ചെന്നൈയിൽ പുതിയ റോൾസ് റോയ്സ് ഷോറൂം തുറന്നു

കൊച്ചി: കേരളമുൾപ്പെടെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ഉപഭോക്താക്കൾക്കായി ആഡംബര കാർ നിർമാതാക്കളായ റോൾസ് റോയ്സിന്റെ പുതിയ ഷോറൂം ചെന്നൈയിൽ തുറന്നു.
അഭിരുചിക്കനുസരിച്ച് കാറുകളുടെ ഡിസൈനും ഇന്റീരിയറും മറ്റ് സവിശേഷതകളും തിരഞ്ഞെടുക്കാനുള്ള അത്യാധുനിക സൗകര്യങ്ങളാണ് ഷോറൂമിൽ ഒരുക്കിയിരിക്കുന്നത്.
ഒക്ടോബർ 15-ന് നടന്ന ഉദ്ഘാടന ചടങ്ങിൽ റോൾസ് റോയ്സ് മോട്ടോർ കാർസ് സെയിൽസ് ആൻഡ് ബ്രാൻഡ് ഡയറക്ടർ ജൂലിയൻ ജെങ്കിൻസ് പങ്കെടുത്തു.
റോൾസ് റോയ്സിന് മികച്ച ഉപഭോക്തൃനിര തന്നെ കേരളത്തിലുണ്ട്. 2013 മുതൽ ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന കുൻ എക്സ്ക്ലൂസീവാണ് കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ റോൾസ് റോയ്സിന്റെ വിൽപ്പനയും സർവീസും നടത്തുന്നത്.
കാറുകൾ പ്രദർശനത്തിന് പുറമേ ഉപഭോക്താക്കളുടെ വ്യക്തിഗത താൽപര്യങ്ങൾക്കനുസരിച്ച് ഓരോ കാറും രൂപകൽപ്പന ചെയ്യാനുള്ള സൗകര്യമാണ് പുതിയ ഷോറൂമിന്റെ പ്രത്യേകത. ഇതിനായി ബെസ്പോക്ക് കമ്മീഷനിങ് അറ്റെലിയർ എന്ന പ്രത്യേക വിഭാഗം സജ്ജീകരിച്ചിട്ടുണ്ട്. ഇന്റീരിയർ ഡിസൈൻ, നിറങ്ങൾ, സീറ്റുകൾ, ഫിനിഷിങ്, അലങ്കാരങ്ങൾ തുടങ്ങിയവ ഉപഭോക്താക്കൾക്ക് നേരിട്ടുകണ്ട് തിരഞ്ഞെടുക്കാം.
റോൾസ് റോയ്സ് കാറുകളുടെ പ്രശസ്തമായ പാന്തിയോൺ ഗ്രില്ലിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഷോറൂമിന്റെ പ്രവേശനകവാടം രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇന്ത്യൻ കലയും ഡിസൈനും പരിചയപ്പെടുത്തുന്ന പ്രത്യേക പ്രദർശനവിഭാഗവും ഒരുക്കിയിട്ടുണ്ട്.
ഇന്ത്യയും റോൾസ് റോയ്സും തമ്മിലുള്ള ബന്ധത്തിന് ഒരു നൂറ്റാണ്ടിലേറെ പഴക്കമുണ്ടെന്ന് ജൂലിയൻ ജെങ്കിൻസ് പറഞ്ഞു. 2025-ൽ ഏഷ്യാ പസഫിക് മേഖലയിൽ റോൾസ് റോയ്സിന് ഏറ്റവും കൂടുതൽ വളർച്ചയുണ്ടായ രാജ്യമാണ് ഇന്ത്യ. സ്വന്തം അഭിരുചിക്കനുസരിച്ച് സവിശേഷമായ കാറുകൾ നിർമിപ്പിക്കുന്ന പാരമ്പര്യം ഇന്ത്യൻ ഉപഭോക്താക്കൾക്കുണ്ട്.
ദക്ഷിണേന്ത്യയിലെ ഉപഭോക്താക്കൾക്ക് കൂടുതൽ മികച്ച സേവനങ്ങൾ ലഭ്യമാക്കുന്നതിലെ പ്രധാന ചുവടുവയ്പ്പാണ് പുതിയ ഷോറൂമെന്നും അദ്ദേഹം പറഞ്ഞു.
ഉപഭോക്താക്കളുടെ അഭിരുചികൾക്കും ആവശ്യങ്ങൾക്കും പ്രാധാന്യം നൽകി ഇഷ്ടാനുസരണം കാറുകൾ രൂപകൽപ്പന ചെയ്യാൻ വിപുലമായ സൗകര്യങ്ങൾ ഷോറൂം ഒരുക്കിയിട്ടുണ്ടെന്ന് റോൾസ് റോയ്സ് മോട്ടോർ കാർസ്-കുൻ എക്സ്ക്ലൂസീവ്, ചെന്നൈ ഡീലർ പ്രിൻസിപ്പൽ വാസന്തി ഭൂപതി പറഞ്ഞു.
കേരളത്തിൽ റോൾസ് റോയ്സിന് മികച്ച ഉപഭോക്തൃനിരയുണ്ടെന്ന് കേരള സെയിൽസ് ഹെഡ് കോളിൻ എൽസൺ പറഞ്ഞു. പുതിയ ഷോറൂമിൽ ഡിസൈൻ, ഇന്റീരിയർ, നിറങ്ങൾ, ഫിനിഷിങ് തുടങ്ങി നിരവധി കാര്യങ്ങൾ നേരിട്ടുകണ്ട് തിരഞ്ഞെടുക്കാം. കേരളത്തിലെ ഉപഭോക്താക്കൾക്ക് റോൾസ് റോയ്സിന്റെ വ്യക്തിഗത കാർ നിർമാണ സേവനങ്ങൾ കൂടുതൽ സൗകര്യപ്രദമായി ലഭ്യമാക്കാൻ ഇതിലൂടെ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.
Content Highlights: Rolls-Royce has opened its first luxury showroom in Chennai featuring a bespoke commissioning atelier to cater to South Indian customers, including a strong consumer base in Kerala.
Published: 15 Oct 2026, 07:23 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented