ഫറോക്ക് : അമൃത് ഭാരത് റെയിൽവേ സ്‌റ്റേഷന്റെ അന്തിമഘട്ട പ്രവൃത്തികൾ വിലയിരുത്താൻ പാലക്കാട് ഡിവിഷണൻ മാനേജർ മധുകർ റോട്ടും സംഘവും ശനിയാഴ്ച ഉച്ചയോടെ ഫറോക്ക് റെയിൽവേ സ്‌റ്റേഷൻ സന്ദർശിച്ചു. രണ്ടുഘട്ടമായി പതിനേഴുകോടി രൂപയുടെ പ്രവൃത്തിയാണ് അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിപ്രകാരം ഫറോക്ക് സ്റ്റേ‌ഷനിൽ നടന്നത്. നിലവിൽ റെയിൽവേ സ്റ്റേഷൻ നവീകരണ പ്രവൃത്തികൾ ഏതാണ്ട് പൂർത്തിയായിട്ടുണ്ട്. വിവിധ സംഘടനകൾ, ഫറോക്ക് നഗരസഭാധ്യക്ഷ തുടങ്ങിയവരും ഡിവിഷൻ മാനേജരുമായി സംസാരിച്ചു. ഡിസംബറോടുകൂടി ഉദ്ഘാടനം നടത്താനാണ് തീരുമാനം. കോവിഡ് കാലഘട്ടത്തിൽ റദ്ദാക്കിയ തീവണ്ടികളുടെ സ്റ്റോപ്പ് പുനഃസ്ഥാപിക്കണമെന്നും കരുവൻതിരുത്തി റോഡിൽ തെരുവുവിളക്കുകൾ സ്ഥാപിക്കുന്നതിനാവശ്യമായ നടപടികൾ റെയിൽവേ വേഗത്തിലാക്കണമെന്നും ഫറോക്ക് നഗരസഭാധികൃതർ ഡിവിഷൻ മാനേജരോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിശ്രമമുറിയുടെ ഒരു ഭാഗം സാധാരണയാത്രക്കാർക്കും ഉപയോഗിക്കുന്ന രീതിയിലേക്ക്‌ മാറ്റാനും ഫറോക്ക് സ്‌റ്റേഷനെ എയർപോർട്ട് സ്റ്റേഷൻ പദവിയിലേക്ക് ഉയർത്തണമെന്നും റെയിൽവേ വെൽഫെയർ സൊസൈറ്റിയും ഫറോക്ക് വ്യാപാരി വ്യവസായി ഏകോപന സമിതിയും രേഖാമൂലം ആവശ്യപ്പെട്ടിട്ടുണ്ട്. സീനിയർ ഡി.ഒ.എം. മിഥുൻ, സിനിയർ ഡി.സി.എം. ബാലമുരളി, സീനിയർ ഡി.ഇ.എൻ. കോഡിനേറ്റർ മുഹമ്മദ് ഇസ്ലാം‌ ഫറോക്ക് നഗരസഭാ ചെയർപേഴ്സൺ സി. ചന്ദ്രിക, സ്ഥിരംസമിതി ചെയർമാൻ മൊയ്തീൻകോയ കൗൺസിലർമാരായ കെ.എം. ഹനീഫ, പ്രകാശ് കറുത്തേടത്ത്, വ്യാപാരി വ്യവസായി ഏകോപനസമതി ഫറോക്ക് യൂണിറ്റ് പ്രസിഡന്റ് എം. മമ്മുണ്ണി, പവിത്രൻ ആലമ്പറ്റ, പി. ഷിജിത്ത് റെയിൽവേ വെൽഫെയർ സൊസൈറ്റി ഭാരവാഹികളായ ഗിരീഷ് പി. മേലേടത്ത്, വി. മോഹനൻ കെ.എം. സുകുമാരൻ, പത്മനാഭ വാരിയർ തുടങ്ങിയവരും സംബന്ധിച്ചു

To advertise here,

സംയുക്തപരിശോധന നാളെ

ഫറോക്ക്: റെയിൽവേ സ്‌റ്റേഷനു സമീപത്തായി സ്ഥിതിചെയ്യുന്ന പുത്തോളം വെസ്റ്റ് നല്ലൂർ ഭാഗത്തേക്കുള്ള പാതയിൽ ഇന്റർലോക്ക് പാകുന്നതുമായി ബന്ധപ്പെട്ട് നിൽക്കുന്ന പ്രശ്നത്തിൽ റെയിൽവേ നഗരസഭാധികൃതർ തിങ്കളാഴ്ച സംയുക്തപരിശോധന നടത്തും. മധുകർ റോട്ടും സംഘവും സ്ഥലം സന്ദർശിച്ചിരുന്നു.

ആറുവർഷംമുൻപ്‌ നഗരസഭാധികൃതർ നൂറ്ുമീറ്റർ വരുന്ന റോഡ് നവീകരിക്കുന്നതിനായി ക്വാറിപ്പൊടിയുൾപ്പെടെ വഴിയിൽ നിരത്തിയിരുന്നു. തുടർന്ന് റെയിൽവേ അധികൃതർ അനുമതി നിഷേധിച്ചതോടെ പ്രവൃത്തി നടന്നില്ല.

വിഷയം നഗരസഭാധികൃതർ ഒട്ടേറെത്തവണ റെയിൽവേയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നെങ്കിലും തീരുമാനമാവാതെ നീളുകയായിരുന്നു.