ഫറോക്ക് : ചെറുവണ്ണൂർ മേൽപ്പാല നിർമാണത്തിന്റെ ഭാഗമായി ഗർഡർ സ്ഥാപിക്കുന്നതുകാരണം സെപ്റ്റംബർ 20 രാത്രി മുതൽ 26 വരെ ഇതുവഴിയുള്ള ഗതാഗതം പൂർണമായും നിരോധിക്കും. ശനിയാഴ്ച രാത്രി ഒൻപതുമണി മുതലായിരുന്നു ആദ്യം നിയന്ത്രണമേർപ്പെടുത്താൻ തീരുമാനിച്ചിരുന്നതെങ്കിലും മേഖലയിലെ വിവാഹവും മറ്റുചടങ്ങുകളും കണക്കിലെടുത്ത് ഞായറാഴ്ച രാത്രി ഒൻപതുമണി മുതൽ നിയന്ത്രണമേർപ്പെടുത്താൻ അധികാരികൾ തീരുമാനിക്കുകയായിരുന്നു.

To advertise here,

ഞായറാഴ്ച രാത്രിമുതൽ ശനിയാഴ്ചവരെയാണ് അപകടസാധ്യത കണക്കിലെടുത്ത് ഇതുവഴിയുള്ള ഗതാഗതം പൂർണമായി നിരോധിക്കുന്നത്. ഇതുസംബന്ധിച്ച് വെള്ളിയാഴ്ച ചെറുവണ്ണൂർ ഗവ. ഗസ്റ്റ്ഹൗസിൽ, പൊതുമരാമത്തുവകുപ്പ് അധികൃതർ, പോലീസ് ഉദ്യോഗസ്ഥർ, ചെറുവണ്ണൂർ പൗരസമതി, ചെറുവണ്ണൂർ മേൽപ്പാലം ആക്‌ഷൻ കമ്മിറ്റി പ്രതിനിധികൾ, വിവിധ രാഷ്ട്രയപ്പാർട്ടി പ്രതിനിധികൾ, വ്യാപാരികൾ, ഡിവിഷൻ കൗൺസിലർമാർ എന്നിവർ പങ്കെടുത്ത വിശാലമായ യോഗവും നടന്നു.

ഗർഡർ സ്ഥപിക്കൽ രണ്ടുഘട്ടമായിട്ടാണ് ആദ്യം നടത്താൻ തിരുമാനിച്ചതെങ്കിലും പ്രവൃത്തിയിലെ പ്രയാസം കണക്കിലെടുത്ത് ഒടുവിൽ ഒറ്റഘട്ടമാക്കി നടത്തുവാൻ അധികാരികൾ തീരുമാനിക്കുകയായിരുന്നു.

ചെറുവണ്ണൂർ ബി.സി. റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്തെ ഗർഡറിന്റെ പ്രവൃത്തി ആദ്യംപൂർത്തീകരിക്കും. തുടർന്ന് ഈ ഭാഗം തുറന്നു കൊടുക്കും. ഇതോടെ ബി.സി. റോഡ് വഴിയുള്ള ഗതാഗതം തടസ്സമില്ലാതെ തുടരാനാവും.

മാത്രമല്ല പ്രധാന ഊടുവഴികളെല്ലാം ഗതാഗതയോഗ്യമാക്കുന്നതിനുള്ള അവസാനഘട്ട ശ്രമവും അധികൃതർ നടത്തുന്നുണ്ട്. സിറ്റിയിൽ സർവീസ് നടത്തുന്ന ഹൃസ്വദൂര ബസുകൾക്ക് ചെറുവണ്ണൂർ കരുണവരെയും ഫറോക്ക്, കടലുണ്ടി, ചാലിയം ഭാഗങ്ങളിൽ സർവീസ് നടത്തുന്ന സിറ്റി, മിനി ബസുകൾക്ക് കോയാസ് വരെയും സർവീസ് നടത്തി തിരിച്ചുപോവാമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.

കോഴിക്കോട് ഭാഗത്തുനിന്ന് വരുന്ന ദീർഘദൂര ബസുകൾക്കും കോഴിക്കോട് ഭാഗത്തേക്ക് വരുന്ന ദീർഘദൂര ബസുകളുടെയും സഞ്ചാരപാതയുമായി ബന്ധപ്പെട്ട തീരുമാനം ഞായറാഴ്ചയോടെ ട്രാഫിക്ക് അധികാരികൾ കൈകൊള്ളും. പരമാവധി ജനങ്ങളുടെ ഭാഗത്തുനിന്ന് സഹകരണംവേണമെന്ന് അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.