വടകര : സ്വകാര്യ ടെലകോം കമ്പനിയുടെ കേബിൾ സ്ഥാപിക്കുന്നതിനിടെ ജലഅതോറിറ്റിയുടെ പ്രധാനകുടിവെള്ള പൈപ്പ് പൊട്ടി വടകരയിൽ ജലവിതരണം തടസ്സപ്പെട്ടു.
പുതിയാപ്പിനുസമീപം വ്യാഴാഴ്ച രാത്രിയാണ് വലിയ 300 എം.എം. ഡി. അയേൺ പൈപ്പ് പൊട്ടിയത്. എയർടെൽ കേബിൾ സ്ഥാപിക്കുന്നതിനിടെയാണ് സംഭവം. സ്വകാര്യ ടെലിഫോൺ കേബിളുകൾ സ്ഥാപിക്കുന്നതിനിടെ ജലഅതോറിറ്റി പൈപ്പ് പൊട്ടുന്നത് വടകരയിൽ തുടർക്കഥയായിട്ടുണ്ട്.
കേബിൾക്കുഴിയെടുക്കുമ്പോൾ നിശ്ചിത അകലമിട്ട് ആഴത്തിൽ കുഴി എടുക്കുകയും പ്രത്യേക സംവിധാനം ഉപയോഗിച്ച് കേബിളുകൾ കടത്തിവിടുകയും ആണ് ചെയ്യുന്നത്. ഈ സമയത്താണ് പൈപ്പുകൾ പൊട്ടുന്നത്. അതുകൊണ്ടുതന്നെ ജല അതോറിറ്റിയുടെ പൈപ്പ് എവിടെയാണ് പൊട്ടിയത് എന്ന് മനസ്സിലാക്കുക പ്രയാസമാണ്.
ചിലപ്പോൾ മീറ്ററുകളോളം കുഴിച്ചാൽ മാത്രമേ പൊട്ടിയഭാഗം കണ്ടെത്താൻ സാധിക്കൂ. ഇത് ജലഅതോറിറ്റി കരാറുകാർക്ക് ഏറെ പ്രയാസമുണ്ടാക്കുന്നുണ്ട്. മാത്രമല്ല ഇവയുടെ അറ്റകുറ്റപ്പണിക്ക് ദിവസങ്ങൾ ആവശ്യമായി വരും. ഈ ദിവസങ്ങളിൽ എല്ലാം കുടിവെള്ളം മുടങ്ങുന്നസ്ഥിതിയും ഉണ്ടാകും.
ഭൂമിയുടെ അടിയിലൂടെ പോകുന്ന പൈപ്പുകളും കേബിളുകളും കൃത്യമായി കണ്ടെത്താൻ ആധുനിക സാങ്കേതിക വിദ്യകളും സംവിധാനങ്ങളും നിലവിലുണ്ട്. എന്നാൽ കരാർ ഏറ്റെടുക്കുന്നവർ ഇവ ഉപയോഗിക്കാത്തതും കൃത്യമായ പ്ലാനിങ് ഇല്ലാതെ കുഴികളെടുക്കുകയും ചെയ്യുന്നതാണ് പ്രധാനമായും പൈപ്പ് പൊട്ടാൻ കാരണം. ചിലസമയങ്ങളിൽ ജല അതോറിറ്റിയെ മുൻകൂട്ടി അറിയിക്കാതെ കേബിൾക്കുഴികൾ എടുക്കുന്നതായും പരാതിയുണ്ട്.
കുടിവെള്ള വിതരണം മുടങ്ങും
പൈപ്പുപൊട്ടിയതിനാൽ വടകര നഗരസഭ, വേളം തുടങ്ങിയ സ്ഥലങ്ങളിൽ 26, 27, 28 തീയതികളിൽ കുടിവെള്ളവിതരണം മുടങ്ങും.
ഉപഭോക്താക്കൾ വേണ്ട മുൻകരുതലുകൾ സ്വീകരിക്കണമെന്ന് ജല അതോറിറ്റി അസിസ്റ്റന്റ് എൻജിനിയർ അറിയിച്ചു.
Published: 26 Sept 2026, 04:06 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented