്കാനുമുള്ള സമയമാണിത്. ഈ സമയത്ത് അറിയാത്ത കാര്യങ്ങൾ ചോദിച്ചറിയാനും, മനസ്സിലാക്കാനും മടി കാണിക്കാതിരിക്കുക, ജോലിയിൽ ഒന്നോ രണ്ടോ മാസങ്ങൾ കഴിയുന്നതോടെ പിന്നീട് അബദ്ധങ്ങൾ വരുത്താനോ തെറ്റുകൾ വരുത്താനോ അവസരമുണ്ടാവണമെന്നില്ല.ജോലിയിലെ ആദ്യ കാലഘട്ടം വരും കാലത്തേക്കുള്ള ശക്തമായ അടിത്തറയാക്കുന്നതിലേക്ക് ശ്രദ്ധിക്കേണ്ട കുറച്ച് കാര്യങ്ങൾ നോക്കാം.
1. പ്രൊഫഷണൽ മനോഭാവം വളർത്തിയെടുക്കുക:
വിദ്യാർത്ഥി ജീവിതത്തിൽ നിന്നും തൊഴിൽ ജീവിതത്തിലേക്ക് കടക്കുന്നതോടെ ജീവിതത്തിൽ പലവിധ മാറ്റങ്ങൾ സംഭവിക്കുകയാണ്, ഇതിൽ നിന്നും ഒഴിഞ്ഞു മാറൽ സാധ്യമല്ല, നമുക്ക് ചെയ്യാനാവുന്ന ഒരേയൊരു കാര്യം മാറ്റത്തിനായി ഏറ്റവും മികച്ച രീതിയിൽ തയ്യാറെടുക്കുക എന്നതാണ്.
വിദ്യാർത്ഥി ജീവിതത്തിൽ നിന്നും ഒരു പ്രൊഫഷണൽ ആയി മാറുമ്പോൾ അതിന് വേണ്ട ഒരു മനോഭാവം വളർത്തിയെടുക്കേണ്ടതുണ്ട്, അഥവാ സമയബന്ധിതമായി ജോലികൾ പൂർത്തിയാക്കുക, സഹപ്രവർത്തകരുമായി സഹവർത്തിക്കാനുള്ള സന്നദ്ധത യുണ്ടാവുക, നിർദ്ദേശങ്ങൾ സ്വീകരിക്കാനുള്ള മാനസികാവസ്ഥ ഉണ്ടാവുക, തന്റെ ഉത്തരവാദിത്തങ്ങൾ മനസ്സിലാക്കുക എന്നിവയെല്ലാം ഇതിന്റെ ഭാഗമാണ്.
മുന്നോട്ടുള്ള യാത്ര പ്രയാസമാണെന്ന് തോന്നുമ്പോൾ നിങ്ങളെ മനസ്സിലാക്കാൻ കഴിയുന്ന ആളുകളിൽ നിന്നോ പ്രൊഫഷണലുകളിൽ നിന്നോ പിന്തുണ തേടാനും, ഭയങ്ങളും ആശങ്കകളും പങ്കിടാനും മടി കാണിക്കരുത്.ജോലിയുടെ കൂടെ ക്ഷമയും സ്വയം പരിചരണവും കൂടെ ഉറപ്പ് വരുത്തി മുന്നേറുക.
2.തൊഴിലിടത്തിലെ ബന്ധങ്ങൾ
തൊഴിൽ ജീവിതത്തിലെ ബന്ധങ്ങൾക്ക് കോളേജിലെ ബന്ധങ്ങളിൽ നിന്ന് വളരെ വ്യത്യാസമുണ്ട്. കോളേജിൽ, അവരവർ ആഗ്രഹിക്കുന്ന ആളുകളുമായും, സമപ്രായക്കാരുമായുള്ള ക്ലാസിലെ ഇടപഴകലുകളിലൂടെയും ക്യാമ്പസിലെ പാഠ്യേതര പ്രവർത്തനങ്ങളിലൂടെയും കൂട്ടുകാരുടെ സുഹൃത്തുക്കൾ വഴിയും ബന്ധങ്ങൾ സ്വാഭാവികമായി വികസിക്കുന്നു, എന്നാൽ വിദ്യാർത്ഥി ജീവിതത്തിൽ നിന്നും തൊഴിൽ ജീവിതത്തിലേക്ക് കടക്കുമ്പോൾ വളരെ വ്യത്യസ്തമായ ബന്ധങ്ങളാണ് ഉണ്ടാക്കേണ്ടത്. ഒരാൾക്ക് ഒത്തുപോകാൻ ബുദ്ധിമുട്ടുള്ളവരുമായും, ഇഷ്ടപ്പെടാത്ത ആളുകളുമായും ഔദ്യോഗിക ബന്ധങ്ങൾ നിലനിറു ത്തേണ്ടതായി വരും. അവരുമായി ഒത്തൊരുമിച്ച് പോകുന്ന collaboration എന്നത് ജോലിസ്ഥലങ്ങളിൽ ഉണ്ടായിരിക്കേണ്ട വളരെ പ്രധാനപ്പെട്ട കഴിവാണ് ,
ജോലിയിൽ വിജയിക്കാനും കരിയറിൽ മുന്നേറാനും സഹപ്രവർത്തകരുടെ ഒരു ശക്തമായ നെറ്റ്‌വർക്ക് നിർമ്മിക്കൽ അനിവാര്യമാണ്, അതിന് വ്യത്യസ്ത രീതികളിലുള്ള ആളുകളുമായി ആരോഗ്യകരമായി ഇടപഴകി ശീലിക്കേണ്ടതുണ്ട്.
വിവിധ റോളുകൾ ചെയ്യുന്ന, വ്യത്യസ്ത പശ്ചാത്തലമുള്ള സഹപ്രവർത്തകരെ കണ്ടുമുട്ടുന്നത് വിലപ്പെട്ട പഠനാനുഭവമാക്കി മാറ്റാനാവും, ഒരാളുടെ കാഴ്ചപ്പാട് വിശാലമാക്കുന്നതിനും, വിവിധ വീക്ഷണങ്ങളെക്കുറിച്ചുള്ള ധാരണ വർദ്ധിപ്പിക്കുന്നതിനും ക്രിയാത്മക സംഭാഷണങ്ങൾ നടത്താനുമുള്ള അവസരങ്ങളാണ് ഇത് വഴി ലഭിക്കുന്നത്.
3.കഴിവുകളും അറിവും വിലയിരുത്തുക:
വിദ്യാഭ്യാസത്തിലൂടെയും ഇന്റേൺഷിപ്പുകളിലൂടെയും നേടിയ കഴിവുകളും അറിവും തിരിച്ചറിയുക. പുതിയ ജോലിയിൽ ഈ കഴിവുകൾ എങ്ങനെ പ്രയോഗിക്കാമെന്ന് ചിന്തിക്കുക. നിരന്തരം കഴിവുകൾ വികസിപ്പിക്കാനും പുതിയവ പഠിക്കാനും തയ്യാറായിരിക്കുകയും ചെയ്യുക.
4.ജോലിയെക്കുറിച്ച് അറിയുക:
നിങ്ങളുടെ കമ്പനിയെക്കുറിച്ച് വിശദമായി പഠിക്കുക, അതിന്റെ ചരിത്രം, മൂല്യങ്ങൾ, ഉൽപ്പന്നങ്ങൾ, സേവനങ്ങൾ എന്നിവയെക്കുറിച്ച് അറിയുക, മേലുദ്യോഗസ്ഥരോടും സഹപ്രവർത്തകരോടും കമ്പനിയെക്കുറിച്ചും അതിന്റെ രീതികളെക്കുറിച്ചും ചോദിച്ചു മനസ്സിലാക്കുക.
നിങ്ങളുടെ യഥാർത്ത ജോലി എന്താണെന്നും അതിന്റെ രീതി മനസ്സിലാക്കുകയും, മേലുദ്യോഗസ്ഥരുമായി സംസാരിക്കുകയും സംശയങ്ങൾ നിവാരണം ചെയ്യുകയും ചെയുക.
ജോലിയിലെ ആദ്യ സമയങ്ങളിൽ മേലധികാരിയുമായി സംസാരിച്ച് നിങ്ങളുടെ റോൾ എന്തായിരിക്കും? നിങ്ങൾക്ക് എങ്ങനെ കമ്പനിയുടെയും കമ്പനിയുടെ വിജയത്തിന്റെ ഭാഗമാവാൻ കഴിയും? നിങ്ങളുടെ പ്രതീക്ഷകൾ, എന്നിവയൊക്കെ സംവദിക്കാൻ ശ്രമിക്കുക, കൂടെ ഏതൊക്കെ മീറ്റിംഗുകളിൽ പങ്കെടുക്കണം, എവിടെയൊക്കെ റിപ്പോർട്ട് ചെയ്യണം പ്രധാന ഉത്തരവാദിത്തങ്ങൾ എന്നിവയെല്ലാം മനസ്സിലാക്കുക.
5.ചോദ്യങ്ങൾ ചോദിക്കാൻ മടിക്കരുത്
തുടക്ക കാലമായതിനാൽ പലപ്പോഴും ചോദ്യങ്ങൾ ചോദിക്കാൻ മടിയായിരിക്കും, എന്നാൽ നിങ്ങൾക്ക് എന്തെങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ ചോദ്യങ്ങൾ ചോദിക്കാൻ മടിക്കരുത്. നിങ്ങളുടെ മേലുദ്യോഗസ്ഥരും സഹപ്രവർത്തകരും നിങ്ങളെ സഹായിക്കാൻ തയ്യാറായിരിക്കും, കൂടുതൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാൻ താൽപ്പര്യമുണ്ടെങ്കിൽ ചോദിക്കുക, പുതിയ കാര്യങ്ങൾ പഠിക്കാനും നിങ്ങളുടെ കഴിവുകൾ വികസിപ്പിക്കാനും ഇത് നിങ്ങളെ സഹായിക്കും .
6.നിങ്ങളുടെ പ്രകടനം വിലയിരുത്തുക:
നിങ്ങളുടെ ജോലിയിൽ നിങ്ങൾ എത്രത്തോളം മികച്ചതാണ്,ജോലിയിലെ ലക്ഷ്യങ്ങൾ എത്രത്തോളം നേടാനാവുന്നുണ്ട് എന്നെല്ലാം വിലയിരുത്തുക.
നിങ്ങളുടെ ശക്തികളും ബലഹീനതകളും തിരിച്ചറിയുക, നിങ്ങളുടെ ശക്തികൾ വികസിപ്പിക്കാനും, ബലഹീനതകൾ മെച്ചപ്പെടുത്താനും ശ്രമിക്കുക.
നിങ്ങളുടെ പ്രകടനം മെച്ചപ്പെടുത്താൻ എന്തെല്ലാം ചെയ്യാൻ കഴിയുമെന്ന് ചിന്തിക്കുക. പുതിയ കഴിവുകൾ പഠിക്കുക, കൂടുതൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കുക,
ഫീഡ്‌ബാക്ക് ചോദിക്കുക, പ്രവർത്തിക്കുക.
നിങ്ങളുടെ പ്രകടനത്തെക്കുറിച്ച് ഫീഡ്‌ബാക്ക് ചോദിക്കുന്നത് ശക്തികളും ബലഹീനതകളും മനസ്സിലാക്കാനും നിങ്ങളുടെ പ്രകടനം മെച്ചപ്പെടുത്താനും സഹായിക്കും.
7. എപ്പോഴും പുതിയത് പഠിക്കുക
കോളേജ് പഠനത്തോടെ നിങ്ങളുടെ പഠനം അവസാനിച്ചിട്ടില്ലെന്നും, പഠനം എന്നത് പ്രത്യേക കാലഘട്ടത്തിൽ മാത്രം സംഭവിക്കേണ്ട ഒന്നല്ല എന്നും മനസ്സിലാക്കുക. നിങ്ങളുടെ മേഖലയുമായി ബന്ധപ്പെട്ട ലേഖനങ്ങൾ വായിക്കുക, പുസ്തകങ്ങൾ വായിക്കുക, വിദഗ്ധരെ കേൾക്കുക, വെബിനാറുകളിലും കോൺഫറൻസുകളിലും ഭാഗമാവുക, ജോലി സ്ഥലത്തെ പരിശീലനങ്ങളിൽ പങ്കെടുക്കുക, സഹപ്രവർത്തകരിൽ നിന്ന് പഠിക്കുക തുടങ്ങി ഒരാളുടെ ധാരണ വർദ്ധിപ്പിക്കാനും, പഠനം വിപുലീകരിക്കാനുമുള്ള മികച്ച സമയമാണിത്. ജോലി ചെയ്യുന്ന സ്ഥാപനത്തിൽ പഠനത്തിനായി പ്രത്യേകം ബജറ്റ് വകയിരുത്തിയിട്ടുണ്ടോ എന്തെങ്കിലും കോഴ്‌സുകൾ ചെയ്യാനുള്ള അവസരമുണ്ടോ എന്നെല്ലാം മനസ്സിലാക്കുക.
ഒരു കരിയറിന്റെ തുടക്കത്തിൽ തന്നെ വളരെ പ്രധാനപ്പെട്ട സ്ഥാനങ്ങളിൽ എത്തിപ്പെടാൻ കഴിയണമെന്നില്ല, ഈ കാലയളവ് ഭാവിയിലെ തൊഴിൽപരമായ വികസനത്തിന് അടിത്തറയിടുകയും കഴിവുകൾ വർദ്ധിപ്പിക്കാനും വിലപ്പെട്ട അനുഭവങ്ങൾ നേടാനുമുള്ള അവസരമാക്കി ഉപയോഗപ്പെടുത്തണം.
ക്ഷമയും നിരന്തര പരിശ്രമവും വളർച്ചയുടെ മനോഭാവവും ഉപയോഗിച്ച് ഈ കാലഘട്ടവും ആസ്വാദ്യകരമാക്കാനാവും, ആശംസകൾ.
Content Highlights: how to become a good professional
Published: 29 Jun 2024, 12:30 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented