പിണങ്ങോട് : ഒറ്റപ്പെടലിന്റെ നാലുചുവരുകൾക്കുള്ളിൽനിന്ന് സ്നേഹത്തണലിന്റെ ഒത്തുചേരലിന് സംഗമവേദിയായി പീപ്പിൾസ് ഫൗണ്ടേഷന്റെയും പീസ് വില്ലേജിന്റെയും നേതൃത്വത്തിൽ സംഘടിപ്പിച്ച ‘ഉയരെ’ പാരാപ്ലീജിയ രോഗികളുടെ കുടുംബസംഗമം. പ്രതിസന്ധികൾക്കിടയിലും പ്രതീക്ഷയുടെ തിരിനാളം കാത്തുസൂക്ഷിക്കുന്ന കുടുംബങ്ങളുടെ സ്നേഹവും കരുത്തും പങ്കുവെച്ച സ്നേഹസംഗമം ഹൃദയസ്പർശിയായി.

To advertise here,

ശാരീരിക പരിമിതികൾ ജീവിതത്തിന്റെ വഴികളിൽ തടസ്സങ്ങൾ തീർക്കുമ്പോഴും മനസ്സിന്റെ കരുത്തുകൊണ്ട് മുന്നോട്ടുപോകുന്നവരുടെ ഒത്തുചേരലായിരുന്നു കുടുംബസംഗമം. വീൽച്ചെയറുകളിൽ എത്തിയവരുടെ മുഖത്തെ പുഞ്ചിരികളിൽ ഒളിഞ്ഞിരുന്നത് പറയാനേറെ വേദനകളായിരുന്നെങ്കിലും പരസ്പരം കണ്ടുമുട്ടിയപ്പോൾ ആ മുഖങ്ങളിൽ ആശ്വാസത്തിന്റെയും പ്രതീക്ഷയുടെയും പ്രകാശം പരന്നു.

രോഗിയുടെ പരിചരണത്തിനായി സ്വന്തം ആഗ്രഹങ്ങൾ മാറ്റിവെക്കുന്ന മാതാപിതാക്കൾ, ജീവിതപങ്കാളിയുടെ കൈപിടിച്ച് പ്രതിസന്ധികളെ നേരിടുന്നവർ, പ്രിയപ്പെട്ടവരുടെ മുഖത്ത് ഒരു പുഞ്ചിരി വിരിയാൻ സ്വന്തം വേദനകൾ മറച്ചുവെക്കുന്നവരുടെ നിശ്ശബ്ദമായ ത്യാഗങ്ങൾക്കും സ്നേഹത്തിനും സംഗമം സാക്ഷിയായി.

പാരാപ്ലീജിയ വ്യക്തികളുടെയും കുടുംബങ്ങളുടെയും ഒറ്റപ്പെടൽ ഒഴിവാക്കുക, പരസ്പരസൗഹൃദവും ആത്മവിശ്വാസവും വളർത്തുക, ജീവിതാനുഭവങ്ങൾ പങ്കുവെക്കുക, പുനരധിവാസത്തിനുള്ള പുതിയ സാധ്യതകൾ കണ്ടെത്തുക എന്നിവയായിരുന്നു കുടുംബസംഗമത്തിന്റെ ലക്ഷ്യങ്ങൾ. സംഗമം ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ. ഉദ്ഘാടനംചെയ്തു. പീപ്പിൾസ് ഫൗണ്ടേഷൻ വൈസ് ചെയർമാൻ എം. അബ്ദുൽമജീദ് അധ്യക്ഷത വഹിച്ചു.

സമാപനസമ്മേളനം മന്ത്രി ടി. സിദ്ദിഖ് ഉദ്ഘാടനം ചെയ്തു. പീസ് വില്ലേജ് ജനറൽ സെക്രട്ടറി ബാലിയിൽ മുഹമ്മദ് ഹാജി അധ്യക്ഷതവഹിച്ചു. ഉഷാ വിജയൻ എം.എൽ.എ. മുഖ്യപ്രഭാഷണം നടത്തി. ഓർഗനൈസിങ് കമ്മിറ്റി ചെയർമാൻ ടി.പി. യൂനുസ്, കെ.കെ. ബഷീർ, ഡോ. സിദ്റത്തുൽ മുൻതഹ, സിറാജ് നടുവണ്ണൂർ, പീപ്പിൾസ് ഫൗണ്ടേഷൻ പ്രോജക്ട് ഡയറക്ടർ ടി.പി. ഷബീബ്, പീസ് വില്ലേജ് സെക്രട്ടറി കെ. മുസ്തഫ തുടങ്ങിയവർ സംസാരിച്ചു.