കാലാവസ്ഥയിലുണ്ടായ മാറ്റം കാപ്പിയിൽ ഫംഗസ് രോഗങ്ങൾക്കിടയാക്കുന്നു

To advertise here,

ഗൂഡല്ലൂർ : പുള്ളിരോഗം ('പോഡ് സ്‌പോട്ട്') രോഗത്താൽ കാപ്പിക്കുരു കൊഴിഞ്ഞുപോകുന്നതിനാൽ കർഷകർ ആശങ്കയിൽ. നീലഗിരിയിലെ, ഗൂഡല്ലൂർ, പന്തലൂർ, കൂനൂർ എന്നിവിടങ്ങളിലായുള്ള 8,330 ഹെക്ടർ സ്ഥലത്താണ് കാപ്പിക്കൃഷിയുള്ളത്. രോഗബാധ ഗൂഡല്ലൂർ, പന്തല്ലൂർ മേഖലയിലെ എല്ലാതോട്ടങ്ങളിലും അനുഭവപ്പെടുന്നുണ്ട്. പൂക്കൾ വിരിഞ്ഞു കായ്കൾ പാകമാകാൻ തുടങ്ങുന്ന സമയത്താണ് രോഗവ്യാപനം. സെപ്റ്റംബർ അവസാനത്തോടെ വിളവെടുപ്പ് തുടങ്ങിയിരുന്നു. എന്നാൽ കാലാവസ്ഥയിലുണ്ടായ മാറ്റം കാപ്പിക്കുരുവിനെ ബാധിക്കുന്ന പുള്ളി രോഗത്തിനിടയാക്കിയിരിക്കുകയാണ്.

രോഗം വിളവെടുപ്പിനെ ബാധിച്ചു

കായ്കൾ കറുത്തതായി മാറുകയും, ഉണങ്ങുകയും, കൊഴിഞ്ഞുപോകുകയും ചെയ്യുന്നതാണ് രോഗം. കൃഷിയെ ബാധിക്കുകയും വിളവ് ഗണ്യമായി കുറയുകയും ചെയ്യുന്നു.

തടയാനാവുമെന്ന് കോഫിബോർഡ്

തോട്ടത്തിൽ ശരിയായ തണൽ ഘടന നിലനിർത്തുന്നതിലൂടെയും, കോഫി ബോർഡ് ശുപാർശ ചെയ്യുന്ന കുമിൾനാശിനികൾ ഉപയോഗിക്കുന്നതിലൂടെയും, രോഗബാധിതമായ ശിഖരങ്ങളും കായ്കളും നീക്കംചെയ്ത് വൃത്തിയാക്കുന്നതിലൂടെയും രോഗം ഒരു പരിധിവരെ നിയന്ത്രിക്കാൻകഴിയുമെന്ന് ഗൂഡല്ലൂരിലെ കോഫിബോർഡധികൃതർ പറഞ്ഞു.