ഹൈഡ്രജൻ ഇന്ധനത്തിൽ പ്രവർത്തിക്കുന്ന ട്രക്കുകളിലേക്കുള്ള ചുവടുമാറ്റം വേഗത്തിലാക്കാൻ വോൾവോ. ടെസ്‌ലയും ചൈനീസ് എതിരാളികളും വിലകുറഞ്ഞ ട്രക്കുകൾ യൂറോപ്യൻ വിപണിയിലേക്ക് വൻതോതിൽ ഒഴുക്കുന്നതിനിടെയാണിത്. ഈ ഘട്ടത്തിൽ ഇലക്ട്രിക് ചരക്ക് ലോറികളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നത് വളരെ അപകടകരമാണെന്നാണ് വോൾവോ പറയുന്നത്.

To advertise here,

ടൊയോട്ടയുമായി കൈകോർക്കാൻ കമ്പനികൾ

ജർമ്മനി അടക്കമുള്ള സർക്കാറുകളുടെ പിന്തുണയോടെ യൂറോപ്പിൽ ഹൈഡ്രജൻ ട്രക്കുകളുടെ ഉപയോഗം വ്യാപിപ്പിക്കുന്നതിനായി വോൾവോ, ഡെയിംലർ ട്രക്ക്, സ്‌കാനിയ, ഇവെക്കോ എന്നിവയെല്ലാം ഈ ആഴ്ച ജപ്പാനിലെ ടൊയോട്ടയുമായുള്ള പങ്കാളിത്തം കൂടുതൽ ശക്തമാക്കി.

ചൈനയുടെ സാനി, സൂപ്പർപാന്തർ, സർക്കാർ ഉടമസ്ഥതയിലുള്ള സിനോട്രക്ക് എന്നിവയുടെ ഇലക്ട്രിക് ട്രക്കുകളുമായി യൂറോപ്യൻ വിപണിയിലേക്ക് എത്തുന്ന സമയത്താണിത്. അതിനിടെ, യൂറോപ്യൻ കമ്പനികൾ ഹൈഡ്രജൻ ഫ്യുവൽ സെൽ ട്രക്കുകളിൽ തുടർച്ചയായി നിക്ഷേപം നടത്തുന്നതിനെ ചോദ്യംചെയ്ത് ഒരു വിഭാഗം വിദഗ്ധർ രംഗത്തെത്തിയിട്ടുമുണ്ട്.

യൂറോപ്യൻ ട്രക്ക് നിർമ്മാതാക്കൾ ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റം വേഗത്തിലാക്കിയില്ലെങ്കിൽ ഈ ദശകത്തിന്റെ അവസാനത്തോടെ ചൈനയിൽ നിന്നും യുഎസിൽ നിന്നുമുള്ള പുതിയ വാഹനങ്ങളുടെ കടന്നുവരവ് മൂലം ഇലക്ട്രിക് ട്രക്ക് വിപണിയുടെ നാലിലൊന്ന് ഭാഗം നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്ന് പരിസ്ഥിതി എൻജിഒ ആയ ട്രാൻസ്‌പോർട്ട് ആൻഡ് എൻവയോൺമെന്റ് മുന്നറിയിപ്പ് നൽകുന്നു.

20 മിനിറ്റിനുള്ളിൽ 20 ശതമാനത്തിൽ നിന്ന് 80 ശതമാനം വരെ ചാർജ് ചെയ്യാൻ കഴിയുന്ന തങ്ങളുടെ ഇലക്ട്രിക് ഹെവി-ഡ്യൂട്ടി ട്രക്ക് ബിഐഡി അടുത്തിടെ പുറത്തിറക്കി.യിരുന്നു അതേസമയം, ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ടെസ്‌ലയുടെ സെമി ട്രക്ക് ഏകദേശം 550 കിലോമീറ്റർ ഡ്രൈവിങ് േെറഞ്ചോടെ യൂറോപ്യൻ അരങ്ങേറ്റം കുറിച്ചിട്ടുമുണ്ട്.

ഏഴ് പാശ്ചാത്യ നിർമ്മാതാക്കളാണ് നിലവിൽ യൂറോപ്പിലെ ഹെവി-ഡ്യൂട്ടി ട്രക്ക് വിൽപ്പനയിൽ ആധിപത്യം പുലർത്തുന്നതെന്ന് ഓട്ടോ ഡാറ്റ ആൻഡ് റിസർച്ച് സ്ഥാപനമായ മൊബിലിറ്റി ഗ്ലോബലിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. ഇവരുടെ ആധിപത്യം വിപണിയുടെ 97 ശതമാനത്തോളം വരും.

ഹൈഡ്രജൻ ട്രക്കുകളുടെ പ്രാധാന്യമെന്ത്?

ഹൈഡ്രജനെ വൈദ്യുതിയാക്കി മാറ്റുന്ന ഫ്യുവൽ സെല്ലുകൾ കൂടുതൽ ഭാരമുള്ള ചരക്കുകൾ കൊണ്ടുപോകുന്ന ദീർഘദൂര ലോറികൾക്ക് കൂടുതൽ അനുയോജ്യമാണെന്നും വേഗത്തിൽ ഇന്ധനം നിറയ്ക്കാൻ കഴിയുമെന്നും ഹൈഡ്രജൻ ട്രക്കുകളുടെ വക്താക്കൾ അവകാശപ്പെടുന്നു. എന്നാൽ ഹൈഡ്രജൻ റീഫ്യൂവലിങ് സ്റ്റേഷനുകൾക്ക് വലിയ ചെലവാണെന്നും ബാറ്ററികൾ ഇപ്പോൾ കൂടുതൽ ദൂരപരിധി നൽകുന്നുണ്ടെന്നും ഇലക്ട്രിക് ട്രക്ക് നിർമ്മാതാക്കൾ തിരിച്ചടിക്കുന്നു.

ചാർജിങ് ഇൻഫ്രാസ്ട്രക്ചറിന്റെ കുറവ്, വൈദ്യുതി ഗ്രിഡുകളിലെ നിക്ഷേപത്തിലെ മാന്ദ്യം, ഡീസൽ ട്രക്കുകളുമായുള്ള വില വ്യത്യാസം എന്നിവ കാരണം യൂറോപ്യൻ ട്രക്ക് നിർമ്മാതാക്കൾക്ക് ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റം വളരെ വെല്ലുവിളി നിറഞ്ഞതാണ്.

യൂറോപ്യൻ ഓട്ടോമൊബൈൽ മാനുഫാക്ചറേഴ്‌സ് അസോസിയേഷന്റെ കണക്കനുസരിച്ച്, മിഡിൽ ഈസ്റ്റ് സംഘർഷം കാരണം ഡീസൽ വില ഉയർന്നിട്ടും, ഈ വർഷം ആദ്യ പകുതിയിൽ പുതിയ യൂറോപ്യൻ യൂണിയൻ രജിസ്‌ട്രേഷനുകളിൽ ഇലക്ട്രിക് ട്രക്കുകളുടെ പങ്ക് വെറും 4.8 ശതമാനം മാത്രമായിരുന്നു. അതേസമയം ഡീസൽ ട്രക്കുകൾ 92 ശതമാനമായിരുന്നു.

ചൈനീസ് കാറുകൾക്ക് പിന്നാലെ വിജയം ആവർത്തിക്കാൻ ട്രക്ക് നിർമാതാക്കളും

ഇലക്ട്രിക് ട്രക്കുകളുടെ കാര്യത്തിൽ ചൈന തങ്ങളുടെ കാർ നിർമ്മാതാക്കളുടെ വിജയം ആവർത്തിക്കുമെന്നതാണ് യൂറോപ്യൻ കമ്പനികൾ നേരിടുന്ന പ്രധാന വെല്ലുവിളി. 2030 ഓടെ രാജ്യത്തെ പുതിയ ട്രക്ക് വിൽപ്പനയുടെ 40 ശതമാനവും ഇലക്ട്രിക് ട്രക്കുകൾ ആകണമെന്ന ലക്ഷ്യമാണ് ബെയ്ജിങ് മുന്നോട്ടുവെച്ചിരിക്കുന്നത്.

ചൈനയിലെ ഏറ്റവും വലിയ ഇലക്ട്രിക് ട്രക്ക് നിർമ്മാതാക്കളായ സാനി യൂറോപ്യൻ നിർമ്മാതാക്കളുടെ വിലയേക്കാൾ 20 ശതമാനം കുറവിൽ ഇലക്ട്രിക് ട്രക്കുകൾ വാഗ്ദാനം ചെയ്യാനാണ് ലക്ഷ്യമിടുന്നത്. യൂറോപ്പിൽ ഇതിനകം രണ്ട് മോഡലുകൾ വാഗ്ദാനം ചെയ്യുന്ന ഈ കമ്പനി അടുത്ത വർഷാവസാനത്തോടെ ജർമ്മനി, ഓസ്ട്രിയ, സ്വിറ്റ്‌സർലൻഡ് എന്നിവിടങ്ങളിൽ രണ്ട് പുതിയ ട്രക്കുകൾ കൂടി പുറത്തിറക്കാൻ പദ്ധതിയിടുന്നു.