ടൗണിലേക്ക് മാറ്റണമെന്നാവശ്യം
വടുവൻചാൽ : മൂപ്പൈനാട് പഞ്ചായത്തിലെ വ്യാപാരകേന്ദ്രമായ വടുവൻചാൽ ടൗണിൽ പ്രവർത്തിക്കേണ്ട മാവേലിസ്റ്റോർ അകലെയായത് സാധാരണക്കാരെ ദുരിതത്തിലാക്കുന്നു.
വടുവൻചാൽ ടൗണിൽനിന്ന് ഒരുകിലോമീറ്ററോളം അകലെ ഊട്ടി റോഡിൽ, മുൻപ് വിൽപ്പനനികുതി ചെക്പോസ്റ്റ് പ്രവർത്തിച്ചിരുന്ന കെട്ടിടത്തിലാണ് നിലവിൽ മാവേലി സ്റ്റോർ പ്രവർത്തിക്കുന്നത്. സ്റ്റോറിന്റെ ഈ അശാസ്ത്രീയമായ സ്ഥാനമാറ്റംകാരണം നിത്യോപയോഗസാധനങ്ങൾ വാങ്ങാനെത്തുന്നവർ കടുത്തദുരിതത്തിലാണ്.
ടൗണിൽ ബസിറങ്ങുന്നവർക്ക് മാവേലി സ്റ്റോറിലെത്താൻ വീണ്ടും ഓട്ടോറിക്ഷയെയോ മറ്റു വാഹനങ്ങളെയോ ആശ്രയിക്കണം. സബ്സിഡിനിരക്കിൽ സാധനങ്ങൾ വാങ്ങി കുടുംബച്ചെലവ് ചുരുക്കാമെന്ന് കരുതിയെത്തുന്ന പാവപ്പെട്ട കുടുംബങ്ങൾക്ക് ഈ അധിക യാത്രച്ചെലവ് വലിയ സാമ്പത്തികബാധ്യതയായി മാറിയിരിക്കുകയാണ്.
സാധനങ്ങൾ വാങ്ങി തിരിച്ചെത്തുമ്പോഴേക്കും ഓട്ടോക്കൂലിയായി വലിയതുക നൽകേണ്ടിവരുന്നു.
സബ്‌സിഡിസാധനങ്ങൾ ഇല്ലാത്ത നേരങ്ങളിൽ നിരാശയോടെ മടങ്ങിപ്പോവുകയാണ്. അപ്പോഴും വണ്ടിക്കൂലി മുടക്കണം. സാധനംവാങ്ങി ഓട്ടോറിക്ഷവിളിച്ച് ടൗണിലെത്തേണ്ട അവസ്ഥയാണിപ്പോഴുള്ളത്. അരപ്പറ്റമുതൽ ചോലാടിവരെയുളള ജനങ്ങൾക്ക് ഇപ്പോൾ വലിയ പ്രയാസമാണ് നേരിടുന്നത്.
മേഖലയിലെ ആളുകളുടെയും ജനപ്രതിനിധികളുടെയും നിരന്തരമായ ആവശ്യത്തെത്തുടർന്ന് വിഷയം പരിഹരിക്കാൻ പഞ്ചായത്ത് അധികൃതർ നടപടികൾ ആരംഭിച്ചിട്ടുണ്ട്.
മാവേലിസ്റ്റോർ ടൗണിലേക്കു മാറ്റിസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ. പഞ്ചായത്തിന് നിവേദനം നൽകിയിരുന്നു. ടൗണിൽ അനുയോജ്യമായ സൗകര്യങ്ങളുള്ള കെട്ടിടമോ സ്ഥലമോ കണ്ടെത്താനുള്ള നീക്കത്തിലാണ് മൂപ്പൈനാട് പഞ്ചായത്ത് ഭരണസമിതി. ഇടംലഭിച്ചാൽ ജനങ്ങളുടെ ദുരിതത്തിന് എത്രയുംവേഗം പരിഹാരം കാണുമെന്നാണ് പഞ്ചായത്ത് അധികൃതർ നൽകുന്ന ഉറപ്പ്.
സാധാരണക്കാർക്ക് ദുരിതം
ന്യായവിലയ്ക്ക് നിത്യോപയോഗസാധനങ്ങൾ ലഭ്യമാക്കാൻ തുറന്ന മാവേലിസ്റ്റോർ സാധാരണക്കാർക്ക് ഗുണംചെയ്യുന്നില്ല. ഭാരിച്ച ചെലവായതിനാൽ ടൗണിലെ മറ്റുകടകളിൽനിന്ന് സാധനം വാങ്ങുകയാണ് പതിവ്. ടൗണിലേക്ക് മാറ്റിസ്ഥാപിച്ചാൽ ജനങ്ങൾക്ക് ഉപകാരപ്രദമാകും. തുടക്കത്തിൽത്തന്നെ എതിർപ്പറിയിച്ചെങ്കിലും അകലെയുള്ള കെട്ടിടത്തിൽ മാവേലിസ്റ്റോർ തുറക്കുകയായിരുന്നു
എ.എം. പ്രവീൺകുമാർ പൊതുപ്രവർത്തകൻ
Published: 25 Sept 2026, 03:49 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented