പുല്പള്ളി : ഒരുവർഷത്തിനിടെ ചെറുതും വലുതുമായ 22-ഓളം അപകടങ്ങൾ, പരിക്കേറ്റവർ ഒട്ടേറെ. എന്നിട്ടും ഇതൊന്നും കണ്ടില്ലെന്നുനടിക്കുകയാണ് അധികാരികൾ. പുല്പള്ളി-മാനന്തവാടി റോഡിലെ ഭൂദാനം ഷെഡ് ജങ്ഷനിലാണ് അപകടങ്ങൾ തുടർക്കഥയായിമാറുന്നത്. മൂന്ന് റോഡുകൾ കൂടിച്ചേരുന്ന ഷെഡ് ജങ്ഷനിലെ കൊടുംവളവ് അപകടക്കെണിയൊരുക്കുകയാണ്. സുരക്ഷാ മുൻകരുതലുകളോ മുന്നറിയിപ്പ് സംവിധാനങ്ങളോ ഈ ഭാഗത്ത് ഇല്ലാത്തതാണ് അപകടങ്ങൾ വർധിക്കാൻ പ്രധാന കാരണം.

To advertise here,

അടുത്തകാലത്ത് പുല്പള്ളി-മാനന്തവാടി റോഡ് നവീകരിച്ചതോടെയാണ് അപകടങ്ങൾ പെരുകിയത്. നല്ല റോഡായതിനാൽ അതിവേഗത്തിലാണ് ഇതുവഴി വാഹനങ്ങളുെട പാച്ചിൽ. ഈ വഴി മുൻപരിചയമില്ലാത്തവരാണ് കൂടുതലും അപകടത്തിൽപ്പെടുന്നത്. കൊടുംവളവായതിനാൽ എതിർദിശയിൽ വരുന്ന വാഹനങ്ങൾ പെ​െട്ടന്ന് കാണാൻകഴിയില്ല. അതിവേഗത്തിലെത്തുന്ന വാഹനങ്ങൾ വളവിലെത്തുമ്പോൾ നിയന്ത്രണം നഷ്ടമായി അപകടത്തിൽപ്പെടുന്നതും പതിവാണ്. വാഹനങ്ങളുടെ മരണപ്പാച്ചിൽ നാട്ടുകാർക്കും വലിയ ഭീഷണിയാണ്. സുരക്ഷിതമായി ഇതുവഴി നടന്നുപോകാൻകഴിയാത്ത അവസ്ഥയിലാണ് പ്രദേശത്തെ വിദ്യാർഥികളടക്കമുള്ളവർ. അപകടമൊന്നും പറ്റാതെ വീടെത്തിയാൽ ഭാഗ്യമെന്നാണ് നാട്ടുകാർ പറയുന്നത്. പാതയോരത്തുള്ള വീടുകളിലുള്ളവരും അപകടഭീതിയിലാണ് കഴിയുന്നത്.

അടിക്കടിയുണ്ടാകുന്ന വാഹനാപകടങ്ങൾ കണ്ടു മനസ്സുമടുത്തു നിൽക്കുകയാണ് നാട്ടുകാർ. അപകടങ്ങളുണ്ടാകുമ്പോൾ ആദ്യം ഓടിയെത്തുന്നതും പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കുന്നതും ഗതാഗതം തടസ്സപ്പെടാതെ നോക്കുന്നതുമെല്ലാം നാട്ടുകാരാണ്.

ഇവിടത്തെ അപകടങ്ങൾക്ക് പരിഹാരംകാണാൻ ഇനി ആരുടെയെങ്കിലും മരണം സംഭവിക്കുന്നതുവരെ അധികാരികൾ കാത്തുനിൽക്കുകയാണോയെന്നാണ് ഇവർ ചോദിക്കുന്നത്.

പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരടക്കമുള്ള ബന്ധപ്പെട്ട അധികാരികളുടെ അടുത്ത് പരാതിപറഞ്ഞ്‌ മടുക്കുന്നതല്ലാതെ നടപടികളൊന്നും ഉണ്ടാകുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്.

അപകടമുന്നറിയിപ്പ് ബോർഡുകളും സിഗ്നൽലൈറ്റും സ്ഥാപിക്കണമെന്നും വേഗനിയന്ത്രണത്തിന് സംവിധാനങ്ങളൊരുക്കണമെന്നും വളവിൽ ഇരുവശത്തുനിന്നും വരുന്ന വാഹനങ്ങൾ കാണാൻകഴിയുന്ന കോൺവെക്സ് മിറർ സ്ഥാപിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.