പേരാമ്പ്ര : താലൂക്ക് ആശുപത്രിയിലെ പുതിയ കെട്ടിടനിർമാണ പുരോഗതി ഫാത്തിമ തഹിലിയ എം.എൽ.എ. സ്ഥലം സന്ദർശിച്ച് വിലയിരുത്തി. ജനപ്രതിനിധികൾ, ആരോഗ്യവകുപ്പ് അധികൃതർ, പ്രവൃത്തിക്ക് മേൽനോട്ടം വഹിക്കുന്ന ഇൻകൽ ഉദ്യോഗസ്ഥർ, കരാറുകാരായ യു.എൽ.സി.സി.എസ്‌. പ്രതിനിധികൾ എന്നിവരുമായി എം.എൽ.എ. ചർച്ചനടത്തി. പ്രവൃത്തി വേഗം പൂർത്തിയാക്കാൻ എം.എൽ.എ. നിർദേശം നൽകി. 2027 ജൂലായ് മാസത്തിൽ പണി പൂർത്തീകരിക്കുമെന്ന് ഇൻകൽ, യു.എൽ.സി.സി.എസ്‌. പ്രതിനിധികൾ എം.എൽ.എ.ക്ക് ഉറപ്പുനൽകി.

To advertise here,

ആശുപത്രിയിലേക്കുള്ള റോഡിൽ വീതികുറഞ്ഞ കനാൽപാലത്തിന്റെ പുനർനിർമാണം, സി.കെ.ജി. ഗവ. കോളേജിന്റെ സ്ഥലം ഏറ്റെടുത്ത് പാർക്കിങ്‌ സ്ഥലമൊരുക്കൽ എന്നിവ നടപ്പാക്കാൻ അടിയന്തര ഇടപെടൽ നടത്തുമെന്ന് എം.എൽ.എ. യോഗത്തിൽ അറിയിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിനി വട്ടക്കണ്ടി, വൈസ് പ്രസിഡന്റ് വഹീദ പാറേമ്മൽ, സ്ഥിരംസമിതി ചെയർപേഴ്‌സൺ യു. അനിത, മെമ്പർമാരായ രാജൻ മരുതേരി, ബിജു സി. എരവട്ടൂർ. മെഡിക്കൽ ഓഫീസർ ദിവ്യ, ജോ. ബി.ഡി.ഒ. മുസ്തഫ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

ആശുപത്രിയിലെ പഴയ ക്വാർട്ടേഴ്‌സ് കെട്ടിടങ്ങൾ പൊളിച്ചുനീക്കിയ സ്ഥലത്താണ് ഏഴുനിലയിൽ പുതിയകെട്ടിടം നിർമിക്കുന്നത്. 2024 സെപ്‌റ്റംബറിലാണ് കെട്ടിടത്തിന് തറക്കല്ലിട്ടത്. 81,316.55 ചതുരശ്ര അടി വിസ്തൃതിയിൽ ഏഴ് നിലകളിലായാണ് ആധുനികസൗകര്യങ്ങളോടെ കെട്ടിടം നിർമിക്കുക. 77.43 കോടി രൂപയുടെ പദ്ധതിയിൽ ആദ്യഘട്ടത്തിൽ അനുവദിച്ച 56 കോടി രൂപയുടെ പ്രവൃത്തിയാണ് നടക്കുന്നത്. അടിസ്ഥാനസൗകര്യങ്ങൾ സജ്ജമാക്കാനാണ് ശേഷിച്ച തുക വേണ്ടത്.