താത്കാലിക അറ്റകുറ്റപ്പണികൊണ്ട് രക്ഷയില്ല; റോഡ് വീണ്ടും തകർന്നു
താമരശ്ശേരി : പ്രതിദിനം ആയിരക്കണക്കിന് വാഹനങ്ങൾ കടന്നുപോവുന്ന താമരശ്ശേരി ച്ചുരത്തിൽ റോഡ് ഉപരിതലം തകർച്ച മാറാതെ നിലകൊള്ളുന്നത് യാത്രക്കാർക്ക് ദുരിതമാവുന്നു
ചുരത്തിലെ റോഡ് തകർച്ച അതിരൂക്ഷമായതു സംബന്ധിച്ച് മാതൃഭൂമി നേരത്തേ വാർത്ത പ്രസിദ്ധീകരിക്കുകയും തുടർന്ന് സെപ്റ്റംബർ ആദ്യവാരം ചുരത്തിൽ താത്കാലിക അറ്റകുറ്റപ്പണി നടത്തുകയുംചെയ്തിരുന്നു. ടാറും മെറ്റലും ഇടകലർത്തിയുള്ള ബിറ്റുമിനസ് മിശ്രിതമുപയോഗിച്ചായിരുന്നു താത്കാലിക കുഴിയടയ്ക്കൽ നടത്തിയത്. എന്നാൽ മഴയും ഇതുവഴി കടന്നുപോവുന്ന യാത്രാ, ഭാരവാഹനങ്ങളുടെ ആധിക്യവും ശാസ്ത്രീയമല്ലാത്ത കുഴിയടയ്ക്കലുമെല്ലാംകാരണം ചുരംപാതയിൽ അറ്റകുറ്റപ്പണി നടത്തിയ ഭാഗങ്ങളിലും റോഡ് തകർന്നിരിക്കുകയാണ്.
കുഴികളും റോഡ് തകർച്ചയും നടുവൊടിക്കുകയും അപകടസാധ്യത തീർക്കുകയും ചെയ്യുന്നതോടൊപ്പം, രൂക്ഷമായ ഗതാഗതക്കുരുക്കും ഉണ്ട്.
ചുരത്തിലെ ഏറ്റവും ഇടുങ്ങിയ വളവുകളിൽപ്പെട്ട ആറ്, എട്ട് ഹെയർപിൻ വളവുകളിൽ കുഴിയടച്ച പ്രതലം അങ്ങിങ്ങ് അമർന്നും കുഴികൾ രൂപപ്പെട്ടും നിരപ്പാവാതെ, ഉഴുതുമറിച്ചതുപോലെത്തന്നെയാണ് ഇപ്പോഴും നിലകൊള്ളുന്നത്. ആറാംവളവിലേക്കു കയറുന്ന ഭാഗത്ത് രൂപപ്പെട്ട വലിയ ഗർത്തം നികത്തിയ മണ്ണും കല്ലുമെല്ലാം അടർന്ന് മാറിത്തുടങ്ങിയിട്ടുണ്ട്.
വളവിനു നടുവിലും വശങ്ങളിലും റോഡ് പ്രതലത്തിന്റെ ആകൃതി നഷ്ടപ്പെട്ട് ചാലുകൾ രൂപപ്പെട്ട നിലയിലാണ്. എട്ടാം വളവിലാകട്ടെ ഇരുചക്രവാഹനങ്ങൾ നിയന്ത്രണംവിടുന്ന തരത്തിലുള്ളതാണ് റോഡിനു നടുവിലെ നല്ലൊരു ഭാഗവും. രണ്ട് കൊടുംവളവുകളിലെയും റോഡ് തകർച്ച കാരണം ചെറുതും വലുതുമായ വാഹനങ്ങൾ യാത്രാമേധ്യ നിന്നുപോവുന്നതും വലിയ ഭാരവാഹനങ്ങൾ ഒന്നിലേറെത്തവണ പിറകോട്ടെടുത്ത് സാവധാനംമാത്രം ചുരമിറങ്ങുന്നതും പതിവു കാഴ്ചയാണ്. എട്ടാംവളവിൽ റോഡിൽ വിള്ളൽ രൂപപ്പെട്ടതിന് ശേഷം റോഡരികിൽ ഡിവൈഡറുകൾ സ്ഥാപിച്ചതിനാൽ വലിയ മൾട്ടിആക്‌സിൽ വാഹനങ്ങൾക്ക് ഇതുവഴി ഒരേസമയം കടന്നുപോകാനാവാത്ത സ്ഥിതിയുമുണ്ട്. സ്വതവേ ഗതാഗതക്കുരുക്ക് പതിവായ ചുരംപാതയിൽ ആറ്, എട്ട് വളവുകളിലെ ഈ യാത്രാക്ലേശം സൃഷ്ടിക്കുന്ന ദുരിതം ചില്ലറയല്ല.
ഇന്റർലോക്കുകൾ പാകിയ രണ്ടാംവളവിലാകട്ടെ റോഡിൽ കുഴികൾ തല പൊക്കിത്തുടങ്ങിയിട്ടും ഇത്തവണ അറ്റകുറ്റപ്പണി നടത്തിയിട്ടില്ല. രണ്ടാംവളവിൽ വാഹനങ്ങൾ ഇറങ്ങിവരുന്ന ഭാഗത്താണ് റോഡിൽ വലിയ കുഴി രൂപപ്പെട്ടിരിക്കുന്നത്. നാലാംവളവിലും അതേ സ്ഥിതിയാണ്. കൊരുപ്പുകട്ടകൾ അടർന്നുമാറിയ ഭാഗത്ത് രൂപപ്പെട്ട വലിയ കുഴി കാരണം വാഹനങ്ങൾക്ക് വളരെ പതിയെ മാത്രമേ ചുരമിറങ്ങാനാവൂ. രണ്ട്, നാല് വളവുകളിലെ ഈ കുഴികളിലേക്ക് ചക്രങ്ങൾ ചാടി ലീഫ് പൊട്ടിയും മറ്റ് യന്ത്രത്തകരാർ സംഭവിച്ചും ബസുകൾ ഉൾപ്പെടെ നിരവധി വാഹനങ്ങൾ കുടുങ്ങിയിട്ടുണ്ട്. അതേസമയം ഒന്ന്, ഒമ്പത് വളവുകൾക്കിടയിലെ മറ്റിടങ്ങളിലെല്ലാം ബിറ്റുമിനസ് മിശ്രിതമുപയോഗിച്ച് താത്കാലികമായി നികത്തിയിട്ടുണ്ട്.
താത്കാലിക കുഴിയടയ്ക്കലിന് പിന്നാലെ റോഡ് തകർച്ച ആവർത്തിച്ച ആറ്, എട്ട് വളവുകളിൽ ശാസ്ത്രീയമായി റീ ടാർ ചെയ്യണമെന്നും കൊരുപ്പുകട്ടകൾ അടർന്നുമാറി കുഴികൾ രൂപപ്പെട്ട രണ്ട്, നാല് വളവുകളിൽ ഉടൻ അറ്റകുറ്റപ്പണി നടത്തണമെന്നുമാണ് പൊതു ആവശ്യം.
Published: 25 Sept 2026, 03:49 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented