പുതുപ്പാടി : സ്റ്റാൻഡിന് പുറത്തുള്ള അങ്ങാടിയിലെ സ്‌റ്റോപ്പിൽ ആദ്യം ദീർഘദൂരബസുകളും പിന്നീട് ഓർഡിനറി ബസുകളും നിർത്തിത്തുടങ്ങിയതോടെ വലിയപ്രതീക്ഷയോടെ യാഥാർഥ്യമാക്കിയ ബസ് സ്റ്റാൻഡ് ജീർണിച്ച വാഹനങ്ങൾ തള്ളാനുള്ള ഇടംമാത്രമായി ഒതുങ്ങി. കാത്തിരിപ്പിനൊടുവിൽ അത് നവീകരിച്ച് തുറന്നപ്പോഴാവട്ടെ, പഴയ ബസ് സ്റ്റോപ്പിനെച്ചൊല്ലി പക്ഷംചേർന്നുള്ള തർക്കവും പ്രതിഷേധവും തുടർക്കഥയായി. പുതുപ്പാടി പഞ്ചായത്തിലെ അടിവാരം ബസ് സ്റ്റാൻഡിനാണ് ഈ ദുരവസ്ഥ.

To advertise here,

സ്റ്റാൻഡ് കാടുമൂടിയ ചരിത്രം

അടിവാരം ടൗണിന്റെ തുടക്കഭാഗത്ത് ദേശീയപാതയോരത്തായി കൊയപ്പത്തൊടി കുടുംബം സൗജന്യമായി വിട്ടുനൽകിയ അറുപത് സെന്റിൽ 2004-ലാണ് ഇരുനിലക്കെട്ടിടവും രണ്ട് ബസ് വെയ്റ്റിങ് ഷെഡുകളും ഉൾപ്പെടെ ബസ് സ്റ്റാൻഡ് നിർമിക്കുന്നത്. ആദ്യകാലത്ത് സ്വകാര്യബസുകളും കെ.എസ്.ആർ.ടി.സി. ഓർഡിനറി ബസുകളും സ്റ്റാൻഡിൽ കയറിയിറങ്ങി സർവീസ് നടത്തി. എന്നാൽ, സൂപ്പർഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചർ ബസുകൾ കാത്തിരിപ്പുകേന്ദ്രം നിർമിക്കാത്ത അടിവാരം ടൗണിലായിരുന്നു നിർത്തി ആളെ കയറ്റിയത്.

ലക്ഷ്യസ്ഥാനങ്ങളിൽ വേഗത്തിലെത്തുന്ന ബസുകളിൽ കയറിപ്പറ്റാനുള്ള സ്വാഭാവിക പ്രകൃതം കാരണം യാത്രക്കാരിൽ നല്ലൊരുപങ്കും അടിവാരം ടൗണിൽത്തന്നെ ബസ് കാത്തുനിൽക്കാൻ തുടങ്ങി. കളക്‌ഷൻ കുറഞ്ഞതോടെ സ്വകാര്യബസുകൾ സ്റ്റാൻഡിൽ കയറാൻ കൂട്ടാക്കാതെ അങ്ങാടിയിൽ നിർത്തി ആളെ ഇറക്കാനും കയറ്റാനും തുടങ്ങി. അങ്ങാടിയിൽനിന്ന് ബസ് കിട്ടിത്തുടങ്ങിയതോടെ സ്റ്റാൻഡിലേക്ക് നടന്നുപോവാനും ആളുകൾ മടിച്ചു. അതേത്തുടർന്ന് ഓർഡിനറി ബസുകളും അങ്ങാടിയിൽത്തന്നെ നിർത്താൻതുടങ്ങി. സ്റ്റാൻഡ് ക്രമേണ നോക്കുകുത്തിയായതോടെ ബസ് വെയ്റ്റിങ് ഷെഡുകളിലൊന്ന് രൂപമാറ്റംവരുത്തി പിന്നീട് അടിവാരം പോലീസ് ഔട്ട്പോസ്റ്റ് ആക്കിമാറ്റി.

പഴയ സ്റ്റാൻഡിന് പുതിയമുഖം

ബസ് സ്റ്റാൻഡിന് നിർജീവാവസ്ഥയിൽനിന്ന് സ്വാതന്ത്ര്യം ലഭിക്കുന്നത് ഇക്കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിലാണ്. യു.ഡി.എഫ്. നേതൃത്വത്തിലുള്ള പുതുപ്പാടി പഞ്ചായത്തിലെ പുതിയ ഭരണസമിതി, ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗ തീരുമാനപ്രകാരം സ്റ്റാൻഡ് നവീകരിക്കുകയായിരുന്നു. ജീർണിച്ചവാഹനങ്ങളെല്ലാം നീക്കംചെയ്ത് കാട് വെട്ടിത്തെളിച്ച് പുനരുദ്ധരിച്ച സ്റ്റാൻഡ് യാർഡിൽ പ്രകാശസംവിധാനം, ഫെസിലിറ്റേഷൻ സെന്റർ, അത്യാധുനിക വാഷ്‌റൂം സൗകര്യം എന്നിവയെല്ലാം സജ്ജമാക്കി. പല ഘട്ടങ്ങളിലായി 42 ലക്ഷത്തോളം രൂപ ചെലവഴിച്ച് പുനരുദ്ധരിച്ച ബസ് സ്റ്റാൻഡ് ഓഗസ്റ്റ് 15-നാണ് സി.കെ. കാസിം എം.എൽ.എ. നാടിന് സമർപ്പിച്ചത്.

ഗതാഗതക്രമീകരണവും പ്രതിഷേധവും

സ്റ്റാൻഡ് പ്രവർത്തനക്ഷമമായാൽ ദീർഘദൂര ബസുകളൊന്നും അങ്ങാടിയിലെ സ്റ്റോപ്പിൽ നിർത്തരുതെന്നും പ്രാദേശിക സർവീസുകൾക്ക് സ്റ്റോപ്പുകൾ തുടരാമെങ്കിലും പാർക്കിങ്ങും സർവീസ് ആരംഭവും സ്റ്റാൻഡിൽനിന്നായിരിക്കണമെന്നും ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി പ്രഖ്യാപിച്ചു. സ്റ്റോപ്പ് അതേപടി പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് അങ്ങാടിയിലെ ഒരുവിഭാഗം വ്യാപാരികളും അതിനെ പിന്തുണച്ച് എൽ.ഡി.എഫും രംഗത്തെത്തി. സ്റ്റാൻഡിന്റെ നവീകരണ ഉദ്ഘാടനച്ചടങ്ങ് എൽ.ഡി.എഫ്. ബഹിഷ്‌കരിക്കുകയും ചെയ്തു.

തുടർന്ന് ഓർഡിനറി ബസുകൾക്കും ലിമിറ്റഡ് സ്റ്റോപ്പ് ബസുകൾക്കും സ്റ്റാൻഡിന് പുറമെ അങ്ങാടിയിലും നിർത്താമെന്ന് പഞ്ചായത്തും ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയും ധാരണയിലെത്തി. അതിനിടെ പരാതികളുടെ അടിസ്ഥാനത്തിൽ അങ്ങാടിയിലെ സ്റ്റോപ്പിൽ ടൗൺ ടു ടൗൺ ബസുകൾക്കുകൂടി സ്റ്റോപ്പ് അനുവദിച്ച് കെ.എസ്.ആർ.ടി.സി. ഒക്ടോബർ ആറിന് ഉത്തരവിട്ടു. എന്നാൽ, പഞ്ചായത്ത് അധികൃതരുടെയും യു.ഡി.എഫിന്റെയും എതിർപ്പിനെത്തുടർന്ന് പിറ്റേദിവസംതന്നെ ഈ ഉത്തരവ് താത്കാലികമായി മരവിപ്പിച്ചു. പിന്നീടൊരു ഭിന്നശേഷിക്കാരിയുടെ പരാതിയിൽ ഭിന്നശേഷിക്കാർക്കുമാത്രമായി അങ്ങാടിയിൽ എല്ലാത്തരം ബസുകൾക്കും സ്റ്റോപ്പ് അനുവദിച്ചു.

ബസ് സ്റ്റോപ്പിന്റെ പേരിലുള്ള തെരുവിലെ പ്രതിഷേധം പിന്നീട് ഗ്രാമസഭകളിലേക്കുകൂടി വ്യാപിച്ചു. ഒക്ടോബർ 25-ന് അടിവാരം വാർഡ് ഗ്രാമസഭയിൽ ഈ വിഷയത്തെച്ചൊല്ലിയുള്ള തർക്കം രണ്ട് പരാതികളിലായി 27 പേർക്കെതിരേ കേസെടുക്കാനിടയാക്കിയ കൈയാങ്കളിയിൽ കലാശിച്ചു. സംഘർഷസാധ്യത കാരണം മുപ്പതേക്രയിൽ ഒക്ടോബർ 30-ന് ഗ്രാമസഭ ചേർന്നത് കനത്ത പോലീസ് സുരക്ഷയിലാണ്. ബസ് സ്‌റ്റോപ്പ് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ആക്‌ഷൻ കമ്മിറ്റി ഇക്കഴിഞ്ഞ ഏഴ്, എട്ട് തീയതികളിലായി രാപകൽസമരവും നടത്തി. ആക്‌ഷൻ കമ്മിറ്റി ഭാരവാഹികൾക്കെതിരേ കോടതിയെ സമീപിച്ചതിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച അടിവാരം അങ്ങാടിയിൽ നടന്ന പ്രകടനമായിരുന്നു പ്രതിഷേധപരിപാടിയിൽ ഏറ്റവും ഒടുവിലത്തേത്.

വാദവും മറുവാദവും

വീകരിച്ച സ്റ്റാൻഡ് നിലനിർത്തണമെങ്കിൽ ഹ്രസ്വദൂരസർവീസുകൾക്ക് മാത്രമേ അങ്ങാടിയിൽ സ്‌റ്റോപ്പ് അനുവദിക്കാനാവൂവെന്നാണ് പഞ്ചായത്തിന്റെയും യു.ഡി.എഫിന്റെയും നിലപാട്. അങ്ങാടിയിലെ ബസ് സ്റ്റോപ്പ് നിലനിർത്തണമെന്നും ടൗൺ ടു ടൗൺ ബസുകൾക്കുംകൂടി സ്റ്റോപ്പ് അനുവദിക്കണമെന്നുമാണ് എൽ.ഡി.എഫ്. ആവശ്യപ്പെടുന്നത്. അതേസമയം സ്റ്റാൻഡ് നിലനിർത്തേണ്ടത് നാടിന്റെ വികസനത്തിന് അനിവാര്യമാണെന്നും വിഷയം രമ്യമായി പരിഹരിക്കണമെന്നുമാണ് ബി.ജെ.പി.യുടെ നിലപാട്.

അങ്ങാടിയിലെ ബസ് സ്റ്റോപ്പ് പഴയപടി പുനഃസ്ഥാപിക്കണമെന്നും നിലവിലെ ഗതാഗതക്രമീകരണം കാരണം അഞ്ചു സമീപവാർഡുകളിലെ പ്രദേശവാസികൾക്ക് യാത്രാക്ലേശമുണ്ടെന്നുമാണ് ബസ് സ്റ്റോപ്പ് ആക്‌ഷൻ കമ്മിറ്റി പറയുന്നത്. വാദവും മറുവാദവും രാഷ്ട്രീയവും എന്തുതന്നെയായാലും കാലങ്ങളുടെ കാത്തിരിപ്പിനൊടുവിൽ നവീകരിച്ച് പ്രവർത്തനക്ഷമമാക്കിയ സ്റ്റാൻഡിനെ പഴയ അവസ്ഥയിലേക്ക് തിരിച്ചെത്തിക്കരുതെന്നാണ് ജനപക്ഷം.