അൾട്രാ-ഫാസ്റ്റ് ചാർജിങ് സാങ്കേതികവിദ്യയിലെ മുന്നേറ്റം ഇലക്ട്രിക് വാഹന (ഇ.വി) വ്യവസായ രംഗത്ത് വർഷങ്ങളായി നിലനിൽക്കുന്ന ഏറ്റവും ശക്തമായ മത്സരരംഗങ്ങളിൽ ഒന്നാണ്. ഇക്കാര്യത്തിൽ ലോകത്തെ മുൻനിര വാഹന നിർമാതാക്കളെയെല്ലാം ഞെട്ടിച്ച് രംഗത്തെത്തിയിരിക്കുകയാണ് ചൈനീസ് ബാറ്ററി നിർമാതാക്കളായ സൺവോഡ ഇലക്ട്രിക് വെഹിക്കിൾ ബാറ്ററി കമ്പനി ലിമിറ്റഡ് (സൺവോഡ ഇവിബി). ഇ.വി വ്യവസായ രംഗത്തെ നിലവിലുള്ള മുന്നേറ്റങ്ങളെയെല്ലാം കടത്തിവെട്ടുന്ന ചാർജിങ് വേഗത കൈവരിക്കുന്നതാണ് കമ്പനിയുടെ പുതിയ 15ഇ സ്മാർട്ട് ഫ്‌ളാഷ് ചാർജിംഗ് ബാറ്ററി സിസ്റ്റം.

To advertise here,

ഒമ്പത് മിനിറ്റിൽ ബാറ്ററി 97 ശതമാനം ചാർജ് ചെയ്യാം

ഷാൻഡോങ്ങിലെ സാവോഷുവാങ്ങിൽ നടന്ന ബാറ്ററി വ്യവസായ മേളയിലാണ് സൺവോഡ ഇവിബി തങ്ങളുടെ പുതിയ 15C LFP ബാറ്ററി സാങ്കേതികവിദ്യ അവതരിപ്പിച്ചത്. ഇ.വി വ്യവസായ രംഗത്തെ ആർക്കും അവഗണിക്കാൻ കഴിയാത്ത തരത്തിലുള്ള സവിശേഷതകളാണ് ഇതിനുള്ളത്. വെറും അഞ്ച് മിനിറ്റിനുള്ളിൽ ബാറ്ററി 10 ശതമാനത്തിൽ നിന്ന് 70 ശതമാനമായും ഒമ്പത് മിനിറ്റിനുള്ളിൽ 97 ശതമാനമായും ചാർജ് ചെയ്യാൻ കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്നു. പ്ലഗ് ഇൻ ചെയ്യുന്ന ഓരോ മിനിറ്റിലും ഏകദേശം 100 കിലോമീറ്റർ സഞ്ചരിക്കാൻ കഴിയുന്ന റേഞ്ച് ലഭിക്കുമെന്നാണ് ഞെട്ടിക്കുന്ന അവകാശവാദം. അൾട്രാ-ഫാസ്റ്റ് ചാർജിംഗുമായി ബന്ധപ്പെട്ട ഏറ്റവും വലിയ മുന്നേറ്റമാണിതെന്ന് നിരീക്ഷകർ വിലയിരുത്തുന്നു.

കൂടുതൽ വേഗതയുള്ള ചാർജിങ്ങിനായുള്ള ശ്രമങ്ങളിൽ താപനില നിയന്ത്രണം (ഹീറ്റ് മാനേജ്‌മെന്റ്) എക്കാലത്തും വലിയ വെല്ലുവിളി ഉയർത്തുന്നതാണ്. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ വലിയ അളവിലുള്ള ഊർജ്ജം ബാറ്ററിയിലേക്ക് കടത്തിവിടുന്നത് വലിയ തോതിലുള്ള താപവ്യതിയാനത്തിന് കാരണമാകുന്നു എന്നതാണ് ഇതിന് കാരണം. എന്നാൽ അതിവേഗ ചാർജിങ്ങിലും താപനില നിയന്ത്രിച്ചു നിർത്താൻ തങ്ങളുടെ പുതിയ സിസ്റ്റത്തിന് കഴിയുമെന്ന് സൺവോഡ പറയുന്നു.

ബാറ്ററിയുടെ പ്രകടനത്തെയും ആയുസ്സിനെയും കാര്യമായി സ്വാധീനിക്കാൻ കഴിയുന്ന ഒരു മുന്നേറ്റമാണിത്. -20 ഡിഗ്രി സെൽഷ്യസ് പോലുള്ള കുറഞ്ഞ താപനിലയിൽ പോലും വെറും 15 മിനിറ്റിനുള്ളിൽ ബാറ്ററിക്ക് 700 കിലോമീറ്റർ വരെ റേഞ്ചും 10 മുതൽ 97 ശതമാനം വരെ ചാർജും നൽകാൻ കഴിയുമെന്ന് കമ്പനി വ്യക്തമാക്കുന്നു.

ഗീലി, ഡൊങ്‌ഫെങ്, ജിഎസി തുടങ്ങിയ പ്രമുഖ ചൈനീസ് വാഹന നിർമാതാക്കൾക്ക് ഈ ബാറ്ററി നിർമാതാവ് ഇതിനകം സെല്ലുകൾ നൽകുന്നുണ്ട്. ഉപയോഗത്തിന് നിയന്ത്രണങ്ങളൊന്നും ഏർപ്പെടുത്താതെ തന്നെ 10 വർഷം അല്ലെങ്കിൽ 300,000 കിലോമീറ്റർ വാറന്റി ആവശ്യകതകൾ നിറവേറ്റാൻ പുതിയ ബാറ്ററികൾക്ക് കഴിയുമെന്ന് കമ്പനി പറയുന്നു. കമ്പനിയുടെ അവകാശവാദങ്ങൾ തെളിയിക്കപ്പെടുകയാണെങ്കിൽ ഇടയ്ക്കിടെയുള്ള ഉയർന്ന വേഗതയിലുള്ള ചാർജിങ് ബാറ്ററിയുടെ ആയുസ്സ് വേഗത്തിൽ കുറയ്ക്കുന്നു എന്ന ദീർഘകാലമായുള്ള വിശ്വാസത്തെ ഇത് ചോദ്യം ചെയ്യും. കൂടാതെ, ഇവി ഉടമകളും നിർമ്മാതാക്കളും ഫാസ്റ്റ് ചാർജിംഗ് സാങ്കേതികവിദ്യയെ കാണുന്ന രീതിയെ ഇത് മാറ്റിയെഴുതിയേക്കാം എന്നും വിദഗ്ധർ വിലയിരുത്തുന്നു.