
വളരെ വേഗത്തിൽ മാറിക്കൊണ്ടിരിക്കുന്ന ഒരു തൊഴിൽ വിപണിയാണ് നമുക്ക് ചുറ്റുമുള്ളത്.നിർമിത ബുദ്ധി, ഗ്ലോബൽ ട്രെൻഡുകൾ, വ്യവസായ മാറ്റങ്ങൾ, ഡിജിറ്റലൈസേഷൻ എന്നിവയെല്ലാം പുതിയ കഴിവുകളുടെയും അറിവിന്റെയും ആവശ്യകത വർധിപ്പിച്ചിരിക്കുന്നു. അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ ഓരോ സ്ഥാപനങ്ങൾക്കും നിലനിൽക്കാൻ വളരെ വേഗത്തിൽതന്നെ പുതിയ മാറ്റങ്ങളെ ഉൾക്കൊള്ളേണ്ടതുണ്ട്. അതുകൊണ്ട് തന്നെ അതിവേഗം മാറ്റങ്ങൾ കൊണ്ടുവരാനും പുതിയ കാര്യങ്ങൾ പഠിക്കാനും കഴിവുകൾ ആർജിക്കാനും കഴിയുന്നവരെയാണ് പുതിയ കാലത്തെ തൊഴിലിടങ്ങൾക്ക് ആവശ്യം.
കഴിവിന്റെ 'റീസെറ്റ്' ബട്ടൻ അമർത്തേണ്ട സമയം!
മുമ്പ് മനുഷ്യർ നിർവഹിച്ചിരുന്ന പല ജോലികളും മെഷിനുകൾ ചെയ്യുന്നു, പുതിയ കഴിവുകളും അറിവുകളും ആവശ്യമുള്ള പുതിയ ജോലിസാധ്യതകൾ ഉയർന്നുവരുന്നു. മുൻപുണ്ടായിരുന്ന അറിവും കഴിവുകളും കൊണ്ട് ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന ജോലിയിൽ ഒരുപാട് കാലം നിലനിൽക്കാൻ സാധിക്കണമെന്നില്ല, അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ഈ കാലത്ത് ആ കഴിവുകൾ പെട്ടന്ന് തന്നെ പഴയതായി മാറിയേക്കാം, മുന്നോട്ട് പോകാൻ പുതിയ കാര്യങ്ങൾ പഠിക്കേണ്ടതുണ്ട്. പലപ്പോഴും അതുവരെ പഠിച്ച കാര്യങ്ങൾക്ക് ഒരു 'റീസെറ്റ്' ബട്ടൻ അമർത്തി പുതിയ കാര്യങ്ങൾ പഠിക്കേണ്ടതുണ്ട്. അത് ഇടയ്ക്കിടെ അപ്ഡേറ്റ് ചെയ്യണ്ടതുമുണ്ട്.
സ്ഥാപനങ്ങൾ ചെയ്യുന്നത്
ഓരോ സ്ഥാപനവും ഒരു പുതിയ ആളെ ജോലിക്കെടുക്കുമ്പോൾ അവർ പഠിച്ച കോഴ്‌സുകളിലെ അറിവുകളെക്കാളുപരി നിലവിലെ ജോലി സാഹചര്യങ്ങളിൽ വേണ്ട അറിവും കഴിവുകളും ഉള്ളവരെയാണ് എടുക്കുന്നത്.നിലവിൽ ജോലി ചെയ്യുന്നവരെ നിലനിർത്താൻ പല സ്ഥാപനങ്ങളും ജോലിക്കാർക്ക് പരിശീലനത്തിലൂടെ പുതിയ കഴിവുകൾ നേടാനുള്ള അവസരങ്ങളുണ്ടാക്കുന്നു.ഓരോ കമ്പനിയും അവരുടെ വാർഷിക വരുമാനത്തിൽ വളരെ വലിയ ഒരു വിഹിതമാണ് എംപ്ലോയീസിന്റെ പരിശീലനത്തിന് (Learning and Development) വേണ്ടി ചെലവാക്കുന്നത്.
Association for Talent Development's (ATD) റിപ്പോർട്ട് പ്രകാരം അമേരിക്കാൻ കമ്പനികൾ അവരുടെ വാർഷിക ബഡ്ജറ്റിന്റെ 12%മാണ് എംപ്ലോയീസിന്റെ ലേർണിംഗ് & ഡെവലപ്പമെന്റിനു വേണ്ടി ചെലവഴിക്കുന്നത്.2021 ലെ LinkedIn Workplace Learning Report പ്രകാരം ഇന്ത്യൻ കമ്പനികൾ അവരുടെ L&D ബഡ്ജറ്റ് മുൻ വർഷത്തേക്കാൾ 24.7% ഉയർത്തിയതായി പറയുന്നു.ഓരോ സ്ഥാപനവും അവരുടെ തൊഴിലാളികളെ അപ്സികിൽ ചെയ്യാനുള്ള പരിശീലനത്തിന് കൊടുക്കുന്ന പ്രാധാന്യമാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്.
ഏറ്റവും കഴിവും പ്രാഗത്ഭ്യവുമുള്ള ഒരു തൊഴിലാളി സമൂഹത്തെ കൊണ്ടുവരാനും നിലവിലുള്ളവരുടെ കഴിവുകൾ പരിപോഷിപ്പിക്കാനും ഭാവിയിൽ ആവശ്യമായ കഴിവുകൾ നേടാൻ സഹായിക്കാനും സ്ഥാപനങ്ങൾ കഴിവുള്ളവരെ സ്വീകരിക്കുക, നിലവിലുള്ളവരെ അപ്സ്കിൽ ചെയ്യുക, റിസ്കിൽ ചെയ്യുക എന്നീ രീതികളാണ് സ്വീകരിക്കുന്നത്.
1. കഴിവുള്ളവരെ സ്വീകരിക്കുക.
അധികം പരിശീലനം നൽകാതെത്തന്നെ നേരിട്ട് ജോലി ചെയ്യാനും മാറ്റങ്ങൾ ഉൾക്കൊള്ളാനും സാഹചര്യങ്ങളോട് പൊരുത്തപ്പെടാനും വേഗത്തിൽ പഠിക്കാനും കഴിയുന്നവരെ ജോലിക്കെടുക്കുക എന്നതാണ് സ്ഥാപനങ്ങൾ സ്വീകരിക്കുന്ന ഒരു രീതി. ശേഷം പുതിയ തൊഴിലിൽ തുടരാൻ ആവശ്യമായ അത്യാവശ്യ പരിശീലനങ്ങൾ നൽകുന്നു.
2. അപ്സ്കിൽ ചെയ്യുക:
സാങ്കേതിക പുരോഗതി, വ്യവസായ പ്രവണതകൾ, തൊഴിൽ വിപണിയുടെ ആവശ്യകതകൾ എന്നിവയ്ക്കനുസരിച്ച് ഒരു വ്യക്തിയുടെ നിലവിലുള്ള കഴിവുകൾ മെച്ചപ്പെടുത്തുകയും വികസിപ്പിക്കുകയും, പുതിയ സാഹചര്യങ്ങളിൽ പൊരുത്തപ്പെടാനുള്ള കഴിവുകൾ വർധിപ്പിക്കുകയും ചെയ്യുന്ന പ്രക്രിയയാണ് അപ്‌സ്‌കില്ലിംഗ്,
3. റീസ്കിൽ ചെയ്യുക
ജോലിയിലെ വരാൻ പോകുന്ന മാറ്റങ്ങൾ, പുതിയ ആവശ്യങ്ങൾ എന്നിവയ്ക്ക് പുതിയ കഴിവുകൾ പഠിക്കുന്നതിനെയാണ് റീസ്‌കില്ലിംഗ് എന്ന് പറയുന്നത്.
ഇത് മാറുന്ന സാങ്കേതികതകളുമായും ജോലി ആവശ്യകതകളുമായും പൊരുത്തപ്പെടാൻ തൊഴിലാളികളെ പ്രാപ്‌തരാക്കുന്നു.
റീസ്‌കില്ലിംഗ് വഴി സ്ഥാപനങ്ങളെയും തൊഴിലാളികളെയും ഒരു പടി മുന്നോട്ട് കൊണ്ടുപോകാൻ സഹായിക്കുന്നു.
അതുവരെയില്ലാത്ത പുതിയ കഴിവുകൾ പഠിക്കുന്നതിലൂടെ സ്ഥാപനത്തിലെ വ്യത്യസ്ത ആവശ്യങ്ങൾക്കനുസരിച്ച് പുതിയ മേഖലയിലേക്കും റോളുകളിലേക്കും മാറാനും. തൊഴിൽ വിപണിയിലെ മാറ്റങ്ങൾക്ക് പൊരുത്തപ്പെടാനും റീസ്‌കില്ലിംഗ് സഹായിക്കുന്നു.
ഇത്തരം പരിശീലനങ്ങളിൽ ഡാറ്റാ വിശകലനം, കൃത്രിമ ബുദ്ധി, സൈബർ സുരക്ഷ തുടങ്ങിയ സാങ്കേതിക കാര്യങ്ങളും നിരൂപണ ചിന്ത, സർഗാത്മകത, പൊരുത്തപ്പെടുത്തൽ, ടീം ബിൽഡിങ് നേതൃത്വശേഷി തുടങ്ങിയ കഴിവുകളും പഠനത്തിന്റെ ഭാഗമാവുന്നു.
എന്തിന് സ്വയം അപ്സ്കിൽ ചെയ്യണം?
പുതിയ സാഹചര്യങ്ങൾ തൊഴിൽ സുരക്ഷിതത്വത്തെ ബാധിക്കുകയും, പരമ്പരാഗതമായ പല ജോലികൾക്കും മാറ്റങ്ങൾ സംഭവിക്കുകയും ചെയ്യുമ്പോൾ, തൊഴിലാളികളുടെ നിലനിൽപ്പിന്റെ ഉത്തരവാദിത്തം എല്ലായ്പ്പോഴും കമ്പനികൾതന്നെ ഏറ്റെടുക്കണമെന്നില്ല. പുതിയ കഴിവുകളും അറിവുകളും സ്വയം നേടുന്നതിലൂടെ, തൊഴിലാളികൾക്ക് തങ്ങളുടെ സ്ഥാപനത്തിലെ നിലനിൽപ്പ് ഉറപ്പ് വരുത്തുകയും ഓരു സ്ഥാപനത്തിന്റെ അവിഭാജ്യഘടകമായി (Linchpin ആയി) നിലനിൽക്കാനും കഴിയേണ്ടതുണ്ട്.
1. കരിയർ വിജയകരമായി മുന്നോട്ട് കൊണ്ടുപോകുക:
നിരന്തര മാറ്റങ്ങൾ സംഭവിക്കുന്ന തൊഴിൽ വിപണിയിൽ അപ്‌സ്‌കില്ലിംഗ്, റീസ്‌കില്ലിംഗ് എന്നിവ സ്വയം ചെയ്യുന്നത് നമ്മുടെ പ്രസക്തിയും പ്രാധാന്യവും കുറയാതെ ജോലിയിൽ നിലനിർത്താനും ജോലി നഷ്ടപ്പെടുന്ന സാഹചര്യം കുറയ്ക്കാനും സഹായിക്കുന്നു.
2. പുതിയ തൊഴിൽ സാധ്യതകൾ:
ടെക്നോളജിയുടെ അതിപ്രസരം പുതിയ തൊഴിൽ സാധ്യതകൾക്കൂടെ തുറന്ന് വെക്കുന്നുണ്ട്, പുതിയ കഴിവുകൾ നേടുന്നത് കൂടുതൽ വിപുലമായ അവസരങ്ങളും,പുതിയ കരിയർ പാത തുറക്കുന്നതിനും, ഇതിനു മുമ്പ് എത്തിപ്പിടിക്കാൻ കഴിയാത്ത സ്ഥാനങ്ങളിലേക്ക് എത്തിച്ചേരനുള്ള സാധ്യതയും ഉണ്ടാക്കുന്നു .
3. ഉയർന്ന ശമ്പളം:
അപ്‌സ്‌കില്ലിംഗിന്റെയും റീസ്‌കില്ലിംഗിന്റെയും മറ്റൊരു നേട്ടം അത് ഉയർന്ന ശമ്പളത്തിലേക്കും മികച്ച ജോലി അവസരങ്ങളിലേക്കും നയിച്ചേക്കാം എന്നതാണ്. പുതിയ കാലത്തിനനുസരിച്ച് കഴിവുകൾ നേടുന്നതോടെ, നിങ്ങൾ സ്ഥാപനത്തിന് ഒരു വലിയ ആസ്തിയായി മാറുകയും അത് ഉയർന്ന ശമ്പളത്തിലേക്കും മികച്ച ജോലി ആനുകൂല്യങ്ങളിലേക്കും നയിക്കാനും കാരണമാവും.
4. വ്യക്തിപരമായ വളർച്ച:
ജീവിതകാല വിദ്യാഭ്യാസം എന്നത് വ്യക്തിപരമായ വളർച്ചയുടെ ഒരു യാത്രയാണ്. ഇത് നിങ്ങളുടെ പ്രശ്നപരിഹാര കഴിവുകൾ, വിമർശനാത്മക ചിന്ത, പൊരുത്തപ്പെടുത്തൽ എന്നിവ വർധിപ്പിക്കുകയും കൂടുതൽ നല്ല ഒരു പ്രൊഫഷണലായി മാറ്റുകയും ചെയ്യുന്നു.
സ്വയം എന്തൊക്കെ ചെയ്യാൻ കഴിയും
1. പിജിഡിഎം പോലുള്ള കോഴ്‌സുകൾ
പുതിയ കാലത്തിന്റെ തൊഴിൽപ്രതീക്ഷകൾക്കനുസരിച്ചുള്ള കഴിവുകൾക്ക് പ്രാധാന്യം നൽകുന്ന പിജിഡിഎം (Post Graduate Diploma in Management) പരിപാടികൾ ഇന്ന് വളരെ പ്രസക്തമാണ്.ഇന്റർനാഷണൽ ബിസിനസ്, ഇൻഷുറൻസ് മാനേജ്‌മെന്റ്, റീട്ടെയിൽ മാനേജ്‌മെന്റ്, AI/ഡാറ്റാ സയൻസ് എന്നീ മേഖലകളിൽ ഫോക്കസ് ചെയ്യുന്ന വൈവിധ്യമായ പിജിഡിഎം, ഡിപ്ലോമ കോഴ്‌സുകൾ ഇതിന് ഉദാഹരണങ്ങളാണ്.റിയൽ എസ്റ്റേറ്റ്, ഫിനാൻഷ്യൽ സർവീസുകൾ, ടെക്‌നോളജി എന്നീ മേഖലകളിൽ പിജിഡിഎം ബിരുദധാരികൾക്ക് ഉയർന്ന തൊഴിൽസാധ്യതകൾ നൽകുന്നു.
പ്രൊജക്റ്റ് മാനേജ്‌മെന്റ് പ്രൊഫഷണൽ (PMP) അല്ലെങ്കിൽ സർട്ടിഫൈഡ് ഇൻഫർമേഷൻ സിസ്റ്റംസ് സെക്യൂരിറ്റി പ്രൊഫഷണൽ (CISSP) പോലുള്ള സർട്ടിഫിക്കേഷനുകൾ അതാത് മേഖലകളിൽ ഉയർന്ന സാധ്യതകളുള്ള കോഴ്‌സുകളാണ്.തന്റെ മേഖലയിലെ പ്രൊഫഷണൽ സർട്ടിഫിക്കേഷനുകൾ കണ്ടെത്തുകയും അവ നേടുകയും ചെയ്യുന്നത് ഭാവിയിൽ തൊഴിൽസാധ്യതകൾ ഉറപ്പാക്കുകയും, വിദ്യാർഥികളെ ആഗോള തൊഴിൽനിലവാരത്തിനൊപ്പം വളർത്തുകയും അഗോള ബിസിനസ് സംരംഭങ്ങളുടെ നേതൃസ്ഥാനങ്ങളിലേക്ക് പരിഗണിക്കുന്നതിനും സഹായകമാവുന്നു.
2. നിരന്തര പഠനത്തിന്റെ ശീലം വളർത്തിയെടുക്കുക
പഠനം എന്നത് ഔപചാരിക വിദ്യാഭ്യാസകാലത്ത് മാത്രം നടക്കേണ്ട ഒന്നല്ല, അത് ജീവിതകാലം മുഴുവൻ തുടർന്ന് പോകേണ്ട ഒന്നാണ്, നിരന്തര പഠനത്തിലൂടെ സാഹചര്യങ്ങളോട് പൊരുത്തപ്പെടാനും, കഴിവുകൾ നിലനിർത്താനും പുതിയ കഴിവുകൾ നേടാനും സാധിക്കുന്നു.സർവകലാശാലകളും Coursera, edX, LinkedIn Learning പോലുള്ള പ്ലാറ്റ്‌ഫോമുകൾ ഓൺലൈൻ പഠനത്തിന്റെ അനന്ത സാധ്യതകളാണ് തുറന്നു വെക്കുന്നത് കോഡിങ് മുതൽ ഡിജിറ്റൽ മാർക്കറ്റിംഗ് വരെ പുതിയ സാഹചര്യങ്ങളിൽ വേണ്ട ഓൺലൈൻ കോഴ്സുകൾ ഇന്ന് ലഭ്യമാണ്.
3. വെബിനാറുകളും വർക്ക്‌ഷോപ്പുകളും
വിദഗ്ധരായ സംരംഭകരും പരിശീലകരും സ്ഥാപനങ്ങളുടെ നേതൃത്വത്തിലുള്ളവരും തങ്ങളുടെ ആശയങ്ങൾ പങ്കുവെക്കാൻ വെബിനാറുകൾ, പോഡ്കാസ്റ്റുകൾ, ലേഖനങ്ങൾ, ഇന്റർവ്യൂ കൾ എന്നിവ ചെയ്യാറുണ്ട് അവനവന്റെ തൊഴിൽ മേഖലയുമായി ബന്ധപ്പെട്ട വിദഗ്ധരെ കേൾക്കുക, വായിക്കുക, വർക്ക്‌ഷോപ്പുകൾ അറ്റൻഡ് ചെയുക, അറിവുണ്ടാക്കുക എന്നിവയെല്ലാം ജീവിതത്തിന്റെ ഭാഗമാക്കാവുന്നതാണ്
4. ഉന്നത പഠനം
ഒരു വലിയ കരിയർ മാറ്റം പരിഗണിക്കുന്നുണ്ടെങ്കിൽ, ആ മേഖലയിലെ ബിരുദാനന്തര ബിരുദങ്ങൾ അല്ലെങ്കിൽ വൊക്കേഷണൽ പരിശീലനം പോലുള്ള ഇന്നത കോഴ്‌സുകൾ ചെയ്യുന്നത് കൂടുതൽ അവസരങ്ങൾക്ക് കാരണമാവും
5. നെറ്റ്‌വർക്കിംഗും മെന്റർഷിപ്പും
ലിങ്ക്ഡ് ഇൻ പോലുള്ള പ്ലാറ്റ് ഫോമുകൾ വഴിയോ, നേരിട്ടോ നിങ്ങളുടെ മേഖലയിലെ പ്രൊഫഷണലുകളുടെ ഒരു നെറ്റ്‌വർക്ക് ഉണ്ടാക്കിയെടുക്കുന്നത് വിലപ്പെട്ട ഉൾക്കാഴ്ചകളും മാർഗ്ഗ നിർദേശവും ലഭിക്കാൻ സഹായിക്കും വിദഗ്ധരുടെ മെന്ററിങ്, കോച്ചിങ് എന്നിവയുമെടുക്കാവുന്നതാണ്.
6. കൂടുതൽ സാങ്കേതിക കഴിവുകൾ നേടുക
ഡാറ്റാ അനാലിസിസ്, ക്ലൗഡ് കമ്പ്യൂട്ടിംഗ്, സൈബർ സുരക്ഷ, നിർമിതബുദ്ധി തുടങ്ങിയ മേഖലകളിലെ അറിവും പ്രയോഗവും ഏത് തൊഴിൽ മേഖലയിലും നിലനിൽക്കാൻ അനിവാര്യമാണ്.
7. ആഗോള കാഴ്ചപ്പാട് ഉണ്ടാക്കുക
ലോകവ്യാപകമായ ബന്ധങ്ങളും സഹകരണങ്ങളും അത്യാവശ്യമായ ഈ കാലത്ത്, വ്യത്യസ്ത ആളുകളെയും സംസ്‌കാരങ്ങളെയും രീതികളെയും ആശയങ്ങളെയും നിയമങ്ങളെയും മനസ്സിലാക്കുകയും പൊരുത്തപ്പെടുകയും ചെയ്യാനുള്ള കഴിവ് വളരെ പ്രധാനപ്പെട്ടതാണ്.
8. നേതൃത്വഗുണങ്ങൾ നേടിയെടുക്കുക
മാറുന്ന സാഹചര്യങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുക, പുതിയ ആശയങ്ങൾ കൊണ്ടുവരുക, അത് പ്രാവർത്തികമാക്കുക, ശരിയായ രീതിയിൽ ആശയവിനിമയം നടത്തുക, തീരുമാനമെടുക്കുക, പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള കഴിവ് നേടുക തുടങ്ങിയവ പുതിയ തൊഴിലിടങ്ങളിൽ വിജയത്തിന് അനിവാര്യമാണ്.അതിവേഗം വളരുന്ന തൊഴിൽ സാഹചര്യങ്ങളിൽ പിടിച്ചുനിൽക്കാനുള്ള സാധ്യതയുടെ താക്കോൽ അവനവന്റെ കയ്യിൽതന്നെയാണ്.
സ്വന്തമായി അപ്‌സ്‌കില്ലിംഗിനും റീസ്‌കില്ലിനുമുള്ള സാധ്യതകൾ കണ്ടെത്തുകയും ഉപയോഗപ്പെടുത്തുകയും ചെയ്താൽ മുന്നോട്ടുള്ള യാത്ര സുഖമമാവും.
Content Highlights: Upskilling and reskilling in career
Published: 27 Jan 2024, 12:30 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented