പ്രകൃതിദത്ത നീരുറവകൾക്ക് പുനർജനിയേകി നബാർഡും ഡബ്ല്യു.എസ്.എസ്.എസും

To advertise here,

മാനന്തവാടി : വരൾച്ച പിടിമുറുക്കുന്ന വയനാട്ടിലെ പ്രകൃതിദത്ത നീരുറവകൾക്ക്‌ പുനർജനിയേകി നബാർഡും വയനാട് സോഷ്യൽ സർവീസ് സൊസൈറ്റിയും (ഡബ്ല്യു.എസ്.എസ്.എസ്.). കാലാവസ്ഥാ വ്യതിയാനം, മണ്ണിടിച്ചിൽ, മണ്ണൊലിപ്പ്, മാലിന്യം തള്ളൽ എന്നിവയുൾപ്പെടെയുള്ള വിവിധകാരണങ്ങളാൽ നശിച്ചുകൊണ്ടിരിക്കുന്ന പ്രകൃതിദത്ത നീരുറവകളാണ് സംരക്ഷിക്കുന്നത്. നബാർഡിന്റെ സാമ്പത്തികസഹായത്തോടെ എടവക ഗ്രാമപ്പഞ്ചായത്തിലെ പുലിക്കാടിൽ നടപ്പാക്കുന്ന നീർത്തട വികസനപദ്ധതിയുടെ ഭാഗമായി അഞ്ച്‌ പ്രകൃതിദത്ത നീരുറവകളാണ് ഇതിനകം പുനരുജ്ജീവിപ്പിച്ചത്. മണ്ണും ചെളിയും മാലിന്യവും നിറഞ്ഞ് ഉപയോഗശൂന്യമായ അവസ്ഥയിലായിരുന്ന നീരുറവകളാണ് ശാസ്ത്രീയമായ പുനരുദ്ധാരണപ്രവർത്തനങ്ങളിലൂടെ വീണ്ടും സജീവമായത്.

നീരുറവകളിൽ അടിഞ്ഞുകൂടിയ മണ്ണും ചെളിയും മാലിന്യവും നീക്കംചെയ്ത് ശുചീകരണപ്രവർത്തനങ്ങൾ നടത്തുകയും ജലസംഭരണത്തിനും സംരക്ഷണത്തിനുമായി സ്‌പ്രിങ് ബോക്സുകളും നിർമിച്ചിട്ടുണ്ട്. ഇതിനാൽ, നീരുറവകളിലെ ജലലഭ്യത വർധിക്കുകയും നീരൊഴുക്ക് മെച്ചപ്പെടുകയും ചെയ്തിട്ടുണ്ട്.

ജലസ്രോതസ്സുകളുടെ ദീർഘകാല നിലനിൽപ്പ്‌ ഉറപ്പാക്കുന്നതിനായി മണ്ണ്-ജല സംരക്ഷണപ്രവർത്തനങ്ങളായ മൺകയ്യാല നിർമാണം നീർക്കുഴികൾ, മരംവെച്ചുപിടിപ്പിക്കൽ, കാർഷികവിളകളുടെ വ്യാപനം, ചെക്‌ ഡാം നിർമാണം എന്നിവയും നടത്തുന്നുണ്ട്.

ഗ്രാമതലത്തിലുള്ള വാട്ടർഷെഡ് കമ്മിറ്റി അംഗങ്ങളുടെയും പ്രാദേശിക ജനങ്ങളുടെയും പങ്കാളിത്തത്തോടെയാണ് നീരുറവകളുടെ പുനരുജ്ജീവനവും നീർത്തടസംരക്ഷണപ്രവർത്തനങ്ങളും നടത്തുന്നത്.

ഡബ്ല്യു.എസ്.എസ്. ഡയറക്ടർ റവ. ഫാ. ജിനോജ് പാലത്തടത്തിൽ, അസോ. ഡയറക്ടർ റവ. ഫാ. ജോണി കുന്നത്ത്, പ്രോഗ്രാം ഓഫീസർ പി.എ. ജോസ്, പ്രോജക്ട് മാനേജർമാരായ റോബിൻ ജോസഫ്, ദീപു ജോസഫ്, അഗ്രോണമിസ്റ്റ് കെ.ജെ. ബിജു, സിവിൽ എൻജിനിയർ നീരജ സുരേന്ദ്രൻ, ലേഡി സോഷ്യൽ വർക്കർ ജാൻസി ജിജോ, വില്ലേജ് വാട്ടർഷെഡ് കമ്മിറ്റിയംഗങ്ങളായ കെ.ജെ. വർഗീസ്, പി.ജെ. സിനോജ് എന്നിവരാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.