പയ്യോളി : വെള്ളിയാഴ്ച രാവിലെ പെയ്ത കനത്തമഴയിൽ പെരുമാൾപുരത്ത് സർവീസ് റോഡ് വെള്ളത്തിലായി. കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന സർവീസ്റോഡിൽ പെട്രോൾപമ്പിനും പയ്യോളി ഗവ. ഹൈസ്‌കൂളിന് സമീപവുമായാണ് വലിയതോതിൽ വെള്ളംപൊങ്ങിയത്.

To advertise here,

വാഹനങ്ങളുടെ എൻജിനിൽ വെള്ളംകയറിയതോടെ കാറുകളും ഓട്ടോറിക്ഷകളും നിന്നു. അതോടെ കാൽമുട്ടിനുമുകളിൽ വെള്ളത്തിൽ നടന്നാണ് വാഹനത്തിലുള്ളവർ കരപറ്റിയത്. വാഹനം ഉന്തിനീക്കാൻപോലും പ്രയാസമായി.

​ഇവിടെ സർവീസ് റോഡിൽ കുഴിയും നിറയെ കൂർത്ത മെറ്റലുകളുമുണ്ട്. വാഹനംകയറി പൊട്ടിവീണ സ്ലാബ് നാടകെട്ടി തിരിച്ചിട്ടുമുണ്ട്. കഴിഞ്ഞദിവസംവരെ ഈ ഭാഗത്ത് ആറുവരിപ്പാതയിലൂടെയായിരുന്നു വാഹനങ്ങൾ പോയത്. പയ്യോളി ഹൈസ്‌കൂളിന് സമീപം മുകളിൽ പണിനടക്കുന്നതിനാൽ കോഴിക്കോട് ഭാഗത്തേക്കുള്ള മൂന്നുവരിപ്പാത വ്യാഴാഴ്ച അടച്ചിരുന്നു. അപ്രതീക്ഷിതമായെത്തിയ മഴ എല്ലാം തകിടംമറിച്ചു.

​വാഹനത്തിന് പോകാൻപറ്റാത്ത അവസ്ഥയായപ്പോൾ കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങളും പയ്യോളി ടൗണിൽനിന്ന് കണ്ണൂർ ഭാഗത്തേക്ക് പോകുന്ന സർവീസ് റോഡിലൂടെയാണ് തിക്കോടിവരെ കടന്നുപോയത്. ഇരുഭാഗത്തേക്കുമുള്ള വാഹനങ്ങൾ ഒരേ സർവീസ്റോഡ് ഉപയോഗിച്ചതോടെ അവിടെയും ഗതാഗതക്കുരുക്കുണ്ടായി. ചില ഭാഗങ്ങളിൽ സർവീസ് റോഡിന് വീതികുറവാണ്.

പെരുമാൾപുരത്ത് വെള്ളംപൊങ്ങിയ സ്ഥലത്ത് സർവീസ് റോഡ് താഴ്ന്നിട്ടാണ്. ഇവിടെ മഴക്കാലത്ത് സ്ഥിരം ദുരിതംതന്നെയാണ്. ചിലർ സ്ഥാപനംതന്നെ ഒഴിവാക്കിപ്പോയി. കച്ചവടക്കാരും നാട്ടുകാരും ഈ വിഷയത്തിൽ പല ഇടപെടൽ നടത്തിയിട്ടും പരിഹാരമായില്ല. റോഡ് ഉയർത്തുമെന്ന് നിർമാണക്കമ്പനി അപ്പോഴൊക്കെ പറഞ്ഞിരുന്നു. ഈയിടെ വെള്ളം ഒഴുകിപ്പോകാൻ സർവീസ് റോഡിനുകുറുകെ ഡ്രെയ്നേജ് നിർമിച്ചിരുന്നു. അത് ഫലപ്രദമായിട്ടില്ല.

അശാസ്‌ത്രീയമായ റോഡ് നിർമാണമാണ് എല്ലാറ്റിനും കാരണമെന്ന് നാട്ടുകാർ പറയുന്നു. മേലടി സാമൂഹികാരോഗ്യകേന്ദ്രത്തിലേക്കും വിവിധ സ്കൂളുകളിലേക്കും പോകുന്ന റോഡാണിത്. ശക്തമായ സമരവുമായി ഇനിയും രംഗത്തിറങ്ങുമെന്നും നാട്ടുകാർ പറഞ്ഞു. വെള്ളം ഒഴുകിപ്പോകാനുള്ള വഴികൾ പലയിടത്തും തടസ്സപ്പെടുത്തിയതാണ് പ്രശ്നത്തിന് കാരണമെന്ന് കമ്പനി ഉദ്യോഗസ്ഥർ പറയുന്നു.