കോഴിക്കോട് : കോഴിക്കോടിന്റെ സാഹിത്യ-സാംസ്‌കാരിക ചരിത്രത്തിൽ തനതായ ഇടം അടയാളപ്പെടുത്തിയ ‘കോലായ’ ചർച്ചയ്ക്ക് പുതിയ തുടക്കംകുറിച്ച് കോലായ സാംസ്‌കാരികവേദി. മേയർ ഒ. സദാശിവൻ ഉദ്ഘാടനംചെയ്തു. എഴുത്തുകാരൻ പി.കെ. പാറക്കടവ് മുഖ്യാതിഥിയായി. പാറക്കടവിന്റെ ‘നൂറ് കഥകൾ’ എന്ന കഥാസമാഹാരമാണ് കോലായ ചർച്ചചെയ്തത്. പഴയ കാലത്തിന്റെ, വിയർപ്പിന്റെ, വിശപ്പിന്റെ, അരികുവത്കരിക്കപ്പെട്ടവരുടെ കഥകളാണ് നൂറ് കഥകളിലെ ഓരോ കഥയുമെന്ന് അധ്യക്ഷനായ കെ. വീരാൻകുട്ടി പുസ്തകത്തിനെ പരിചയപ്പെടുത്തി.

To advertise here,

കോഴിക്കോട് സാഹിത്യനഗരത്തിൽ കോലായ നടത്തുന്ന ചർച്ചകളുടെ പ്രാധാന്യം ചെറുതല്ലെന്നും എഴുത്തുകളെയും എഴുത്തുകാരെയും പുതുതലമുറയെ പരിചയപ്പെടുത്താൻ ഇത്തരം ചർച്ചകൾക്ക് വലിയ പങ്കുണ്ടെന്നും പാറക്കടവ്‌ അഭിപ്രായപ്പെട്ടു. സാഹിത്യനഗരമായപ്പോൾ കോർപ്പറേഷൻതന്നെ ആനക്കുളം സാംസ്‌കാരികനിലയത്തിൽ കോലായക്ക് തുടക്കമിട്ടെങ്കിലും അത് മുന്നോട്ടുപോയില്ല. കലാ-സാഹിത്യ-സാംസ്‌കാരിക രംഗത്തുള്ളവരുടെ കൂട്ടായ്മ എന്നരീതിയിലാണ് പുതിയ കോലായ കൂട്ടായ്മ ചർച്ചകളിലൂടെ തുടക്കമിടുന്നത്. ‘കഥയും സാമൂഹികപ്രതിബദ്ധതയും’ എന്നവിഷയത്തിൽ കഥാകൃത്ത് എം. ഗോകുൽദാസ് സംസാരിച്ചു. അബൂബക്കർ കാപ്പാട്, ബാലു പൂക്കാട്, പി.ടി. ആസാദ്, മോഹനൻ പുതിയോട്ടിൽ, കെ.പി.എം. നവാസ്, കെ.ജെ. തോമസ്, ശ്രീമാനുണ്ണി, ഡോ. അബു കുമ്മാലി, വത്സൻ നെല്ലിക്കോട്, സരസ്വതി ബിജു, സജിനി എന്നിവർ സംസാരിച്ചു.