കല്ലുമുക്കിൽ ആന നശിപ്പിച്ചത് നൂറിലേറെ വാഴകൾ
സുൽത്താൻബത്തേരി : പ്രതീക്ഷകളോടെ അധ്വാനം മണ്ണിൽ ചെലവിടുന്ന കർഷകർ കാട്ടാനശല്യത്തിൽ നട്ടംതിരിയുന്നു. നൂൽപ്പുഴ കല്ലുമുക്കിൽ ഒരുമാസത്തിനിടെ കാട്ടാനകളെത്തി യുവകർഷകന്റെ നൂറോളം വാഴകളാണ് നശിപ്പിച്ചത്. നൂൽപ്പുഴ പഞ്ചായത്തിലെ കല്ലുമുക്ക് മമ്മതംപാളി പ്രദേശത്താണ് കഴിഞ്ഞദിവസവും കാട്ടാനകളെത്തി ചുള്ളോപ്പിള്ളിയിൽ ഷിന്റോയുടെ അൻപതിലേറെ വാഴകൾ ആനകൾ നശിപ്പിച്ചത്.
ഒരുമാസം മുൻപും രാത്രിയെത്തിയ കാട്ടാന അൻപതോളം വാഴകൾ നശിപ്പിച്ചിരുന്നു. കുലചാടിയ വാഴകളാണ് നശിച്ചത്. നേന്ത്ര, ഞാലി വിഭാഗത്തിൽപ്പെടുന്ന ആയിരം വാഴകളാണ് സ്വന്തം സ്ഥലത്ത് ഷിന്റോ കൃഷിയിറക്കിയത്. ഏറെ നാളായുള്ള അധ്വാനവും പണച്ചെലവും നഷ്ടപ്പെടുത്തിയാണ് കാട്ടാനകളുടെ വിഹാരം. ഇവിടെ എട്ടുകിലോമീറ്ററോളം ഭാഗത്ത് തൂക്ക് ഫെൻസിങ് സ്ഥാപിച്ചിട്ടില്ല. വനംവകുപ്പിന്റെ താത്കാലിക ഫെൻസിങ്ങും കർഷകർ സ്വന്തം നിലയ്ക്ക് സ്ഥാപിക്കുന്ന ഫെൻസിങ് വേലിയും തകർത്താണ് ആന കൃഷിയിടത്തിലിറങ്ങുന്നത്.
തൂക്ക് ഫെൻസിങ് സ്ഥാപിക്കുന്നതിന് പദ്ധതി തയ്യാറാക്കി നൽകിയിട്ടുണ്ടെന്ന് വനംവകുപ്പ് പറയുമ്പോഴും കാര്യമായ തുടർനടപടികളില്ലെന്നാണ് നാട്ടുകാരുടെ പരാതി. വനാതിർത്തിയിലെ പ്രതിരോധ സംവിധാനങ്ങൾ കാര്യക്ഷമമല്ലാത്തതും കാവൽ ശരിയായ രീതിയിൽ അല്ലാത്തതുമാണ് ആനകൾ കൃഷിയിടത്തിലേക്ക് ഇറങ്ങുന്നതിന് കാരണമെന്നാണ് കർഷകർ പറയുന്നത്. പലതവണ വനംവകുപ്പ് അധികൃതരോട് പരാതി പറഞ്ഞിട്ടും കാര്യമായ പ്രതിരോധ നടപടികളുണ്ടാവുന്നില്ലെന്നും നാട്ടുകാർ പറയുന്നു. കല്ലുമുക്ക്, മാറോട്, ചുണ്ടപ്പാടി, പണപ്പാടി, കോളൂർ, മമ്മതംപാളി തുടങ്ങിയ പ്രദേശങ്ങളും വന്യമൃഗങ്ങൾ വ്യാപകമായി കൃഷി നശിപ്പിക്കുന്നുണ്ട്. മാറോടും ചുണ്ടപ്പാടിയിലും വ്യാപകമായി നെൽക്കൃഷിയും നശിപ്പിച്ചിട്ടുണ്ട്.
കാവൽ ശക്തമാക്കണം
വനാതിർത്തിയിൽ നിയോഗിച്ചിട്ടുള്ള വാച്ചർമാർ കൃത്യമായി ജോലി ചെയ്യുന്നുണ്ടെന്ന് അധികൃതർ ഉറപ്പുവരുത്തണം. പലപ്പോഴും കാവൽ ശക്തമല്ലാത്തതിനാലാണ് ആന കൃഷിയിടത്തിലേക്ക് ഇറങ്ങുന്നത്. അതോടൊപ്പം ഫെൻസിങ് അടക്കമുള്ള പ്രതിരോധ സംവിധാനങ്ങളും വനംവകുപ്പ് കാര്യക്ഷമമാക്കണം. കൃഷിയാണ് ജീവിതമാർഗം. സ്വന്തം സ്ഥലത്ത് നട്ട ആയിരം വാഴകളിൽ ഒരുമാസത്തിനുള്ളിൽ നൂറിലേറെ എണ്ണമാണ് നശിപ്പിച്ചത്. വാഴക്കുലയ്ക്ക് വിലയുള്ള സമയത്താണ് കുലചാടിയ ഇത്രയും വാഴകൾ നഷ്ടപ്പെട്ടത്.
ഷിന്റോ ചുള്ളോപ്പിള്ളിൽ
Published: 24 Oct 2026, 04:05 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented