വ്യാപകമായി കൃഷി നശിപ്പിച്ചു
ചിറ്റാരി : കാട്ടാനക്കൂട്ടവും കാട്ടുപോത്തും ഉൾപ്പെടെയുള്ള വന്യമൃഗങ്ങൾ തുടർച്ചയായി ജനവാസമേഖലയിലിറങ്ങുന്നതോടെ ചിറ്റാരിയിലെ പ്രദേശവാസികൾ ഭീതിയിൽ. വെള്ളിയാഴ്ച പുലർച്ചെ ജനവാസമേഖലയിലെത്തിയ കാട്ടാനക്കൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ചു. ഭൂമിവാതുക്കൽ സ്വദേശികളായ ചുഴലിക്കര ആലി ഹസ്സൻ, മുഹമ്മദ്, വിലങ്ങാട് സ്വദേശി ചെങ്ങളത്തുപറമ്പിൽ സോജൻ, തച്ചങ്കരി എന്നിവരുടെ കൃഷിയിടങ്ങളിലാണ് കാട്ടാനക്കൂട്ടം നശിപ്പിച്ചത്.
പൂവത്താൻകണ്ടിയിൽ പുലർച്ചെ റബർ ടാപ്പിങ്ങിനായി എത്തിയ തൊഴിലാളികളാണ് ആദ്യം കാട്ടാനക്കൂട്ടത്തെ കണ്ടത്. ആനകളെ കണ്ടതോടെ തൊഴിലാളികൾ ഭയന്ന് ഓടിരക്ഷപ്പെടുകയായിരുന്നു. തുടർന്ന്, വനംവകുപ്പിനെയും പഞ്ചായത്തിനെയും വിവരമറിയിച്ചു. വനപാലകർ സ്ഥലത്തെത്തി പടക്കംപൊട്ടിച്ച് കാട്ടാനക്കൂട്ടത്തെ വനത്തിലേക്ക് തുരത്തിയെങ്കിലും ഇതുകൊണ്ട് ശാശ്വതപരിഹാരമാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
ചിറ്റാരി, കുണ്ടിൽക്കടവ് തുടങ്ങിയ ഉന്നതികളുടെ സമീപത്താണ് നിലവിൽ കാട്ടാനക്കൂട്ടത്തിന്റെ സാന്നിധ്യം. കഴിഞ്ഞദിവസങ്ങളിലായി കാട്ടാന, കാട്ടുപന്നി, കാട്ടുപോത്ത് തുടങ്ങിയ വന്യമൃഗങ്ങൾ തുടർച്ചയായി ജനവാസമേഖലയിലിറങ്ങുന്നത് ജനങ്ങളിൽ ആശങ്ക വർധിപ്പിച്ചിട്ടുണ്ട്. രാത്രികാലങ്ങളിൽ ഭയത്തോടെയാണ് യാത്രചെയ്യുന്നതെന്നും ഏതുസമയത്തും വന്യമൃഗങ്ങൾ റോഡിലിറങ്ങുന്ന സ്ഥിതിയാണെന്നും നാട്ടുകാർ പറഞ്ഞു. പൂവത്താൻകണ്ടി ഭാഗത്ത് പരിമിതമായ സ്ഥലങ്ങളിൽ മാത്രമാണ് നിലവിൽ വൈദ്യുതവേലികൾ സ്ഥാപിച്ചിട്ടുള്ളത്. എന്നാൽ, കാട്ടാനകൾ വേലി മറികടന്നാണ് ജനവാസമേഖലയിലെത്തുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം. ചില ഭാഗങ്ങളിൽ വൈദ്യുതവേലി സ്ഥാപിച്ചിട്ടുണ്ടെങ്കിലും അവ പ്രവർത്തനരഹിതമാണെന്നും പരാതിയുണ്ട്.
കണ്ണവം, പേരിയ ഫോറസ്റ്റ് റിസർവുകളുടെ അതിർത്തിപ്രദേശമാണ് ചിറ്റാരി. എന്നാൽ, ഈ റിസർവുകളിൽനിന്ന് ആവശ്യമായ രീതിയിൽ വനപാലകർ ചിറ്റാരി ഭാഗത്തേക്ക് എത്തുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
വിലങ്ങാട് ഭാഗത്തുനിന്നുള്ള വനപാലകരാണ് പ്രധാനമായും ഇവിടെ എത്തുന്നത്. കണ്ണവം, പേരിയ റിസർവുകളിൽനിന്ന് കൂടുതൽ വനപാലകർ ചിറ്റാരിമേഖലയിലെത്തിയാൽ വന്യമൃഗശല്യത്തിന് ഒരുപരിധിവരെ പരിഹാരം കാണാനാകുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ. കാട്ടാനക്കൂട്ടം കൃഷിനശിപ്പിച്ച പ്രദേശങ്ങൾ വാണിമേൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി. പ്രദീപ് കുമാറും മെമ്പർ സി.പി. നാണുവും സന്ദർശിച്ചു.
ഒരുഭാഗത്ത് വന്യമൃഗഭീതി; മറുഭാഗത്ത് തകർന്ന റോഡ്
വന്യമൃഗങ്ങളുടെ ഭീതിക്കൊപ്പം യാത്രാദുരിതവും ചിറ്റാരിയിലെ ജനങ്ങളെ വലയ്ക്കുകയാണ്. വാളാംതോട്-ചിറ്റാരി പ്രധാന പാതയായ വാളാംതോട്-ചിറ്റാരി റോഡ് പൂർണമായും തകർന്നനിലയിലാണ്. പ്രധാനമന്ത്രി ഗ്രാമസഡക് യോജനയിൽ ഉൾപ്പെടുത്തി നിർമാണം ആരംഭിച്ച റോഡിന്റെ പണി പാതിവഴിയിൽ നിലച്ചിരിക്കുകയാണ്. 2023 സെപ്റ്റംബർ 14-ന് നിർമാണമാരംഭിച്ച റോഡ് 2024 സെപ്റ്റംബർ 13-ന് പൂർത്തിയാക്കേണ്ടതായിരുന്നു. 4.707 കിലോമീറ്റർ ദൈർഘ്യമുള്ള റോഡിനായി 379.15 ലക്ഷം രൂപയാണ് വകയിരുത്തിയത്. എന്നാൽ, 2026 ആയിട്ടും നിർമാണം പാതിപോലും പൂർത്തിയായിട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി.
റോഡ് തകർന്നതോടെ ചിറ്റാരി നിവാസികൾക്ക് വിലങ്ങാടുമായി ബന്ധപ്പെടാനുള്ള പ്രധാന യാത്രാമാർഗം ദുരിതത്തിലായി. കാൽനടപോലും ദുഷ്കരമായ റോഡിലൂടെ രാത്രികാലയാത്ര ഏറെ അപകടകരമാണെന്നും പ്രദേശവാസികൾ പറയുന്നു. തെരുവുവിളക്കുകളുടെ അഭാവവും വന്യമൃഗങ്ങളുടെ സാന്നിധ്യവും സ്ഥിതി കൂടുതൽ ഗുരുതരമാക്കുന്നു. റോഡിന്റെ ശോച്യാവസ്ഥകാരണം വാഹനങ്ങൾ ലഭിക്കാത്തതിനാൽ അടിയന്തരസാഹചര്യങ്ങളിൽപോലും ആശുപത്രിയിലെത്താൻ പ്രയാസമാണെന്നും നാട്ടുകാർ പറഞ്ഞു. വന്യമൃഗശല്യത്തിന് ശാശ്വതപരിഹാരം കാണുന്നതിനൊപ്പം വാളാംതോട്-ചിറ്റാരി റോഡിന്റെ നിർമാണം അടിയന്തരമായി പൂർത്തിയാക്കി യാത്രാദുരിതത്തിന് പരിഹാരം കാണണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
Published: 19 Sept 2026, 03:31 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented