ബാലുശ്ശേരി : വട്ടോളിബസാറിൽ പെരുമ്പാറ കുളത്തിന് സമീപം വയോജനപാർക്ക് നിർമാണത്തിന് 30 ലക്ഷം രൂപ അനുവദിച്ചു. മുൻ എം.എൽ.എ. കെ.എം. സച്ചിൻദേവ് 20 ലക്ഷം രൂപയും ജില്ലാപഞ്ചായത്ത് പുതിയ ഭരണസമിതി 10 ലക്ഷം രൂപയുമാണ് അനുവദിച്ചത്. 60 ലക്ഷത്തിലേറേ തുക മുടക്കി മനോഹരമാക്കി മാറ്റിയ കുളത്തോട് ചേർന്നാണ് വയോജനപാർക്ക് നിർമിക്കുന്നത്. എം.എൽ.എ. അനുവദിച്ച ഫണ്ട് ഉപയോഗിച്ച് സ്റ്റേജും ജില്ലാപഞ്ചായത്ത് അനുവദിച്ച ഫണ്ട് ഉപയോഗിച്ച് വയോജനങ്ങൾക്ക് വിശ്രമിക്കാനും മാനസികോല്ലാസത്തിന് ടി.വി. സംവിധാനങ്ങളുമാണ് ഒരുക്കുന്നത്. കുളത്തിലെ വെള്ളം വീടുകളിൽ എത്തിക്കുന്നതിനായി ടാങ്ക്, പമ്പ് ഹൗസ് ഇലക്‌ട്രിസിറ്റി സംവിധാനം എന്നിവയും ജലവിതരണ പൈപ്പുകളും സ്ഥാപിച്ചിട്ട് രണ്ടുവർഷം കഴിഞ്ഞെങ്കിലും വിതരണം ആരംഭിച്ചിട്ടില്ല. നിലവിൽ ഫണ്ട് അനുവദിച്ച പദ്ധതികൾ ഉടൻ യാഥാർഥ്യമാക്കുമെന്നും കുട്ടികൾക്കായി പാർക്ക് സ്ഥാപിക്കാൻ സംവിധാനമൊരുക്കുമെന്നും വാർഡ് മെമ്പർ കെ.സി. സുരേശൻ പറഞ്ഞു. കൊയിലാണ്ടി-താമരശ്ശേരി സംസ്ഥാനപാതയിൽനിന്ന്‌ നൂറുമീറ്റർ അകലെയാണ് പാർക്ക് നിർമിക്കുന്നത്. പാർക്കിലേക്ക് റോഡ് നിർമിച്ചിട്ടുണ്ടെങ്കിലും ചളിക്കുണ്ടായി മാറിയിരിക്കുകയാണ്.

To advertise here,