ഇതുവരെ പിടിയിലായത് അഞ്ചുപേർ
മീനങ്ങാടി : കാർ തടഞ്ഞുനിർത്തി യാത്രികന്റെ മുഖത്ത് കുരുമുളക് സ്‌പ്രേ അടിച്ച് പണവും വാഹനവും കവർന്നകേസിൽ ഒരാൾകൂടി അറസ്റ്റിൽ. കണ്ണൂർ ചൊക്ലി പെരിങ്ങളം കണ്ണമ്പള്ളിയിലെ കോടിയും പുനത്തിൽവീട്ടിൽ നിഥുൽകുമാർ (29) ആണ് അറസ്റ്റിലായത്. കണ്ണൂർ കണ്ണമ്പള്ളിയിൽനിന്നാണ് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. കണ്ണൂർ സ്വദേശികളായ പെരിങ്ങളം അനിയാരം മൂത്തേടത്ത് താഴെകുനിയിൽ എം. രഞ്ജു (32), മട്ടന്നൂർ സൗരവ് നിവാസിൽ സൗരവ് സുനിൽ (26), കണ്ണൂർ മണത്തണ മേലേ മുറിങ്ങോടി പുതുപ്പറമ്പിൽ വീട്ടിൽ പി. പ്രണവ് (24), മുഴക്കുന്ന് ഉറക്കുന്നുണ്ട് പറമ്പിൽവീട്ടിൽ കെ. കനകരാജ് (28) എന്നിവരെ നേരത്തേ പോലീസ് അറസ്റ്റുചെയ്തിരുന്നു. പ്രണവിനെയും കനകരാജിനെയും ബുധനാഴ്ച പേരാവൂർ എടത്തൊട്ടിയിൽനിന്നാണ് പിടികൂടിയത്. രഞ്ജു, സൗരവ്, സുനിൽ എന്നിവരെ സംഭവദിവസംതന്നെ പിടികൂടിയിരുന്നു. ഇവരുടെപേരിൽ വേറെയും കേസുകളുണ്ട്. കനകരാജിനെതിരേ മുഴക്കുന്ന്, കൂത്തുപറമ്പ്, കരിപ്പൂർ പോലീസ് സ്റ്റേഷനുകളിലായി അഞ്ചോളം കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു. പ്രണവിനെതിരേ പേരാവൂർ പോലീസ് സ്റ്റേഷനിൽ കേസുണ്ട്. രഞ്ജുവിനെതിരേ ബത്തേരി, ചൊക്ലി സ്റ്റേഷനുകളിലായി 13-ഓളം കേസുകളുണ്ട്. സൗരവ് സുനിലിനെതിരേയും വിവിധ കേസുകളുണ്ട്.
സെപ്റ്റംബർ 30-ന് വൈകീട്ടാണ് മീനങ്ങാടി എഫ്.സി.ഐ. ഗോഡൗണിന് സമീപത്തിവെച്ചായിരുന്നു കവർച്ച. കർണാടകയിലെ ബേഗൂരിൽനിന്ന് കൊടുവള്ളിയിലേക്ക് കാറിൽ വരുകയായിരുന്ന യുവാവിനെ രണ്ടുകാറുകളിലായി എത്തിയ പത്തോളംപേർ ചേർന്ന് തടയുകയായിരുന്നു. മാരകായുധങ്ങൾ ഉപയോഗിച്ച് കാറിന്റെ സൈഡ് ഗ്ലാസുകൾ അടിച്ചുതകർക്കുകയും യുവാവിന്റെ മുഖത്ത് എരിവുള്ള സ്‌പ്രേ അടിച്ച് ബലമായി പുറത്തിറക്കുകയും ചെയ്തു.
കാറും അതിലുണ്ടായിരുന്ന 21,000 രൂപയും കവർന്നതായാണ് കേസ്. ജില്ലാ പോലീസ് മേധാവി എസ്. ദേവമനോഹറിന്റെ നിർദേശപ്രകാരം ബത്തേരി ഡിവൈ.എസ്.പി. എം.എം. അബ്ദുൾകരീമിന്റെ മേൽനോട്ടത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് പ്രതികളെ പിടികൂടിയത്.
Published: 24 Oct 2026, 04:04 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented