പനമരം : സാമൂഹികാരോഗ്യ കേന്ദ്രത്തിൽ മരുന്ന് കിട്ടണമെങ്കിൽ മണിക്കൂറുകൾ വരി നിൽക്കണം. തിങ്കളാഴ്ച രാവിലെ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയവർക്ക് മരുന്ന് ലഭിക്കാനായി മൂന്നുമണിക്കൂറോളം നേരം വരി നിൽക്കേണ്ടി വന്നതായാണ് രോഗികൾ പരാതിപ്പെടുന്നത്. വയോജനങ്ങളും കുട്ടികളും ഉൾപ്പെടെയുള്ളവർ വരി നിന്ന് മരുന്നുവാങ്ങേണ്ടി വരുന്നത് വലിയ പ്രതിഷേധങ്ങൾക്കിടയാക്കുകയാണ്.

To advertise here,

രാവിലെ എട്ടുമണിക്ക് ആശുപത്രിയിൽ എത്തിയവർ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് മരുന്നുവാങ്ങി വീട്ടിലേക്ക് മടങ്ങിയതെന്നാണ് രോഗികൾ പറയുന്നത്. ഇതിനിടെ പലർക്കും തലകറക്കം ഉൾപ്പെടെയുള്ള ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതായി രോഗികൾ പരാതിപ്പെട്ടു. അതിനാൽ എത്രയും പെട്ടെന്ന് പനമരം ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള ആശുപത്രിയുടെ പരിതാപാവസ്ഥയ്ക്ക് പരിഹാരം കാണണമെന്നാണ് രോഗികൾ ഒന്നടങ്കം ആവശ്യപ്പെടുന്നത്.

ഇ-ഹെൽത്തിലേക്ക് മാറി;തിരക്ക് കൂടി

ഇ- ഹെൽത്ത് സംവിധാനത്തിലേക്ക് മാറിയതിനുശേഷമാണ് പനമരം സാമൂഹികാരോഗ്യകേന്ദ്രത്തിൽ ഫാർമസിയിലെ തിരക്ക് കൂടുതൽ രൂക്ഷമായതെന്നാണ് നാട്ടുകാർ പറയുന്നത്. പനമരം ബ്ലോക്ക് പഞ്ചായത്ത് ധനകാര്യ കമ്മിഷൻ ഗ്രാൻഡായ 25 ലക്ഷം രൂപയും വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 45 ലക്ഷം രൂപയും ചെലവഴിച്ചാണ് കഴിഞ്ഞ വർഷം നവംബറിൽ പനമരം ഗവ. ആശുപത്രിയിൽ ഇ- ഹെൽത്ത് സംവിധാനം നടപ്പാക്കിയത്. രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഏറെ ആശ്വാസകരമാവുംവിധം വീടുകളിൽനിന്ന് തന്നെ ഒ.പി. ടിക്കറ്റ് ബുക്ക് ചെയ്ത് ആശുപത്രിയിൽ എത്തി വരിനിൽക്കാതെ ചികിത്സതേടി പോകാൻ സാധിക്കുമെന്നായിരുന്നു ഇ – ഹെൽത്തിന്റെ പ്രധാന ഗുണമായി പറഞ്ഞത്. എന്നാൽ ഇപ്പോൾ മരുന്നിനായി കാത്തുനിന്ന് മടുക്കുകയാണ് രോഗികൾ.

മുൻപ് 60 വയസ്സിന് മുകളിലുള്ളവർക്ക് വരി നിൽക്കാതെ മരുന്നുവാങ്ങി പോകാനുള്ള സൗകര്യം ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ എല്ലാവരും വരി നിൽക്കണം. ഇങ്ങനെ വരി നിൽക്കുന്നവർക്ക് അല്പനേരം ഇരിക്കാനുള്ള സൗകര്യവും ഇവിടെ അപര്യാപ്തമാണ്. അതിനാൽ ടോക്കൺ സംവിധാനം ഏർപ്പെടുത്തണമെന്ന ആവശ്യമാണ് ഇപ്പോൾ ശക്തമാകുന്നത്.

ആശുപത്രിയിലെ തിരക്ക് പരിഗണിച്ച് ഫാർമസിക്കായി ഒരു കൗണ്ടർ കൂടി തുടങ്ങണമെന്നും രോഗികൾ ആവശ്യപ്പെടുന്നു.

നിലവിൽ ശരാശരി 700- ഓളം രോഗികളാണ് പനമരത്തെ ഒ.പി.യിൽ പതിവായി ചികിത്സതേടുന്നത്. കമ്യൂണിറ്റി ഹെൽത്ത് സെൻ്ററായി ഉയർത്തിയിട്ടുണ്ടെങ്കിലും ചികിത്സതേടിയെത്തുന്ന നൂറുകണക്കിന് രോഗികൾക്ക് ഇന്നും മതിയായ സേവനങ്ങൾ ലഭ്യമാകാത്ത സാഹചര്യമാണുള്ളത്.

അതിനാൽ ഈ സർക്കാർ ആശുപത്രിയെ താലൂക്ക് ആശുപത്രിയായി ഉയർത്തണമെന്ന ആവശ്യവും ശക്തമാണ്.