ഹെലി ഇലക്ട്രിക് ട്രക്ക് വിപണിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ മുരുഗപ്പ ഗ്രൂപ്പ് കമ്പനിയായ മോൺട്രാ ഇലക്ട്രിക്. 2030-ഓടെ 100 കോടി ഡോളർ വരുമാനമാണ് കമ്പനി ലക്ഷ്യമിടുന്നത്.ഇതിന്റെ 70 ശതമാനത്തോളം ഹെവി - ലൈറ്റ് ഇലക്ട്രിക് ട്രക്കുകളിൽ നിന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കമ്പനി മാനേജിങ് ഡയറക്ടർ ജലജ് ഗുപ്ത എക്കണോമിക് ടൈംസിനോട് പറഞ്ഞു.

To advertise here,

ലക്ഷ്യമിടുന്ന വിറ്റുവരവിന്റെ പകുതിയോളം ഹെവി ട്രക്കുകളിൽ നിന്ന് ലഭിക്കുമെന്നാണ് കമ്പനി വിലയിരുത്തുന്നത്. 2.0 മുതൽ 3.5 ടൺ വരെയുള്ള ലൈറ്റ് കൊമേഴ്‌സ്യൽ വാഹനങ്ങളിൽ നിന്ന് 23-25 ശതമാനം വരെ വരുമാനം പ്രതീക്ഷിക്കുന്നു. മുച്ചക്ര വാഹനങ്ങളിൽ നിന്ന് ഏകദേശം 20 ശതമാനവും ട്രാക്ടറുകളിൽ നിന്ന് 7-10 ശതമാനവും വരുമാനം കമ്പനി പ്രതീക്ഷിക്കുന്നുണ്ട്.

ഹെവി കൊമേഴ്‌സ്യൽ വാഹന വിഭാഗത്തിൽ ഇ-ട്രക്കുകളുടെ വ്യാപനം നിലവിൽ ഒരു ശതമാനത്തിൽ താഴെയാണ്. എന്നാൽ ഈ മേഖലയിൽ വൻ വളർച്ച കമ്പനി പ്രതീക്ഷിക്കുന്നുണ്ട്. ദീർഘദൂര യാത്രകൾക്കിടെ ചാർജിങ് ഇൻഫ്രാസ്ട്രക്ചറിന്റെ ലഭ്യതക്കുറവാണ് നിലവിൽ ഈ രംഗത്തെ പ്രധാന തടസം. ഇതുമൂലം നിലവിൽ ഭൂരിഭാഗം ഇലക്ട്രിക് ട്രക്കുകളും ദൈർഘ്യം കുറഞ്ഞ റൂട്ടുകളിൽ മാത്രം സർവീസ് നടത്തിവരികയാണ്.

ഇലക്ട്രിക് മൂന്ന്ചക്ര വാഹനങ്ങൾ, ട്രാക്ടറുകൾ, ലൈറ്റ് കൊമേഴ്‌സ്യൽ വാഹനങ്ങൾ എന്നിവയടക്കം നിർമ്മിക്കുന്ന മോൺട്രായുടെ ഏകദേശം 21,000 വാഹനങ്ങൾ നിലവിൽ നിരത്തിലിറങ്ങിയിട്ടുണ്ട്. കഴിഞ്ഞ വർഷം കമ്പനി 740 കോടി രൂപയുടെ വരുമാനമാണ് നേടിയത്.

ബാറ്ററി ശേഷി വർധിപ്പിക്കുന്നത് റേഞ്ച് പരിമിതികളെ മറികടക്കാൻ സഹായിക്കുമെന്ന് കമ്പനി വിലയിരുത്തുന്നു. സംസ്ഥാനങ്ങളുടെ ഇവി (EV) നയങ്ങൾ, സിമന്റ്, സ്റ്റീൽ മേഖലകളിലെ വിന്യാസങ്ങൾ, ഉയർന്ന ഡീസൽ, സി.എൻ.ജി വിലകൾ എന്നിവയുടെ അടിസ്ഥാനത്തിൽ ഇലക്ട്രിക് N3 ട്രക്കുകളുടെ (12 മുതൽ 55 ടണ്ണിൽ കൂടുതൽ ഭാരമുള്ളവ) വിൽപ്പന കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ 850 യൂണിറ്റുകളിൽ നിന്ന് നടപ്പ് സാമ്പത്തിക വർഷത്തെ ആദ്യ അഞ്ച് മാസത്തിനുള്ളിൽ 1,300 ആയി ഉയർന്നുവെന്ന് കമ്പനി ചൂണ്ടിക്കാട്ടുന്നു. വരുന്ന വർഷങ്ങളിൽ ഇലക്ട്രിക് ഹെവി ട്രക്കുകളുടെയും ചെറിയ കൊമേഴ്‌സ്യൽ വാഹനങ്ങളുടെയും വാർഷിക വളർച്ച 50 ശതമാനത്തിലധികം ആകുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.