വടകര : മൂരാട് പുഴയ്ക്കുകുറുകെ നിർമിച്ച റെയിൽവേയുടെ പുതിയ പാലത്തിലൂടെ തീവണ്ടികൾ ഓടിത്തുടങ്ങി. വെള്ളിയാഴ്ച പുലർച്ചെ മൂന്നിനാണ് പാലം കമ്മിഷൻ ചെയ്തത്. മംഗളൂരു-ചെന്നൈ വെസ്റ്റ്‌കോസ്റ്റ് എക്സ്പ്രസ് തീവണ്ടിയാണ് ആദ്യമായി പാലത്തിലൂടെ കടന്നുപോയത്.
വ്യാഴാഴ്ച രാത്രി ഇരുഭാഗങ്ങളിലേക്കും പോകുന്ന തീവണ്ടികൾക്ക് നിയന്ത്രണമേർപ്പെടുത്തിയിരുന്നു. എട്ടുമണിയോടുകൂടി വടകര ഭാഗത്തുനിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന ട്രാക്ക് അടച്ചു. രാത്രി ഒൻപതുമുതൽ കോഴിക്കോടുനിന്ന് വടകര ഭാഗത്തേക്ക് പോകുന്ന ട്രാക്കിലൂടെയാണ് ഇരുഭാഗത്തേക്കും തീവണ്ടികൾ ഓടിയത്. അതുകൊണ്ടുതന്നെ സുരക്ഷാ മുൻകരുതലുകൾ എന്ന രീതിയിൽ ഒട്ടേറെ റെയിൽവേ ഉദ്യോഗസ്ഥർ നിർദേശങ്ങൾ നൽകി സ്ഥലത്തുണ്ടായിരുന്നു. രാത്രി ഒന്നേ പത്തോടുകൂടി സിംഗിൾലൈൻ വർക്കിങ് അവസാനിപ്പിച്ചു.
വടകര ഭാഗത്തുനിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന ട്രാക്കിലാണ് പുതിയപാലം നിർമിച്ചത്. കമ്മിഷൻ ചെയ്യുന്നതിന്റെ ഭാഗമായി ഇതുവരെ വടകര ഭാഗത്തുനിന്ന് കോഴിക്കോട് ഭാഗത്തേക്ക് തീവണ്ടികൾ പോയിരുന്ന പാലം താത്‌കാലികമായി അടച്ചിട്ടു. ഒക്ടോബർ 30 വരെ ഇതുതുടരും. പിന്നീട് താത്‌കാലികമായി അടച്ച പാളത്തിലൂടെ കോഴിക്കോടുനിന്നും വടകര ഭാഗത്തേക്ക് വരുന്ന തീവണ്ടികൾ കടത്തിവിട്ടുതുടങ്ങും. നവംബർ ഒന്നോടുകൂടി പുതിയ രീതിയിൽ സർവീസ് പൂർണമായും ആരംഭിക്കും. ഇതോടെ 125 വർഷം പഴക്കമുള്ള പാലം പ്രവർത്തനരഹിതമാകും.
എ.ഡി.ആർ.എം. ജെറിൻ ആനന്ദ് സ്ഥലത്തെത്തി ഒരുക്കങ്ങൾ പരിശോധിച്ചു. സീനിയർ ഡി.ഇ.എൻ. അഭിഷേക് വർമ, സി.ഇ. വിജയ് പാണ്ഡെ, സീനിയർ ഡി.ഇ.ഇ. ശൈലേന്ദ്രകുമാർ, ഡെപ്യൂട്ടി സി.ഇ. ഷെബിൻ, എ.ഡി.ഇ.എൻ. ജവഹർ, സീനിയർ ഡി.ഒ.എം. മിഥുൻ വി. സോമരാജ്, എ.ഒ.എം. അറുമുഖം, ടി.ഐ. ഇൻസ്പെക്‌ഷൻ വത്സലൻ കുനിയിൽ, ടി.ഐ. ജയകുമാർ എന്നിവർ നേതൃത്വം നൽകി.
Published: 19 Sept 2026, 03:30 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented