തീരുമാനം ട്രാഫിക് റെഗുലേറ്ററി യോഗത്തിൽ

To advertise here,

വടകര : വടകര ലിങ്ക് റോഡ് കേന്ദ്രീകരിച്ച് സർവീസ് നടത്തുന്ന സ്വകാര്യബസുകളെ ഡിസംബർ ഒന്നുമുതൽ പഴയ ബസ്‌സ്റ്റാൻഡിലേക്ക് മാറ്റാൻ തീരുമാനം. വടകര നഗരസഭാ ചെയർപേഴ്‌സൺ പി.കെ. ശശി വിളിച്ചുചേർത്ത ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗത്തിലാണ് ഇതിൽ തീരുമാനമെടുത്തത്.

ഒക്ടോബർ 15-ന് പഴയസ്റ്റാൻഡിലേക്ക് ബസുകളെ മാറ്റാൻ നേര​േത്ത​ ധാരണയായിരുന്നെങ്കിലും ഇത് നടപ്പാക്കാത്തതിൽ വ്യാപാരികൾ ഉൾപ്പെടെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു, ഇതിനിടെയാണ് റെഗുലേറ്ററി കമ്മിറ്റി യോഗം ചേർന്നത്.

സ്റ്റാൻഡ് മാറ്റംമൂലം ബസുകൾക്കുണ്ടാകുന്ന പ്രയാസങ്ങൾ പരിഹരിക്കാനും തീരുമാനമായി. എല്ലാ ബസുകളും സ്റ്റാൻഡിലേക്ക് വരുമ്പോൾ പാർക്കുചെയ്യാൻ സ്ഥലമില്ലാത്ത പ്രശ്‌നമുണ്ടായിരുന്നു. കൂടുതൽസമയം സ്റ്റാൻഡിൽ പാർക്കുചെയ്യേണ്ട ബസുകൾ കോട്ടപ്പറമ്പിൽ പോയി പാർക്കുചെയ്യണം. പുറപ്പെടുന്നതിന് മുൻപുമാത്രം സ്റ്റാൻഡിലെത്തിയാൽ മതി.

കോട്ടപ്പറമ്പിലേക്ക് ബസുകൾ പോകാനും തിരിച്ചുവരാനും സൗകര്യമൊരുക്കും. ഒരു വശത്തുമാത്രമേ വഴിയോരക്കച്ചവടം അനുവദിക്കൂ. വടകരയിലെ ഗതാഗതപ്രശ്‌നം പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് നാറ്റ്പാക് സമർപ്പിച്ച പഠനറിപ്പോർട്ടിലെ നിർദേശമാണിത്.

മാർക്കറ്റ്റോഡിലുൾപ്പെടെയുള്ള അനധികൃത പാർക്കിങ്ങിനെതിരേ കർശന നടപടി സ്വീകരിക്കും.

മാർക്കറ്റ് റോഡ്- ചോളംവയൽ റോഡിലൂടെ നിലവിൽ രണ്ടുവശത്തേക്കും വാഹനങ്ങൾക്ക് പോകാമെങ്കിലും ഒന്നുമുതൽ ചോളംവയൽ ഭാഗത്തുനിന്ന്‌ മാർക്കറ്റ് റോഡിലേക്കുള്ള ഗതാഗതം നിരോധിച്ച് റോഡ് വൺവേയാക്കും. മാർക്കറ്റ് റോഡിലെ തിരക്ക് കുറയ്ക്കാനാണിത്.

തിരുവള്ളൂർ റോഡ്-ഗവ. ആശുപത്രി റോഡിലെ വൺവേ സംവിധാനവും കർശനമായി നടപ്പാക്കും. ലിങ്ക്റോഡിൽ ഗതാഗതത്തിന് തടസ്സമായി മാറുന്ന പാർക്കിങിനെതിരേയും നടപടി വരും. യോഗത്തിൽ ഡിവൈ.എസ്.പി. കെ.സി. സുഭാഷ്, റവന്യൂ, മോട്ടോർവാഹനവകുപ്പ്, പോലീസ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പങ്കെടുത്തു.

ലിങ്ക് റോഡ് കേന്ദ്രീക രിച്ച് സർവീസ് നടത്തുന്ന പയ്യോളി-പേരാമ്പ്ര, കൊയിലാണ്ടി, കോട്ടക്കൽ, കൊളാവിപ്പാലം റൂട്ടുകളിലെ ബസുകളെ പഴയ സ്റ്റാൻഡിലേക്ക് മാറ്റണമെന്ന ആവശ്യം ഏറെക്കാലമായി വ്യപാരികൾ ഉൾപ്പെടെ ഉയർത്തുന്നുണ്ട്. ഇതിനുമുൻപ്‌ രണ്ടുതവണ മാറ്റാൻ തീരുമാനിച്ചെങ്കിലും ബസുകൾ പണിമുടക്കി പ്രതിഷേധിച്ചു.

ദേശീയപാതാ സർവീസ്റോഡ് നന്നാക്കാതെയും മാർക്കറ്റ് റോഡിലെ കുരുക്ക് ഒഴിവാക്കാതെയും മാറില്ലെന്നായിരുന്നു ബസ്സുടമകളുടെയും തൊഴിലാളികളുടെയും നിലപാട്.