നടുവണ്ണൂർ : നൂറ് ഏക്കറോളംവരുന്ന തെക്കേയിൽ താഴെ പാടശേഖരത്തിൽ നെൽക്കൃഷി വ്യാപിപ്പിക്കുക എന്ന ലക്ഷ്യവുമായി നടുവണ്ണൂർ ഗ്രാമപ്പഞ്ചായത്ത് തുടക്കമിട്ട തടയണയുടെ നിർമാണം എങ്ങുമെത്തിയില്ല. നിർമാണം തുടങ്ങി രണ്ടരവർഷം കഴിഞ്ഞിട്ടും തടയണ ഉയർന്നില്ല. തോടിന്റെ പാർശ്വഭിത്തി ഇപ്പോഴും നിർമാണത്തിനുവേണ്ടി പൊളിച്ചിട്ട നിലയിൽത്തന്നെയാണ്. കൃഷിക്ക്‌ ഉപകരിക്കേണ്ട വെള്ളം ചട്ടൻ കുട്ടിത്തോട്ടിലൂടെ രാമൻ പുഴയി​േേലക്കൊഴുകി പാഴാവുകയാണ്. തടസ്സമില്ലാതെ വെള്ളം ഒഴുകിപ്പോകുന്നതുകൊണ്ട് തോട്ടിലെ ജലവിതാനം കുറഞ്ഞു. സെപ്റ്റംബറിൽ മഴ പിൻവാങ്ങി അപ്രതീക്ഷിത വേനലും വന്നതോടെ തോട്ടിൽ വെള്ളംകുറഞ്ഞ് ഒഴുക്ക് മന്ദഗതിയിലായി. വെള്ളം തടഞ്ഞുനിർത്തി കൃഷിയിറക്കാമെന്ന കർഷകരുടെ പ്രതീക്ഷയ്ക്ക് മങ്ങലേറ്റു.

To advertise here,

പാടശേഖരത്തിലെ തെക്കേയിൽ താഴെയുള്ള തോട്ടിലെ പ്രധാന വി.സി.ബി.യുടെ അടുത്താണ് മറ്റൊരു തോടായ ചട്ടൻകുട്ടിയിലേക്ക് വെള്ളം തുറന്നുവിടാൻ തടയണയുടെ പണി കരാർപ്രകാരം തുടങ്ങിയത്. മൂന്നുമീറ്റർ ഉയരമുള്ള കരിങ്കൽഭിത്തി നാലു മീറ്ററോളം നീളത്തിലാണ് പൊളിച്ചത്. പൊളിച്ചിട്ട കല്ലുകൾ നേര​േത്തയുള്ള വി.സി.ബി.യുടെ ഷട്ടറിനു മുന്നിൽ തോട്ടിൽത്തന്നെ കിടക്കുകയാണ്. രണ്ടര വർഷം മുൻപ്‌ കാലവർഷം തുടങ്ങുന്നതിന് തൊട്ടുമുൻപാണ് പൊളിച്ചുമാറ്റിയത്. പിന്നീട് കാലവർഷം വന്ന് നിർമാണം മുടങ്ങി.

പാടം തരിശായി

തടയണവന്നാൽ ചട്ടൻകുട്ടിത്തോടിനടുത്ത് 20 ഏക്കറോളം വരുന്ന വയലിൽ നെൽക്കൃഷി നടത്താമെന്നാണ് പാടശേഖരസമിതി ഭാരവാഹികൾ പറയുന്നത്. ജലസേചനസൗകര്യമില്ലാത്തതുകൊണ്ട് കഴിഞ്ഞ മൂന്നുവർഷമായി പാടം തരിശായി മാറിയിരിക്കയാണ്. തരിശിടത്തിൽ നെൽക്കൃഷിയിറക്കിയാൽ ഹെക്ടർ ഒന്നിന് കൃഷിവകുപ്പ് 40,000 രൂപ സഹായധനം നൽകും. കൃഷിയിറക്കാൻ പാടശേഖരസമിതി തയ്യാറാണ്.

നേരിടുന്നത് ജലക്ഷാമം 

ജലസംരക്ഷണ നടപടിയില്ലാത്തതിനാൽ ജലനിധി പദ്ധതിയുടെ രണ്ട് കിണറുകളിലെ ജലവിതാനമാണ് താഴ്ന്നത്. ജലപദ്ധതികളെ ആശ്രയിക്കുന്ന കിഴിക്കോട്ടുകടവ് ഉന്നതിയിലെ നൂറോളം കുടുംബങ്ങളും ചെങ്ങോട്ടുപാറ, വെണ്ടിലോട്ട,് ഈന്തോലച്ചൻകണ്ടി ഭാഗങ്ങളിലെ 150-ഓളം കുടുംബങ്ങളും ജലക്ഷാമത്തിന്റെ ആശങ്കയിലാണ്.

കിണറുകളിൽ വെള്ളമില്ലാതായാൽ ഗ്രാമപ്പഞ്ചായത്ത് വാഹനങ്ങളിൽ ലക്ഷങ്ങൾ മുടക്കി വെള്ളമെത്തിച്ച് വിതരണം ചെയ്യേണ്ടിവരും. ഇത്തരം പ്രശ്‌നങ്ങളൊഴിവാക്കാൻ അടിയന്തരമായി തടയണ നിർമിക്കുകയോ പൊളിച്ചഭാഗം കെട്ടി വെള്ളം പാഴാകുന്നത് തടയുകയോ വേണമെന്ന് പാടശേഖരസമിതി ആവശ്യപ്പെട്ടു.

പ്രശ്‌നം പരിഹരിക്കും

തടയണ നിർമാണത്തിനു വേണ്ടിയാണ് കരിങ്കൽ ഭിത്തി ​െപാളിച്ചുമാറ്റിയത്. സ്ഥിതി വിലയിരുത്തി തുടർനടപടികൾ സ്വീകരിക്കാൻ ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറിക്ക്‌ ഭരണസമിതി ചുമതല നൽകിയിട്ടുണ്ട്.

-ഷൈജ മുരളി,

നടുവണ്ണൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്.