ഇന്ത്യയിലെ ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയിൽ മത്സരം കടുക്കുന്നതിനിടെ ബെംഗളൂരു ആസ്ഥാനമായ ഏഥർ എനർജിയിൽ 1,758 കോടി രൂപ (184.01 മില്യൺ ഡോളർ) നിക്ഷേപിക്കാനൊരുങ്ങി ഹീറോ മോട്ടോകോർപ്പ്. ഇതിലൂടെ ഏഥറിലെ ഹീറോയുടെ ഓഹരി പങ്കാളിത്തം 32.8 ശതമാനമായി ഉയർത്തുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

To advertise here,

ഏഥറിന്റെ നിലവിലുള്ള ഒരു ഓഹരി ഉടമയിൽ നിന്ന് കൂടുതൽ ഓഹരികൾ വാങ്ങിയാവും പണമിടപാടിലൂടെ ഹീറോ മോട്ടോകോർപ്പ് 1,758 കോടി രൂപ വരെ നിക്ഷേപിക്കുക. 2026 സെപ്റ്റംബർ 3-നകം ഈ ഇടപാട് പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 29.88 ശതമാനം ആയിരുന്ന ഏഥറിലെ ഓഹരി പങ്കാളിത്തമാണ് ഹീറോ 32.8 ശതമാനമായി ഉയർത്തുന്നത്. കമ്പനിക്ക് ഓഹരി വിൽക്കുന്ന വ്യക്തിയെക്കുറിച്ചുള്ള വിവരങ്ങൾ ഹീറോ മോട്ടോകോർപ്പ് വെളിപ്പെടുത്തിയിട്ടില്ല.

ബെംഗളൂരു ആസ്ഥാനമായുള്ള ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ ഏഥറിന്റെ ഏറ്റവും വലിയ ഓഹരി ഉടമയാണ് ഇരുചക്ര വാഹന രംഗത്തെ വമ്പന്മാരായ ഹീറോ മോട്ടോകോർപ്പ്. പ്രത്യേക മുൻഗണനാ ഓഹരി ഇഷ്യുവിന്റെ ഭാഗമായി ഏഥർ 960 കോടി രൂപയുടെ കൺവേർട്ടബിൾ വാറന്റുകൾ ഹീറോ മോട്ടോകോർപ്പിന് അനുവദിച്ച് ദിവസങ്ങൾക്കകമാണ് ഈ പുതിയ നിക്ഷേപം വരുന്നത്.

ഇന്ത്യയിലെ അതിവേഗം വളരുന്ന ഇലക്ട്രിക് ഇരുചക്ര വാഹനം വിപണിയിൽ സ്വാധീനം ഉറപ്പിക്കാൻ പരമ്പരാഗത വാഹന നിർമ്മാതാക്കളും പുതുതായി രംഗത്തെത്തിയ ഇലക്ട്രിക് വാഹന നിർമ്മാതാക്കളും ശക്തമായ നീക്കങ്ങൾ നടത്തുന്നതിനിടെയാണ് ഹീറോയുടെ നിക്ഷേപ പ്രഖ്യാപനം. ഏഥറിന്റെ ഇലക്ട്രിക് സ്‌കൂട്ടർ വിൽപ്പനയിൽ മികച്ച രീതിയിലുള്ള മുന്നേറ്റം ദൃശ്യമാകുന്നുണ്ട്. റിസ്ത ഫാമിലി സ്‌കൂട്ടറിന്റെ ഡിമാൻഡ് വൻതോതിൽ ഉയർന്നതോടെ മുൻകാലത്ത് നേരിട്ട നഷ്ടം നികത്താൻ കമ്പനിക്ക് കഴിഞ്ഞിരുന്നു.

പുതിയ കമ്പനികൾ ഇന്ത്യയിലെ ഇലക്ട്രിക് വാഹന വിപണിയിൽ ചുവടുറപ്പിക്കാനുള്ള നീക്കങ്ങൾ നടത്തുന്നതിനിടെയാണ് ഏഥറിലൂടെ ഈ രംഗത്ത് ഹീറോ സാന്നിധ്യം ശക്തമാക്കാൻ ശ്രമിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ദീർഘകാലാടിസ്ഥാനത്തിൽ ക്ലീൻ എനർജി പദ്ധതികൾ മുന്നോട്ടു കൊണ്ടുപോകുന്നതിലും ഏഥറിന് സുപ്രധാന പങ്കുള്ളതായി ഹീറോ കണക്കാക്കുന്നു എന്നാണ് വിലയിരുത്തപ്പെടുന്നത്.

ഹീറോ മോട്ടോകോർപ്പിന്റെ കീഴിലുള്ള ഒരു അസോസിയേറ്റ് കമ്പനിയാണ് ഏഥർ. ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളുടെ ഡിസൈൻ, നിർമ്മാണം, വിൽപ്പന, സർവീസ് എന്നിവയിലാണ് കമ്പനി ഏർപ്പെട്ടിരിക്കുന്നത്. കമ്പനി സ്വന്തമായി ചാർജിങ് സംവിധാനങ്ങളും പ്രവർത്തിപ്പിക്കുന്നുണ്ട്.