പനമരം : കനത്ത മഴയെത്തുടർന്ന് പനമരം ടൗണിലെ വ്യാപാരസ്ഥാപനങ്ങളിൽ വെള്ളംകയറി. പനമരം ആശുപത്രിക്കവലയിലെ ഇരുഭാഗങ്ങളിലുമുള്ള പത്തിലേറെ കടകളിലാണ് വെള്ളിയാഴ്ച വൈകീട്ട് വെള്ളംകയറിയത്.
വ്യാപാരസ്ഥാപനങ്ങളിലേക്ക് ചെളി ഉൾപ്പെടെ അടിച്ചുകയറിയതോടെ സാധനങ്ങളെല്ലാം നനഞ്ഞുകുതിർന്നു. ഒരു ചെറിയ മഴപെയ്താലും പനമരം ടൗണിൽ വെള്ളക്കെട്ട് രൂക്ഷമാവുകയാണ്. ഇതോടെ പനമരത്തെ കച്ചവടക്കാരും കാൽനടയാത്രക്കാരും ദുരിതത്തിലാവുകയാണ്.
റോഡ് ഉയർന്നും റോഡിന്റെ ഇരുവശവും താഴ്ന്നനിലയിലുമായതാണ് പ്രശ്നം. മലയോര ഹൈവേയുടെ ഭാഗമായി ടൗണിൽ ഒന്നാംഘട്ട ടാറിങ് പ്രവൃത്തികൾ നടത്തിയിരുന്നു. ഇതോടെ റോഡ് ഉയരുകയും നടപ്പാത താഴുകയും ചെയ്തതാണ് ചെറിയ മഴയിൽപ്പോലും വെള്ളം കയറാൻ ഇടയാക്കുന്നതെന്നാണ് വ്യാപാരികൾ പറഞ്ഞു.
ഇനി റോഡിൽ രണ്ടാംഘട്ട പ്രവൃത്തികൾകൂടി നടത്തേണ്ടതുണ്ട്. ഇതുകൂടി കഴിഞ്ഞാൽ കൂടുതൽ കടകളിൽ വെള്ളംകയറാൻ ഇടയാക്കും. ഇപ്പോൾ ടൗണിന്റെ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമാണ്.
നടപ്പാതയ്ക്ക് മുകളിലും വെള്ളം തളംകെട്ടിനിൽക്കുന്നതോടെ കാൽനടയാത്രക്കാരും വ്യാപാരികളും ഒരുപോലെ പ്രയാസത്തിലാവുകയാണ്. നടപ്പാതയിലെ വെള്ളം ഓടയിലേക്ക് പോകാനുള്ള സൗകര്യം നിലവില്ല. ഇതുതന്നെയാണ് റോഡിലൂടെ ഒഴുകുന്ന വെള്ളത്തിന്റെയും അവസ്ഥ.
അടുത്ത മഴക്കാലത്തിനു മുൻപായി ഇതിനൊരു അടിയന്തരപരിഹാരം ഉണ്ടായില്ലെങ്കിൽ പനമരത്തെ കച്ചവടത്തെ സാരമായി ബാധിക്കും. റോഡ് നവീകരണത്തിനൊപ്പം നടപ്പാതകൂടി നവീകരിക്കണമെന്ന ആവശ്യം ശക്തമാവുകയാണ്.
Published: 24 Oct 2026, 04:06 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented