ടാറ്റ മോട്ടോഴ്സ് ഇലക്ട്രിക് പാസഞ്ചര്‍ വെഹിക്കിള്‍ വിപണിയില്‍ മുന്നേറ്റം തുടരുകയാണ്. സെപ്റ്റംബറില്‍ 14,791 യൂണിറ്റുകള്‍ കമ്പനി വിറ്റഴിച്ചു.

രാജ്യത്തെ ഇലക്ട്രിക് യാത്രാ വാഹന (പാസഞ്ചർ വെഹിക്കിൾ) വിപണിയിൽ ഞെട്ടിക്കുന്ന മുന്നേറ്റം. 2026 സെപ്റ്റംബറിൽ ശക്തമായ വളർച്ച രേഖപ്പെടുത്തിക്കൊണ്ട് പാസഞ്ചർ ഇ.വികളുടെ മൊത്തത്തിലുള്ള റീട്ടെയിൽ വിൽപ്പന 36,108 യൂണിറ്റിലെത്തി (2026 ഓഗസ്റ്റിൽ 30,696 യൂണിറ്റുകളാണ് വിറ്റവിക്കപ്പെട്ടത്). ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്‌സ് അസോസിയേഷന്റെ (ഫാഡ) കണക്കുകളാണ് വിൽപ്പനയിലെ വൻ മുന്നേറ്റം വ്യക്തമാക്കുന്നത്.
ഇലക്ട്രിക് പാസഞ്ചർ വെഹിക്കിൾ റീട്ടെയിൽ വിൽപ്പന മാസാടിസ്ഥാനത്തിൽ 17.63 ശതമാനം വർധിച്ചു. എന്നാൽ 18,559 ഇലക്ട്രിക് പാസഞ്ചർ വെഹിക്കിളുകൾ വിറ്റഴിഞ്ഞ 2025 സെപ്റ്റംബറുമായി താരതമ്യം ചെയ്യുമ്പോൾ വിൽപ്പന ഇരട്ടിയോളമായി. വാർഷികാടിസ്ഥാനത്തിൽ ഈ രംഗത്ത് ഞെട്ടിക്കുന്ന 94.56 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
രാജ്യത്തെ ഇവി വ്യാപനത്തിലും ഈ വളർച്ച പ്രകടമായിട്ടുണ്ട്. 2026 സെപ്റ്റംബറിലെ മൊത്തത്തിലുള്ള പാസഞ്ചർ വെഹിക്കിൾ റീട്ടെയിൽ വിൽപ്പനയുടെ 8.5 ശതമാനവും ഇലക്ട്രിക് പാസഞ്ചർ വെഹിക്കിളുകൾ കൈവരിച്ചു.
ടാറ്റ മോട്ടോഴ്സ് ഇലക്ട്രിക് പാസഞ്ചർ വെഹിക്കിൾ വിപണിയിൽ മുന്നേറ്റം തുടരുകയാണ്. സെപ്റ്റംബറിൽ 14,791 യൂണിറ്റുകൾ കമ്പനി വിറ്റഴിച്ചു. ഓഗസ്റ്റിനെ അപേക്ഷിച്ച് കമ്പനി വിൽപ്പനയിൽ 12.41 ശതമാനത്തിന്റെ വർധനവും 2025 സെപ്റ്റംബറുമായി താരതമ്യം ചെയ്യുമ്പോൾ 100.72 ശതമാനം വർധനവും രേഖപ്പെടുത്തി.
7,780 യൂണിറ്റുകളുമായി മഹീന്ദ്ര രണ്ടാം സ്ഥാനത്തുണ്ട്. മാസാടിസ്ഥാനത്തിൽ 20.36 ശതമാനം വളർച്ചയും വാർഷികാടിസ്ഥാനത്തിൽ 95.82 ശതമാനം വളർച്ചയും അവർ രേഖപ്പെടുത്തി. 5,242 യൂണിറ്റുകളുമായി ജെ.എസ്.ഡബ്ല്യു എം.ജി മോട്ടോർ ഇന്ത്യ മൂന്നാം സ്ഥാനത്തുണ്ട്. ഓഗസ്റ്റിനെ അപേക്ഷിച്ച അവർ് 13.41 ശതമാനം വർധനയും കഴിഞ്ഞ വർഷം ഇതേ മാസത്തെ അപേക്ഷിച്ച് 9.14 ശതമാനം വർധനവും നേടി.
ഓഗസ്റ്റിലെ 2,199 യൂണിറ്റുകളിൽ നിന്ന് ഉയർന്ന് വിൻഫാസ്റ്റ് സെപ്റ്റംബറിൽ 2,964 യൂണിറ്റുകൾ വിറ്റഴിച്ചു. ഇന്ത്യയിലെ പ്രവർത്തനങ്ങളുടെ പ്രാരംഭ ഘട്ടത്തിലായിരുന്നതിനാൽ 2025 സെപ്റ്റംബറിൽ കമ്പനി വെറും ആറ് യൂണിറ്റുകൾ മാത്രമാണ് വിറ്റിരുന്നത്. ഇതിൽനിന്നാണ് കമ്പനിയുടെ വൻ മുന്നേറ്റം.
കിയ ഇന്ത്യയുടെ വിൽപ്പന 95.66 ശതമാനം വർധിച്ച് 1,262 യൂണിറ്റിലെത്തി. ബി.വൈ.ഡി ഇന്ത്യ 836 യൂണിറ്റുകളും ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ മാസത്തിൽ 792 യൂണിറ്റുകളും വിറ്റു.
പ്രീമിയം ഇവി വിഭാഗത്തിൽ, ബി.എം.ഡബ്ല്യു ഇന്ത്യ 502 യൂണിറ്റുകൾ വിറ്റഴിച്ചു. മാസാടിസ്ഥാനത്തിൽ അവർക്ക് 83.21 ശതമാനം വർധനവുണ്ടായി. ടെസ്ല ഇന്ത്യ 291 വാഹനങ്ങൾ വിറ്റു. ഓഗസ്റ്റിനെ അപേക്ഷിച്ച് 150.86% വർധനവും 2025 സെപ്റ്റംബറുമായി താരതമ്യം ചെയ്യുമ്പോൾ 321.74 ശതമാനം വർധനവും കമ്പനി രേഖപ്പെടുത്തി.
മാരുതി സുസുക്കി സെപ്റ്റംബറിൽ 1,104 ഇലക്ട്രിക് വാഹനങ്ങളുടെ റീട്ടെയിൽ വിൽപ്പന രേഖപ്പെടുത്തിയപ്പോൾ ടൊയോട്ട 218 യൂണിറ്റുകൾ വിറ്റഴിച്ചു. മെഴ്സിഡീസ് ബെൻസ് 125 യൂണിറ്റുകൾ വിൽപ്പന നടത്തി.
സെപ്റ്റംബറിലെ കണക്കുകൾ ഇന്ത്യയിലെ ഇലക്ട്രിക് പാസഞ്ചർ വാഹനങ്ങളുടെ വിൽപ്പനയിലെ തുടർച്ചയായ കുതിപ്പിനെയാണ് സൂചിപ്പിക്കുന്നതെന്ന് നിരീക്ഷകർ വിലയിരുത്തുന്നു. പാസഞ്ചർ വെഹിക്കിൾ വിപണിയുടെ 8.5 ശതമാനമായി ഇവി വ്യാപനം ഉയർന്നതോടെ രാജ്യത്തെ കാർ വിൽപ്പനയിൽ ഇലക്ട്രിക് കാറുകളുടെ പ്രാധാന്യം വൻതോതിൽ വർധിച്ച് വരികയാണ്.
Content Highlights: India's EV retail sales reached 36,108 units in September 2026., Achieved 94.56% year-on-year growth compared to September 2025., EV market penetration rose to 8.5% of total passenger vehicle sales., Tata Motors led the market with 14,791 units, followed by Mahindra and JSW MG Motor.
Published: 08 Oct 2026, 12:23 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented