ജലനിധിയുടെ പൈപ്പ് പൊട്ടുന്നത് തുടർക്കഥ
താമരശ്ശേരി : ‘കഴിഞ്ഞ ആഴ്ചയായിരുന്നു മകളുടെ കല്യാണം. ജലനിധിവഴിയുള്ള കുടിവെള്ളം മുടങ്ങിയതോടെ വീട്ടിൽ നടത്താനിരുന്ന കല്യാണപരിപാടി പരപ്പൻപൊയിലിലെ ഓഡിറ്റോറിയത്തിലേക്ക് മാറ്റേണ്ടിവന്നു. അപ്പുറത്തെ വീട്ടിലെ കിണറ്റിൽനിന്നാണ് അത്യാവശ്യത്തിന് വെള്ളമെടുക്കുന്നത്. ആവശ്യക്കാർകൂടിയതോടെ ഇപ്പോ അതും ഏതാണ്ട് വറ്റിത്തുടങ്ങി’’ -താമരശ്ശേരി ചുങ്കം സൗത്ത് വാർഡിലെ കിണറുള്ളകണ്ടി, ചുണ്ടക്കുന്ന് പ്രദേശത്തുള്ള കുടുംബങ്ങൾ കുടിവെള്ളമില്ലാതെ ആഴ്ചകളായി അനുഭവിക്കുന്ന ദുരിതത്തിന്റെ നേർസാക്ഷ്യമായിരുന്നു പണ്ടാരക്കണ്ടി ആരിഫയുടെ ഈ വാക്കുകൾ.ആരിഫയുടെ വീടിനു തൊട്ടടുത്താണ് നാല്പതോളം വിദ്യാർഥികൾ പഠിക്കുന്ന കെടവൂർ എം.എം.എ.എൽ.പി. സ്കൂൾ. സ്കൂളിലെ പ്രധാന കുടിവെള്ളസ്രോതസ്സായ ജലനിധിവഴിയുള്ള ജലവിതരണം മുടങ്ങിയിട്ട് ആഴ്ചകളായി. അതോടെ കുടിക്കാനും ഭക്ഷണപാത്രങ്ങൾ കഴുകാനും ശൗചാലയ ആവശ്യങ്ങൾക്ക് ഉപയോഗിക്കാനുമെല്ലാം വെള്ളമില്ലാതെ വലയുകയാണ്. സ്കൂളിനടുത്തുള്ള ചില രക്ഷിതാക്കളുടെ സന്മനസ്സുകൊണ്ടുമാത്രമാണ് ജലലഭ്യതയുള്ള സ്ഥലങ്ങളിൽനിന്ന് സ്കൂളിന്റെ ടാങ്കിലേക്ക് വെള്ളമെത്തുന്നതെന്ന് പ്രധാനാധ്യാപിക പി. ദിൽഷ അറിയിച്ചു.
ജലനിധിപദ്ധതിയുടെ പൈപ്പ് ഇടയ്ക്കിടെ പൊട്ടിയതിനെത്തുടർന്ന് ചുണ്ടക്കുന്ന്, കിണറുള്ളകണ്ടി ഭാഗങ്ങളിലേക്കുള്ള ജലവിതരണം നിലച്ചിട്ട് മൂന്നാഴ്ചയിലേറെയായി. അനുവദനീയമായ ആഴത്തിൽ കുഴൽക്കിണർ കുഴിച്ചാൽപോലും പലസ്ഥലത്തും വെള്ളംകാണാനാവാത്ത ഈ മേഖലകളിൽ ചുരുക്കംവീടുകളിൽ മാത്രമാണ് വെള്ളമുള്ള കിണറുകളുള്ളത്. അതിനാൽ, ജലനിധിപദ്ധതിയാണ് എല്ലാവരും ആശ്രയിക്കുന്നത്. അതാണിപ്പോൾ പൈപ്പ് തകർച്ചകാരണം ഇടയ്ക്കിടെ മുടങ്ങി പ്രയാസമുണ്ടാക്കുന്നതെന്ന് ഗ്രാമപ്പഞ്ചായത്തംഗം ഷീജാ ദിലീപ് പറയുന്നു. വെള്ളമെടുത്തുവരുന്ന കിണറുകളെല്ലാം വറ്റാറായ അവസ്ഥയാണെന്നും ടാങ്കർലോറിയിൽ കുടിവെള്ളമെത്തുന്നത് ഇപ്പോൾ നിലച്ച മട്ടാണെന്നും പ്രദേശവാസിയായ ചുണ്ടയിൽ സഫീദ അറിയിച്ചു. നോക്കുകുത്തിയായി നിലകൊള്ളുന്ന ചുണ്ടക്കുന്നിലെ കുടിവെള്ളപദ്ധതിയുടെ പഴയ ടാങ്കും ടാപ്പുതുറന്നാൽ കാറ്റുമാത്രം വരുന്ന ജലനിധിയുടെ പൈപ്പും നാട്ടുകാരനായ കിണറുള്ളകണ്ടി ബാവൻകുട്ടി കാട്ടിത്തന്നു. വെള്ളമില്ലാത്ത അവസ്ഥയിലും വെള്ളക്കരം നൽകേണ്ടിവരുന്നുവെന്നതാണ് നാട്ടുകാരുടെ ആവലാതി.
വില്ലനായി പൈപ്പ് പൊട്ടൽ
കരിങ്ങമണ്ണയിലെ പമ്പ് ഹൗസിൽനിന്ന് ചുങ്കം കെ.എസ്.ഇ.ബി. പരിസരത്തെ ടാങ്ക് വഴി കമ്മട്ട്യേരിക്കുന്നിലെ ഒരുലക്ഷം ലിറ്റർ ശേഷിയുള്ള കൂറ്റൻ ജലസംഭരണിയിലേക്ക് എത്തിക്കുന്ന ജലം, അവിടെനിന്നാണ് ദേശീയ, സംസ്ഥാന പാതകളിലൂടെ കടന്ന് ചുണ്ടക്കുന്ന്, കിണറുള്ളകണ്ടി ഭാഗങ്ങളിലേക്ക് വിതരണം ചെയ്യുന്നത്. ഇതിനായി ചുങ്കത്ത് ദേശീയപാതയോരത്തുനിന്ന് മൃഗാശുപത്രിക്ക് മുൻവശംവരെയുള്ള ഒരു കിലോമീറ്ററോളം ദൂരത്ത് ഉൾപ്പെടെ പലസ്ഥലത്തും വേണ്ടത്ര ഗുണനിലവാരമില്ലാത്ത പി.വി.സി. പൈപ്പാണ് അന്ന് സ്ഥാപിച്ചത്. വിതരണപെപ്പ് പലയിടത്തും പതിവായി പൊട്ടുന്നതാണ് കുടിവെള്ളം മുടങ്ങാൻ കാരണമാവുന്നതെന്ന് ജലനിധി ഫെഡറേഷൻ ജനറൽ സെക്രട്ടറി അസീസ് അവേലം പറയുന്നു.
പൈപ്പ് പൊട്ടിയതിനെത്തുടർന്ന് കഴിഞ്ഞവർഷം ജനുവരിയിൽ കുടിവെള്ളവിതരണം പാടെ മുടങ്ങിയിരുന്നു. അന്ന് റോഡിൽ കുഴിയെടുക്കുന്നതിന് കെട്ടിവെക്കാനുള്ള 1.98 ലക്ഷം രൂപ താമരശ്ശേരി പഞ്ചായത്താണ് ജലനിധി കമ്മിറ്റിക്ക് കൈമാറിയത്. അതിനുശേഷവും പലയിടത്തായി പൈപ്പ് പൊട്ടി. ഒരുമാസത്തിനിടെ ചുങ്കം ഭാഗത്തുമാത്രം നാലിടത്താണ് പൈപ്പ് പൊട്ടിയത്.
അണ്ടോണയിലെ രണ്ടിടത്തും ചുങ്കത്തും മത്സ്യമാർക്കറ്റിനുമുന്നിലെയും ഓരോ ഇടങ്ങളിലും പൊട്ടിയ പൈപ്പ് മാറ്റി പുതിയവ ഘടിപ്പിച്ച് ഇക്കഴിഞ്ഞ ദിവസങ്ങളിൽ ഭാഗികമായി അറ്റകുറ്റപ്പണി നടത്തി. ചുങ്കത്ത് ദേശീയപാതയ്ക്കുനടുവിലും പൈപ്പിൽ പൊട്ടലുണ്ട്. ഈ ഭാഗത്ത് അറ്റകുറ്റപ്പണി നടത്തണമെങ്കിൽ ദേശീയപാത വിഭാഗത്തിലേക്ക് ഭാരിച്ച തുക കെട്ടിവെക്കേണ്ടിവരും.
വെള്ളം മുടങ്ങുന്നതിന്റെ പേരിൽ ചില ഗുണഭോക്താക്കൾ നിശ്ചിതതുക കൃത്യമായി അടയ്ക്കാറില്ലെന്ന് ജലനിധിയുടെ സ്‌കീം ലെവൽ എക്‌സിക്യുട്ടീവ് കമ്മിറ്റി (എസ്.എൽ.ഇ.സി) അധികൃതർ പറയുന്നു. നിലവിൽ അറ്റകുറ്റപ്പണി നടത്തി കോൺക്രീറ്റ് ചെയ്ത ഭാഗങ്ങൾ ഉറച്ചശേഷം പരീക്ഷണാടിസ്ഥാനത്തിൽ വെള്ളം പമ്പുചെയ്ത് നോക്കി, ദേശീയപാതയ്ക്ക് നടുവിലെ പൈപ്പ് തകർച്ച ഗുരുതരമല്ലെങ്കിൽ ജലവിതരണം ഉടൻ പുനഃസ്ഥാപിക്കാമെന്നാണ് എസ്.എൽ.ഇ.സിയുടെ പ്രതീക്ഷ. കുടിവെള്ളപ്രശ്‌നം ശാശ്വതമായി പരിഹരിക്കണമെങ്കിൽ ചുണ്ടക്കുന്നിലോ മറ്റോ നല്ല സംഭരണശേഷിയുള്ള ഒരു ടാങ്കും വലിയൊരു ജലസ്രോതസ്സും സജ്ജമാക്കേണ്ടതുണ്ട്.ഗുണഭോക്താക്കളുടെ പൂർണസഹകരണമില്ലാതെ ജലനിധി പദ്ധതി മുന്നോട്ടുകൊണ്ടുപോകാനാവില്ല. വിതരണപൈപ്പ് പൊട്ടിയ ഇടങ്ങളിൽ ഭാഗികമായി അറ്റകുറ്റപ്പണി നടത്തിക്കഴിഞ്ഞു. പരീക്ഷണാടിസ്ഥാനത്തിൽ പമ്പുചെയ്തുനോക്കി പ്രശ്‌നമില്ലെങ്കിൽ ജലവിതരണം പുനഃസ്ഥാപിക്കും. ചുണ്ടക്കുന്ന്, കിണറുള്ളകണ്ടി ഭാഗത്തേക്കുള്ള ഒരു കിലോമീറ്റർ ദൈർഘ്യത്തിലെ പി.വി.സി. പൈപ്പ് മാറ്റി ഡി.ഐ. പൈപ്പ് ആക്കിയാലേ ഇടയ്ക്കിടെയുള്ള പൈപ്പ് തകർച്ച ഒഴിവാകൂ.
എ.പി. ഹുസൈൻ
ജലനിധി എസ്.എൽ.ഇ.സി. പ്രസിഡന്റ്
കിണറുകൾ വളരെ കുറവും ഉള്ള ജലസ്രോതസ്സുകൾ വറ്റാറായതുമായ ചുണ്ടക്കുന്ന്, കിണറുള്ളകണ്ടി മേഖലകളിൽ ജലനിധിയുടെ വെള്ളം പലപ്പോഴും മുടങ്ങുന്നത് വലിയ പ്രയാസമാണ്. ഒട്ടേറെ കുടുംബങ്ങളെ വലയ്ക്കുന്ന പ്രശ്‌നത്തിന് ശാശ്വതപരിഹാരം കാണാൻ ബന്ധപ്പെട്ടവർ തയ്യാറാവണം.
കെ.എം. ബാവൻകുട്ടി, പ്രദേശവാസി
Published: 19 Sept 2026, 03:30 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented