
എന്തെങ്കിലും ഒരു കോഴ്സ് ചെയ്യണം, ഒരു ജോലിയില്‍ കയറിപ്പറ്റണം, ചെറിയ ചെറിയ പ്രമോഷനുകള്‍ വാങ്ങി റിട്ടയര്‍ ചെയ്യണം.. മുന്‍പൊക്കെ കരിയര്‍ സംബന്ധിച്ച് ഒരു ശരാശരി മലയാളിയുടെ ആഗ്രഹങ്ങള്‍ ഇവിടെ തീര്‍ന്നു. മഴ വരുമ്പോള്‍ തത്കാലത്തേക്ക് കയറി നിന്ന ഷെല്‍ട്ടര്‍ പോലെ കയറിക്കൂടിയ ആദ്യജോലിയില്‍ (പഠിച്ചതോ പാഷനോ പോലുമല്ലാത്ത) അഡ്ജസ്റ്റ് ചെയ്ത് അവിടം കംഫര്‍ട്ട് സോണാക്കി മറ്റാരു ജോലി പോലും നോക്കാതെ റിട്ടയര്‍മെന്റ് വരെ അവിടെത്തന്നെ ഇരുന്ന് തീര്‍ത്തവര്‍...
ഇന്ന് കഥ മാറി, ഒറ്റ ജോലിയില്‍ ജീവിതം തീര്‍ക്കുന്നവരല്ല ഇന്നത്തെ യുവത. പഴയകാലം പോലെ നടപ്പില്ലെന്ന് പറയാന്‍ കാരണങ്ങളും പലതുണ്ട്. നാലോ അഞ്ചോ വര്‍ഷമുള്ള കോഴ്‌സ് പഠിച്ചിറങ്ങുമ്പോഴേക്ക് അതിന്റെ പ്രസക്തിയേ നഷട്‌പ്പെട്ടു കാണും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പോലുള്ള ടെക്നോളജിയുടെ കടന്നുകയറ്റം ജോലിയിലെ മാറ്റത്തിന്റെ വേഗം വര്‍ധിപ്പിച്ചിരിക്കുന്നു. ഇന്നുള്ള ജോലി നാളെ ഉണ്ടാവണമെന്നില്ല. എങ്ങനെയെങ്കിലുമൊക്കെ ജീവിച്ചു പോവുക എന്നതില്‍നിന്ന് നന്നായി അടിച്ചു പൊളിച്ച് ജീവിക്കാനാഗ്രഹിക്കുന്നവരാണ് ഭൂരിഭാഗവും. അതിന് ശമ്പളം, ആനുകൂല്യങ്ങള്‍ എന്നിവയ്ക്കനുസൃതമായി ലോകത്തെവിടെ ജോലി ചെയ്യാനും ഇന്ന് ആര്‍ക്കും മടിയില്ല.
ഒരു ജോലി നേടി ഒരേ ട്രാക്കില്‍ മുന്നോട്ടുപോകുന്ന പരമ്പരാഗത രീതിയെ നമുക്ക് കരിയര്‍ ലാഡര്‍(ഗോവണി) എന്ന് വിളിക്കാം. ഒരു ഗോവണി സംവിധാനത്തിലൂടെ കരിയര്‍ മുന്നോട്ട് കൊണ്ടുപോകുമ്പോള്‍ അവസരങ്ങളും സാധ്യതകളും കുറവാണ്. മുകളിലുള്ളവരെ തട്ടി നമ്മുടെ ലക്ഷ്യത്തിലേക്കുള്ള യാത്രയുടെ വേഗം നഷ്ടപ്പെട്ടേക്കാം. എന്നാല്‍, കരിയര്‍ ലാഡറിന് വിപരീതമാണ് 'കരിയര്‍ ജംഗിള്‍ ജിം' രീതി. ഫേസ്ബുക്ക് സി.ഇ.ഒ ആയ ഷെറില്‍ സാന്‍ബര്‍ഗ് ആണ് ഈ ആശയം ലോകത്തിനു മുന്നില്‍ പരിചയപ്പെടുത്തുന്നത്.
ഗോവണി വഴി മുകളിലെത്താന്‍ ഒറ്റ വഴി, പക്ഷേ ജംഗിള്‍ ജിമ്മില്‍ പലവഴി
പാര്‍ക്കുകളില്‍ കുട്ടികള്‍ക്ക് കളിക്കാന്‍ വേണ്ടി തയ്യാറാക്കിയിട്ടുള്ള 'ജംഗിള്‍ ജിം' ശ്രദ്ധിച്ചിട്ടുണ്ടോ? കുട്ടികള്‍ക്ക് അതില്‍ കയറി മുകളിലേക്കോ, താഴേക്കോ വലത്തോട്ടോ ഇടത്തോട്ടോ എങ്ങോട്ടാണോ അവര്‍ക്ക് മൂവ് ചെയ്യാന്‍ ഇഷ്ടം ആ ദിശയിലേക്ക് സഹസികമായി സഞ്ചരിക്കാന്‍ ജംഗിള്‍ ജിമ്മില്‍ കളിക്കുമ്പോള്‍ കഴിയും. കരിയര്‍ ജംഗിള്‍ ജിമ്മും ഇങ്ങനെയാണ്, ഒരേ ദിശയില്‍ തന്നെ ഒരുപാട് കാലം തുടരാതെ ഓരോരുത്തരുടെയും കഴിവും താല്പര്യവും ലക്ഷ്യവും മനസ്സിലാക്കി പുതിയ പുതിയ അവസരങ്ങള്‍ തേടി സഞ്ചരിക്കുന്നതിനെ 'കരിയര്‍ ജംഗിള്‍ ജിം' എന്ന് പറയാം. അതായത് ഗോവണിയിലൂടെ മുകളിലെത്താന്‍ ഒറ്റ മാര്‍ഗ്ഗമേയുള്ളൂ എന്നാല്‍, ഒരു ജംഗിള്‍ ജിമ്മിലൂടെ ലക്ഷ്യത്തിലെത്താന്‍ ഒരുപാട് മാര്‍ഗങ്ങളുണ്ട്.
എല്ലാവര്‍ക്കും ഒരുപാട് കഴിവുകളുണ്ടാകും. ഓരോരുത്തരെയും മറ്റുള്ളവരില്‍നിന്ന് വ്യത്യസ്തമാക്കുന്നതും ആ കഴിവുകളാണ്. അവ പലപ്പോഴും തിരിച്ചറിയാന്‍ നമുക്ക് കഴിയാറില്ല. ഫലമോ, മറ്റേതെങ്കിലും മേഖലയില്‍ ഇഷ്ടമില്ലാത്ത ജോലി കഷ്ടപ്പെട്ട് ഇഷ്ടപ്പെട്ട് ജീവിതം തീര്‍ക്കേണ്ടി വരുന്നു. സമ്മര്‍ദവും നിരാശയും ഇക്കൂട്ടരെ വിടാതെ പിന്തുടരുകയും ചെയ്യും. വീട്ടിലെ പൈപ്പ് പൊട്ടി ചോര്‍ച്ച സംഭവിച്ചെന്ന് കരുതുക. പ്ലംബിങ് ചെയ്തു ശീലമില്ലാത്ത അല്ലെങ്കില്‍, പ്രസ്തുത സ്‌കില്‍ ഇല്ലാത്ത നിങ്ങള്‍ നിവൃത്തികേടുകൊണ്ട് ആ ജോലിയേറ്റെടുത്താല്‍ എന്തായിരിക്കും അവസ്ഥ? ശരിയാക്കാന്‍ നല്ല പ്രയത്‌നം തന്നെ വേണ്ടിവരും, ശരിയാക്കിയാല്‍ തന്നെ അത് പെര്‍ഫെക്റ്റ് ആയിക്കൊള്ളണമെന്നുമില്ല. ശരീരമാകെ വൃത്തികേടാവുകയും ചെയ്യും. എന്നാല്‍, വിദഗ്ധനായ ഒരു പ്ലംബര്‍ എത്ര അനായാസമായിട്ടായിരിക്കും അതെല്ലാം കൈകാര്യം ചെയ്യുക!
പലരും പഠനമെല്ലാം കഴിഞ്ഞ് ജോലിയില്‍ പ്രവേശിച്ചു കുറച്ചു കാലം പിന്നിടുമ്പോഴാണ് ഇതെനിക്കു പറ്റിയ മേഖലയല്ലെന്നു തിരിച്ചറിയുക. അപ്പോഴേക്കും ഒരു തിരിച്ചുപോക്ക് സാധ്യമല്ലാതായി തീര്‍ന്നിരിക്കും. വളരെ കഷ്ടപ്പെട്ട് ആ ജോലി തന്നെ ചെയ്യും. വിരസതയോടെ ജീവിതം ജീവിച്ചു തീര്‍ക്കുകയും ചെയ്യും. എന്നാല്‍ കഴിവും താത്പര്യവും തിരിച്ചറിഞ്ഞ് ആ മേഖല കരിയറാക്കി മുന്നോട്ട് നീങ്ങുന്നവര്‍ക്ക് എത്ര അനായാസ മായിരിക്കും യാത്ര! ഈ യാത്രയാണ് കരിയര്‍ ജംഗിള്‍ ജിമ്മില്‍ നടത്തുന്നത്.
കരിയര്‍ ജംഗിള്‍ ജിമ്മിന് തയ്യാറാവുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:
1.അവസരങ്ങള്‍ തേടിവരില്ല, കണ്ടെത്തണം
കരിയര്‍ ജംഗിള്‍ ജിം അത്ര എളുപ്പമല്ലെന്ന് ആദ്യമേ പറയട്ടെ. ഒരുപാട് പരീക്ഷണങ്ങളും അലച്ചിലുകളും പല ജോലികള്‍ കയറിയിറങ്ങിയും വേണം ലക്ഷ്യത്തിലെത്താന്‍. അതില്‍ തെറ്റിപ്പോയ തീരുമാനങ്ങളുണ്ടാകാം, U ടേണുകളുണ്ടാകാം, അപ്രതീക്ഷിത ജയപരാജയങ്ങളുമുണ്ടാകാം. അത് സ്വാഭാവികമാണെന്ന് മനസിലാക്കി കുറഞ്ഞ സമയത്തിനകം ലക്ഷ്യത്തിലെത്താന്‍ സാധിക്കുന്നവര്‍ക്കാണ് വിജയം. അതായത് ഒരേസമയം റിസ്‌കെടുക്കാനും അവസരങ്ങള്‍ തേടിപ്പിടിക്കാനുമുള്ള മനസുണ്ടാകണം. അത് വേഗത്തിലാക്കാന്‍ ഈ ചോദ്യങ്ങള്‍ സ്വയം ചോദിക്കണം;
- എന്തെല്ലാം കാര്യങ്ങള്‍ ചെയ്യുമ്പോഴാണ് നിങ്ങള്‍ സന്തുഷ്ടനാവുന്നത്?
- ഈ ലോകത്തിന് എന്ത് നല്‍കാനാണ് നിങ്ങള്‍ താത്പര്യപ്പെടുന്നത്?
- പാഷനും തൊഴിലും എങ്ങനെ സംയോജിപ്പിക്കാനാവും?
- പാഷന്‍ എങ്ങനെ പ്രൊഫഷനാക്കാന്‍ കഴിയും?
ഒരു കോച്ചിന്റെയോ മെന്ററുടെയോ കണ്‍സള്‍ട്ടന്റിന്റെയോ കരിയര്‍ വിദഗ്ധന്റെയോ കൗണ്‍സിലറുടെയോ ഒക്കെ സഹായത്തോടെ നമ്മുടെ യഥാര്‍ത്ഥ മേഖല കുറച്ചുകൂടെ വേഗത്തില്‍ എക്സ്പ്ലോര്‍ ചെയ്യാനും അവയിലേക്ക് മാറി സഞ്ചരിക്കാനും കഴിയും.
2. റിസ്‌ക്കുകള്‍ എടുക്കാന്‍ തയ്യാറാവുക
ഇന്ന് നമ്മുടെ സാമൂഹിക അന്തരീക്ഷത്തില്‍ ഒരാളെ വിലയിരുത്തുന്നത് തന്നെ അവര്‍ ചെയ്യുന്ന ജോലി അനുസരിച്ചാണ്. പ്രത്യേകിച്ച് സ്ഥിരതയുള്ള ജോലി, സര്‍ക്കാര്‍ ജോലി, പ്രൈവറ്റ് ജോലി.... ആ ജോലി ഒരാളുടെ പാഷന്‍ ആണോ അദ്ദേഹം ജോലിയില്‍ സന്തുഷ്ടനാണോ എന്നതൊന്നും ആരും അന്വേഷിക്കാന്‍ സാധ്യതയില്ല. അതുകൊണ്ടുതന്നെ നിലവിലുള്ള ജോലി വിടുന്നത് ഒരു വലിയ സാഹസം തന്നെയാണ്, ആ സാഹസത്തിന് തയ്യാറാവുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. നിലവിലുള്ള തൊഴില്‍ മേഖലയില്‍നിന്നു മാറി ചിന്തിക്കാനും സ്വപ്നങ്ങള്‍ക്ക് പുറകെ യാത്ര ചെയ്യാനും ആ റിസ്‌ക് ഏറ്റെടുക്കണ്ടാതായുണ്ട്, സാമ്പത്തിക, സാമൂഹിക അരക്ഷിതാവസ്ഥകളെല്ലാം ഉള്‍പ്പെട
3. വീഴ്ചകള്‍ക്കും തയ്യാറെടുക്കാം
കരിയര്‍ ജംഗിള്‍ ജിമ്മില്‍ ഉയര്‍ച്ചകളെ പോലെതന്നെ വീഴ്ചകള്‍ക്കും സാധ്യത വളരെ കൂടുതലാണ്. വഴിയില്‍ വരാന്‍ സാധ്യതയുള്ള താഴ്ചകള്‍ക്കും വീഴ്ചകള്‍ക്കും കൂടി തയ്യാറെടുക്കുക എന്നതാണ് ഇതിന്റെ ഭാഗമായി ചെയ്യേണ്ടത്. വീഴ്ചകളില്‍നിന്ന് പാഠം പഠിക്കാനും പൂര്‍വാധികം ശക്തിയോടെ തിരിച്ചുവരാനും മുന്നോട്ടുപോകാനുമുള്ള നൈസർഗികമായ കഴിവ് ഉണ്ടാക്കിയെടുക്കേണ്ടത് അത്യാവശ്യമാണ്. ജോലികളില്‍ പലപ്പോഴും ഒരു രണ്ടാം ചാന്‍സിന് സാധ്യതയുണ്ട് ആ ചാന്‍സുകളെ പരമാവധി ഉപയോഗപ്പെടുത്തുക.
4. പുതിയ കാര്യങ്ങള്‍ പഠിക്കാന്‍ തയ്യാറാവുക
ഒരു ജോലി നേടുന്നതുവരെ പലപ്പോഴും പഠിച്ചിട്ടുണ്ടാവുക വീട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങിയായിരിക്കും. സ്വന്തമായി പഠിക്കാന്‍ പഠിക്കുക എന്നത് ഈ കാലത്ത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ് ഒരു മേഖലയില്‍നിന്നു മാറി ഇഷ്ടപ്പെട്ട പുതിയ ഒരു മേഖലയിലേക്ക് മാറുമ്പോള്‍ ഒരുപാട് പുതിയ കാര്യങ്ങള്‍ പഠിക്കേണ്ടതുണ്ട്. പുതിയ കാര്യങ്ങള്‍ പഠിക്കാനും സര്‍ട്ടിഫിക്കേഷനുകള്‍ നേടാനും കഴിവുകള്‍ ആര്‍ജിക്കാനും ഒരുപാട് അവസരങ്ങള്‍ ഉണ്ട്. അത് നേരിട്ടുള്ള കോഴ്സുകള്‍, പുസ്തകങ്ങള്‍, ഓണ്‍ലൈന്‍ കോഴ്സുകള്‍, ഓഫ് ലൈന്‍ കോഴ്സുകള്‍, ശില്‍പശാലകള്‍, വെബിനാറുകള്‍, അനുഭവങ്ങള്‍ തുടങ്ങി ഏതു രീതിയിലൂടെയുമാവം.
5. കഴിവുകള്‍ നേടുക
ഏതൊരു കോഴ്‌സ് പഠിച്ചിറങ്ങിയാലും 21-ാം നൂറ്റാണ്ടില്‍ ജീവിക്കാന്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ട ചില കഴിവുകളുണ്ട്. നന്നായി ആശയവിനിമയം നടത്തുക, വിമര്‍ശനാത്മക ചിന്തയുണ്ടാവുക, സര്‍ഗാത്മകത, പ്രശ്നപരിഹാര ശേഷി, മറ്റുള്ളവരുമായി ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കാനുള്ള കഴിവ്, ഏതു സാഹചര്യത്തിനോടും പൊരുത്തപ്പെടാനുള്ള കഴിവ്, സാങ്കേതിക സാക്ഷരത തുടങ്ങിയ കഴിവുകള്‍ ഉണ്ടാവുക എന്നത് വിദ്യാഭ്യാസ യോഗ്യത പോലെ തന്നെ പ്രധാനപ്പെട്ട കാര്യമാണ്. ഏത് ജോലിയിലേക്ക് പോകുമ്പോഴും ആ ജോലി ചെയ്യാന്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ട ഹാര്‍ഡ് സ്‌കില്‍ ഉണ്ടാക്കിയെടുക്കേണ്ടതുമുണ്ട്.
തൊഴിലുടമയെ ഇതെങ്ങനെ ബാധിക്കും?
ഓരോ ജോലിയില്‍നിന്നും വളരെ വേഗം മാറണമെന്നല്ല കരിയര്‍ ജംഗിള്‍ ജിമ്മിലൂടെ ഉദ്ദേശിക്കുന്നത്, ആളുകള്‍ അവരുടെ ലക്ഷ്യത്തിനനുസരിച്ചു കഴിവുകള്‍ ആര്‍ജ്ജിച്ചു തൊഴില്‍ മാറിപ്പോകുമ്പോള്‍ ഓരോ സംരംഭത്തിലേക്കും അവിടുത്തെ ജോലി ഭംഗിയായി ചെയ്യാനും വെല്ലുവിളികള്‍ ഏറ്റെടുക്കാനും കഴിയുന്ന സെല്‍ഫ് മോട്ടിവേറ്റഡ് ആയ ആളുകള്‍ എത്തിച്ചേരും എന്നതാണ് സത്യം. അത് സ്ഥാപനത്തിന്റെ ലക്ഷ്യങ്ങളും തൊഴിലാളികളുടെ ലക്ഷ്യങ്ങളും ഒത്തൊരുമിച്ചു പോകാന്‍ കഴിയുന്ന ഒരു തൊഴില്‍ സംസ്‌കാരം സൃഷ്ടിക്കാന്‍ കാരണമാവും. ലോകപ്രശസ്തരായ പലരും ഒരു മേഖലയില്‍ തുടങ്ങി കരിയര്‍ ജംഗിള്‍ ജിമ്മിലൂടെ അവരുടെ ഇന്നത്തെ നിലയില്‍ എത്തിച്ചേര്‍ന്നവരാണ്. എലോണ്‍ മസ്‌ക്, ഓപ്റ വിന്‍ഫ്രേ, സ്റ്റീവ് ജോബ്സ്, ഏഞ്ചല മാര്‍ക്കെല്‍ തുടങ്ങി നിരവധി ഉദാഹരണങ്ങളുണ്ട്.
കരിയര്‍ ജംഗിള്‍ ജിമ്മിലൂടെ ഓരോരുത്തര്‍ക്കും അവരവരുടെ കഴിവും അഭിരുചിയും താല്പര്യവുമനുസരിച്ച് ഏറ്റവും നന്നായി ജോലി ചെയ്യാനാവുന്ന മേഖലകള്‍ കണ്ടെത്തിക്കഴിഞ്ഞാല്‍ ജോലിയിലൂടെ കേവലം പണമുണ്ടാക്കുന്നതിലുപരി ആസ്വദിച്ചു ജോലി ചെയ്യാനും ജീവിക്കാനും കഴിയുമെന്നത് തീര്‍ച്ചയാണ്, അവരവരുടേതായ വലിയ ലോകങ്ങള്‍ നിര്‍മ്മിക്കാന്‍ അതവരെ സഹായിക്കും.
Content Highlights: career jungle gym, career ladder, job, job change, career goals, career tips
Published: 30 Sept 2023, 12:00 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented