ഫറോക്ക്/രാമനാട്ടുകര : വികസനത്തിന്റെ വെളിച്ചംതേടുമ്പോഴും നാട്ടുകാർക്ക് ഇത് പെരുവഴിയിലെ ദുരിതകാലം. ചെറുവണ്ണൂർ മേൽപ്പാലത്തിൽ ഗർഡറുകൾ സ്ഥാപിക്കുന്നതിനായി റോഡ് അടച്ചതോടെ നഗരത്തിലേക്കും തിരിച്ചുമുള്ള റൂട്ടിലെ ജനജീവിതം സ്തംഭിച്ചു. ഇതിനുപുറമേ ദേശീയപാത 66-ൽ അറപ്പുഴ പാലത്തിനു സമീപം ഗർഡർ ലോഞ്ച് ചെയ്യുന്നതുമായി ബന്ധപ്പെട്ട ഗതാഗത നിയന്ത്രണങ്ങൾകൂടി നിലനിൽക്കുന്നതോടെ മേഖലയിലെ യാത്ര പൂർണമായും നരകതുല്യമായി മാറിയിരിക്കുകയാണ്.
രണ്ടാംഘട്ട ഗർഡർ സ്ഥാപിക്കുന്നതിന്റെ ഭാഗമായി തിങ്കളാഴ്ച രാത്രി പത്തോടെയാണ് ചെറുവണ്ണൂർ റോഡ് പൂർണമായി അടച്ചത്. ചൊവ്വാഴ്ച എട്ടു ഗർഡറുകളാണ് ഇവിടെ സ്ഥാപിച്ചത്. ഇനി പത്ത് ഗർഡറുകൾകൂടിയാണ് രണ്ടാംഘട്ടത്തിൽ സ്ഥാപിക്കാനുള്ളത്. വ്യാഴാഴ്ച രാത്രി പത്തുമണിക്ക് പണികൾ പൂർത്തിയാക്കി റോഡ് തുറന്നുകൊടുക്കുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. നോർത്ത് ട്രാഫിക് അസിസ്റ്റന്റ് കമ്മിഷണർ സുനിൽരാജ് രാവിലെ ചെറുവണ്ണൂരെത്തി സ്ഥിതി വിലയിരുത്തി.
ബദൽറോഡുകൾ നിറഞ്ഞു; കുരുക്കഴിയാതെ ജങ്ഷനുകൾ
റോഡ് അടച്ചതോടെ ഇതുവഴിയുള്ള വാഹനങ്ങളെല്ലാം ഇടുങ്ങിയ ബദൽറോഡുകളിലേക്ക് തിരിച്ചുവിട്ടത് വൻ ഗതാഗതക്കുരുക്കിന് കാരണമായി. കോയാസ് ആശുപത്രിക്ക് സമീപത്തുനിന്ന് ബി.സി. റോഡിലേക്ക് കയറുന്ന റോഡിലും കൊളത്തറയെയും ചെറുവണ്ണൂരിനെയും സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തെയും ബന്ധിപ്പിക്കുന്ന റോഡിലുമാണ് രാവിലെയും വൈകീട്ടും വൻ വാഹനത്തിരക്ക് അനുഭവപ്പെട്ടത്. ഇരുചക്രവാഹനങ്ങൾക്ക് പുറമെ മറ്റ് വലിയ വാഹനങ്ങൾകൂടി ഇതുവഴി കടന്നുപോകാൻ തുടങ്ങിയതോടെ കുരുക്ക് രൂക്ഷമായി.
നടന്നുതളർന്ന് യാത്രക്കാർ
യാത്രാക്ലേശം മൂലം ഏറ്റവുംകൂടുതൽ ദുരിതമനുഭവിക്കുന്നത് സാധാരണക്കാരായ യാത്രക്കാരാണ്. കോഴിക്കോട് ഭാഗത്തുനിന്ന് ഫറോക്കിലേക്ക് സർവീസ് നടത്തിയിരുന്ന ബസുകൾ ചെറുവണ്ണൂർ വരെ മാത്രമാണ് സർവീസ് നടത്തിയത്. ഫറോക്ക്, കടലുണ്ടി ഭാഗത്തുനിന്ന് വരുന്നവ ടി.പി. റോഡ് ജങ്ഷൻവരെയും എത്തി സർവീസ് അവസാനിപ്പിച്ചു. ഇതോടെ ഇവിടെയെത്തുന്ന യാത്രക്കാർ ചെറുവണ്ണൂരിലേക്കും തിരിച്ചും നടക്കേണ്ടിവന്നു.
ആറുവരിപ്പാതയിൽ അഴിയാക്കുരുക്ക്
വാഹനങ്ങളെല്ലാം പുതിയ ആറുവരിപ്പാതയെ ആശ്രയിക്കാൻ തുടങ്ങിയതോടെ ദേശീയപാത ആറുവരിപ്പാതയിൽ സമാനതകളില്ലാത്ത ഗതാഗതക്കുരുക്കാണ്. രാവിലെയും വൈകീട്ടുമാണ് ഗതാഗതക്കുരുക്ക് അതിരൂക്ഷം. മണിക്കൂറോളം പാതയിൽ കുരുങ്ങിക്കിടന്നെന്ന് യാത്രക്കാർ പറഞ്ഞു.
ദേശീയപാത 66-ൽ അറപ്പുഴ പാലത്തിനു സമീപം ഗർഡർ ലോഞ്ച് ചെയ്യുന്നതിനായി ഏർപ്പെടുത്തിയ ഗതാഗത നിയന്ത്രണങ്ങൾകൂടി നിലനിൽക്കുന്നതിനാൽ മേഖലയിലെ യാത്ര നരകതുല്യമായി മാറിയിരിക്കുകയാണ്. നേരത്തേ, അറപ്പുഴയിലെ പാലം പണിക്കായി രാമനാട്ടുകര ഭാഗത്തേക്കുള്ള റോഡ് അടച്ച്, വാഹനങ്ങൾ കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന വൺവേ റോഡിലേക്ക് തിരിച്ചുവിട്ടിരുന്നു. ഇതിനുപുറമേ, പുളേങ്കര നമ്പികുളം സ്റ്റോപ്പ് മുതൽ അറപ്പുഴ വരെയുള്ള സർവീസ് റോഡ് പൂർണമായി അടച്ചതും സ്ഥിതി കൂടുതൽവഷളാക്കി. സർവീസ് റോഡ് അടച്ചതോടെ ആറുവരിപ്പാതമാത്രമായിരുന്നു യാത്രക്കാരുടെ ഏക ആശ്രയം. ഇതിനിടയ്ക്കാണ് ചെറുവണ്ണൂർ മേൽപ്പാലത്തിന് മീതെ ഗർഡറുകൾ സ്ഥാപിക്കുന്നതിനായി റോഡ് വീണ്ടും പൂർണമായി അടച്ചത്.
അറപ്പുഴയിൽ ഇനി സ്ഥാപിക്കാനുള്ളത് 22 ഗർഡറുകൾ
287 മീറ്റർ നീളമുള്ള അറപ്പുഴ പാലത്തിന് എട്ട് സ്പാനുകളിലായി ആകെ 24 ഗർഡറുകളാണ് സ്ഥാപിക്കേണ്ടത്. ഇതിൽ 60 ടൺ ഭാരവും 34.5 മീറ്റർ നീളവുമുള്ള രണ്ട് ഗർഡറുകൾമാത്രമാണ് ഇതുവരെ വിജയകരമായി സ്ഥാപിക്കാനായത്. അതീവ അപകടസാധ്യതയുള്ളതും ശ്രമകരവുമായ ജോലിയായതിനാലാണ് ഗർഡറുകൾ സ്ഥാപിക്കുന്നത് പതുക്കെ നടക്കുന്നത്. വൻകിട യന്ത്രസാമഗ്രികൾ ഉപയോഗിച്ച് നടത്തുന്ന നിർമാണപ്രവർത്തനം പൂർത്തിയാകാൻ ഇനിയും സമയമെടുക്കും എന്നതിനാൽ വരുംദിവസങ്ങളിലും പ്രദേശത്ത് കടുത്ത ഗതാഗതക്കുരുക്ക് തുടരാനാണ് സാധ്യത. കൂടുതൽ പോലീസിനെ ഇവിടെ നിയോഗിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
നഗരത്തിലും ഗതാഗതക്കുരുക്ക്
കോഴിക്കോട് നഗരത്തിലും ഗതാഗതക്കുരുക്കുണ്ടായി. ചൊവ്വാഴ്ച രാവിലെയും വൈകീട്ടും തൊണ്ടയാടും പൊറ്റമ്മലും വാഹനത്തിരക്ക് രൂക്ഷമായിരുന്നു. പന്തീരാങ്കാവ്-മാങ്കാവ് റോഡിലും ദേശീയപാതയിൽനിന്ന് നഗരത്തിലേക്ക് കടക്കുന്ന മറ്റുറോഡുകളിലും ഗതാഗതക്കുരുക്കുണ്ടായിരുന്നു.
Published: 11 Nov 2026, 04:14 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented