ബി.എസ്.7 എന്ജിനിലേക്കുള്ള മാറ്റം വാഹനങ്ങളുടെ വിലയില് വലിയ വര്ധനവുണ്ടാക്കുമെന്നതാണ് പ്രധാന ആശങ്ക.

വാഹനങ്ങളിൽ നിന്നുള്ള മലിനീകരണം നിയന്ത്രിക്കുന്നതിനായാണ് ഇന്ത്യയിലെ വാഹനങ്ങളിൽ മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങൾ പാലിക്കുന്ന എൻജിനുകൾ നൽകിയിരിക്കുന്നത്. നിലവിൽ ബി.എസ്.6 സ്റ്റേജ് ടൂ നിലവാരത്തിലുള്ള എൻജിനുകളുമായാണ് പുതിയ വാഹനങ്ങൾ നിരത്തുകളിൽ എത്തുന്നത്. ഈ എൻജിനുകളിൽ നിന്ന് ബി.എസ്.7-ലേക്കുള്ള മാറ്റത്തിന് സമയമായെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം.
ആറ് വർഷങ്ങളിലേക്കായി ഘട്ടംഘട്ടമായി ബി.എസ്.7 എൻജിനിലേക്ക് മാറുമെന്നാണ് അറിയിച്ചിരിക്കുന്നത്. 2029-ലാണ് ബി.എസ്.7 എൻജിനിലേക്ക് മാറി തുടങ്ങുന്നത്. 2029 ഏപ്രിൽ മാസം മുതൽ നിർമിക്കുന്ന പാസഞ്ചർ വാഹനങ്ങളിലായിരിക്കും ആദ്യഘട്ടത്തിൽ ബി.എസ്.7 എൻജിനുകൾ നൽകി തുടങ്ങുക. ലൈറ്റ് കൊമേഴ്സ്യൽ വാഹനങ്ങൾ, പിക്ക്അപ്പ് വാനുകൾ എന്നിവയിൽ 2030-ലും ബസുകളും ട്രക്കുകളും ഉൾപ്പെടെയുള്ള വാഹനങ്ങൾ 2031-ലും ബി.എസ്.7-ലേക്ക് മാറണം. ബൈക്കുകളുടെ സമയപരിധി നിശ്ചയിച്ചിട്ടില്ല.
പുതുതായി നിർമിക്കുന്ന വാഹനങ്ങൾക്കായിരിക്കും ഈ മാനദണ്ഡങ്ങൾ ബാധകമാകുക. പാസഞ്ചർ വാഹനങ്ങളിലെ മലിനീകരണ നിയന്ത്രണങ്ങൾ ബി.എസ്.6 പരിധിയിലേത് തന്നെ തുടർന്നേക്കും. എന്നാൽ, പർട്ടിക്കുലേറ്റ് നമ്പർ ടെസ്റ്റിങ്ങിൽ കണക്കാക്കുന്ന മിനിമം പാർട്ടിക്കിൾ സൈസ് 23 നാനോമീറ്ററിൽ നിന്ന് 10 നാനോമീറ്ററായി കുറയുമെന്നാണ് വിലയിരുത്തൽ. എന്നാൽ, ബി.എസ്.7 എൻജിനുകൾ ഹെവി വാഹനങ്ങളിൽ 20 മുതൽ 50 ശതമാനംവരെ മലിനീകരണം കുറയ്ക്കുമെന്നാണ് റിപ്പോർട്ട്.
അതേസമയം, ബി.എസ്.7 എൻജിനിലേക്കുള്ള മാറ്റം വാഹനങ്ങളുടെ വിലയിൽ വലിയ വർധനവുണ്ടാക്കുമെന്നതാണ് പ്രധാന ആശങ്ക. 2032 സാമ്പത്തിക വർഷത്തോടെ വാഹന നിർമാതാക്കൾക്ക് 50,000 മുതൽ 75,000 കോടി രൂപവരെയുള്ള അധിക ചെലവുകൾ ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്. എൻജിൻ, എക്സ്ഹോസ്റ്റ്, ഇലക്ട്രോണിക് സംവിധാനങ്ങൾ എന്നിവയിൽ മാറ്റം വരുത്തുന്നതാണ് അധിക ചെലവുകൾക്ക് വഴിവെക്കുന്നതെന്നാണ് വിലയിരുത്തൽ.
എൻട്രി ലെവൽ കാറുകൾ, ഡീസൽ എസ്യുവികൾ, ഹെവി വാഹനങ്ങൾ എന്നിവയുടെ വിലയെ ബി.എസ്.7 എൻജിനുകൾ കാര്യമായി സ്വാധീനിക്കാൻ സാധ്യതയുണ്ട്. ഓരോ എസ്യുവികളുടെയും നിർമാണ ചെലവിൽ 85,000 രൂപ മുതൽ 1.25 ലക്ഷം രൂപവരെ വർധനവുണ്ടാകും. അതേസമയം, ഹെവി ട്രക്കുകളുടെ നിർമാണ ചെലവ് 1.4 ലക്ഷം രൂപ മുതൽ 2.6 ലക്ഷം രൂപ വരെ ഉയർന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ. മറ്റ് പാസഞ്ചർ വാഹനങ്ങളുടെ നിർമാണ ചെലവ് 75,000 രൂപ വരെയും ഉയർന്നേക്കും.
ഇരുചക്ര, മുച്ചക്ര വാഹനങ്ങളിൽ കാറ്റലിസ്റ്റ്, ഓക്സിജൻ സെൻസർ, ഇലക്ട്രോണിക് കൺട്രോൾ സിസ്റ്റം എന്നിവയിൽ മാറ്റം വരുത്തേണ്ടി വരും. അതുകൊണ്ടുതന്നെ ഇരുചക്ര വാഹനങ്ങൾക്ക് 4000 രൂപ മുതൽ 12,000 രൂപ വരെയും മുച്ചക്ര വാഹനങ്ങൾക്ക് 12,000 രൂപ മുതൽ 15,000 രൂപ വരെയുമാണ് അധിക നിർമാണ ചെലവ് പ്രതീക്ഷിക്കുന്നത്. ചെറിയ പെട്രോൾ, സിഎൻജി കാറുകളുടെ നിർമാണത്തിന് 15,000 രൂപ മുതൽ 22,000 രൂപ വരെ ചെലവ് ഉയരും.
Content Highlights: India is transitioning from BS6 to BS7 emission norms in a phased manner starting April 2029., Passenger vehicles adopt BS7 in 2029, light commercial vehicles in 2030, and heavy vehicles in 2031., BS7 engines will significantly reduce vehicle pollution by up to 50% in heavy vehicles., Vehicle manufacturing costs and market prices are expected to rise significantly due to technological upgrades.
Published: 16 Oct 2026, 12:01 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented