കോട്ടയം: മൊബൈൽ ഫോണിൽ നോക്കി സ്വകാര്യബസ് ഓടിച്ച ഡ്രൈവർക്കെതിരേ നടപടിയുമായി മോട്ടോർവാഹനവകുപ്പ്. കോട്ടയം-ചങ്ങനാശ്ശേരി റൂട്ടിൽ സർവീസ് നടത്തുന്ന ജീസസ് ബസിന്റെ ഡ്രൈവർ അനന്തുവിന്റെ ലൈസൻസാണ് കോട്ടയം ആർ.ടി.ഒ. ഡി. ജയരാജ് ഒരുമാസത്തേക്ക് സസ്‌പെൻഡ് ചെയ്തത്.

To advertise here,

എടപ്പാളിലെ ഡ്രൈവിങ് പരിശീലന ഇൻസ്റ്റിറ്റ്യൂട്ടിൽ ഹാജരായി അഞ്ചുദിവസത്തെ കോഴ്സ് പൂർത്തിയാക്കാനും നിർദേശിച്ചിട്ടുണ്ട്. ഈ കോഴ്സ് പൂർത്തിയാക്കിയ സർട്ടിഫിക്കറ്റുമായി എത്തിയാൽമാത്രമേ ലൈസൻസ് പുതുക്കിനൽകുകയുള്ളൂ.

കഴിഞ്ഞ ദിവസമായിരുന്നു സംഭവം. കോട്ടയത്തുനിന്ന് ചങ്ങനാശ്ശേരിയിലേക്ക് പോകുകയായിരുന്ന ബസിന്റെ ഡ്രൈവറാണ് വാഹനമോടിക്കുന്നതിനിടയിൽ മൊബൈൽ ഫോൺ ഉപയോഗിച്ചത്. യാത്രക്കാരിയായ യുവതിയാണ് ദൃശ്യം മൊബൈൽ ഫോണിൽ പകർത്തിയത്.

ദൃശ്യങ്ങൾ വൈറലായതോടെ കോട്ടയം ആർ.ടി.ഒ. ഡി. ജയരാജ് ഡ്രൈവറെ വിളിച്ചുവരുത്തി മൊഴിയെടുത്തിരുന്നു. വീഡിയോ പകർത്തിയതിന് ഡ്രൈവർ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ, യുവതി കോട്ടയം ഈസ്റ്റ് പോലീസിൽ പരാതി നൽകിയിരുന്നു. ചിങ്ങവനം സ്റ്റേഷനിലേക്ക് യുവതിയുടെ പരാതി കൈമാറിയിട്ടുണ്ട്.

ജീസസ് ബസിലെ ഡ്രൈവർ ഇടയ്ക്കിടെ മൊബൈൽ ഫോൺ നോക്കി വാഹനമോടിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഫോണിൽ ചാറ്റുചെയ്ത് ഡ്രൈവർ വാഹനമോടിക്കുന്ന ദൃശ്യം യാത്രക്കാരി പകർത്തി സമൂഹമാധ്യമങ്ങളിൽ പോസ്റ്റുചെയ്യുകയായിരുന്നു. ഇതേ ബസിലെ സ്ഥിരം യാത്രക്കാരിയാണ് യുവതി. ദൃശ്യങ്ങൾ വൈറലായതോടെ പിറ്റേന്ന് ബസിൽ കയറിയ യുവതിയെ ഡ്രൈവർ ഭീഷണിപ്പെടുത്തി. വീട്ടിൽ കയറി വകവരുത്തുമെന്നായിരുന്നു ഭീഷണി.

ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോണിൽ ഇടയ്ക്കിടയ്ക്ക് നോക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. വ്യാഴാഴ്ച ഹിയറിങ്ങിന് ഹാജരാകണമെന്ന് കാണിച്ച് കോട്ടയം ആർ.ടി.ഒ., ഡ്രൈവർക്ക് നോട്ടീസ് നൽകിയിരുന്നു. ഇതിനുപിന്നാലെ ലൈസൻസ് സസ്‌പെൻഡ് ചെയ്യുന്ന നടപടികളിലേക്ക് കടന്നത്.