ഓരോരുത്തരും ഏറ്റവും കൂടുതൽ സമയം സജീവമായി ചെലവഴിക്കുന്നത് ജോലിസ്ഥലത്തായിരിക്കും, സ്വന്തം വീട്ടിൽ പോലും അത്രമാത്രം സമയം  ചെലവഴിക്കാൻ കഴിയണമെന്നില്ല. അതുകൊണ്ടുതന്നെ ജോലി ചെയ്യുന്ന സ്ഥാപനവുമായും സഹപ്രവർത്തകരുമായുമുള്ള  ബന്ധങ്ങൾ സംതൃപ്തമായ ജീവിതത്തിന് ഒരു മുതൽക്കൂട്ടാണെന്നതിൽ സംശയമില്ല. സഹപ്രവർത്തകരുമായുള്ള ഇടപഴകലുകളുടെ രീതികളാണ്  തൊഴിൽസ്ഥലത്തെ ബന്ധങ്ങൾ നിർണയിക്കുന്നത്. നിങ്ങളുടെ   സൗഹൃദം, പരസ്പര ബഹുമാനം, ഒരുമിച്ച് ജോലികൾ പൂർത്തിയാക്കാനുള്ള കഴിവ് എന്നിവ ഉപയോഗിച്ച് ബന്ധം എത്ര "നല്ലതാണ്" എന്ന് സ്വയം തന്നെ വിലയിരുത്താൻ കഴിയും. ഒരു സ്ഥാപനത്തിൽ ജോലിചെയ്യുന്നവരെല്ലാം ഒരു 'ടീം' ആയി മാറുകയും ആ ടീമുമായി നല്ല ബന്ധവുമുണ്ടെങ്കിൽ  ജോലിസ്ഥലത്തേക്ക് പോകാനും അവിടെ സമയം ചെലവഴിക്കാനും ഒന്നുകൂടെ ആവേശമുണ്ടാകും. അത് ജോലിയിലെ കാര്യക്ഷമതയും വർധിപ്പിക്കും.

To advertise here,

തൊഴിലിടത്തിൽ പ്രധാനപ്പെട്ട ബന്ധങ്ങൾ എന്തൊക്കെയാണ്?

ഒരു സ്ഥാപനത്തിലെ അംഗങ്ങൾ തമ്മിലുള്ള പരസ്പര ബന്ധവും വിശ്വാസവും ആ സ്ഥാപനത്തിന്റെയും ജോലി ചെയ്യുന്നവരുടെയും വളർച്ചക്കും വിജയത്തിനും കാരണമാവുന്നത് സൂചിപ്പിക്കുന്ന നിരവധി പഠനങ്ങൾ നടന്നിട്ടുണ്ട്. തൊഴിലാളികളും അവർ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ സ്ഥാപകരും തമ്മിലുള്ള പരസ്പര വിശ്വാസം കൂടുതലുള്ള കമ്പനികൾ മറ്റ് കമ്പനികളെക്കാൾ സാമ്പത്തിക പുരോഗതിയുണ്ടാക്കിയതായി 2016 ഇൽ ഹാർവാർഡ് ബിസിനസ് റിവ്യൂ (Harvard Business Review) വിവിധ പഠനങ്ങളെ ആസ്പദമാക്കി പ്രസിദ്ധീകരിച്ച ലേഖനത്തിൽ പറയുന്നുണ്ട്.
(https://hbr.org/2016/07/the-connection-between-employee-trust-and-financial-performance)

ഓരോ തൊഴിലിടത്തിലും നിർബന്ധമായും പരിപോഷിപ്പിക്കേണ്ട ചില ബന്ധങ്ങളുണ്ട്. അത് താഴെ പറയന്നവയാണ്

  • സ്വന്തത്തോടുള്ള ബന്ധം

സ്വന്തത്തോട് നല്ല ബന്ധമുണ്ടെങ്കിൽ മാത്രമേ മറ്റുള്ളവരുമായി നല്ല ബന്ധങ്ങൾ വികസിപ്പിക്കാൻ കഴിയുകയുള്ളൂ. അതിന്റെ ഏറ്റവും നല്ല മാർഗമാണ് സ്വയം പരിപാലനം.തിരക്ക് പിടിച്ച  ജോലിക്ക് പുറമെ സ്വന്തത്തിന് വേണ്ടിയും സമയം കണ്ടെത്തുക, സ്വന്തം കഴിവുകൾ കണ്ടെത്തുക, പരിപോഷിപ്പിക്കുക, മാനസികപ്രയാസങ്ങൾ ഷെയർ ചെയ്യാവുന്ന ബന്ധങ്ങളുണ്ടാവുക, ശാരീരിക, മാനസികാരോഗ്യം നിലനിർത്താനുള്ള കാര്യങ്ങൾ ചയ്യുക, ഏതൊക്കെ മാനസികാവസ്ഥകളാണ് നിങ്ങളെ വേഗത്തിൽ തളർത്തുന്നതെന്ന് തിരിച്ചറിയുക എന്നിവയെല്ലാം സ്വന്തവുമായുള്ള നല്ല ബന്ധത്തിൽ പ്രധാനപ്പെട്ടതാണ്. സ്വയം മാനേജ് ചെയ്യാനാവാത്ത ബുദ്ധിമുട്ടും പ്രയാസങ്ങളുമുണ്ടെങ്കിൽ  വിദഗ്ധ സഹായം തേടേണ്ടതുമുണ്ട് .

  • സ്ഥാപനവുമായുള്ള ബന്ധം

ഓരോ സ്ഥാപനത്തിനും അവരുടേതായ മൂല്യങ്ങളും ലക്ഷ്യങ്ങളുമുണ്ടായിരിക്കും. നിങ്ങൾ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ മൂല്യങ്ങളും ലക്ഷ്യങ്ങളും മനസ്സിലാക്കുകയും അവ ഉൾക്കൊള്ളുകയും ചെയ്യുക. അതുമായി ഒത്തുപോകാത്ത സ്ഥാപനം തന്റെ പ്രവർത്തന മേഖലയല്ലെന്ന് മനസ്സിലാക്കുക. സ്ഥാപനത്തിന്റെ ലക്ഷ്യങ്ങളോട്  ബന്ധപ്പെട്ടുകൊണ്ടുള്ള വ്യക്തിഗദ ലക്ഷ്യങ്ങൾ കൂടെയുണ്ടാകുമ്പോൾ സ്ഥാപനത്തിന്റെ കൂടെ സ്വയം വളരാനുമാകുന്നു. അതുവഴി നിങ്ങളുടെ പ്രവർത്തനങ്ങളിലൂടെയും പെരുമാറ്റത്തിലൂടെയും ആ സ്ഥാപനത്തിന്റെ മൂല്യങ്ങളെ പ്രതിഫലിപ്പിക്കുകയും, സ്ഥാപനവുമായും അതിന്റെ സ്ഥാപകരുമായുമുള്ള മാനസിക ബന്ധം ശക്തമാകുകയും ചെയ്യുന്നു.

  • മേലുദ്യോഗസ്ഥരുമായുള്ള ബന്ധം

ജോലിസ്ഥലത്ത് ഓരോരുത്തർക്കും നിർബന്ധമായും ആരോഗ്യകരമായ ബന്ധമുണ്ടായിരിക്കേണ്ടത് അവരുടെ നേരിട്ടുള്ള മേധാവിയുമായിട്ടാണ്. അത് തന്റെ പോസ്റ്റിനു മുകളിലുള്ളവരോ തന്റെ ജോലിക്ക് മേൽനോട്ടം വഹിക്കുന്ന മാനേജറോ ഡയറക്ടറോ മറ്റു സ്ഥാനങ്ങളിലിരിക്കുന്നവരോ ആകാം. ആ സ്ഥാനങ്ങളിലുള്ളവരുമായി   വിശ്വാസം കെട്ടിപ്പടുക്കുകയും അവശ്യ സമയങ്ങളിൽ പിന്തുണ തേടുകയും ചെയ്യേണ്ടതുണ്ട്.

  • സഹപ്രവർത്തകരുമായുള്ള ബന്ധം:

സഹപ്രവർത്തകർ എപ്പോഴും നിങ്ങളുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളായിരിക്കണമെന്നില്ല. എന്നാൽ അവർ ജോലിസ്ഥലത്ത് നിങ്ങളുടെ കൂടെ വിജയത്തിന് സഹായിക്കുന്ന വ്യത്യസ്തമായ കഴിവുള്ള വ്യക്തികളുടെ ഒരു കൂട്ടമാണ്. നിങ്ങളുടെ ജോലി എത്രമാത്രം ആസ്വദിച്ചു ചെയ്യുന്നു എന്നത് നിങ്ങളുടെ കൂടെ ജോലി ചെയ്യുന്ന ടീം അംഗങ്ങളുമായുള്ള ബന്ധം പോലിരിക്കും. അവർ തമ്മിലുള്ള ബന്ധത്തിന്റെ ആകെത്തുകയാണ് അവിടെയുണ്ടാകുന്ന തൊഴിൽ അന്തരീക്ഷത്തിന്റെ ഗതി നിർണയിക്കുന്നത്.

  • ഉപഭോക്താക്കളുമായുള്ള ബന്ധം:

ഏതൊരു ബിസിനസ്സിനും അതിന്റെ ഉപഭോക്താക്കളുമായുള്ള ബന്ധം വളരെ പ്രധാനപ്പെട്ടതാണ്. അവരുടെ പിന്തുണയില്ലാതെ ബിസിനസ്സ് നിലനിൽക്കില്ല. നിങ്ങൾ ഉപഭോക്താക്കളുമായി നേരിട്ട് ബന്ധപ്പെടുന്ന സ്ഥാനങ്ങളിലാണെങ്കിൽ അവരുമായി നല്ല ബന്ധം കത്തു സൂക്ഷിക്കേണ്ടതുണ്ട്. അതിന് കഴിയാത്ത അവസ്ഥയിൽ മേലുദ്യോഗസ്ഥരുടെ പിന്തുണ തേടാവുന്നതാണ്.

തൊഴിൽ ബന്ധങ്ങൾ നല്ല രീതിയിലാണോ മുന്നോട്ട് പോകുന്നത് എന്ന് മനസ്സിലാക്കൻ ചില കാര്യങ്ങൾ ശ്രദ്ധിക്കാം 

1. നിങ്ങൾക്കും നിങ്ങളുടെ സഹപ്രവർത്തകർക്കും പരസ്പരം വിശ്വാസമുണ്ട്.
2. ടീമിലെ എല്ലാവരും പരസ്പരം ബഹുമാനിക്കുന്നു.
3. ടീമിലെ എല്ലാവരും തീരുമാനമെടുക്കലിൽ പങ്കാളിയാവുന്നു.
4. എല്ലാവരും  പരസ്പരം സത്യസന്ധവും തുറന്നതുമായ ആശയവിനിമയം നടത്തുന്നു.

ഈ രീതിയിലുള്ള ഒരു തൊഴിലന്തരീക്ഷം രൂപപ്പെടാൻ മനഃപൂർവം അറിഞ്ഞുതന്നെ പ്രവർത്തിക്കേണ്ടതുണ്ട്. അതിനു വേണ്ട കുറച്ചു കാര്യങ്ങൾ പരിചയപ്പെടാം.

1. സഹപ്രവർത്തകരെ അറിയുക 

നിങ്ങളുടെ ടീമംഗങ്ങളുമായി ജോലി കഴിഞ്ഞാൽ പോലും ഒരുമിച്ചിരിക്കാൻ നിങ്ങൾ ഇഷ്ടപ്പെടുന്നുണ്ടോ  ഒഴിവു സമയങ്ങൾ സന്തോഷകരമായ രീതിയിൽ ചെലവഴിക്കാറുണ്ടോ വളരെ കഠിനമായ തിരക്ക് പിടിച്ച സമയങ്ങളിൽ ഒരുമിച്ച് ജോലി ചെയ്യുന്നത്  ആസ്വദിക്കുന്നുണ്ടോ എന്നിവയെല്ലാം  സഹപ്രവർത്തകരുമായുള്ള ബന്ധത്തിന്റെ അളവുകോലുകളാണ്. ഒരുമിച്ചു ജോലി ചെയ്യുന്നയാളുകൾ തമ്മിൽ പരസ്പര സഹകരണത്തിന്റെ സാധ്യതകൾ നിരവധിയാണ്. ഒരോ വ്യക്തികളും വ്യത്യസ്ഥരായ കഴിവുകളുള്ളവരായതുകൊണ്ടുതന്നെ പല മേഖലകളിലും 
നിങ്ങൾക്ക് സഹപ്രവർത്തകരെ സഹായിക്കാനും സഹപ്രവർത്തകർക്ക് നിങ്ങളെ സഹായിക്കാൻ കഴിയുന്ന മേഖലകളിൽ സഹായം ആവശ്യപ്പെടുകയും ചെയ്യാം. അതിന് ഓരോരുത്തരും അവനവന്റെയും സ്വന്തം ടീമിന്റെയും ശക്തികളും ബലഹീനതകളും മനസ്സിലാക്കേണ്ടതുണ്ട്. പരസ്പരം വിശ്വാസമുണ്ടാവേണ്ടതുമുണ്ട്.

2. മറ്റുള്ളവരെ കേൾക്കുക

ശരിയായ രീതിയിലുള്ള  ആശയവിനിമയം നല്ല ബന്ധങ്ങൾ കെട്ടിപ്പടുക്കുന്നതിന്റെ അടിസ്ഥാനമാണ് . അതിന്റെ ഏറ്റവും നല്ല മാർഗമാണ് സഹപ്രവർത്തകരെ കേൾക്കുക എന്നത്. ജോലിസ്ഥലത്തിലെ കാര്യക്ഷമമായ  ബന്ധങ്ങൾക്ക് വ്യക്തവും സ്ഥിരവും ആത്മാർഥവും തുറന്നതുമായ ആശയവിനിമയം ആവശ്യമാണ്. വിശ്വാസത്തിന്റെ മുഖ്യഘടകമാണ് ഇത്. ഈ വിശ്വാസമില്ലെങ്കിൽ  ബന്ധങ്ങൾ തകർന്നേക്കാം. ഒരാൾ അനുഭവിക്കുന്ന വിഷമങ്ങൾ മറ്റൊരാളോട് പറയാൻ കഴിയുന്നില്ലെങ്കിൽ അവർക്ക് യഥാർഥ ബന്ധം സ്ഥാപിക്കാൻ പ്രയാസമായിരിക്കും . സഹപ്രവർത്തകർ  പറയുന്നത് സജീവമായി കേൾക്കുകയും അനുയോജ്യമായ രീതിയിൽ പ്രതികരിക്കുകയും ചെയ്യുമ്പോൾ ദൃഢമായ പരസ്പരബന്ധത്തിന്റെ അടിത്തറയുണ്ടാക്കാൻ കഴിയും. അതുവഴി മികച്ച തൊഴിൽ ബന്ധങ്ങൾ കെട്ടിപ്പടുക്കാൻ കഴിയും.

3. പരസ്പര ബഹുമാനം നിലനിർത്തുക

ഏത് സ്ഥാനങ്ങളിൽ ജോലി ചെയ്യുന്നവരാണെങ്കിലും പരസ്പര ബഹുമാനം ഉണ്ടാവുക എന്നത് നല്ല ബന്ധങ്ങളുടെ അടിസ്ഥാനമാണ്. എല്ലാ സഹപ്രവർത്തകരെയും അവരുടെ വ്യക്തിപരമായ സവിശേഷതകളെയും  അംഗീകരിക്കുക സഹപ്രവർത്തകരുടെ അഭിപ്രായങ്ങളെ വിലമതിക്കുക അവരുടെ അഭിപ്രായങ്ങൾ പരിഗണിക്കുകയും അവരുടെ സംഭാവനകൾക്ക് പരിഗണനയും അംഗീകാരം നൽകുകയും ചെയ്യേണ്ടതുണ്ട്.

4. സ്വന്തം കടമകൾ നിർവഹിക്കുക.

പലപ്പോഴും മറ്റുള്ളവരുടെ ദൗത്യങ്ങൾ പൂർത്തീകരിച്ചോ അവർ സമയത്തിന് ജോലി ചെയ്യുന്നുണ്ടോ എന്നൊക്കെയാവും സാധാരണ ശ്രദ്ധിക്കുന്നത്. എന്നാൽ അതിനു മുൻപേ സ്വയം പൂർത്തീകരിക്കേണ്ടതായുള്ള കടമ്പകൾ സമയബന്ധിതമായി പൂർത്തീകരിക്കുക എന്നത് പ്രധാനമാണ് . സ്വന്തം ടൈം ലൈൻ ഭംഗിയായി മാനേജ് ചെയ്യുമ്പോഴാണ് മറ്റുള്ളവരുടെ ദൗത്യങ്ങൾ സമയത്തിന് ചെയ്യുന്നുണ്ടെന്ന് ഉറപ്പ് വരുത്താനാവുന്നത്. ടീമംഗങ്ങൾക്കിടയിൽ വിശ്വാസ്യതയുണ്ടാക്കാൻ ഇത്‌ സഹായിക്കും.

5. സഹപ്രവർത്തകർക്കായി സമയം നീക്കിവയ്ക്കുക.

പലപ്പോഴും ജോലിയിലെ തിരക്കുകൾക്കിടയിൽ സഹപ്രവർത്തകരുമായി ചെലവഴിക്കാൻ സമയമുണ്ടാവണമെന്നില്ല. എന്നാൽ ലഭ്യമായ ഇടവേളകളിൽ ഒരു കപ്പ് കാപ്പി കഴിക്കാൻ സമയം കണ്ടെത്തുന്നത് പോലും പരസ്പര ബന്ധം ശക്തിപ്പെടുത്തും. ഇത്തരം ചെറിയ ഇടവേളകൾ നല്ല തൊഴിൽ ബന്ധങ്ങൾ കെട്ടിപ്പടുക്കാൻ ആവശ്യമായ സമയം നൽകും.

6.ആവശ്യമായ സമയത്ത് സഹായം ചോദിക്കുക.

എല്ലാ കാര്യങ്ങളും ഒറ്റക്ക് ചെയ്യുക എന്നത് ഒരു ഒരു ടീം പ്ലെയറുടെ സവിശേഷതയല്ല, ആവശ്യമായ ഉത്തരവാദിത്തങ്ങൾ വിഭജിച്ച് നൽകുകയും  ആവശ്യ സമയങ്ങളിൽ  സഹായം ആവശ്യപ്പെടേണ്ടതുമുണ്ട്. ടാസ്‌ക്കുകൾ വീതിച്ചുനൽകുകയോ സഹായം ചോദിക്കുകയോ  ചെയ്യുന്നത് പരസ്പര സഹകരണത്തോടെ ജോലി ചെയ്യാൻ സഹായിക്കും.

7. നല്ല കാര്യങ്ങൾ അംഗീകരിക്കുക 

നിങ്ങളുടെ ടീം അംഗങ്ങൾ ചെയ്യുന്ന നല്ല കാര്യങ്ങളെ അഭിനന്ദിക്കുക അവർ ചെയ്യുന്ന ചെറിയ ഉപകാരങ്ങൾക്ക് പോലും നന്ദി പറയുക മറ്റുള്ളവരുടെ നേട്ടങ്ങൾ അംഗീകരിക്കുകയും ആഘോഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക അവരുടെ നേട്ടങ്ങൾക്ക് അഭിനന്ദന മെസ്സേജുകൾ മെയിലുകൾ എന്നിവ ചെയ്യുക എന്നതും പ്രധാനമാണ്. സഹപ്രവർത്തകരുടെ നല്ല പ്രവൃത്തികൾക്കും സഹായങ്ങൾക്കും നന്ദി പ്രകടിപ്പിക്കുന്നത് മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കാനും അവരുടെ പ്രവർത്തനങ്ങൾക്ക് മൂല്യം നൽകാനും സഹായിക്കുന്നു. ഒരു ചെറിയ നന്ദിപറയൽ പോലും വലിയ വ്യത്യാസം ഉണ്ടാക്കും.

8.അതിരുകളുണ്ടാവുക

ഓരോ ബന്ധത്തിനും ആരോഗ്യകരമായ അതിർവരമ്പുകൾ അനിവാര്യമാണ്. സഹപ്രവർത്തകനാണെന്ന് കരുതി ഒരാളുടെ  സ്വകാര്യതയിലേക്ക് കടന്നു ചെല്ലുന്നതും സ്വന്തം സ്വകാര്യതകളെ തുറന്നു വെക്കുന്നതും ആരോഗ്യകരമാവണമെന്നില്ല. നല്ല തൊഴിൽ സൗഹൃദങ്ങൾ കെട്ടിപ്പടുക്കുന്നതിന് ആരോഗ്യകരമായ  അതിരുകൾകൂടെ പ്രധാനമാണ്.

9. പരദൂഷണം ഒഴിവാക്കുക

തൊഴിലിടത്തിലെ പരദൂഷണങ്ങൾ യഥാർഥത്തിൽ പരസ്പര വിശ്വാസം കുറക്കുന്ന  കാര്യമാണ്. ഒരാളുടെ അസാന്നിധ്യത്തിൽ അവരെക്കുറിച്ച് മോശം സംസാരിക്കുക ഒരാൾ കേൾക്കാതെ മറ്റൊരാളോട് കുറ്റം പറയുക എന്നിവയെല്ലാം പരസ്പര ബന്ധവും വിശ്വാസ്യതയും കുറയ്ക്കും. കുറ്റപ്പെടുത്തുകയും മറ്റുള്ളവരോട് പരാതിപ്പെടുന്നതിനും പകരം പരിഹാരങ്ങൾ കണ്ടെത്താൻ ശ്രമിക്കുക. നിങ്ങൾക്ക് തുറന്ന് പറയേണ്ട ഒരു പ്രശ്നം പ്രയാസം വിഷമം എന്നിവയൊക്കെയുണ്ടെങ്കിൽ നേരിട്ട്  തന്നെ സംസാരിക്കുക. ഇത് തുറന്ന ആശയവിനിമയത്തിന് വഴിയൊരുക്കും. മാത്രമല്ല തെറ്റിദ്ധാരണകൾ ഒഴിവാക്കാനും വിശ്വാസം വളർത്താനും സഹായിക്കുന്നു.

ജോലി ചെയ്യുന്ന സ്ഥലത്ത് ഓരോരുത്തരും തമ്മിലുള്ള പരസ്പര ബന്ധങ്ങളിലൂടെയാണ് ആ സ്ഥാപനത്തിന്റെ സംസ്കാരം രൂപം കൊള്ളുന്നത്. നല്ല തൊഴിൽ ബന്ധങ്ങൾ ഓരോരുത്തരുടെയും യഥാർഥ കഴിവുകൾ പ്രകടിപ്പിക്കാനും സഹപ്രവർത്തകരിൽ നിന്നുള്ള  പിന്തുണ ലഭിക്കാനും സ്ഥാപനത്തിന്റെ വളർച്ചക്ക് മുതൽക്കൂട്ടവാനും ജോലിയിലെ സംതൃപ്തി വർധിക്കാനും സഹായിക്കും. ആരോഗ്യകരമായ തൊഴിലന്തരീക്ഷം ആ സ്ഥാപനത്തിന്റെ സന്തോഷകരമായ ഒരു ജോലിസ്ഥലമാക്കാനും, അതുവഴി സ്ഥാപനത്തിനും ജോലിചെയ്യുന്നവർക്ക് വളരാനും സഹായിക്കുന്നു.