കല്പറ്റ : ജനങ്ങളുടെ പ്രശ്നം കേന്ദ്രത്തെ അറിയിക്കാൻ ത്രാണിയില്ലാത്ത ദുർബല സർക്കാരാണ്‌ കേരളത്തിലുള്ളതെന്ന്‌ അഖിലേന്ത്യ കിസാൻസഭ വൈസ്‌ പ്രസിഡന്റ്‌ ഇ.പി. ജയരാജൻ. പരിസ്ഥിതിലോല മേഖല വിജ്ഞാപനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് കർഷകസംഘം ജില്ലാക്കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ കളക്ടറേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

To advertise here,

പരിസ്ഥിതിലോല പ്രദേശങ്ങളുടെ കേന്ദ്ര കരട്‌ വിജ്ഞാപനത്തിൽ സംസ്ഥാന സർക്കാർ ഒന്നും ചെയ്തില്ല. നേരത്തേ വിജ്ഞാപനം ഇറക്കിയപ്പോൾ എൽ.ഡി.എഫ്‌. സർക്കാർ ശാസ്‌ത്രീയ പഠനം നടത്തി കേന്ദ്രത്തിന്‌ വിശദമായ റിപ്പോർട്ട്‌ നൽകിയതാണ്‌. ഇത്‌ പരിഗണിക്കാതെ പുതിയ വിജ്ഞാപനം ഇറക്കിയിട്ടും സംസ്ഥാന സർക്കാർ അനങ്ങിയില്ല. കേന്ദ്ര സർക്കാർ കർഷകരെ അവരുടെ ഭൂമിയിൽ നിന്ന്‌ ഓടിച്ച് കോർപ്പറേറ്റുകൾക്ക്‌ നൽകുകയാണ്‌. ശാസ്ത്രീയമായ പഠനവും കാഴ്‌ചപ്പാടുമൊന്നുമില്ലാതെയാണ് പരിസ്ഥിതിലോല വിജ്ഞാപനം.

ഇന്നത്തെ നിലയിൽ വിജ്ഞാപനം അന്തിമമായാൽ വയനാട്‌ ഉണ്ടാകില്ല. ഇവിടുത്തെ ജനങ്ങളുടെ വോട്ട്‌ വാങ്ങിപ്പോയ കോൺഗ്രസിന്റെ ദേശീയ നേതാവ്‌ ഇൗ പ്രശ്നം എവിടെയെങ്കിലും ഉന്നയിക്കുന്നുണ്ടോ, പരിഹാരം കണാൻ ജനങ്ങളോടൊപ്പമുണ്ടോയെന്നും ഇ. പി. ജയരാജൻ ചോദിച്ചു.

ജനങ്ങളെ വഞ്ചിക്കുന്ന നിലപാട്‌ കേന്ദ്ര–സംസ്ഥാന സർക്കാരുകൾ തിരുത്തിയില്ലെങ്കിൽ അതിശക്തമായ പ്രക്ഷോഭത്തിലേക്ക്‌ നീങ്ങുമെന്നും കർഷക നേതാക്കൾ പറഞ്ഞു. വില്ലേജ്‌ കേന്ദ്രങ്ങളിൽ പ്രചാരണം നടത്തി ഒരുലക്ഷം ഒപ്പ്‌ ശേഖരിച്ചായിരുന്നു സമരം.

പ്രധാനമന്ത്രി, കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി, മുഖ്യമന്ത്രി എന്നിവർക്ക്‌ ഒപ്പ്‌ അയച്ചു തുടങ്ങിയിട്ടുണ്ട്. ജില്ലാ ജോയിന്റ്‌ സെക്രട്ടറി വി. ഹാരിസ്‌ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗം എൻ.പി. കുഞ്ഞുമോൾ, ജില്ലാ സെക്രട്ടറി സി.ജി. പ്രത്യുഷ്, ടി.കെ. ശ്രീജൻ തുടങ്ങിയവർ സംസാരിച്ചു.