പനമരം : കുടിവെള്ളത്തിനായി നെട്ടോട്ടമോടുകയാണ് കൈതക്കൽ ഡിപ്പോമുക്കിലെ സി.പി. ഊരുകാർ. പനമരം പഞ്ചായത്തിലെ അഞ്ചാം വാർഡിൽ 2018-ലെ പ്രളയാനന്തരം പുനരധിവസിപ്പിക്കപ്പെട്ട 23 കുടുംബങ്ങളാണ് കുടിവെള്ളക്ഷാമം നേരിടുന്നത്.

To advertise here,

ആകെയുള്ള ഒരു കിണർ വറ്റിവരണ്ടതോടെ ദുരിതജീവിതം പേറുകയാണിവർ.

ഡിപ്പോമുക്കിൽ രണ്ട് ഏക്കറോളം വരുന്ന സ്ഥലത്ത് റീബിൽഡ് കേരള പദ്ധതിയിലുൾപ്പെടുത്തി എട്ടു വീടുകളും ഗ്രാമപ്പഞ്ചായത്ത് 15 വീടുകളുമാണ് നിർമിച്ചിരിക്കുന്നത്. മെച്ചപ്പെട്ട വീടുകളാണെങ്കിലും ഇവിടെ കുടിവെള്ളം ഇല്ലാത്തതാണ് പ്രയാസത്തിലാക്കുന്നത്. 500 മീറ്ററോളം തലച്ചുമടായാണ് ഇവർ ഇപ്പോൾ കുടിവെള്ളം എത്തിക്കുന്നത്. അതും പണംനൽകി സമീപത്തെ കിണറുകളെ ആശ്രയിച്ചാണ്. ചൂടുകാരണം ഈ കിണറുകളും വറ്റിത്തുടങ്ങിയതിനാൽ വലിയ പ്രതിസന്ധിയിലാണിവർ.

ഉന്നതിയിലെ കുട്ടികൾ ഉൾപ്പെടെയുള്ള നൂറിലേറെപ്പേർക്ക് ഏക ആശ്രയം 35 റിങ്ങുള്ള ഒരു കിണർമാത്രമാണ്. വെള്ളത്തിന്റെ ക്ഷാമം നേരിടുന്നതിനാൽ ഒരാഴ്ചയായി കുട്ടികൾ സ്കൂളിൽ പോയിട്ടില്ലെന്ന് ഊരിലെ സവിത പറഞ്ഞു. കുടിവെള്ളപദ്ധതിക്കായി പി.വി.സി. പൈപ്പ് ലൈൻ വലിച്ചിട്ടുണ്ടെങ്കിലും മറ്റുപ്രവൃത്തികൾ ഒന്നും ഇതുവരെയും നടത്തിയിട്ടില്ല. അതിനാൽ പ്രാഥമിക കർമങ്ങൾക്കും കുളിക്കാനും അലക്കാനും കുടിക്കാനും വലിയ പെടാപ്പാടാണെന്ന് ലീല പറയുന്നു.

വെള്ളമില്ലാത്തതിനാൽ മൂന്നു കുടുംബങ്ങൾ ഇപ്പോൾ ഇവിടെനിന്ന്‌ താമസംമാറ്റുകയും ചെയ്തു. കുടിവെള്ളപ്രശ്നത്തിന് ശാശ്വതപരിഹാരം കാണുന്നതിനായി നിരന്തരം ഇവർ അധികൃതരെ സമീപിക്കുന്നുണ്ടെങ്കിലും നടപടിയുണ്ടാവുന്നില്ലെന്നാണ് പരാതി. പ്രശ്നത്തിന് അടിയന്തരപരിഹാരം കണ്ടില്ലെങ്കിൽ ശക്തമായ സമരവുമായി രംഗത്തിറങ്ങുമെന്നും ഊരിലുള്ളവർ പറഞ്ഞു.