പാലിയാണയിൽ ആദിവാസി വികസനം 'കാടുകയറുന്നു'

To advertise here,

പാലിയാണ : ഗോത്ര വികസനത്തിനായി ചെലവഴിച്ച കോടികൾ കാടുകയറുന്നു.

വെള്ളമുണ്ട ഗ്രാമപ്പഞ്ചായത്തിലെ പാലിയാണ വാർഡിൽ പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവരെ പുനരധിവസിപ്പിക്കാൻ ലക്ഷ്യമിട്ട് തയ്യാറാക്കിയ പദ്ധതിയാണ് നശിക്കുന്നത്. സ്ഥലം ഏറ്റെടുത്ത് അടിസ്ഥാന സൗകര്യങ്ങളൊരുക്കി നടപ്പാക്കിയ 38 വീടുകളിൽ പലതും താമസക്കാരില്ലാതെ നശിക്കുകയാണ്. ഇവിടെയുള്ള സ്ഥലവും വീടുകളും കണ്ടാൽ ആദിവാസികൾക്കെന്ത് ഉന്നതിയെന്ന് ആരും ചോദിച്ചു പോകും.

'പാലിയാണ ഉന്നതി' എന്നപേരിൽ കരിങ്കുറ്റി ഊരിനു സമീപം 2018 -19 വർഷത്തിലാണ് ഭവന നിർമാണത്തിനായി സ്ഥലം ഏറ്റെടുത്ത് 38 വീടുകൾ നിർമിച്ചത്. വെള്ളമുണ്ട, മൊതക്കര, കൊമ്മയാട്, നടയ്ക്കൽ കൂവണക്കുന്ന് ഊരിലുള്ളവരെയാണ് ഇവിടെ പുനരധിവസിപ്പിച്ചത്. 38 വീടുകളിൽ 18-ലധികം വീടുകൾ താമസക്കാരില്ലാതെ നശിക്കുകയാണ്. കൊമ്മയാട്, കൂവണക്കുന്ന് ഊരിലുള്ളവരാണ് ഇപ്പോൾ താമസിക്കുന്നത്. പാലിയാണ ഉന്നതിയിലേക്ക് വന്ന പല കുടുംബങ്ങളും സ്വന്തം സ്ഥലത്തേക്ക് താമസം മാറിപ്പോയി. ഇവരെ തിരികെ കൊണ്ടു വരാനോ ഉപയോഗിക്കാത്ത വീടുകൾ മറ്റുള്ളവർക്ക് നൽകാനോ അധികൃതർ തയ്യാറായില്ല. പട്ടികവർഗ വികസനത്തിനായി പ്രവർത്തിക്കുന്ന വകുപ്പും കാടു കയറുന്ന കോടികൾ കണ്ടില്ലെന്നു നടിക്കുന്നതായാണ് ആക്ഷേപം.

ആദ്യഘട്ടത്തിൽ നാലരയേക്കർ ഭൂമിയാണ് ഏറ്റെടുത്തത്. പിന്നീട് ശ്മശാനത്തിനും കളിസ്ഥലത്തിനും, നടപ്പാതകൾക്കുമായി ഒന്നരഏക്കർ ഭൂമിയും ഏറ്റെടുത്തു. ഭൂമിയുടെ വിലയും കൂട്ടി പത്ത് ലക്ഷം രൂപ ചെലവിലാണ് ഓരോ വീടും നിർമിച്ചത്. ഇതിനു പുറമേ അമ്പതിനായിരത്തോളം രൂപ കുടിവെള്ളത്തിനും 25 ലക്ഷം രൂപ സാമൂഹ്യ പഠനമുറിക്കും, സാംസ്കാരിക നിലയത്തിനും എട്ടു ലക്ഷം രൂപ പാതകൾ കോൺക്രീററ് ചെയ്യുന്നതിനും വിനിയോഗിച്ചു. മഴക്കാലത്ത് പോലും കിണറ്റിൽ ഒരടി പോലും വെള്ളമില്ലാത്ത അവസ്ഥയാണുള്ളതെന്നു നാട്ടുകാർ പറഞ്ഞു. ഊരു നിവാസികൾ അയൽ വീടുകളിൽ നിന്നാണ് മിക്കപ്പോഴും വെള്ളം ശേഖരിക്കുന്നത്. കിണർ ആഴംകൂട്ടി കുടിവെള്ള സൗകര്യമൊരുക്കാനുള്ള നടപടികളും ഒന്നുമുണ്ടായില്ല.

അടുത്ത കാലം വരെ ഗ്രാമപ്പഞ്ചായത്ത് മുൻകൈയെടുത്ത് ടാങ്കറിൽ വെള്ളം വിതരണം ചെയ്തിരുന്നു. ഇപ്പോൾ എട്ടു ലക്ഷം രൂപ മുടക്കി ജലനിധി പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനുള്ള നടപടികൾക്ക് പട്ടികവർഗ വികസന വകുപ്പ് തയ്യാറെടുക്കുന്നുണ്ട്.

25 ലക്ഷത്തിന്റെ സാംസ്കാരിക നിലയം പണി തീർത്ത് ഇതുവരെ ഒരാവശ്യത്തിനും തുറന്നിട്ടില്ല.

ഗ്രാമപ്പഞ്ചായത്തിലെ വിവിധ വാർഡുകളിൽ നിന്നു അപേക്ഷകരായെത്തിയവർക്കാണ് വീട് അനുവദിച്ചതെങ്കിലും പലരും താമസം മതിയാക്കി വന്നിടത്തേക്ക് തന്നെ മടങ്ങി. സമീപത്തുള്ള ഊരുകളിലെ ഗുണഭോക്താക്കളെ പരിഗണിച്ചില്ലെന്നും ആക്ഷേപമുണ്ട്. പ്രാദേശികമായി നിരവധി ഊരുകളിൽ കിടപ്പാടമില്ലാതെ കുടുംബം പ്രയാസപ്പെടുമ്പോഴാണ് സ്വന്തം നാട്ടിലുള്ള നല്ല വീടുകൾ കാടു കയറി നശിക്കുന്നത്.

താമസത്തിനെത്താത്തവരുടെ പേരിൽനിന്നു വീടുകൾ മാറ്റി ആവശ്യക്കാർക്ക് വീടു നൽകാൻ കളക്ടർ ഇടപെടണമെന്ന് പാലിയാണ പൗരസമിതി ആവശ്യപ്പെട്ടു.